Thursday 28 January, 2010

ഇനിയെന്ത്..?!"ഇനി എന്താണ് സഖാവേ?",


മുന്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് തന്‍റെ അടുത്ത അനുയായിയോടു ചോദിച്ചു.

"ഒരുവിധം ഒക്കേയായി, ഇവിടുന്നു ഇനി വലുതായൊന്നും പ്രതീക്ഷയില്ല. സ്ഥാനമാനങ്ങള്‍ കിട്ടി, രണ്ടു പ്രാവശ്യം സീറ്റ്‌ തന്നത് കാരണം ഇനിയും പ്രതീക്ഷിക്കാനും പറ്റില്ല, അതാണല്ലോ പാര്ട്ടിയുടെ ഒരു രീതി. വൃത്തിയില്ലാത്ത നാട്ടുകാരുടെ ഇടയില്‍ പോയി പ്രവര്‍ത്തിക്കാനൊന്നും നമ്മളെക്കൊണ്ട് ഇനി പറ്റില്ലല്ലോ, അതിനും എത്രയോ ഉയരത്തിലെത്തിയില്ലേ നമ്മള്‍."

"ആളുകള്‍ക്കൊന്നിനും പഴയ മതിപ്പില്ലാ എന്നാണു തോന്നുന്നത്, അണികള്‍ ചോരുന്നത് പോലെ".

"ഒരു നല്ല ഇടയനായി പള്ളിയിലും, നാട്ടിലുമൊക്കെ കുറച്ചാളുകള്‍ അറിഞ്ഞു തുടങ്ങിയപ്പോഴല്ലേ ഇത് പോര ഇനിയും വളരണം എന്ന് വച്ച്, ദൈവ നിഷേധികളുടെ കൂടെ ചേര്ന്നയത്‌".

"അന്ന് അടുപ്പമുള്ളവര്‍ പറഞ്ഞതാണ് ഇത് നമ്മള്‍ക്ക് ചേരില്ല എന്ന്, കേട്ടില്ല. ഇനിയിപ്പോള്‍ അങ്ങോട്ട്‌ പോകാമെന്ന് നോക്കണ്ട".

"പിന്നെന്തു ചെയ്യും? "

"ആദ്യം ഇവിടുന്ന് പുറത്ത്‌ചാടണം, അതിനൊരു മാര്ഗ്ഗം കാണണം"

"ഒരു മാര്ഗ്ഗം ഉണ്ട്"

"എന്താണത്?!"

"ഇവിടുന്നു പുറത്ത് ചാടാന്‍ പറ്റിയ ഒരു വടി ഇപ്പോള്‍ വീണു കിട്ടിയിട്ടില്ലെ".

"എന്ത്?"

"മതം!, അതില്ലാതെ ഇനി ഒരടി മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് പറയാം".

"നമ്മള്‍ക്ക് നമ്മുടെ ആശയമാണ് മതമെന്നും അല്ലാതെ മറ്റു മതങ്ങള്‍ക്കൊന്നും വലിയ സ്ഥാനമില്ല എന്നും ഏതൊരു കുഞ്ഞിനും അറിയാവുന്ന കാര്യമല്ലേ നേതാവേ?, അതറിയാതല്ലല്ലോ നമ്മളൊക്കെ ഇവിടെ വന്നത്".

"അതൊക്കെ ശരിതന്നെ, അറിയാം. എന്നാലും ഇതാണ് ഇപ്പോഴത്തെ ഒരു ട്രെന്ഡ്. നീ ആ കുട്ടിയെ കണ്ടില്ലേ എന്തെല്ലാം വിസ്മയങ്ങള്‍ കാട്ടി, ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്?"

"അത് ശരിയാണല്ലോ!, നേതാവ് പ്രസ്ഥാവനയിറക്ക്, ജനം അതും വിശ്വസിച്ചോളും..!!"


Tuesday 19 January, 2010

ആണ്ടറുതി - ഒന്നായതിന്‍റെ ഓര്‍മ്മ

അങ്ങനെ ഈ ബ്ലോഗും ഒരു വര്‍ഷം. പൂര്‍ത്തിയാക്കി ..!


