Sunday 28 February, 2010

ഫൈനല്‍ എക്സിറ്റ്

നേരം നട്ടുച്ച സമയം, വെയിലിനു നല്ല ചൂടുണ്ട്. ഞങ്ങള്‍ കുറച്ചു നേരത്തേ ഇവിടെ എത്തിയെന്നാണ് തോന്നുന്നത്. കൂടെയുള്ളവരൊന്നും എത്തിയിട്ടില്ല.

പള്ളിയില്‍ നിന്ന് മദ്ധ്യാഹ്ന നമസ്കാരത്തിനുള്ള ബാങ്ക് വിളിച്ചു. പള്ളിയില്‍ പോകാന്‍ തീരുമാനിച്ചു ഞങ്ങള്‍ ബാങ്ക് കേട്ട ഭാഗത്തേക്ക്‌ നടന്നു. മുതവ്വ (മതകാര്യ വിഭാഗം പ്രവര്‍ത്തകര്‍) വരുന്നതിനു മുന്‍പ്‌ ഇവിടുന്നു പോകുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ വെറുതെ പൊല്ലാപ്പാണ്, നൂറുക്കൂട്ടം ചോദ്യങ്ങള്‍ വിശദീകരണങ്ങള്‍. ചിലപ്പോള്‍ പറഞ്ഞാലും അവര്‍ക്ക് മനസ്സിലാവില്ല.

പൈപ്പ് വെള്ളത്തിന്‌ തിളച്ചവെള്ളം പോലത്തെ ചൂട്, എരിയുന്ന സൂര്യന് താഴെ ടാങ്കുകള്‍ പതചിരിക്കുന്നു.

നമസ്കാരം കഴിഞ്ഞിട്ടും മറ്റുള്ളവര്‍ എത്തിയിട്ടില്ല, അവര്‍ ഒരുപക്ഷെ ജനാസയെ (മൃതുദേഹത്തെ) അനുഗമിക്കുകയായിരിക്കും. കൂടെ പണിയെടുക്കുന്ന ഈജിപ്ത്‌കാരനോപ്പം ഇവിടെ എത്തിയത് മറ്റൊരു സഹപ്രവര്‍ത്തകന്‍റെ മാതാവിന്‍റെ മരണാന്തര കര്‍മ്മങ്ങള്‍ക്ക് വേണ്ടിയാണ്. നാട്ടില്‍നിന്നു വിഭിന്നമായ ഇവിടുത്തെ ആചാരങ്ങള്‍ കണ്ടുമനസ്സിലാകുകയും ആവാം എന്ന ഉദ്ദേശവുമുണ്ട് ഈ വരവില്‍. 

"സമയമുണ്ട് നമുക്കൊന്ന് നടന്നു കണ്ടാലോ", കൂട്ടുകാരനാണ് അങ്ങനെ ഒരാശയം മുന്നോട്ടു വച്ചത്. അത് തന്നെ ഞാനും ചിന്തിച്ചിരുന്നത് കൊണ്ട് രണ്ടാളും ഖബര്‍സ്ഥാനീന്‍റെ (ശ്മശാനത്തിന്റെ) പ്രധാന കവാടവും കടന്നു അകത്തു പ്രവേശിച്ചു.

ഇരുഭാഗത്തുമായി ഓഫീസ് മുറികളുള്ള ഒരു ചെറിയ കെട്ടിടം, അതിനു ശ്മശാനത്തിന്‍റെ മദ്ധ്യത്തേക്ക് നീണ്ടു കിടക്കുന്ന ഒരു നീളന്‍ ഇടവഴി. ഈ വഴിയില്‍ ഇരുഭാഗത്തും ഇരിപ്പിടങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു. അരമതിലും അതിനുമുകളിലായി മുടഞ്ഞിട്ട പരമ്പ് പോലത്തെ മരംകൊണ്ടുള്ള മറകളുമുണ്ട്, ഇരുഭാഗത്തും. വെയിലില്‍നിന്നു രക്ഷിക്കാന്‍ മേല്‍ക്കൂരയും, ചൂടിനെ ചെറുക്കാന്‍ ഫാനുകലും സജ്ജീകരിച്ചിരിക്കുന്നു. മണ്മറഞ്ഞ തങ്ങളുടെ ഉറ്റവരെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്കു, മൈതാനത്തിന്റെ മധ്യം വരെ ഇങ്ങനെ വെയിലേല്‍ക്കാതെ പോകാം.

 
ഇടവഴിയുടെ അങ്ങേതലക്കല്‍ നിന്നും ഒരാള്‍ നടന്നു വരുന്നു. പ്രായം ചെന്ന ഒരു അറബി. ശ്മശാനത്തില്‍ നിന്നും വരികയാണ്. പ്രായത്തിന്‍റെ അവശതകള്‍ കാരണം വളരെ പതുക്കെ വേച്ചുവേച്ചാണ് നടക്കുന്നത്. സാവകാശം അയാള്‍ ഞങ്ങളുടെ അടുത്തെത്തി. വൃദ്ധനാണ്, പ്രായത്തിന്‍റെ ചുളിവുകള്‍ മുഖത്തിലും കഴുത്തിലുമെല്ലാം നല്ലവണ്ണം കാണാം. അവശനെങ്കിലും പ്രസരിപ്പുള്ള മുഖം.

