Wednesday, 6 May 2009

ഉത്സവക്കാഴ്ചകള്‍

വെയിലിന് ചൂടേറിവരുന്നു... എന്തൊരു തീഷ്ണതയാണ് ഇന്ന് വെയിലിന്.. ചൂട് സഹിക്കാന്‍ പറ്റുന്നില്ല. രാവിലെ മുതല്‍ നില്‍ക്കാന് തുടങ്ങിയതാണ്‌.., കാലുകള്‍ കഴയ്ക്കുന്നു.. ശരീരഭാരം കാലുകളില്‍ ഇടവിട്ട് ക്രമീകരിച്ച് ആശ്വാസം കാണാന്‍ ശ്രമിക്കുകയായിരുന്നു ഇതുവരെ. താല്‍ക്കാലികമായി ഒരല്‍പം ആശ്വാസം കിട്ടും, വീണ്ടും പഴയതുപോലെ തന്നെ.

വേദന കൂടുന്നു, കാലിലെ വൃണം പഴുത്തിരിക്കുന്നു.. ഉണങ്ങുമ്പോഴേക്കും ചങ്ങല ഉരഞ്ഞു പിന്നെയും പഴുക്കും. ഇപ്പോള്‍ ചലവും ചോരയും കലര്‍ന്ന ഒരു ദ്രാവകം പുരത്തേക്കൊഴുകുന്നുണ്ട് .. പോരാത്തതിന് ചാരിവച്ച ഈ വടിയും... എന്തൊരു വേദന... ഇനി എത്രനേരം ഇങ്ങനെ നില്‍ക്കണമാവോ..?

നേരം ഉച്ചയായി.. കൊടും ചൂടിനാല്‍ പുറവും മേനിയും പൊള്ളുന്നു.. സഹിക്കാന്‍ പറ്റുന്നില്ല. ഉത്സവം കൊഴുക്കുകയാണ്, എന്തുമാത്രം ജനങ്ങളാണ് ഇവിടെ കൂടിയിരിക്കുന്നത്...?! എവിടുന്നാണാവോ ഇത്രയും ആളുകള്‍ എത്തിയത്.. ?!

മൈതാനം നിറഞ്ഞു കവിഞ്ഞിരിക്കുന്നു, ആഹ്ലാദഭരിതരായ ജനങ്ങള്‍ ഉത്സവക്കാഴ്ച്ചയില്‍ മുഴുകിയിരിക്കുന്നു. വിവിധതരം കളിപ്പാട്ടങ്ങളിലും വര്‍ണക്കാഴ്ച്ചകളിലും കുഞ്ഞുങ്ങളുടെ കണ്ണുകള്‍ ഉടക്കി. കൊച്ചുകുഞുങളില്‍ വല്ലാത്തൊരു കൌതുകവും ആഹ്ലാദവും കാണാം. ഉത്സവപ്പറമ്പിലെ വളക്കടകളില്‍ പെണ്ണുങ്ങളുടെ തിരക്കാണ്. അവര്‍ സ്നേഹപൂര്‍വ്വം തങ്ങളുടെ പ്രിയപ്പെട്ടവരോട് ഇഷ്ടസാധനങ്ങള്‍ക്കായി കൊഞ്ചുന്നു. കുറച്ച് ഉയര്‍ന്ന പ്രതലത്തില്‍ നില്‍ക്കുന്നതുകൊണ്ട് എല്ലാം കാണാം ഇവിടുന്നു.

കുറുമ്പിയും അങ്ങിനെയായിരുന്നു. ഇഷ്ട സാധ്യത്തിനായി അവള്‍ മുട്ടിയുരുമ്മും, ശിരസ്സ്‌ എന്ടെ മേനിയില്‍ ഉരസ്സി തന്നെ പ്രേമപൂര്‍വ്വം നിര്‍ബന്ധിക്കും. അവളുടെ ഓരോ ആഗ്രഹവും സധിപ്പിച്ചുകൊടുക്കുവാന്‍ തനിക്കെന്നും സന്തോഷമായിരുന്നു. എത്രയോ പട്ടയും കരിമ്പും അങ്ങനെ അവള്‍ക്കായി ഒടിച്ചു കൊടുത്തിട്ടുണ്ട്..

