Monday, 9 February 2009

ഇംഗ്ലീഷ് പ്രേതം

ഉറക്കം വരാതെ കണ്ണടച്ച് കിടക്കുകയായിരുന്നു അയാള്‍. വാരാന്ത്യത്തിലെ ആലസ്യത്തില്‍്നിന്നും ഇനിയും വിട്ടുമാറിയിട്ടില്ലാത്ത മനസ്സ്‌ അടുത്ത ദിവസം ചെയ്യേണ്ടുന്ന ജോലിയെക്കുറിച്ചൊര്‍്ത്തു വെറുതേ ആകുലപ്പെട്ടു. തൊട്ടടുത്ത്‌ കുട്ടികള്‍ കിടക്കപ്പായയില്‍ കളിക്കുകയാണ്. എന്നും ഒരേപോലെ ആഘോഷമായ, ആകുലചിന്തകള്‍് അലട്ടാത്ത, ഗര്‍വ്വും കിടമത്സരവും ഇല്ലാത്ത ബാല്യം.

എല്‍ കെ ജി യില്‍ പഠിക്കുന്ന നാല് വയസ്സുകാരി എന്തോ ചോദിച്ചു, ഉറക്കത്തെ തന്നിലേക്കടുപ്പിക്കുവാന്‍് പരമാവധി ശ്രമിക്കുകയയിരുന്നത് കൊണ്ടു എന്താണവള്‍ പറഞ്ഞതെന്ന് ശ്രദ്ധിച്ചില്ല.

"ഹേയ് ഫാദര്‍ യു ആര്‍ എ ഘോസ്റ്റ്" അത് ശരിക്കും കാതിലെത്തി. അമ്പരപ്പോടെ കണ്ണുതുറന്നു നോക്കിയപ്പോള്‍ കൊച്ചു പല്ലുകള്‍ പുറത്തുകാട്ടി അവള്‍ ചിരിക്കുന്നു.

"മറ്റേ സ്കൂളിലായിരുന്നെങ്കില് ഇപ്പോള്‍് അവള്‍്ക്ക് ഇങ്ങനെ ഇംഗ്ലീഷ് പറയാന്‍ പറ്റുമായിരുന്നോ? സ്കൂള്‍ മാറിയത് എന്തായാലും നന്നായി" മകളുടെ ഇംഗ്ലീഷ് പരിജ്ഞാനം കണ്ടു അയാളുടെ ഭാര്യ അഭിമാനത്തോടെ പറഞ്ഞു.

അയാളിലെ ആദ്യ അമ്പരപ്പ് പതുക്കെ അഭിമാനത്തിന് വഴിമാറി... കാണെക്കാണെ അയാളുടെ രോമങ്ങള്‍ എഴുന്നേറ്റു നില്‍കാന്‍ തുടങ്ങി. ഉള്ളില്‍ നിറഞ്ഞ സംത്രിപ്തിയോടെ, അഭിമാനത്തോടെ അയാള്‍ വീണ്ടും കണ്ണടച്ച് കിടന്നു.

Tuesday, 3 February 2009

ഒരു സീറ്റിനുകൊടുത്ത വില

എങ്ങിനെയെങ്ങിലും ഒരു സീറ്റ് ഒപ്പിക്കണം എന്നായിരുന്നു ചിന്ത മുഴുവനും. തിരക്കുപിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ച്‌ നില്ക്കാന്‍ തുടങ്ങിയിട്ട് കുറേനേരമായി. ബസ്സിലാണെങ്ങിലോ പരമാവധി ആളെ നിറച്ചിട്ടുണ്ട് എന്നാലും കൂടുതല്‍ കൂടുതല്‍ ആളുകളെ കയറ്റിക്കൊണ്ടിരിക്കയാണ് 'കിളി'. കോണിപ്പടിയില്‍നിന്നിറങ്ങാതെ ആളുകളെ, പ്രത്യേകിച്ചും സ്ത്രീജനങ്ങളെ, കയ്യും മെയ്യും കൊടുത്തു സഹായിച്ചും ചെയ്യുന്ന ജോലി വളരെ 'സിന്‍്സി്യറായി' ചെയ്തുകൊണ്ടിരിക്കയാണ് അദ്ദേഹം.


