Sunday 29 March, 2009

റിയാലിറ്റി ഷോ

പുളിയന്‍ തോടിനക്കരെ പാടവും കുന്നും മരങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശമാണ് പെഴുംതറ. പരന്നു കിടക്കുന്ന വയല്‍ കണ്ണിനു കുളിര്‍മ നല്കുന്ന കാഴ്ചയായിരുന്നു.. കൊയ്ത്തു കഴിഞ്ഞ പാടത്ത് താള് പെറുക്കാന്‍ (കൊഴിഞ്ഞു കിടക്കുന്ന നെല്‍ കതിരുകള്‍) കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ ആവേശത്തോടെ മല്‍സരിച്ചിരുന്നു. അക്കാലത്തു അങനെ കിട്ടുന്നവ നാട്ടുകാര്ക്കായിരുന്നു.. ഇന്നത്തെ അഭിവൃദ്ധി എത്തിതുടങ്ങാത്ത കാലത്തു അതും ഒരു ആശ്വാസമായിരുന്നു.


കൊയ്ത്തുകഴിഞ്ഞ പാടം നാട്ടിലെ പല സാംസ്‌കാരിക-കായിക വൃത്തിക്കള്‍ക്കും വേദിയായിരുന്നു. വൈകുന്നേരങ്ങളിലെ കാല്‍പന്തു കളിയും, രാതിയില്‍ സ്റ്റേജ് കെട്ടി സംഘടിപ്പിച്ചിരുന്ന മത പ്രഭാഷണങ്ങളും ഒരു ഉല്‍സവ പ്രതീതിയാണ് നാട്ടിലുണ്ടാക്കിയിരുന്നത്. വീട്ടില്‍് നിന്നും കൊണ്ടുവന്ന പായ വിരിച്ചു അതിലിരുന്നു പ്രഭാഷണം ശ്രവിച്ചിരുന്ന സ്ത്രീകളും, അവര്‍ക്കരികില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളും, അപ്പുറത്ത് പലവിധത്തിലുള്ള താല്‍കാലിക കച്ചവടങ്ങളും എല്ലാം ഇന്നു ഗ്രിഹാതുരത്വമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്നു. 'പാലി മുഹമ്മദിന്റെ 'കുലാവി'യുടെ രുചി നാവില്‍ ഇന്നും മായാതെ നില്ക്കുന്നു.


കാലം മാറി... നെല്‍്ച്ചെടികള് വാഴകള്‍്ക്കും, കമുങ്ങിനും വഴിമാറി... പാടം ഇന്നു കാടായി മാറിയിരിക്കുന്നു.

പക്ഷെ, മാറ്റമില്ലാത്തത് ഒന്നേയുള്ളൂ നാട്ടില്‍.. നാടിച്ചിയുടെ പാട്ടു.. അവള്‍ ഇന്നും പാടിക്കൊണ്ടിരികുകയാണ്, ഈണത്തില്‍, മനോഹരമായി..
പെഴുംതറയുടെ വാനമ്പാടിയാണ് നാടിച്ചി. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കോര്ത്തിണക്കി നല്ല ഈണത്തില്‍ പാട്ടുപാടുന്ന നാടിച്ചി നാട്ടുകാര്‍ക്കെല്ലാം സുപരിചിതയാണ്. ജീവിതത്തിന്‍റെ ഏതോ സന്നിഗ്ദ ഘട്ടത്തില്‍ എപ്പോഴോ, എവിടെവെച്ചോ മനസ്സിന്‍റെ താളം പിഴച്ച, എന്നാല്‍ ബോധം പാടെ നഷ്ടപെടാത്തവള്‍്.


