Monday 27 September, 2010

സൈതാലിക്കാക്കാന്റെ പ്രലോഭനങ്ങള്‍

‘ഹോട്ടല്‍ ഡി പാരിസ്‌’ അതാണ്‌ സൈതാലിക്കാക്കാന്റെ ചായമക്കാനിയുടെ പേര്. ചായയും വീട്ടുകാരി ഉണ്ടാക്കി കൊണ്ടുവരുന്ന പലഹാരങ്ങളും കൂടാതെ ഉച്ചക്ക് സ്ഥിരം കുറ്റികളായ നാട്ടിലെ കൂലിപ്പണിക്കാര്‍ക്ക് ഊണും കൊടുക്കുന്നുണ്ടവിടെ. 

മദ്ധ്യവയസ്കന്‍, കള്ളിത്തുണിയും കയ്യുള്ള ബനിയനും സ്ഥിരവേഷം. തുണിയെപ്പോഴും ഒരു കൊച്ചു കുടം കമെഴ്ത്തി വച്ചപോലെ ആകൃതിയൊത്ത കുംഭയ്ക്ക് താഴെയായി മടക്കി കുത്തിയതു കണ്ടാല്‍ ഇതാ ഇപ്പോപ്പോകും എന്ന മട്ടില്‍ കമ്പില്‍ തടഞ്ഞു നില്ക്കണ തുണി പോലെ. ‘ലോ വെയ്സ്റ്റ്‌’ വസ്ത്രധാരണത്തിന്റെ നാട്ടിലെ ഉപജ്ഞാതാവാണ് സൈതാലിക്കാക്ക. 
   
നാട്ടിലെ ഒരു പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണ് ഈ ചായമക്കാനി. അത്യാവശ്യം കുഴപ്പമില്ലാത്ത കച്ചവടമുണ്ട് സൈതാലിക്കാക്കാക്ക്. ചായക്ക് പുറമേ കാരംസ്‌ ചെറുപ്പക്കാരെ അങ്ങോട്ട്‌ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. 

അതിരാവിലെ തുടങ്ങും കച്ചവടം. സുബഹിക്ക് പള്ളിയില്‍ നിന്നും മടങ്ങുന്നവര്‍ ഓരോ കാലി അടിച്ചു പത്രപരായണവും അത്യാവശ്യം കുറച്ചു പരദൂഷണവും കഴിച്ചേ വീട്ടിലേക്കു മടങ്ങൂ.  ഒരൊറ്റ പത്രമേ ഉള്ളൂ എങ്കിലും അതവിടെ കൂടിയവര്‍ ഷീറ്റുകള്‍ കൈമാറി വായിക്കും. ചിലപ്പോഴൊക്കെ നാട്ടിലെ ‘ജനറല്‍ സര്‍വിസ്’ ആയ ബാപ്പുട്ടിക്കാക്ക ഉറക്കെ വായിക്കും മറ്റുള്ളവര്‍ ശ്രോതാക്കളാകും.
വരുന്നവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു ചായ ഇടുന്നതും സപ്ലൈ ചെയ്യുന്നതും എല്ലാം സൈതാലിക്കാക്ക തന്നെ. ഒരു വണ്മാന്‍ ഷോ. വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ ഒത്ത്കൂടുന്നതും വെടിപറഞ്ഞിരിക്കുന്നതും എല്ലാം ഇതിനു ചുറ്റും തന്നെ.

നാട്ടിലെ കാര്യമായി പണിയൊന്നും ഇല്ലാത്ത ചെറുപ്പക്കാരാണ്, അബു, ഉസ്മാന്‍, സലാം, ഗോപാലന്‍ തുടങ്ങിയവര്‍. എന്നും ചായമക്കാനിയില്‍ ഒത്തു കൂടി കാരംസ്‌ കളിയാണ് മുഖ്യ തൊഴില്‍. ഓരോ കളിക്കും ഈടാക്കുന്ന ബോര്‍ഡിന്റെ വാടക കൂടാതെ ഇടയ്ക്ക് ചായയും ചിലവാകുന്നത് കൊണ്ട് അവരുടെ വരവും സൈതാലികാക്കാക്കും സന്തോഷമാണ്.

പതിവുപോലെ അന്നും വൈകുന്നേരം അവരവിടെ കൂടിയിരുന്നു. വന്നപാടെ ഉസ്മാന്‍ നാല് ചായക്കോര്‍ഡര് കൊടുത്തു.

“ഇവിടെ നാല് ചായൈ”, അടുക്കളഭാഗത്തേക്ക് നോക്കി സൈതാലിക്കാക്ക ഉറക്കെ വിളിച്ചു പറഞ്ഞു, പിന്നെ അടുക്കളയില്‍ ചെന്ന് സ്വയം ചായ കൂട്ടാന്‍ തുടങ്ങി.

