പെരുന്നാള്‍ അടുത്തത് കാരണം നിരത്തുകളിലൊക്കെ തിരക്ക് കൂടി. വാഹനങ്ങളെക്കൊണ്ട് വൈകുന്നേരങ്ങളില്‍ നഗരം വീര്‍പ്പുമുട്ടുന്നു. ഷോപ്പുകളില്‍ നല്ല തിരക്ക്, ഉറ്റവര്‍ക്ക് വേണ്ടി ട്രസ്സ് എടുക്കുന്ന തിരക്കിലാണ് എല്ലാവരും. കുട്ടികള്‍ സ്കൂള്‍ അടച്ചത് കാരണം നാട്ടിലായതിനാല്‍ എനിക്കാണെങ്കില്‍ അത്തരമൊരു തിരക്കുമില്ല!
നാട്ടില്‍നിന്ന് വന്നതില്‍ പിന്നെ റൂമില്‍ ഒറ്റക്കാണ് . ഭാര്യയും കുട്ടികളും എത്താന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ പാട് തന്നെ. അലക്കണം, തേക്കണം, വൃത്തിയാക്കണം കൂടാതെ ഭക്ഷണം അതിലും വലിയ പ്രശ്നം. ഭാര്യയെ നാട്ടിലയച്ചിട്ടു വേണം നല്ല ഭക്ഷണം കഴിക്കാന്‍ എന്ന് തമാശയായി ഇവിടെ പറയാറുണ്ടെങ്കിലും ഡബിള്‍ കോട്ടില്‍ സിങ്കിളായി വിശാലമായി മലര്‍ന്നു കിടക്കാം എന്ന ഒരു മെച്ചം മാത്രം.
ഇവിടെ വന്നത് തൊട്ടു ഭക്ഷണം ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. വന്നിറങ്ങിയത് പാചകക്കാരനുള്ള ബാച്ചിലര്‍ റൂമില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പല കൂട്ടുകാരെയും പോലെ പാചകം പഠിക്കേണ്ടി വന്നിട്ടില്ല. ധാരാളം ആളുകള്‍ ഉംറ വിസയില്‍ വന്നിരുന്നത് കൊണ്ട് പലരും പാചക ജോലിയായിരുന്നു പരിഗണന കൊടുത്തിരുന്നത്. അതാകുമ്പോള്‍ സുരക്ഷിതമാണ് കൂടാതെ റൂം വാടകയും ഭക്ഷണവും ഫ്രീ. നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ന് അനതികൃത താമസക്കാര്‍ കുറഞ്ഞു കൂടെ പാചകക്കാരും.
ഭാര്യയുടെ ഓണ്‍ ലൈന്‍ സഹായത്തോടെ അത്യാവശയം ചില ചെറിയ പാചക പരീക്ഷണങ്ങള്‍ നടത്തിയും അനുജന്റെ വീട്ടിലുമൊക്കെ ആയി നോമ്പങ്ങിനെ വലിയ ബുദ്ധിമുട്ടില്ലാതെ കഴിയാറായി. പക്ഷെ ഇനി...? വയറിനു പിടിക്കില്ലെങ്കിലും ഹോട്ടലുതന്നെ ശരണം.
കുട്ടികളുണ്ടെങ്കിലെ ആഘോഷങ്ങള്‍ക്കൊരു കൊഴുപ്പുണ്ടാകൂ, ഒറ്റെക്ക് എന്താഘോഷം! കയ്യില്‍ മൈലാഞ്ചിയുമണിഞ്ഞു പുത്തനുടുപ്പിട്ടു കുളിച്ചൊരുങ്ങി സന്തോഷപൂര്‍വ്വം അവര്‍ നടക്കുന്ന കാഴ്ചയാണ് മുതിര്‍ന്നവരുടെ മനം നിറക്കുന്ന സദ്യ. ഇവിടെ നാല് ചുമരുകല്‍ക്കുള്ളിലെ പരിമിതമായ അവസ്ഥ അതിനെ ചുരുക്കി കളയുന്നു.
'ഞങ്ങള്‍ ഉടനെ വരും വരാതെ ഒറ്റയ്ക്ക് ബ്രോസ്റ്റ് തിന്നരുതുട്ടോ' എന്ന് എന്നോട് ശട്ടം കെട്ടിയ മോള് ഫോണ്‍ വിളിക്കുമ്പോഴൊക്കെ കളിത്തിരക്കിലാണ് ആളെ കിട്ടാനില്ല എന്നാണു കേള്‍ക്കുന്നത്. ഇവിടായിരുന്നപ്പോള്‍ സാധിക്കാത്തതിനൊക്കെ അവര്‍ നിരന്തരം വീടിനുള്ളിലും തൊടിയിലും നടന്നും മഴയും വെയിലും കൊണ്ടും കളിച്ചു പ്രതികാരം വീട്ടുന്നു. എന്റെ കുടുംബത്തോടൊപ്പം ജീവിക്കണം എന്ന സ്വാര്‍ത്ഥതയില്‍ ഞാന്‍ അവരോടു ചെയ്യുന്നത് ഒരു തരത്തിലുള്ള അനീതിയല്ലേ എന്ന കുറ്റബോധം മനസ്സിന്റെ ഒരു കോണില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു.
അതൊക്കെ പോട്ടെ, കാര്യങ്ങള്‍ അങ്ങിനെ നടക്കും.
എല്ലാവര്‍ക്കും ഈ ഡബിള്‍ കോട്ടിലെ സിംഗിള്‍ ബാച്ചിയുടെ ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍!.