എത്ര സുന്ദരമായിരുന്നു ആ ദിനങ്ങള്‍.. ശാന്തസുന്ദരമായ അന്തരീക്ഷം ..പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മരങ്ങളുടെ ശീതളിമയില്‍ വേനലിന്റെ കാഠിന്യം ഒട്ടും അറിഞിരുന്നില്ല. .. ചുറ്റും പുരുഷാരമില്ല.. കാലില്‍ വിലങ്ങുകളില്ലാതെ സ്വച്ചന്ദ സഞ്ചാരം നടത്താം..ആകുലതകളില്ലാത്ത സ്വൈര വിഹാരം. ചിന്തകള്‍ കണ്ണ് നനയിച്ചു..

ശരീരത്തില്‍ പതിച്ച തണുത്തവെള്ളം പരസരബോധം ഉണര്‍ത്തി. വേനല്‍ ചൂടില്‍നിന്നും രക്ഷനേടാന്‍ പാപ്പാന്‍ വെള്ളം തളിച്ചതാണ്.. പൊള്ളുന്ന ചൂടില്‍നിന്നും ഒരിടക്കാലാശ്വാസം..പക്ഷേ അവ വളരെ പെട്ടന്ന് മരുഭുമിയില്‍ പതിച്ച മഴത്തുള്ളിപോലെ അപ്രത്യക്ഷമായി.

മുന്‍പില്‍ വാടിയ പട്ടയുണ്ട്. തനിക്ക് കഴിക്കാനായി കൊണ്ടിട്ടതാണ്. കഴിക്കാന്‍ തോന്നുന്നില്ല, അവയുടെ പുതുമ നഷ്ടപെട്ടിരിക്കുന്നു. താനിങ്ങനെയായിരുന്നില്ല, മരത്തില്‍ നിന്നും പൊട്ടിച്ചെടുത്തവ പുതുമയോടെ ഭക്ഷിച്ചിരുന്നപ്പോള്‍ കിട്ടിയിരുന്ന ആ സ്വാദ്‌ പിന്നീടൊരിക്കലും കിട്ടിയിട്ടില്ല.

അമ്മയുടെ സ്നേഹശാസനകള്‍ അനുസരിക്കാത്ത ഒരു ദിവസം കുസൃതികാട്ടി കൂട്ടം തെറ്റിയപ്പോള്‍.. പിന്നീട് മനുഷ്യനൊരുക്കിയ ചതിക്കുഴിയില്‍ വീണു സ്വന്തബന്ധങ്ങളില്‍ നിന്നു അകത്തപ്പെട്ടപ്പോള്‍ ...എല്ലാ സൌഭാഗ്യങ്ങളും അവസാനിച്ചു.

മേളം കൊഴുത്തു, തിങ്ങി നിറഞ്ഞ ജനങ്ങള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കുന്നു. ആലോസരമുളവാക്കുന്ന വല്ലാത്ത ശബ്ദം. ശക്തമായ കാറ്റില്‍ ഈറ്റകള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദം പോലെ. അതെ അതുതന്നെ.. കാട് പ്രക്ശുബ്ദമായിരിക്കുന്നു.. വല്ലാത്ത ശബ്ദങ്ങള്‍. ഈറ്റക്കാട്ടിനടുത്ത് അരുവിക്കരയില്‍ നില്‍ക്കുന്നത് കുറുമ്പിയല്ലേ..?! അവള്‍ തന്നെ തലയാട്ടി വിളിക്കുന്നുവോ..?!

ദേഹത്ത് വീണ്ടും തണുത്ത ജലം പതിക്കുന്നു... അത് കുറുമ്പിതന്നെയാണ്, തന്‍റെ മനോഹരമായ തുമ്പിയില്‍ വെള്ളം നിറച്ച് അവള്‍ തന്‍റെ നേരെ ചീറ്റുകയാണ്.