ബ്ലോഗിനെ കുറിച്ച് കേട്ടറിവ് മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. അവിടെവിടെ ആയി വായിച്ചറിഞ്ഞ വിവരങ്ങള്‍. എന്‍റെ പരിചയക്കാരിലോ സഹപ്രവര്‍ത്തകരിലോ ഇത്തരം ഒരസുഖം ഉള്ളവരായിട്ടു ആരുമില്ല. അമിതാബ് ബച്ചന്‍ ബ്ലോഗ്‌ തുടങ്ങി..! ആമിര്‍ ഖാന്‍ ബ്ലോഗ്‌ തുടങ്ങി..! മമ്മൂട്ടിയും ബ്ലോഗു തുടങ്ങി..! എന്നെല്ലാം ഉള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ എന്തുകൊണ്ട് നമ്മള്‍ക്കും ഒരു കൈ നോക്കിക്കൂട എന്ന് ഒരു തോന്നല്‍, ഞങ്ങള്‍ ഒരേ ലെവലിലുള്ളവരാണല്ലോ!‍‍. ഉടനെ ചാടി പുറപ്പെട്ടു ചില ബ്ലോഗുകളിലൊക്കെ കേറിയിറങ്ങി. കേട്ടറിഞ്ഞ പ്രസിദ്ധമായ കൊടകര വിശേഷം ഏതാണ്ട് എല്ലാം വായിച്ചു, അതെന്നെ വീണ്ടും ഉന്മത്തനാക്കി, വെറുതെ വ്യമോഹിപ്പിച്ചു..കമ്പ്യൂട്ടറില്‍ ഉള്ള ഒരു താല്‍പ്പര്യം വച്ച്, ഗൂഗിള്‍ സര്‍ച്ചിന്‍റെ സഹായത്തോടെ മലയാളം ബ്ലോഗിങ്ങ് എന്താണെന്ന് ഏതാണ്ട് മനസ്സിലാക്കി ഒറ്റ തുടക്കം. ഒരു ധാരണയും ഇല്ലാത്ത ഒരുവന്‍റെ ബ്ലോഗിന്‍റെ ബാലാരിഷ്ടതകള്‍ എല്ലാം വേണ്ടുവോളം സമ്മേളിച്ച ഒരു സാധനം അങ്ങനെ 2009 ജനുവരി 19നു പിറവികൊണ്ടു..!


അന്തരീക്ഷം കിടുങ്ങും, ലോകം ഞെട്ടി വിറക്കും, സര്‍വ്വ ജീവജാലകങ്ങളും നിശ്ചലമാകും, ഇനി മുതല്‍ എല്ലാ ബ്ലോഗ്ഗര്‍മാരും ഇതിലേ വരും ഇത്യാതിയുള്ള എന്‍റെ വന്‍ പ്രതീക്ഷകള്‍ തുടക്കത്തില്‍ തന്നെ പാളി. ആരും എത്തിനോക്കിയില്ല..!

ദിവസങ്ങള്‍ കടന്നു പോയി, കൃത്യം 10 ദിവസങ്ങള്‍ക്കുശേഷം വരണ്ട എന്‍റെ ബ്ലോഗില്‍ ഷിനോ എന്ന ബ്ലോഗറുടെ ആദ്യ കമന്‍റ്‌ ഒരു കുളിര്‍മഴയായി പെയ്തിറങ്ങി. അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കിയ ഊര്‍ജ്ജം വീണ്ടും ബ്ലോഗുതെണ്ടി പോകാന്‍ പ്രേരണ നല്‍കി, വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ.

അങ്ങനെ തപ്പിപ്പിടിച്ചു ജിദ്ദ മലയാളം ബ്ലോഗേഴ്സ് എന്ന കൂട്ടായ്മ കണ്ടെത്തി. ഒരു ചെറു സംഘം, വിഭവങ്ങള്‍ വളരെ കുറവാണെങ്കിലും അവിടെ ഞാന്‍ ആദ്യമായി ഫോളോവര്‍‍ ആയി. മെമ്പര്‍മാരുടെ ലിങ്കില്‍ ക്ലിക്കി എന്‍റെ സാന്നിധ്യം അറിയിച്ചു, കൂട്ടത്തില്‍ നരിക്കുന്നന്‍റെ ബ്ലോഗിലും എത്തി, ഉപദേശങ്ങള്‍ ആവശ്യപ്പെട്ടു. കാരുണ്യവാനായ നരികുന്നന്‍ വന്നു, നല്ല വാക്കുകള്‍ പറഞ്ഞു, ചില നല്ല നിര്‍ദേശങ്ങളും. 'ഈ ബ്ലോഗിനെ എന്തേ അഗ്ഗ്രിഗേറ്റര്‍ കാണാതെ പോയി' എന്ന നരികുന്നന്‍റെ വാക്കുകളാണ്, ഇവിടെ ഇങ്ങനെ ഒരു സംഭവം കൂടിയുണ്ട് എന്ന് എനിക്ക് മനസ്സിലാക്കിത്തന്നത്, അതായിരുന്നു ബ്ലോഗിലെ ഈ വരള്‍ച്ചക്ക് കാരണമെന്നും. പിന്നെ താമസിച്ചില്ല ഈ ഒരു ID യും പിടിച്ചു അറിയാവുന്ന എല്ലാ വാതിലുകളും മുട്ടി, മുട്ടിയെടത്തൊക്കെ ദയവോടെ പരിഗണനയും കിട്ടി.