പാട്ടുപാടല്‍ നാടിച്ചിക്കൊരു ഹരമാണ്, പുല്ലരിയലാണ് പ്രധാന ജോലി. പാടവരമ്പത്തും, തോട്ടിന്‍്കരയിലെ കൈതക്കാടുകള്‍്ക്കപ്പുറത്തുളള ശീതളിമയില്‍ തഴച്ചു വളരുന്ന ഇളം പുല്ലുകള്‍ അരിഞ്ഞെടുക്കുമ്പോള്‍ അവള്‍ പാടിക്കൊണ്ടേയിരിക്കും. 'സംഗതികല്ലെല്ലാം' ഒത്തുവരുന്ന, 'ഫ്ലാറ്റ്-നോട്ടിനെക്കുറിച്ചു' വ്യകുലപ്പെടാതെ, ശ്രുതിയും താളവും നോക്കാതെ, കേള്‍ക്കാന്‍ ഇമ്പമുള്ള മനോഹര ഗാനങ്ങള്‍. പകല്‍ മുഴുവനും അധ്വാനിക്കുന്നവളയതുകൊണ്ട് വോട്ടിനുവേണ്ടി ആരുടെമുന്‍പിലും യാചിക്കാറില്ല. അത്തരം ഒരു ഫോര്‍മാറ്റ് നാടിച്ചിക്ക് വശമില്ലായിരുന്നു. പകലന്തിയോളം പുല്ലരിഞ്ഞു അതുവിറ്റു കിട്ടുന്ന കാശിനു വൈകീട്ട് മദ്യസേവ ഇതല്ലാതെ മറ്റു ഭാരിച്ച ചിന്തകളൊന്നും തന്നെ അവളെ അലട്ടിയിരുന്നില്ല.


നാടിച്ചിയെപ്പോലെതന്നെ നിഷ്കളന്കരാണ് പെഴുംത്തറയിലെ ആള്‍ക്കാരും. ഒരു പക്ഷെ ആ നാട്ടില്‍നിന്നും കിട്ടിയതായിരിക്കാം അവള്‍്ക്കീ ഗുണം. സ്കൂളിലും, കോളജിലുമായി അനേകവര്‍ഷം വിധ്യാഭ്യാസത്തിനായി വെറുതെ കളയുന്നവരെ അപേക്ഷിച്ച്, വളരെ ചുരുങ്ങിയ കാലം കൊണ്ടു വേണ്ടതെല്ലാം സ്വായത്തമാക്കി പുറത്തിറങ്ങി അധ്വാനത്തിന്‍് വഴി തിരഞെടുക്കുന്നവരാണ് അവരില്‍ മുക്കാല്‍പങ്കും. ഞങ്ങള്‍ ഇക്കരക്കാരെ അസൂയാലുക്കളക്കുന്ന ഒരു പ്രധാന സംഗതി അവിടുത്തെ 'കെട്ടുപ്രായ'മാണ്. ആണിനും പെണ്ണിനും ചെറുപ്പത്തിലേ മംഗല്യഭാഗ്യം, അതവരുടെ ഒരു പ്രത്യേകതയാണ്. എതാണ്ട് ഒരു ഇരുപതു വയസ്സായാല്‍ അവിടുത്തെ ചെറുപ്പക്കാര്‍ അഞ്ചു കിലോ അരിയും വാങ്ങിയാണ് വിട്ടിലീക്ക് പോകുക എന്നും, അതിനര്‍ത്ഥം 'ബാപ്പാ ഞാനും ആയി' എന്നാണെന്നും, പിന്നെ ഉടനെ ചെറുപ്പക്കാരെ പുരനിറയാന്‍് നില്‍കാതെ കെട്ടിക്കും എന്നൊക്കെയാണ് കുശുമ്പുമൂത്ത ഇക്കരക്കാര്‍ പറഞ്ഞുനടക്കുന്നത്‌.