അവളുടെ കുസൃതി ഇന്നോടെ തീര്‍ക്കണം..അടുത്തേക്ക് ചെല്ലുകതന്നെ.. കാലുകള്‍ പതുക്കെ മുന്നോട്ടുവച്ചു നീങ്ങി... കാലില്‍ ചാരിനിര്‍ത്തിയിരുന്ന തോട്ടി താഴെ വീണു.... തന്‍റെ ചുറ്റിലും നിറയെ കുറ്റിച്ചെടികളും പൊന്തയും നിറഞ്ഞിരിക്കുന്നു. അവയെ മുന്‍കാലുകള്കൊണ്ടും തുമ്പിക്കൈ കൊണ്ടും വകഞ്ഞ് മാറ്റി മുന്നോട്ടു നീങ്ങി.. അവ കരയുന്നുവോ..?!

'ആന വിരണ്ടു' അവ നിലവിളിക്കുന്നതുപോലെ തോന്നി ഒരുനിമിഷം. ഇല്ല മുന്നോട്ടു പോകണം.. കുറുമ്പി അരുവിക്കരയില്‍ നിന്നും തടിച്ച ആഞ്ഞിലിമരത്തിന്റെ മറവുപറ്റി കാട്ടിനകത്തേക്ക് അതിവേഗം നടക്കുന്നു...
അവള്‍ തന്നെ കൊതിപ്പിക്കുകയാണ്, അവളെ പിടിക്കണം.. അവിടെ അമ്മയുടെ മറവില്‍ ഒളിച്ചിരിക്കുന്ന അവളെ വാലില്‍ പിടിച്ചു വലിക്കണം.. തുമ്പിക്കയ്യാല്‍ ചേര്‍ത്ത് മുട്ടിയുരുമ്മി നടക്കണം.

നടത്തം ഒന്നുകൂടി വേഗത്തിലാക്കി... പിന്നെ പതുക്കെ ഓടാന്‍ തുടങ്ങി.. ഉത്സവപ്പറമ്പിലെ ജനം പ്രാണഭയത്തല്‍ ഭയചിതരായി ചിതറിയോടി.

22 comments:

Unknown said...

പ്രതാപം കാണിക്കാന്‍ മനുഷ്യന്‍ ആനയെ പ്രദര്‍ശിപ്പിക്കാറുണ്ട്, ആനപ്പുറത്ത് കയറാറുണ്ട്...പക്ഷെ ഉഗ്ഗ്ര പ്രതാപിയായ ദൈവത്തിനു അതിന്റെ ആവശ്യമുണ്ടോ.?

(പണ്ട് പഠിച്ച സഹ്യന്റെ മകന്‍ എന്ന കവിതയില്‍ നിന്ന് പ്രചോദനം)

ഹന്‍ല്ലലത്ത് Hanllalath said...

പുതുമയില്ലെങ്കിലും നന്നായിട്ടുണ്ട്..
ചിന്തിപ്പിക്കുന്ന കഥ..
ആശംസകള്‍...

siva // ശിവ said...

നല്ല അവതരണം....ഇപ്പോള്‍ അനില്‍@ബ്ലോഗ് എഴുതിയ ഒരു ആനപുരാണം വായിച്ചതേയുള്ളൂ....

ജിജ സുബ്രഹ്മണ്യൻ said...

ആനക്കഥ നന്നായിട്ടുണ്ട്.പാവം ആനകൾ. സഹ്യന്റെ മകൻ എന്ന കവിത ഇപ്പോൾ ഓർത്തു പോകുന്നു.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ഇവന്റെ വേദന ആരും കാണുന്നില്ല.

C.K.Samad said...