തോന്ന്യശ്രമത്തിലും, ആല്‍ത്തറയിലും കയറിയിറങ്ങി, ഗ്യാലറിയിലിരുന്നു കളികണ്ടു. വഴക്കോടന്‍റെ കമന്റില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട്‌ ആശ്രമത്തിലെ ചില കളികളില്‍ പങ്കു കൊണ്ടു (റിയാലിറ്റി കഥാ മത്സരം). പ്രതിഭ തീരെ കുറഞ്ഞ എന്നെപ്പോലുള്ളവര്‍ക്ക് അതൊരു നല്ല കളരി തന്നെ ആയിരുന്നു.

ഇന്നിപ്പോള്‍ എന്നെയും രണ്ടു മൂന്ന്‌ ബ്ലോഗ്ഗര്‍മാരൊക്കെ അറിയും എന്ന് തോന്നുന്നു, ഗൂഗിളിനു സ്തുതി, ഒപ്പം മലയാളം ബ്ലോഗ്ഗേര്‍സിനും.


ആദ്യം കൂട്ടുകൂടിയ ശിവ, പതിവായി വരാറുള്ള കുമാരന്‍, ശ്രീ തുടങ്ങിയവരെ ‍ഈ അവസരത്തില്‍ പ്രത്യേകം പരാമര്‍ശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇവിടെ വന്നതുകൊണ്ടു മാത്രമല്ല. ഏതൊരു ബ്ലോഗിലും അവരുടെ സാന്നിധ്യം കാണാന്‍ കഴിയും. തുടക്കക്കാര്‍ക്കും അല്ലാത്തവര്‍ക്കും അവരുടെ സാമീപ്യം നല്‍കുന്ന ഊര്‍ജ്ജം, വാക്കുകളില്‍ നിന്നും കിട്ടുന്ന പ്രോത്സാഹനം അത് വാക്കുകള്‍ക്ക് അതീതമാണ്.


എല്ലാവരോടും നന്ദി പറയുന്നു, വന്നവരോടും മിണ്ടിയവരോടും, ഒന്നും മിണ്ടാതെ വീക്ഷിച്ചവരോടും, ഒരുപാട് ഒരുപാട് നന്ദികള്‍.


ബ്ലോഗു തുടങ്ങിയ കാര്യം ഇവിടെ ആദ്യമായി അറിയിച്ചത് ഭാര്യയെ തന്നെ ആയിരുന്നു, ഇത് കൊള്ളാമല്ലോ എന്ന വാമഭാഗത്തിന്‍റെ പ്രോത്സാഹനം, പിന്നെ പേര് ചീത്തയാക്കണ്ട എന്ന് കരുതി നാട്ടുകാരില്‍ നിന്നും മറച്ചുവച്ചിരുന്ന ഈ പരിപാടി നല്ല പാതിയുടെ ശ്രമഫലമായി ചിലരൊക്കെ അറിഞ്ഞു, പെണ്ണല്ലേ!. അവളോടുള്ള നന്ദി പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ലല്ലോ, അതവിടെ തന്നെ നില്‍ക്കട്ടെ.

ഒരുപാട് കാര്യങ്ങള്‍ അറിഞ്ഞു, നിന്ന് പോയിരുന്ന വായന വീണ്ടും കൂടി, ഒരിക്കല്‍പോലും കാണാത്ത കുറെ നല്ല ആള്‍ക്കാരുമായുള്ള ചങ്ങാത്തം, നേട്ടങ്ങള്‍ മാത്രമേയുള്ളൂ. ഇവിടെ വന്നില്ലെങ്കില്‍ വലിയ നഷ്ടമായേനെ.

