Thursday, 28 April 2011

വെറുതെ കിട്ടിയ ഉപദേശം!


ജീവിതത്തില്‍ ഇന്നേവരെ ഇത്തരമൊരവസ്ഥ ഉണ്ടായിട്ടില്ല ഉസാമക്ക്! അതും വിലപിടിച്ച സ്വന്തം സാധനങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴ്, പോരാത്തത്തിനു കള്ളന്‍ തന്നെ താക്കീത് തരികയുമാകുമ്പോള്‍! ഊഹിക്കുന്നതിലും അധികം തന്നെയായിരുന്നു ഉസാമയുടെയും അപ്പോഴത്തെ അവസ്ഥ. 

വാരാന്ത്യത്തിലെ ഒരു വൈകുന്നേരം കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ പോയതായിരുന്നു ഉസാമ. ബീച്ചിലെ പാര്‍ക്കിങ്ങില്‍ കാറുനിറുത്തി നീന്താനാവശ്യമായ വസ്ത്രങ്ങള്‍ മാറി. പക്ഷെ ഒരു പ്രശ്നം! മൊബൈല്‍, വലറ്റ് തുടങ്ങിയവ എവിടെ ഒളിപ്പിക്കും?. കര്‍ശനമായ നിയമങ്ങളുള്ള രാജ്യമാണെങ്കിലും അതിനനുസരിച്ച് മോഷണങ്ങളും പിടിച്ചുപറിയും നടക്കുന്നുണ്ട്.

എന്താണൊരു പോംവഴി എന്ന അവരുടെ കൂട്ടായ ചിന്തയുടെ അവസാനം കൂട്ടുകാരനാണ് ആ ആശയം പറഞ്ഞത്.  സാധനങ്ങള്‍ കാറില്‍ തന്നെ ഒളിപ്പിച്ചു വെക്കുക. പക്ഷെ താക്കോല്‍ എവിടെ വെക്കും ? കടലില്‍ വീണുപോയാല്‍?!

അതിനും പ്രതിവിധിയുണ്ടായിരുന്നു കൂട്ടുകാരന്റെ കയ്യില്‍ ‘വണ്ടിയില്‍ തന്നെ വയ്ക്കാം! എന്നിട്ടു പിന്നിലെ ഒരു വാതില്‍ മാത്രം ലോക്ക് ചെയ്യാതെ വെറുതെ അടയ്ക്കാം!

മൂന്നു വാതിലുകളും ലോക്കുചെയ്ത അടച്ച കാറ് പുറമെനിന്നു നോക്കിയാല് എല്ലാം ഭദ്രം!
കുറച്ചൊരു തലതിരിഞ്ഞ ഐഡിയ ആണെന്നു തോന്നിയെങ്കിലും ഉസാമക്ക് മറ്റൊരു മാര്‍ഗ്ഗവും അപ്പോള്‍ തോന്നിയില്ല.

ഒരാഴ്ച്ചയുടെ എല്ലാ അലമ്പുകളും കടലില്‍ തിമിര്‍ത്തു തീര്‍ത്ത് വൈകിയാണ് അവര്‍ കേറിയത്. കുളികഴിഞ്ഞു തിരിച്ചു വന്ന അവരെ എതിരേറ്റതു നടുക്കുന്ന ആ യാഥാര്‍ത്യമായിരുന്നു!
അവരെക്കാള്‍ മിടുക്കരായ ആരോ സാധനങ്ങള്‍ എല്ലാം അടിച്ചുമാറ്റിയിരിക്കുന്നു!.

സ്തബ്ധനായ ഒസാമ ഒരവസാന ശ്രമമെന്ന നിലയില്‍ അടുത്തുള്ള ബൂത്തില്‍ നിന്നും സ്വന്തം മൊബൈല്‍ നമ്പരില്‍ വിളിച്ചു. പക്ഷെ നിരാശ മാത്രം ഫലം!

നിരന്തര ശ്രമത്തിനൊടുവില്‍ മറുതലക്കല്‍ ഫോണെടുത്തു. ‘നീയാണോ ഈ ഫോണിന്റെ ഉടമ?!
“അതെ ഞങ്ങളുടെ സാധനങ്ങള്‍ തിരിച്ചു തരണം” ഉസാമ കനപ്പിച്ചു തന്നെ പറഞ്ഞു.

‘തരില്ല’ കള്ളന്റെ നിസ്സംഗമായ മറുപടി.

ശബ്ദത്തിന്റെ ഘനം കൂട്ടിയും കുറച്ചും പിന്നെ പറ്റെ താഴ്ത്തിയും ഒസാമ ഫോണെങ്കിലും തിരിച്ചു തരണം എന്ന് അപേക്ഷിച്ചെങ്കിലും കള്ളന്‍ ഉറപ്പിച്ചു തന്നെ പറഞ്ഞു "ഇല്ല".

ഫോണിന്റെ സിംകാര്‍ഡ്‌ എങ്കിലും തിരിച്ചു  തരണം ഒരു പാട് വിലപ്പെട്ട നമ്പറുകളുണ്ടതില്‍ എന്ന ഉസാമയുടെ അവസാനത്തെ ആവശ്യം കേട്ട കള്ളന്‍ പൊട്ടിത്തെറിച്ചു.

“നിനക്കൊന്നും തലയില്‍ ഒന്നുമില്ലേ, എല്ലാവരും തന്നെപ്പോലെ മണ്ടന്മാരാനെന്നു വിചാരിച്ചോ?! വിലപിടിച്ച സാധനങ്ങള്‍ വച്ച വണ്ടി ലോക്ക് ചെയ്യാതെ താനൊക്കെ ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്?! സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാനറിയാത്ത തനിക്കിതൊരു പാഠമാവട്ടെ”.

വിലപിടിച്ച സാധനങ്ങള്‍ നഷ്ടപ്പെട്ടതിനു പുറമേ വെറുതെ കിട്ടിയ ആ പരിഹാസക്കൊട്ടില്‍ ഒസാമ വായും പൊളിച്ചിരുന്നു പോയി!