“ഓ പറീണത് കേട്ടാ തോന്നും ഇവിടെ പണിക്കാരെ കൊണ്ട് നടക്കാമ്പറ്റില്ലെന്ന്” ഗോപാലന്‍ പരിഹസിച്ചു. അത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് സൈതാലിക്കാക്ക തന്റെ പണികളില്‍ മുഴുകി.

കളി നല്ല ആവേശത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെക്കാള്‍ നന്നായിട്ട് കളിക്കുന്ന ഉസ്മാന്റെ ഒരു നീക്കം കണ്ടു അബു ഇങ്ങനെ തട്ടിവിട്ടു.

“ഇതിപ്പോ ഞമ്മളെ കല്ല്യാണിക്കുട്ടി പണ്ട് സെക്കന്റ്‌ ഷോ വിട്ടതു നേരെ ന്റെ കുടീക്കാ എന്ന് ചോദിച്ചപോലെ ആണല്ലോ റെഡും സ്ട്രൈക്കറും എല്ലാം പിന്നാലെ പിന്നാലെ ഇതില്ക്ക്”.

സമാവറിനടുത്ത് ചായ നീട്ടി അടിച്ചുകൊണ്ടിരുന്ന സൈതാലിക്കാക്ക ഇതുകേട്ട് ഓടിവന്നു പറഞ്ഞു. 

“ഓളെ കാര്യം ഇവ്ടെ മുണ്ടരുത്, തൊള്ളീല്‍തോന്ന്യേതു പറയാള്ള സ്ഥലല്ലിത്, ഇങ്ങള് വേണേങ്കി രാഷ്ട്രീയം പറഞ്ഞോളീം ന്നാലും ഇത് വേണ്ട” കയ്യിലെ ചായ ഗ്ലാസ് മേശയില്‍ ഒച്ചയോടെ വച്ച് സൈതാലിക്കാക്ക അരിശം കൊണ്ടു.

നാട്ടില്‍ നല്ല പേരുള്ളവളാണ് കല്ല്യാണിക്കുട്ടി, അടുത്ത ഗ്രാമത്തില്‍ നിന്നുള്ളവള്‍. ചെറുപ്പക്കാരി, സ്വന്തം ശരീരമാണ് വരുമാനമാര്‍ഗ്ഗം. പല മാന്യന്മാരും ഇവളുടെ കുറ്റിക്കാരാണെന്നു പലരും അടക്കം പറയാറുണ്ട്‌. നാട്ടിലെ ചില ചെറുപ്പക്കാരൊക്കെ വഴിപിഴച്ചു പോയത് ഇവള് കാരണമാണെന്നാണ് സംസാരം.

“വെറുതെ പറഞ്ഞത് കൊണ്ടെന്തു ചേതാ വര്വാ”, ഗോപാലന്‍ സംശയം ചോദിച്ചു.

“പറീണതും ചെല്ലുന്നതും ഒക്കെ ഒരു മാതിരിയാണ്. ആരോ പിടിച്ചു മുടിവേട്ടീറ്റ്  ഒന്നൊതുങ്ങീര്‍ന്നു ഇപ്പോ പിന്നേം എറങ്ങി സാധനം നാട്ടാരെ ചീത്യക്കാനായിട്ട്” . സൈതാലിക്കാക്കാക്ക് കലി അടങ്ങുന്നില്ല.

പറ്യാനൊക്കെ ആള്ണ്ടാകും, അവസരം കിട്ട്യാ ഓലെന്നെ മുന്നില്‍ പോകേം ചിജ്ജും” അബു ഒന്ന് കൊളുത്താന്‍ തീരുമാനിച്ചു തന്നേയാണ്.

“അയ്നു നടക്ക്ണോല്ണ്ടാകും ഞമ്മളെ അക്കൂട്ടത്തില്‍ കൂട്ടണ്ട” 

പത്രം വായിച്ചു കൊണ്ടിരുന്ന കുഞ്ഞിമോന്‍ നിവര്‍ത്തിപ്പിടിച്ച പത്രത്തിലാണ് കണ്ണെങ്കിലും ചെവി ഇവരിരിക്കുന്ന ഭാഗത്തേക്ക് പരമാവധി ഫോക്കസ് ചെയ്തു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ചെറുതായിരുന്നത് കൊണ്ടും എക്സ്പീരിയന്സ് കുറവായത് കൊണ്ടും അവനെ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല അവര്‍. ‘അനക്ക് പ്രായായ്ട്ടില്ല്ല പോ അവുടുന്നു’ എന്ന് പറഞ്ഞു ഇത്തരം സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ അവരവനെ ഓടിക്കും.