നെചികോടാ.... മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ്‌ മജിസ്ട്രേറ്റു കോടതിയില്‍ ഉത്സവപറമ്പില്‍ വെച്ച് ഒരു ആന ഇടഞ്ഞു ഒരാള്‍ക്ക്‌ പരിക്ക് പറ്റിയതില്‍ ആനപാപാനെ ഒരുവര്‍ഷം കഠിന തടവിനു ശിക്ഷിച്ചത് ഓര്‍ത്തു പോയി. അപ്പീല്‍ കോടതി പാപാനെ പിന്നീട് വെറുതെ വിട്ടു കേട്ടോ...... നന്നായിട്ടുണ്ട്......

അരുണ്‍ കരിമുട്ടം said...

ശരിയാ, അവറ്റകളുടെ മനസ്സില്‍ എന്താണെന്ന് നമ്മള്‍ ചിന്തിക്കാറെ ഇല്ല.
നന്നായിരിക്കുന്നു

കാസിം തങ്ങള്‍ said...

തെച്ചിക്കോടാ, ആനയുടെ ദു:ഖങ്ങളും സങ്കടങ്ങളും ആഗ്രഹങ്ങളും നിരാശകളുമെല്ലാം അവതരിപ്പിച്ചത് ഇഷ്ടമായി.

കല്യാണിക്കുട്ടി said...

തെച്ചിക്കോടാ,
ശെരിക്കും നന്നായിരിക്കുന്നു അവതരണം.ഞാനും ഒരു ആനപ്രേമിയാണ്..പ്രതാപവും സമ്പന്നതയും കാണിക്കാന്‍ വേണ്ടി ഈ പാവങ്ങളെ അണിയിച്ചൊരുക്കി വെയിലത്തും മഴയത്തും നിര്‍ത്തുമ്പോള്‍ അവയുടെ മനസ്സിലെന്താന്നു ആരും ഓര്‍ക്കാറില്ല.ചിലപ്പോള്‍ ഇത് പോലെ ഒക്കെ അവര്‍ ചിന്തിക്കുന്നുണ്ടാവാം.

വാഴക്കോടന്‍ ‍// vazhakodan said...

പാവം ജീവികള്‍, മദമിളകുന്നതു അവരുടെ പ്രതിഷേധമായിരിക്കാം, കാരണം ആ മിണ്ടാപ്രാണികളെ അത്രയ്ക്കും ഉപദ്രവിക്കുന്നു ഈ മനുഷ്യ വര്‍ഗ്ഗം

Jayasree Lakshmy Kumar said...

ഈ പോസ്റ്റിനു സലാം

ശ്രീഇടമൺ said...

നല്ല പോസ്റ്റ്...
ആശംസകള്‍...*

Patchikutty said...

"രാവിലെ മുതല്‍ നില്‍ക്കാന് തുടങ്ങിയതാണ്‌.., കാലുകള്‍ കഴയ്ക്കുന്നു.. ശരീരഭാരം കാലുകളില്‍ ഇടവിട്ട് ക്രമീകരിച്ച് ആശ്വാസം കാണാന്‍ ശ്രമിക്കുകയായിരുന്നു ഇതുവരെ. താല്‍ക്കാലികമായി ഒരല്‍പം ആശ്വാസം കിട്ടും, വീണ്ടും പഴയതുപോലെ തന്നെ.വേദന കൂടുന്നു, കാലിലെ വൃണം പഴുത്തിരിക്കുന്നു.. ഉണങ്ങുമ്പോഴേക്കും ചങ്ങല ഉരഞ്ഞു പിന്നെയും പഴുക്കും. ഇപ്പോള്‍ ചലവും ചോരയും കലര്‍ന്ന ഒരു ദ്രാവകം പുരത്തേക്കൊഴുകുന്നുണ്ട് .. പോരാത്തതിന് ചാരിവച്ച ഈ വടിയും... എന്തൊരു വേദന... ഇനി എത്രനേരം ഇങ്ങനെ നില്‍ക്കണമാവോ..?"... ഈ ചിന്ത എല്ലാരിലും പടര്‍ന്നിരുന്നെഗില്‍ അല്ലെ? ഈ പാവങ്ങള്‍ രക്ഷ പെട്ടേനെ.