ഒരവകാശ വാദവുമില്ല, ഇപ്പോഴും മെച്ചപ്പെട്ടു എന്ന് പറയുന്നില്ല, പഠിച്ചു വരുന്നതെ ഉള്ളൂ, പഠിച്ചോളും തല്ലരുത്..!


ഇതോടൊപ്പം ഒരു ചെറിയ പെട്ടിക്കട കൂടെ തുറന്നു വച്ചിട്ടുണ്ട്, ആളുകള്‍ വരുമായിരിക്കും അല്ലേ.

എന്തായാലും കമ്പനി വളരുകയാണ്...!!

Monday 11 January, 2010

എന്‍റെ ഭാഗ്യാന്വേഷണ യാത്ര.

ഇന്‍റെര്‍നെറ്റ്‌ ഫോണിന്‍റെ ഔദാര്യത്തില്‍ ഭാര്യ മതിമറന്നു നാട്ടിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ്. എന്‍റെ വീട്ടിലും, അവളുടെ വീട്ടിലും, ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞു ഇനി ഏതൊക്കെ നമ്പര്‍ ബാക്കിയുണ്ട് എന്ന് തപ്പിപ്പിടിച്ചു വിളിയോടു വിളി. ആദ്യമാദ്യം വീട്ടു കാര്യങ്ങളും സുഖവിവരങ്ങളും അന്വേഷിച്ചും വിവരങ്ങള്‍ ചോദിച്ചും തുടങ്ങി പിന്നെ രാത്രി എന്താണ് വച്ചത്, കറിയെന്താണ്, അരച്ചതാണോ അതോ താളിപ്പാണോ തുടങ്ങി വിഷയം അനന്തമായി നീണ്ട് പോവുകയാണ്. ഉടനെ ഒന്നും നിര്‍ത്തും എന്ന് തോന്നുന്നില്ല.ഒന്ന് മയങ്ങാം എന്ന് കരുതി ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയാണ് ഞാന്‍, ഇടക്കെപ്പോഴോ അവള്‍ പറയുന്നത് കേട്ടു "ഇവിടൊരാള്‍ക്ക് (ഈ രണ്ടുമുറി ഫ്ലാറ്റില്‍ വേറെ കുറേ ആളുകളുണ്ടായിട്ടല്ല, അങ്ങനെ ആണല്ലോ അതിന്‍റെ ഒരു രീതി) ഇപ്പോ എപ്പളും നാട്ടുക്ക് പോണം ന്ന വിചാരം മാത്രേ ഉള്ളൂ, എപ്പളും പറയും കൊറേ കാലായി വന്നിട്ട്, ഞ്ഞി നാട്ടില്‍ പോയി നിക്കണം എന്ന്".

അത് സത്യം, നാട്ടില്‍ പോകണം, സെറ്റിലാകണം തുടങ്ങിയ ചിന്തകള്‍ വല്ലാതെ പിന്തുടരുന്നു. എന്‍റെ‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് ഡിസംബര്‍ 29 നു പത്തൊന്‍പത് വര്ഷതമായി. ആയുസ്സിന്റെ ഒരു നല്ല ഭാഗം, ഇവിടെ കഴിഞ്ഞു. നീണ്ട പത്തൊന്‍പതു വര്‍ഷങ്ങള്‍.


ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങിയ കാലം, എല്ലാ ശരാശരി അഭ്യസ്തവിദ്യരെയും പോലെ എന്‍റെ മുന്നിലും ആ ചോദ്യം അവതരിച്ചു. ഇനിയെന്ത് ?! നാട്ടില്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ജോലി എന്തെങ്കിലും കിട്ടുമായിരിക്കും. പക്ഷെ അത് കൊണ്ട് തികയില്ല എന്നില്‍ അര്‍പ്പിക്കപ്പെട്ട പ്രതീക്ഷകള്‍. മൂത്തപുത്രന്‍റെ സ്വാഭാവികമായ കുടുംബനാഥ സ്ഥാനാരോഹണസമയം അതിക്ക്രമിച്ചുകഴിഞ്ഞിരുന്നു.