അദ്ദേഹം ചിരിച്ചു, സൗഹൃദം കാണിച്ചു. ഇവിടെ എന്താണ് എന്നു ചോദിക്കുന്നതിലെ ഔചിത്യക്കുറവ് ഞങ്ങളെ വെറുതെ സൗഹൃദ ഭാവത്തില്‍ ചിരിക്കാന്‍ മാത്രം പ്രേരിപ്പിച്ചു.

“ഭാര്യയെ കാണാന്‍ വന്നതാണ്” അദ്ദേഹം സാവകാശം പറഞ്ഞു. "അവിടെ ആ കുളിപ്പുരയുടെ അടുത്താണ് അവള്‍ കിടക്കുന്നത്", അദ്ദേഹം ചിരിച്ചു കൊണ്ട് ശ്മശാനത്തിന്‍റെ ഒരു മൂലയിലേക്ക് വിരല്‍ ചൂണ്ടി. പിതാവ് അവിടെ, മാതാവ്, അതിനപ്പുറം. ഓരോരോ ദിക്കിലേക്ക് ചൂണ്ടി അദ്ദേഹം ഞങ്ങളെ കാണിച്ചുതന്നു. "എന്നും ഇവിടെ വരും അവരെയൊക്കെ കാണാന്‍".

"ഇതാണ് അവസാന ലക്ഷ്യം, എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും ഇവിടെ ഒരുനാള്‍ വന്നേ തീരൂ",
ഇതിനോടകം പരിചയമായ അയാള്‍ തുടര്‍ന്നുകൊണ്ടെയിരുന്നു. നിങ്ങള്‍ക്കറിയാമോ, ഈ രാജ്യത്തെ വലിയ രണ്ടു ബാങ്കുകളുടെ ഉടമകളാണ് അവിടെ കിടക്കുന്നത്. സുഖസൗകര്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നിരിക്കില്ല അവര്‍ക്ക് പക്ഷെ ഇപ്പോള്‍ ഇവിടെ..

"എന്‍റെ ഭാര്യയുടെ സാമഗ്രികളാണത്", കെട്ടിടത്തിന്‍റെ ഒരുഭാഗത്തെ തുറസ്സായ വരാന്തയില്‍ ഒരു വീല്‍ചെയര്‍ അതിനടുത്തുതന്നെ ഒരു ഊന്നുവടിയും. "ഞാനിത് ഇവിടെ സൂക്ഷിച്ചതാണ്, എന്നും  വരുമ്പോള്‍ കാണാന്, ദൈവത്തിനു സ്തുതി", ഭാര്യയുടെ ഓര്‍മ്മകള്‍ കെടാതെ സൂക്ഷിക്കുന്ന ആ വൃദ്ധന്‍റെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കം. വാക്കുകളില്‍ എത്രയും പെട്ടെന്ന് ഇവിടെ എത്തിച്ചേരാനുള്ള ഉത്സാഹം. മരണഭയം അദ്ദേഹത്തില്‍ ഒട്ടും കാണാനില്ല, മറിച്ച് ഈ ലോകത്തില്‍ നിന്ന് എത്രയും പെട്ടെന്ന് തന്‍റെ പ്രിയപ്പെട്ടവരുടെ അടുത്തെത്താനുള്ള കൊതി.

"ഇവിടെയാണ്‌ ശാശ്വതം, ഞാന്‍ ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ്". അദ്ദേഹം നന്ദി പറഞ്ഞു, ഉപചാരങ്ങള്‍ ചൊല്ലി പതുക്കെ നടന്നു മറഞ്ഞു.

നിരനിരയായി കൊണ്ക്രീറ്റ്‌ ചെയ്തു ഉണ്ടാകിയിട്ട റെഡിമെയ്ഡ് ഖബറുകളില്‍ ഒന്നില്‍ സഹപ്രവര്‍ത്തകന്‍റെ മാതാവിനെ അടക്കം ചെയ്യുമ്പോഴും ആ വൃദ്ധന്‍റെ മുഖമായിരുന്നു മനസ്സില്‍, ആ വാക്കുകള്‍ കാതുകളില്‍ തങ്ങിനില്‍ക്കുന്നു. 'എല്ലാവരും ഇവിടെ എത്തണം ഒരുനാള്‍, ഇതാണ് അവസാനം'.

തരിച്ചു പടിയിറങ്ങുമ്പോള്‍ കണ്ണുകള്‍ അറിയാതെ വെയിലുകൊണ്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയ ആ വീല്‍ചെയറില്‍ ഉടക്കി അതിനു കൂട്ടായി ചാരി നില്‍ക്കുന്ന ഊന്നുവടിയിലും..

കൂട്ടുകാരന്‍റെ കൂടെ കാറില്‍ കയറുമ്പോള്‍ ഉള്ളില്‍ ആശയക്കുഴപ്പമായിരുന്നു, തിരിച്ചു ഓഫീസില്‍ പോണോ അതോ റൂമിലേക്കോ..., എന്തോ പതിവില്ലാതെ ഈ സമയത്ത് മക്കളെ കാണാന്‍ തോന്നുന്നു.