തിരക്കില്‍നിന്നു ഒന്നുമാറി ഒരരികുപറ്റി സീറ്റുചാരി നില്‍ക്കുകയായിരുന്നു ഞാന്‍്. സ്വല്പ്പം ശുദ്ധവായുവും കിട്ടും താന്‍ ചാരി നില്‍കുന്ന സീറ്റിലെ ആളൊഴിഞ്ഞാല്‍് അതില്‍ കയറിപറ്റുകയും ചെയ്യാം എന്ന ഉദ്ദേശവും ഉണ്ട് ആ നില്‍പ്പിന്. തോട്ടുമുന്പില്‍ ഒരു തടിയന്‍ നില്‍പ്പുണ്ട്‌ അയാള്‍ക്കും അതേ ഉദേശമാണെന്നു തോന്നുന്നു. എങ്കില്‍ ഈ മല്‍സരത്തിലെ എന്‍റെ പ്രധാന എതിരാളി അയാളായിരിക്കും.

ബസ്സ് പതുക്കേ ഞരങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നു. ടൌണില്‍ നിന്നു പുറപ്പെട്ടിട്ട് ഒരു മണിക്കൂറിലധികമായി ഭാരം കാരണം അധികവേഗത്തില്‍് നീങ്ങാന്‍ പറ്റുന്നില്ല അതിന്. ദീര്ഘകാലം ഈ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയാണത് പോരാത്തതിന് ഡ്രൈവര്‍ ഒരു പ്രായം ചെന്ന ആളും. തന്റെ ശ്രദ്ധയും വാഹന നിയന്ത്രണവും കൊണ്ടു ധാരാളം ആളുകളെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ച ചരിത്രമുണ്ട് അദേഹത്തിന്. പക്ഷെ യാത്രക്കാര്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ല. തിരക്കിന്‍റെ ഈ ലോകത്ത് എല്ലാവരും വേഗത്തേ ഇഷ്ടപ്പെടുന്നവരാണ്. പലരും പിറുപിറുക്കുന്നുണ്ട്, പിന്നില്‍നിന്നും അത് ആരോ ഉറക്കെ പ്രകടിപ്പിക്കുകയും ചെയ്തു "ഒന്നു വേഗം പോകെന്റെ മാഷേ, ചെന്നിട്ടു വേറെ പണിയുണ്ട്" .. അയാള്‍ വിളിച്ചു പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം വേഗതയുടെ ഈ ആധുനിക ലോകത്ത് ജീവിക്കാന്‍ അര്‍ഹത നഷ്ടപെട്ടവരില്‍ ഒരാളാണ് അദേഹവും.

ബസ്സ് തൊട്ടടുത്തുള്ള ഒരു നാല്‍്കവലയിലെത്തി. വഴി വാണിഭക്കാരും, യാത്രക്കാരും, വൈകുന്നേരത്ത് വെടിപറഞിരിക്കുന്ന നാട്ടുകാരെയും കൊണ്ടു നിറഞ്ഞ ഒരു ചെറു പട്ടണമാണത്. കുറെ ആള്‍ക്കാര്‍ ഇറങ്ങാനും അതിലെറേപ്പേര്‍് കയറാനുമുണ്ടവിടെ. ഞാന്‍ നോട്ടമിട്ടിരിക്കുന്ന സീറ്റിലെ ആള്‍ ഇറങ്ങാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു. അയാള്‍ തയ്യാറെടുക്കുകയാണ്, മുണ്ട് മുറുക്കിയുടുത്ത് വീണു പോകാതിരിക്കാന്‍ ബാഗ് തന്‍റെ കക്ഷത്തിലിറുക്കിപ്പിടിച്ചു ശരിക്കും ഒരു യുദ്ധത്തിനു തയ്യാറാകുംപോലെ. മിക്കവാറും ഒരു മല്ലയുദ്ധം തന്നെ വേണ്ടിവരും ഇറങ്ങാന്‍, കാരണം സീറ്റ് പിടിക്കാന്‍ തയ്യാറായി നില്‍കുന്ന ഞങ്ങളെ മറികടന്നാല്‍ തന്നെ ഇടിച്ചുകേറുന്ന യാത്രക്കാരെ പ്രതിരോധിച്ചു ഇടുങ്ങിയ വാതിലിലൂടെ പുറത്തു കടക്കുക കുറച്ചു ശ്രമകരം തന്നെ.