ഞാന്‍ വലുതായാല്‍, പഠിച്ചു പാസായാല്‍ ഉടനെ ജോലിയാകും, പിന്നെ എല്ലാം ശരിയാകും എന്ന വേണ്ടപ്പെട്ടവരുടെ പ്രതീക്ഷകള്‍, പ്രാര്‍ത്ഥനകള്‍. പിന്നെ താമസിച്ചില്ല ജിദ്ധയിലുള്ള അമ്മാവന് കത്തെഴുതി, എനിക്കും വേണം ഒരു വിസ..!!. കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ട് എന്നെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല. അമ്മാവനും എളാപ്പയും കൂടി വിസക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.


ഏറെ താമാസിച്ചില്ല വിസ വന്നു, ഉടനെ മെഡിക്കലിനു പോകണം, കൂട്ടുകാരന്നായ ട്രാവല്‍ ഏജണ്ട് അറിയിച്ചു. അതിനായി കോഴിക്കോട് പോകണം, മെഡിക്കലിനും യാത്രക്കുമുള്ള പൈസ എന്‍റെ  ഓട്ടക്കീശയിലില്ല, എന്ത് ചെയ്യും എന്നായി അടുത്ത പ്രശ്നം. ഇളയ അമ്മായി പണ്ടം പണയം വെക്കാന്‍ തന്നു അക്കാര്യം പരിഹരിച്ചു.

കേട്ടറിവ് മാത്രമായത് കൊണ്ട് മെഡിക്കല്‍ എന്നാല്‍ എന്തോ ഭയങ്കര സംഗതിയാണെന്നാണ് കരിതിയിരുന്നത്. മെയിന്‍ ഡോക്ടര്‍ അകത്തു മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് എന്നെ പറഞ്ഞയച്ചു. അസിസ്റ്റന്റ് ഡോക്ടര്‍ അത്യാവശ്യം കുഴലുവച്ചു നോക്കി, പിന്നെ ശരീരത്തിലെ ചില സംഗതികളൊക്കെ ഓക്കെ ആണോ എന്ന് കൈകൊണ്ടു പരിശോധിച്ചു. പോരാന്‍ നേരത്ത് അയാള്‍ പിച്ചക്കാരെ പോലെ കൈനീട്ടിക്കൊണ്ട് ചോദിച്ചു, ‘ഇനി എനിക്കെന്തെങ്കിലും?!’. അതെനിക്കൊരു പുതിയ അറിവായിരുന്നു. ഉന്നതരിലും അത്ര ഔന്നത്യം ഇല്ലാത്തവരുമുണ്ട്!.
കയ്യിലുണ്ടായിരുന്ന 20 രൂപ അയാള്‍ക്ക് കൊടുത്ത് അവിടെ നിന്ന് പോന്നു, കയ്യില്‍ സീലുവെച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുമായി.


അങ്ങനെ ഡിസംബര്‍ 24 നു ഒരു ചെറിയ ബാഗും വലിയ പ്രതീക്ഷകളും വഴിച്ചിലവിനു കുറച്ചു നേന്ത്രപ്പഴവുമായി മേലാറ്റൂരില്‍ നിന്നും ബസ്സില്‍ കോഴിക്കോട്ടേക്കും, അവിടുന്ന് ട്രെയിനില്‍ ഇതുവരെ കാണാത്ത വടക്കെന്‍ കേരളം താണ്ടി മങ്ങലാപുരത്തേക്കും, അവിടുന്ന് വീണ്ടും ബസ്സില്‍ നീണ്ട യാത്രക്കൊടുവില്‍ മഹാനഗരമായ ബോംബയില്‍ എത്തി.

എന്നെപോലെതന്നെ മുന്‍ യാത്രാ പരിചയമില്ലാത്ത ഹംസ എന്ന നാട്ടുക്കാരനും ബോംബയില്‍ മറ്റൊരു വഴിക്ക് പിരിഞ്ഞു. ഇടുങ്ങിയ റൂമിലെ നാല് ദിവസത്തെ ആ ജീവിതത്തില്‍ വളരെ യാദ്രിശ്ചികമായിട്ടാണ് എന്‍റെ കൂട്ടുകാരന്‍ വാഹിദിനെ അവിടെ വച്ച് കണ്ടത്. എന്നെ പോലെതന്നെ ഗള്‍ഫില്‍ പോകാനായി വന്നതാണ് അവനും. സ്വന്തം റൂമിലെ കക്കൂസില്‍ നിന്നും ബാഗുമായി ഇറങ്ങിവരുന്ന രൂപത്തിലാണ് അവനെ ആദ്യമായി കാണുന്നത് (ബാഗ് മോഷണം പോകാതിരിക്കാന്‍ അതുമായിട്ടു കേറിയതായിരുന്നത്രേ അവന്‍).  അപരിചിത നഗരത്തില്‍ പരസ്പരം കണ്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ സന്തോഷവും ആശ്വാസവും അനിര്‍വചനീയമായിരുന്നു.