ഞങ്ങളെ വേര്‍തിരിക്കുന്നത് പുളിയന്തോടാണ്, തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കും കൈതോലകള്‍ക്കും ഇടയിലൂടെ സ്വച്ചന്തം ഒഴുകുന്ന, മീനചൂടിലും തണുത്തവെള്ളം തരുന്ന, വര്‍ഷത്തില്‍ ഉന്മാദത്താല്‍് എല്ലാം തട്ടിത്തെറിപ്പിച്ചു പായുന്ന, എന്നാല്‍ വേനലില്‍ മെലിഞ്ഞുണങ്ങി ശാന്തയാകുന്ന ഒരു കൊച്ചരുവി. സാമാന്യം നല്ല വീതിയുണ്ടായിരുന്ന അതിനെ കേരളത്തില്‍ എത്തുന്നതിനുമുന്‍പ്‌ തന്നെ ഇരുപുറവുമുള്ളവര് ഞരുക്കി, ഇപ്പോള്‍ തീരെ ശുഷ്കിച്ചു പോയിരിക്കുന്നു ഞങ്ങളുടെ ഈ തോട്. ഈ തോട്ടിന്‍്കരയിലെ കൈതക്കടുകളില്‍ ധാരാളം പുല്ലുകള്‍ വളരുന്നതുകൊണ്ട്, മിക്കവാറും നാടിച്ചിയുടെ പ്രധാന ജോലിസ്ഥലം ഇവിടെയായിരിക്കും. വേനല്‍ അവധികളില്‍ തോട്ടില്‍ ചാടാന്‍ വരുന്ന ഞങ്ങള്‍ കുട്ടികളോട് വളരെ വാത്സല്യത്തോടെ 'ആചിന്റെ കുട്ട്യോള് പേടിക്കണ്ട' എന്ന് അവള്‍ വിളിച്ചു പറയുമായിരുന്നു. എന്നാല്‍ മുതിര്‍ന്നവരോട്, ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ വളരെ തീഷ്ണമായി പ്രതികരിക്കുമായിരിന്നു.


ആദ്യമേ ഉണ്ടായിരുന്ന ഉന്മാദവും പുറമെ മദ്യത്തിന്റെ ലഹരിയും തലക്കുപിടിച്ച ഒരു വൈകുന്നേരം, ഞങ്ങളുടെ കവലയില്‍്വെച്ച്, അവിടെകൂടിയ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌, മറ്റൊരു പ്രകോപനവും കൂടാതെ നാടിച്ചി തന്റെ ഉടുമുണ്ടഴിച്ചു ക്യാറ്റ് വാക്ക് നടത്തി... കൂട്ടത്തില്‍ മേമ്പൊടിയായി നല്ല തെറിയഭിശേകവും. അവിടെ കൂടിയിരുന്ന എല്ലാ മന്യന്മാരുടെയും, അര്‍ദ്ധമാന്യന്മാരുടെയും, പകല്‍മന്യന്മാരുടെയും മുന്‍പില്‍ അവളുടെ പെട്ടെന്നുള്ള ഈ പ്രവര്‍ത്തി എല്ലാവരെയും വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചു. അത് അവിടെ ഒരുതരം സ്തംഭനാവസ്ഥ തന്നെ സൃഷ്ടിച്ചു. കൂട്ടത്തില്‍ മുതിര്‍ന്നവരാരോ അവളോട് ക്ഷോഭത്തോടെ നഗ്നത മറക്കാന്‍ പറഞ്ഞു, പക്ഷേ ആര്ക്കും നേരിട്ടുചെന്നു അവളോട് സംസാരിക്കാന്‍ ധൈര്യം വന്നില്ല. അല്പസമയത്തിനു ശേഷം, നാട്ടുകാരുടെ ധാര്‍മിക രോഷം അധികം ആളിക്കത്തിക്കാന്‍് നില്‍ക്കാതെ, ഉടുമുണ്ട് വാരിച്ചുറ്റി അവള്‍ നടന്നകന്നു.


അതായിരുന്നു ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ റിയാലിറ്റി ഷോ!. വേദിയുടെ സാധ്യതകളെല്ലാം നന്നയി ചൂഷണം ചെയ്തു, പ്രോപ്പര്ട്ടീസ് പരമാവധി ഉപയോഗിച്ചുകൊണ്ട്, പ്രേക്ഷകരോട് നന്നായി സംവദിച്ചുകൊണ്ട്, ഒരുപാടു ജഡ്ജുമാരുടെ മുന്നില്‍ മനോഹരമായി പെര്‍ഫോം ചെയ്ത റിയല്‍ ഷോ!


എത്രപേര്‍ മാര്കിട്ടെന്നറിയില്ല, നോക്കിയതുമില്ല. നാടല്ലെ, നാട്ടുകാരല്ലേ, ഒരു തിരിച്ചുപോക്ക് എല്ലാ പ്രവാസിയുടേയും സ്വപ്നമാണല്ലോ!!?, എന്‍റെയും അതെ!.