പി.സി. പ്രദീപ്‌ said...

മൊത്തത്തില്‍ നന്നായിരുന്നു.

Unknown said...

hAnLLaLaTh:വന്നതിനും കമെന്റ്സിനും നന്ദി

ശിവ: നന്ദി, വീണ്ടും വരുമല്ലോ

കാന്താരിക്കുട്ടി: നന്ദി, അവയ്ക്കും വികാരങ്ങള്‍ ഉണ്ടായിരിക്കുമല്ലോ. വീണ്ടും വരിക

അനില്‍@ബ്ലോഗ്: ഇവിടെ വന്നതിനു നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു

SAMAD IRUMBUZHI: പാപ്പാനെ ശിക്ഷിച്ചതുകൊണ്ട് കാര്യമില്ല എന്ന് കോടതിക്ക് തോന്നിക്കാണും, പാപ്പാന്‍ വെറും കൂലിക്കാരനല്ലേ.
ഇവിടെ വന്നതിനു നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു

the man to walk with: സ്മൈലിക്ക് നന്ദി, വീണ്ടും വന്നു എന്തെങ്കിലും പറയൂ

Unknown said...

വാഴക്കോടന്‍: മദമിളകുന്നതു ഒരു സ്വാഭാവിക ശാരിരിക പ്രവര്‍ത്തി ആയിരിക്കാം, അവര്‍ക്കും വികാര വിചാരങ്ങള്‍ ഉണ്ടായിരിക്കുമല്ലോ.
ഇവിടെ വന്നതിനു നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു.

lakshmy: സലാം വരവുവച്ചിരിക്കുന്നു, നന്ദി. വീണ്ടും വരൂ.

ശ്രീഇടമൺ: നന്ദി. വീണ്ടും വരണം

Patchikutty: എല്ലാവരിലും നല്ലചിന്തകള്‍ ഉണ്ടാവട്ടെ. നന്ദി, വീണ്ടും വരുമല്ലോ.

പി.സി. പ്രദീപ്‌: ഒരാനച്ചന്തം അല്ലേ.. നന്ദി

എല്ലാവരെയും ഇനിയും പ്രതീക്ഷിക്കുന്നു

സൂത്രന്‍..!! said...

നല്ല പോസ്റ്റ്...നന്നായിരുന്നു.

ബഷീർ said...

മിണ്ടാപ്രാണികളുടെ സങ്കടം ആരറിയാൻ അല്ലേ .

നന്നായി തെച്ചിക്കോടാ ഈ കുറിപ്പ്..

പാവപ്പെട്ടവൻ said...

അവ കരയുന്നുവോ..?!
മനോഹരമായിരിക്കുന്നു

രാജീവ്‌ .എ . കുറുപ്പ് said...

അതി മനോഹരം, ആനയുടെ വിഷമതകള്‍ നമ്മള്‍ മനുഷ്യര്‍ മനസിലാക്കുന്നെ ഇല്ലാ, ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഗജരാജമദം കെട്ടിനിന്നപ്രണയം തന്നെ
പ്ക്ഷെ ഗജപ്രേമികൾപോലും ഇതറിയുന്നില്ലല്ലൊ..

Unknown said...

സൂത്രന്: നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു

ബഷീര്‍ വെള്ളറക്കാട്‌ / pb: അതെ അതാരും മനസ്സിലാക്കുന്നില്ല, നന്ദി വന്നതിനു.


പാവപ്പെട്ടവന്‍: വന്നതില് സന്തൊഷം, നന്ദി വീണ്ടും വരണം

കുറുപ്പിന്‍റെ കണക്കു പുസ്തകം: ഈ അഭിനന്ദനങ്ങല്ക്കു നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു

bilatthipattanam: അഭിപ്രായങ്ങല്ക്കു നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു