Monday 24 January, 2011

സംഗമം നാടകീയം

മോളെ ട്യൂഷന് വിടാന്‍ വേണ്ടി അസീസിയയിലുള്ള ടീച്ചറുടെ ഫ്ലാറ്റിന് മുന്നിലെത്തിയപ്പോഴാണ്  ഫോണ്‍ പോക്കറ്റില്‍ കിടന്നു വിറയ്ക്കാന്‍ തുടങ്ങിയത്. നോക്കുമ്പോള്‍ പരിചയമില്ലാത്ത ഒരു നമ്പരാണ്, ആരായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് ചെവിയോടടുപ്പിച്ചു.

‘ഹലോ, തെച്ചിക്കോടന്‍ അവര്‍കള്‍ അല്ലെ ?!!’ അവര്‍കള്‍ എന്ന് കേട്ടപ്പോള്‍ ഓര്‍ത്തത് നാട്ടിലെ ഉമ്മര്‍കാക്കാനെകുറിച്ചാണ്. മൂപ്പര് ആരേയെങ്കിലും കുറിച്ച് ‘ഓന് അവര്‍കളാണ്' എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ആളു തല്ലുകൊള്ളിയാണ്, വഴക്കാളിയാണ്.. എന്നൊക്കെയാണ്! ഇനി അങ്ങനെ വല്ലതും......?! എന്നെ മുന്‍പേ അറിയുന്നവരായിരിക്കുമോ?!

‘ഞാന്‍ പഴയ ഒരു ബ്ലോഗറാണ്, നാടകക്കാരന്‍..അറിയുമോ?!’  

അറിയാതെ എവിടെ പോകാന്‍. നാടകക്കാരന്‍! നാടക കമ്പത്തിനു പേരുകേട്ടവന്‍, അതുമൂലം വീട്ടുകാര്‍ നന്നാവാന്‍ വേണ്ടി വണ്ടികേറ്റി അക്കരെ കടത്തിയവന്‍ (ഇത് അദ്ദേഹം തന്നെ പറഞ്ഞതാണ്), ബ്ലോഗ്ഗര്‍ കുമാരന്റെ നാട്ടുകാരന്‍, കുമാരനെ സല്‍ക്കരിച്ചു ചൊറിത്തവളയെ ടച്ചിംങ്ങ്സായി കൂട്ടിയവന് (ഷിവാസ് ഫ്രോഗല്‍)‍, അങ്ങിനെ വിശേഷണങ്ങള്‍ ഏറെ..

യാന്‍ബുവില്‍ നിന്ന് റിയാദില്‍ വന്നു, ചലച്ചിത്ര താരവും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്‌ പങ്കെടുത്ത നാടകം ഡോട്ട് കോമിന്റെ ഫങ്ങ്ഷനില്‍ പങ്കെടുത്ത്, അതിന്റെ സാരഥികളില്‍ ഒരാളായ ബ്ലോഗര്‍ പാവപ്പെട്ടവന്റെ ആതിഥേയത്തില്‍ ഒരാഴ്ച കഴിഞ്ഞ ശേഷം മടക്കത്തില്‍ ജിദ്ദയില്‍ അമ്മാവനെ കാണാന്‍ വന്നതായിരുന്നു ബിജു കൊട്ടില എന്ന നാടകക്കാരന്‍.

അവര്‍ പറഞ സ്ഥലത്തുനിന്നു കുറച്ചു ദൂരെ ആയിരുന്നത്തിനാല്‍ കാണാന്‍ പറ്റുമോ എന്ന് ഉറപ്പില്ലാത്തത് കൊണ്ട് തല്‍ക്കാലം ഫോണിലൂടെ ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു, സന്തോഷം പങ്കുവെച്ചു. 

തിരിച്ചു റൂമിലെത്തിയപ്പോള്‍ വീണ്ടും വിളിച്ചു, ഉറങ്ങാറായില്ലെങ്കില്‍ നേരില്‍ കാണാം എന്ന് പറഞ്ഞു. അങ്ങനെ അമ്മാവന്‍ പറഞ്ഞുതന്ന വഴിയിലൂടെ അവരുടെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു.

മുഖത്ത് കറുത്ത ഫ്രെയിമോട് കൂടിയ കണ്ണട, ബുജിത്താടി, നീട്ടിവളര്‍ത്തിയ തലമുടി, മുട്ടോളമെത്തുന്ന ഖാദര്‍ ജുബ്ബ ഇത്ത്യാതി ട്രഡീഷണല്‍ സങ്കല്പങ്ങള്‍ തന്നെയായിരുന്നു എന്റെയുള്ളിലും ഒരു നാടക കലാകാരനെ കുറിച്ച്. പക്ഷെ, അവിടെ എന്നെ കാത്തു നിന്നിരുന്നു ബിജുവിനെ കണ്ടപ്പോള്‍ ആ സങ്കല്പങ്ങള്‍ ആകെ തകിടം മറിഞ്ഞു. ഇത് വെറും ‘പയ്യന്‍സ്’, ആ ബുജിത്താടി മാത്രം ഉണ്ട്!

ഒരു ബ്ലോഗറെയും നേരില്‍ കണ്ടിട്ടില്ല ഞാന്‍. നാട്ടിലും മറ്റും പല ബ്ലോഗ്‌ മീറ്റുകളും നടന്നിട്ടുണ്ടെങ്കിലും അവയിലൊന്നും പങ്കെടുക്കാന്‍ പറ്റിയിട്ടില്ല എനിക്ക്, പല കാരണങ്ങള്‍ കൊണ്ടും. 

ഇവിടെ ജിദ്ദയില്‍ തന്നെ അതിപ്രശസ്തരായ ബഷീര്‍ വള്ളിക്കുന്ന്, ഓ എ ബി, നിര്‍വിളാകാന്‍, ഹംസ, വിനുവേട്ടന്‍, ഇപി സലിം, തൂവലാന്‍, സാബിബാവ, സിനു മുസ്തു തുടങ്ങി ഒരുപാട് പേരും കൂടാതെ വളരെ അടുത്ത പ്രദേശത്ത്‌ അക്ബര്‍, നൌഷാദ് അകമ്പാടംകമ്പര്‍, തുടങ്ങി ധാരാളം പേരുണ്ടെങ്കിലും ഇന്നേവരെ ആരെയും നേരില്‍ കണ്ടിരുന്നില്ല, ബ്ലോഗറാവുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പരിചയമുള്ള എന്റെ സുഹൃത്തും ഷട്ടില്‍ മേറ്റുമായ ഷാനവാസ്‌ ഇളയോടനെയും സ്വന്തം മകളായ നൗറീനെയും ഒഴിച്ച്. ആ നിലക്ക് ഞാന്‍ ജീവനോടെ നേരില്‍ കാണുന്ന ആദ്യ ബ്ലോഗറാണ് നാടകക്കാരന്‍, ഇതെന്റെ ആദ്യ ബ്ലോഗ്‌ മീറ്റും!

ഈയിടെയായി ജിദ്ദയിലെ തെരുവുകളിലൂടെ, ഷോപ്പിംഗ്‌ മാളുകളിലൂടെ വിന്റോഷോപ്പിംഗ്‌ ചെയ്തു നടക്കുമ്പോള്‍ മലയാളികളാണെന്ന് തോന്നുന്ന സ്ത്രീകളെ കാണുമ്പോള്‍ അവരെ നോക്കി വെറുതെ ഒന്ന് ചിരിക്കാന്‍ തോന്നുന്നു. കൂട്ടുകാരന്‍ ഹംസക്ക്‌ ബ്ലോഗിണിമാരില്‍നിന്നു ബിരിയാണി കിട്ടി എന്ന് കേട്ടത് മുതലാണ്‌ ഈ അസുഖമുണ്ടായത്. അവരാരെങ്കിലും ബ്ലോഗര്‍മാരാണെങ്കിലോ?! ഇനി ബിരിയാണി വല്ലതും കിട്ടിയെങ്കിലോ?!!

കിട്ടുന്നത് മുഴുവന്‍ സ്വന്തമായി വാങ്ങിക്കോളണം പങ്ക് വെയ്ക്കാന്‍ ഞങ്ങളെ വിളിക്കരുത് എന്ന ഭാര്യയുടെ നിഷ്കരുണമുള്ള താക്കീത്‌ കൊണ്ട് അത് തല്‍ക്കാലം കണ്ട്രോള്‍ ചെയ്തു നിര്‍ത്തിയിരിക്കുകയാണ്.      

ജിദ്ദയിലെ പല സദസ്സുകളിലും പാട്ടുപാടിയിരുന്ന ഗായകനായ മാമന്റെ റൂമില്‍ കുറേനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു സാധാരണ മലപ്പുറത്തുകാര് സംസാരിക്കുന്നത് പോലെയല്ലല്ലോ നിങ്ങളുടെ ഭാഷ എന്ന്. പാലക്കാട് ജില്ലയുടെ അതിര്‍ത്തിയിലാണ് ഞാന്‍ അതുകൊണ്ടായിരിക്കാം എന്ന് തട്ടിവിട്ടു. അന്യ ജില്ലക്കാരല്ലേ നമ്മള് മോശമാകാന്‍ പാടില്ലല്ലോ..! (എന്റെ നാടന്‍ ഭാഷ മനസ്സില്‍ ഇസ്തിരിയിട്ടു ചുളിവ് നിവര്‍ത്തി പറയാന്‍ ഞാന്‍ പെടുന്ന പെടാപ്പാട് ഈ മാമന്‍ അറിയുന്നില്ലല്ലോ!!)

നല്ലവരായ ആഥിധേയര്‍ മുഷിയുന്നതിനു മുന്‍പ്‌, ഇപ്പോഴും ചിരിക്കുന്ന, ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, സഹൃദയനായ, സര്‍വോപരി സുമുഖനും അവിവാഹിതനുമായ നാടകക്കാരനോട് ഇനി എന്നെങ്കിലും കാണാം എന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞ സന്തോഷമായിരുന്നു, വിവരണങ്ങള്‍ക്ക് അതീതമായി.