അതേസമയം ദൂരെ സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ നടന്നു വരുന്ന രൂപത്തെ ചൂണ്ടി സലാം പറഞ്ഞു “പറഞ്ഞു തീര്‍ന്നില്ല ഇതാ വരണുണ്ട്”.

ക്ഷണനേരം കൊണ്ട് എല്ലാവരും റോഡിനോടഭിമുഖമായ ഭാഗത്തെത്തി, പട്ടിണി കിടന്നവന്റെ മുന്‍പില്‍ ബിരിയാണിപ്പൊതി വച്ചപോലെ പോലെ ആര്‍ത്തിയോടെ നോക്കിനിന്നു.

അവജ്ഞയോടെ അവരെ നോക്കികൊണ്ട് സൈതാലിക്കാക്ക കുറച്ചു മാറിനില്പ്പുണ്ട്.

സമയം ഏഴരമണി, കല്യാണി ചായക്കടയുടെ ഏതാണ്ട് മുന്‍പില്‍ എത്തിയപ്പോഴാണ് പവര്‍ക്കാട്ടുണ്ടായത്. എങ്ങും ഇരുട്ട്! പരസ്പരം തമ്മില്‍ കാണാന്‍ പറ്റാത്തത്ര ഇരുട്ട്.

പെട്ടെന്ന് ആരൊക്കെയോ ഇറങ്ങിയോടുന്ന ശബ്ദം തുടര്‍ന്ന് റോഡില്‍ നിന്ന് ഒരു നിലവിളിയും, പിടിവലി ശബ്ദവും. 

"അവിടെ പുടിച്ചല്ലെട @#&$%.." അത് കല്ല്യാണിക്കുട്ടിയുടെ ശബ്ദമായിരുന്നു. 

ആരോ തെളിച്ച മെഴുകുതിരി വെട്ടത്തില്‍ വെപ്രാളപ്പെട്ട് സ്ഥാനാം തെറ്റിയ വസ്ത്രം പൊത്തിപ്പിടിച്ചു ഓടിപ്പോകുന്ന കല്ല്യാണിക്കുട്ടിയെ ആണ് കണ്ടത്.

"എന്താ എന്താണ് സംഭവിച്ചത്" എന്ന ചുറ്റുമുള്ളവരുടെ ചോദ്യത്തിന് ശബ്ദത്തില്‍ അരിശം വരുത്തിക്കൊണ്ട്, കിതപ്പടക്കികൊണ്ട് സൈതാലിക്കാക്ക പറഞ്ഞു 

“കള്ളപ്പന്നി, ഓളെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, നാട്ടാരെ ചീത്ത്യാക്കാന്‍ നടക്ക്ണ ജാഹില്”

പാരവശ്യത്തോടെ നാവുകൊണ്ട് ചുണ്ട് നനച്ചു സലാം അത് ശരിവച്ചു “നേര്വന്നെ!”

പരസ്പരം നോക്കി ചിരിയൊതുക്കികൊണ്ട് അബ്ദുവും ഉസ്മാനും, ഗോപാലനും ഒരേ സ്വരത്തില്‍ പറഞ്ഞു “തന്നെ തന്നെ !”
വെളിച്ചം പോയപ്പോള്‍ റോഡിലേക്കോടി അവളെ ‘കൈകാര്യം’ ചെയ്യാന്‍ സലാമിന് മുന്‍പില്‍ ഉണ്ടായിരുന്നത് സൈതാലിക്കാക്ക ആയിരുന്നു!.

Tuesday 7 September, 2010

പെരുന്നാള്‍ ആശംസകള്‍


പെരുന്നാള്‍ അടുത്തത് കാരണം നിരത്തുകളിലൊക്കെ തിരക്ക് കൂടി. വാഹനങ്ങളെക്കൊണ്ട് വൈകുന്നേരങ്ങളില്‍ നഗരം വീര്‍പ്പുമുട്ടുന്നു. ഷോപ്പുകളില്‍ നല്ല തിരക്ക്, ഉറ്റവര്‍ക്ക് വേണ്ടി ട്രസ്സ് എടുക്കുന്ന തിരക്കിലാണ് എല്ലാവരും. കുട്ടികള്‍ സ്കൂള്‍ അടച്ചത് കാരണം നാട്ടിലായതിനാല്‍ എനിക്കാണെങ്കില്‍ അത്തരമൊരു തിരക്കുമില്ല! 