അയാളെഴുന്നേറ്റ്തേ കണക്ക് ഞാനും തടിയനും വേറെ ചിലരും ഒരു മല്‍പ്പിടുത്തം തന്നെ നടത്തി ആ സീറ്റ് സ്വന്തമാക്കാന്‍്. അയാള്‍ എണീറ്റപ്പോള്‍ പിന്നില്‍ പ്രത്യക്ഷമായ വിടവിലൂടെ ഞാനെന്‍റെ ശരീരം തിരുകിക്കൊള്ളിച്ചു സീറ്റില്‍ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു. പക്ഷെ കാലുകള്‍ ഇപ്പോഴും പുറത്താണ്, ആളുകള്‍ നില്‍ക്കുന്ന ഭാഗത്ത്. അതേസമയം മുന്നിലൂടെ തടിയനും സീറ്റിലേക്ക് തന്‍റെ പിന്‍ഭാഗം നീട്ടി... പക്ഷെ ഇരുന്നത് എന്‍റെ മടിയിലേക്കായിരുന്നു. അയാളുടെ ശരീരത്തിനടിയില്‍പെട്ടു ഞാന്‍ ഞെരുങ്ങിപ്പോയി. അതിഭാരവും വേദനയും കാരണം എന്താണ് സംഭവിക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. വേദന സഹിക്കവയ്യാതെ ഞാനയാളെ ഒന്നു പിച്ചിയെന്നു തോന്നുന്നു .. തേള്കടിച്ചാലെന്നപോലെ അയാള്‍ ചാടി എണീറ്റു. നന്നായി വേദനിചെന്നു തോന്നുന്നു അയാളെന്നെ രൂക്ഷമായി നോക്കി, പേടിപ്പെടുത്തുന്ന രീതിയില്‍. എന്തിനോ തയ്യാറെടുതത്പോലെയാണ് ആ നോട്ടം. എന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് മനസ്സില്‍ പേടി ഇരട്ടിച്ചു.

ബെല്ലടിക്കനോങ്ങിയ കണ്ടക്ടറോട് അയാളാജ്ഞാപിച്ചു "വണ്ടി വിടാന്‍ വരട്ടെ, ഇയാളെന്നെ പിച്ചി". അയാള്‍ എല്ലാവരുടെയും മുന്‍പില്‍ പ്രശ്നമവതരിപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. മനപ്പൂര്‍വമാല്ലെങ്ങിലും മറ്റു യാത്രക്കാരുടെ മുന്നില്‍ ഒരു കുറ്റവാളിയാണ് ഞാനിപ്പോള്‍. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്, ഒരപൂര്‍വ വസ്തുവിനെ കാണുമ്പോലെ അവരെന്നെ തുറിച്ചുനോക്കുന്നു.

"എനിക്കറിയണം എന്തിനാണ് ഇയാളെന്നെ പിച്ചിയതെന്ന്", തടിയന്‍ വീണ്ടും ഒച്ചവെച്ചു.

മറുപടിപറയാനാകാതെ ഞാന്‍ പതറി, അല്ലേലും ഞാനങ്ങനെയാണ് ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ വാക്കുകള്‍ പുറത്തു വരില്ല.

"വണ്ടി വൈകിക്കാന്‍ പാടില്ല, ദയവായി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്", കണ്ടക്ടര്‍ അയാളെ സാന്ത്വനപ്പെടുത്താന്‍് ശ്രമിക്കുന്നുണ്ട്.

"ഇതിനു തീരുമാനമെടുത്തിട്ടു പോയാല്‍ മതി" അയാള്‍ വഴങ്ങുന്നില്ല.

നേരം വൈകിയാലുള്ള നഷ്ടങ്ങളെ കുറിച്ചും, പിന്നില്‍ വരുന്ന ബസ്സിന്റെ മത്സര സ്വഭാവത്തിനേക്കുറിച്ചും, സര്‍വോപരി യാത്രക്കാരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും മറ്റും കണ്ടക്ടര്‍ അയാളോട് വിശദീകരിക്കാന്‍് ശ്രമിച്ചു. പക്ഷെ വല്ലാത്ത വാശിയിലാണയാള്‍്, വഴങ്ങുന്ന മട്ടില്ല.

ഏതാണ്ട് പതിനഞ്ച് മിനിറ്റോളമായി യാത്ര മുടങ്ങിയിട്ട്. കണ്ടക്ടര്‍ ഡ്രൈവറുമായി കൂടിയാലോചനയിലാണ് യാത്രക്കാര്‍ പരസ്പരം പിറുപിറുക്കുന്നു. ചിലര്‍ എന്‍റെ നേരേ കണ്ണുരുട്ടുന്നുണ്ട്, അവരുടെ യാത്ര മുടക്കുന്നതിന് കാരണക്കാരന്‍ ഞാനാണല്ലോ.

"ഒരു മാര്‍ഗമുണ്ട്‌" അവസാനം പരാഹാരം കണ്ട ആഹ്ലാദത്തോടെ കണ്ടക്ടര്‍ വിളിച്ചു പറഞു. എല്ലാവരുടെയും നോട്ടം അങ്ങോട്ടായി.

തടിയനെ നോക്കി കണ്ടക്ടര്‍ ചോദിച്ചു "ഇയാള്‍ നിങ്ങളെ പിച്ചിയോ?", തടിയാല്‍ അതേ എന്ന ഭാവത്തില്‍ തലയാട്ടി.

"എങ്കില്‍ നിങള്‍് ഇയാളെ തിരിച്ചടിക്ക്" ... കണ്ടക്ടറുടെ മദ്ധ്യസ്ഥം കേട്ടപാതി തടിയാല്‍ എന്‍റെ കവിളത്ത് ആഞ്ഞടിച്ചു. ഓര്ക്കാപ്പുറത്തുള്ള ആ അടിയില്‍ ഞാന്‍ മറിഞ്ഞുപോയി. അടുത്തിരുന്നയാള്‍് താങ്ങിയിരുന്നില്ല എങ്കില്‍ തല മുന്നിലെ സീറ്റുകമ്പിയിലിടിചേനേ.

അടിയുടെ ആഘാതവും നിറയെ യാത്രക്കാരുടെ മുന്‍പില്‍ വച്ചു അപമാനിക്കപെട്ടതിലുള്ള വേദനയും എന്‍റെ കണ്ണുകളില്‍ ഇരുട്ട് പരത്തി. നിറഞ്ഞ കണ്ണുനീര്‍ മറ്റുള്ളവരെ കാണിക്കാതിരക്കാന്‍് ഞാന്‍ തലകുമ്പിട്ടിരുന്നു, എനിക്ക് കിട്ടിയ എന്‍റെ സീറ്റില്‍.. തൊട്ടരികെ ഒരു യുദ്ധം ജയിച്ച പോരാളിയെപ്പോലെ തടിയന്‍ നെഞ്ഞുവിരിച്ചു നില്ക്കുന്നു.

ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ട നയതന്ത്രജ്ഞനേപ്പോലെ ആഹ്ലാദവാനായ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു.

Tuesday, 27 January 2009

പ്രവാസ ഉറക്കം

ഉറക്കം ഒരു അനുഗ്രഹമാണ് എന്നാണ് പറയാറ്. ആരോഗ്യമുള്ള ഒരാള്‍ ദിവസവും ശരാശരി എട്ടു മണിക്കൂറെന്കിലും ഉറങ്ങേണം എന്നാണ് വിദഗ്ത മതം. വെളിച്ചം വരാന്‍ സാധ്യതയുള്ള ഓരോ പഴുതും വളരെ കൃത്യതയോടെയും അതിവിദഗ്തമായും അടച്ച് ഇരുട്ടുനിറച്ച മുറികളാണ് ഇവിടെ ഓരോ പ്രവാസിയുടേയും ശയനസ്ഥലം. ഒരുനിലക്കും ഉറക്കഭംഗം വരാന്‍ അവസരം കൊടുക്കാത്തതരത്തില് സജ്ജീകരിച്ചവ.

കാര്യങ്ങള്‍ എങ്ങനെയൊക്കെ ആണെന്ങിലും എവിടെ ഒട്ടുമിക്ക ആള്‍ക്കാരും ഉറക്കം ഒരു കുറച്ചിലായിട്ടാണ് കാണുന്നത്. ഉറങ്ങി എന്ന് പറഞ്ഞാല്‍ തീരെ മോശമായിപ്പോയി എന്നുതോന്നുന്ന തരത്തില്‍ അവര്‍ ഇതിനെ കാണുന്നു. "ഞാനിന്നു തീരെ ഉറങ്ങിയില്ല" എന്നായിരിക്കും പലരുടേയും പരിഭവം പറച്ചില്‍. നീണ്ട ഗാഢമായ ഒരുറക്കത്തില്‍നിന്നെഴുന്നേറ്റ് വരുന്ന ചങ്ങാതിയും പറയുന്നതു "വെറുതെ കണ്ണടച്ചു കിടക്കുകയായിരുന്നു" എന്നായിരിക്കും. വരാന്ത്യ ഒഴിവുദിനങ്ങളിലും റമദാനില്‍ ഇവിടെ ലഭിക്കുന്ന അധിക സമയങ്ങളിലും മറ്റും പന്തണ്ട് മണിക്കൂറിലും അധികം പ്രതികാരബുദ്ധിയോടെ ഉറങ്ങി മുതലാക്കുന്നവരാണ് നമ്മളില്‍ ഒട്ടുമിക്കവരും. പക്ഷെ അതങ്ങുസമ്മതിച്ചുതരില്ല എന്നുമാത്രം.

ഉറക്കമില്ലായ്മ അനാരോഗ്യത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്. നല്ല ഉറക്കം ലഭിക്കുക എന്നത് മാനസികവും ശരീരികവുമായ ആരോഗ്യത്തിന്‍റെ ലക്ഷണമാണ് എന്നത്രേ, എങ്കില്‍ അതുതന്നെയല്ലേ വേണ്ടത്.

വാല്‍കഷ്ണം:
ഇന്നലെ കിടന്നയുടനെതന്നെ ഉറങ്ങിപ്പോയെങ്ങിലും വേണ്ടത്രയങ്ങ് ശരിയായില്ല, ഈയിടയായി ഉറക്കമൊക്കെ വളരേക്കുറവാണ്!

Monday, 19 January 2009

ആമുഖം

സ്വാഗതം

ബ്ലോഗ് ലോകത്തില്‍് ഇതു ആദ്യത്തെ കാല് വെപ്പാണ്‌, എല്ലാവര്‍ക്കും സ്വാഗതം ഒരിക്കല്‍ക്കൂടി.

വളരെ ഗൌരവമായ ഒരു സംരംഭമല്ല ഇതുകൊണ്ട് ഉദേശിക്കുന്നത് മറിച്ച് നേരമ്പോക്കും, വിനോദവും ചില കാര്യങ്ങളും അത്രമാത്രം.

വിഷയങ്ങള്‍ക്ക് പരിധികളില്ല എന്തും വിഷയീഭവിക്കാം, ഈ അണ്‍ടകടാഹത്തിലെ സകല ലൊട്ടുലൊടുക്കു സാധനങ്ങളും (ബഷീറിനോട്‌ കടപ്പാട്) കടന്നുവരാം. പ്രവാസിയാണ് എന്കിലും പ്രയാസങ്ങള്‍ പറയാനിഷ്ടപ്പെടുന്നില്ല, എല്ലാവരും പറഞ്ഞുപറഞ് അതിനു വിലയില്ലതയില്ലേ.

ഏവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു, നന്ദി.