പിന്നീടുള്ള കറക്കം ഞങ്ങള്‍ ഒന്നിച്ചായിരുന്നു, ചിലസ്ഥലങ്ങളൊക്കെ കണ്ടു, കൂട്ടത്തില്‍ പ്രധാനപ്പെട്ട സ്ഥലം, നാട്ടില്‍ പല കഥകളിലും പലവട്ടം കേട്ട ആ പേരുകേട്ട ചുവന്ന തെരുവായിരുന്നു (വെറുതേ കാണാന്‍ മാത്രം, എങ്ങിനെയിരിക്കും ഈ സ്ഥലം എന്നറിയാന്‍, അല്ലാതെ...ഛെ. ചിന്തിച്ചു കാട് കയറരുത്)


ഒരു ഗോള്‍ഫ് ഗ്രൌണ്ട് പോലെ പച്ചപിടിച്ച താഴ്വരകളും, തടാകങ്ങളും, ശീതളിമയും നിറഞ്ഞ ഒരു ചിത്രമായിരുന്നു എന്‍റെ മനസ്സില്‍ കാണാത്ത ഗള്‍ഫ്. പക്ഷെ...

എന്നാലും .. നിറയെ തെരുവുവിളക്കുകളാല്‍ ശോഭിച്ചു നില്‍ക്കുന്ന, വലിയ വലിയ കെട്ടിടങ്ങളുള്ള, കള്ളി വരച്ചതുപോലെ വടിവൊത്ത റോഡുകളുള്ള, അതില്‍ നിറയെ പല നിറത്തിലും വലിപ്പത്തിലും ഓടുന്ന വാഹനങ്ങലുള്ള, നാട്ടിലെപോലെ ബസ്സുകളോ കാല്‍നടക്കാരെയോ കാണാത്ത നഗരം ഒരു കൌതുക കാഴ്ച തന്നെയായിരുന്നു.

അതിനു ശേഷം ഭൂമി സ്വന്തം നിലക്കു പലപ്രാവശ്യം കറങ്ങി, അല്ലാതെ ചുറ്റിക്കറങ്ങി 19 തവണ വളരെ വേഗതയില്‍,

ഇക്കാലയളവില്‍ രണ്ടുകൊല്ലം കൂടുമ്പോള്‍ 45 ദിവസത്തെ ലീവിന് നാട്ടില്‍പോകുന്ന നമ്മുടെ അവസ്ഥ അനുഭവിക്കുന്നവര്‍ക്കേ അറിയൂ. നാട് തികച്ചും അന്യമായി, അല്ലെങ്കില്‍ പരിചിതരുടെ ഇടയില്‍ അന്യനെപ്പോലെ എണ്ണപ്പെട്ട ദിനങ്ങള്‍.


പലരും നിര്‍ത്തിപ്പോയി, ചിലരൊക്കെ പരാജയപ്പെട്ടു തിരിച്ചു വന്നു, എങ്കിലും....നാട് കാണാന്‍, മഴ കാണാന്‍, ഒന്നു മുങ്ങിക്കുളിക്കാന്‍ ഒക്കെയുള്ള മനസ്സിലെ ആശ അടയ്ക്കാനാവുന്നില്ല, ഇനി എന്നാണാവോ ...


“അതാണ്‌ ഞാനും പറീണത് ഇന്നാലും ഇത്രേം കാലം കുടുംബം നോക്കീല്ലേ, വീടും വച്ചു, ഇത്ര നിരാശപ്പെടാനുണ്ടോ, അതും ഇല്ലാത്തവര്‍ എത്രയുണ്ട്’ അവളുടെ ഫോണ്‍ വിളി അവസാനിച്ചിട്ടില്ല,

ഇവളിന്നു  STC ക്കാരെക്കൊണ്ട് എന്നെ തല്ലുകൊള്ളിക്കും.