നാട്ടില്‍നിന്ന് വന്നതില്‍ പിന്നെ റൂമില്‍ ഒറ്റക്കാണ് . ഭാര്യയും കുട്ടികളും എത്താന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ പാട് തന്നെ. അലക്കണം, തേക്കണം, വൃത്തിയാക്കണം കൂടാതെ ഭക്ഷണം അതിലും വലിയ പ്രശ്നം.  ഭാര്യയെ നാട്ടിലയച്ചിട്ടു വേണം നല്ല ഭക്ഷണം കഴിക്കാന്‍ എന്ന് തമാശയായി ഇവിടെ പറയാറുണ്ടെങ്കിലും ഡബിള്‍ കോട്ടില്‍ സിങ്കിളായി വിശാലമായി മലര്‍ന്നു കിടക്കാം എന്ന ഒരു മെച്ചം മാത്രം.

ഇവിടെ വന്നത് തൊട്ടു ഭക്ഷണം ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. വന്നിറങ്ങിയത് പാചകക്കാരനുള്ള ബാച്ചിലര്‍ റൂമില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പല കൂട്ടുകാരെയും പോലെ പാചകം പഠിക്കേണ്ടി വന്നിട്ടില്ല. ധാരാളം ആളുകള്‍ ഉംറ വിസയില്‍ വന്നിരുന്നത് കൊണ്ട് പലരും പാചക ജോലിയായിരുന്നു പരിഗണന കൊടുത്തിരുന്നത്. അതാകുമ്പോള്‍ സുരക്ഷിതമാണ് കൂടാതെ റൂം വാടകയും ഭക്ഷണവും ഫ്രീ. നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ന് അനതികൃത താമസക്കാര്‍ കുറഞ്ഞു കൂടെ പാചകക്കാരും.
ഭാര്യയുടെ ഓണ്‍ ലൈന്‍ സഹായത്തോടെ അത്യാവശയം ചില ചെറിയ പാചക പരീക്ഷണങ്ങള്‍ നടത്തിയും അനുജന്റെ വീട്ടിലുമൊക്കെ ആയി നോമ്പങ്ങിനെ വലിയ ബുദ്ധിമുട്ടില്ലാതെ കഴിയാറായി. പക്ഷെ ഇനി...? വയറിനു പിടിക്കില്ലെങ്കിലും ഹോട്ടലുതന്നെ ശരണം.
കുട്ടികളുണ്ടെങ്കിലെ ആഘോഷങ്ങള്‍ക്കൊരു കൊഴുപ്പുണ്ടാകൂ, ഒറ്റെക്ക് എന്താഘോഷം! കയ്യില്‍ മൈലാഞ്ചിയുമണിഞ്ഞു പുത്തനുടുപ്പിട്ടു കുളിച്ചൊരുങ്ങി സന്തോഷപൂര്‍വ്വം അവര്‍ നടക്കുന്ന കാഴ്ചയാണ് മുതിര്‍ന്നവരുടെ മനം നിറക്കുന്ന സദ്യ. ഇവിടെ നാല് ചുമരുകല്‍ക്കുള്ളിലെ പരിമിതമായ അവസ്ഥ അതിനെ ചുരുക്കി കളയുന്നു.

'ഞങ്ങള്‍ ഉടനെ വരും വരാതെ ഒറ്റയ്ക്ക് ബ്രോസ്റ്റ്‌ തിന്നരുതുട്ടോ' എന്ന് എന്നോട് ശട്ടം കെട്ടിയ മോള് ഫോണ്‍ വിളിക്കുമ്പോഴൊക്കെ കളിത്തിരക്കിലാണ് ആളെ കിട്ടാനില്ല എന്നാണു കേള്‍ക്കുന്നത്. ഇവിടായിരുന്നപ്പോള്‍ സാധിക്കാത്തതിനൊക്കെ അവര്‍ നിരന്തരം വീടിനുള്ളിലും തൊടിയിലും നടന്നും മഴയും വെയിലും കൊണ്ടും കളിച്ചു പ്രതികാരം വീട്ടുന്നു. എന്റെ കുടുംബത്തോടൊപ്പം ജീവിക്കണം എന്ന സ്വാര്‍ത്ഥതയില്‍ ഞാന്‍ അവരോടു ചെയ്യുന്നത് ഒരു തരത്തിലുള്ള അനീതിയല്ലേ എന്ന കുറ്റബോധം മനസ്സിന്റെ ഒരു കോണില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു.

അതൊക്കെ പോട്ടെ, കാര്യങ്ങള്‍ അങ്ങിനെ നടക്കും.

എല്ലാവര്‍ക്കും ഈ ഡബിള്‍ കോട്ടിലെ സിംഗിള്‍ ബാച്ചിയുടെ ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍!.