Tuesday, 19 January 2010

ആണ്ടറുതി - ഒന്നായതിന്‍റെ ഓര്‍മ്മ

അങ്ങനെ ഈ ബ്ലോഗും ഒരു വര്‍ഷം. പൂര്‍ത്തിയാക്കി ..!


ബ്ലോഗിനെ കുറിച്ച് കേട്ടറിവ് മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. അവിടെവിടെ ആയി വായിച്ചറിഞ്ഞ വിവരങ്ങള്‍. എന്‍റെ പരിചയക്കാരിലോ സഹപ്രവര്‍ത്തകരിലോ ഇത്തരം ഒരസുഖം ഉള്ളവരായിട്ടു ആരുമില്ല. അമിതാബ് ബച്ചന്‍ ബ്ലോഗ്‌ തുടങ്ങി..! ആമിര്‍ ഖാന്‍ ബ്ലോഗ്‌ തുടങ്ങി..! മമ്മൂട്ടിയും ബ്ലോഗു തുടങ്ങി..! എന്നെല്ലാം ഉള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ എന്തുകൊണ്ട് നമ്മള്‍ക്കും ഒരു കൈ നോക്കിക്കൂട എന്ന് ഒരു തോന്നല്‍, ഞങ്ങള്‍ ഒരേ ലെവലിലുള്ളവരാണല്ലോ!‍‍. ഉടനെ ചാടി പുറപ്പെട്ടു ചില ബ്ലോഗുകളിലൊക്കെ കേറിയിറങ്ങി. കേട്ടറിഞ്ഞ പ്രസിദ്ധമായ കൊടകര വിശേഷം ഏതാണ്ട് എല്ലാം വായിച്ചു, അതെന്നെ വീണ്ടും ഉന്മത്തനാക്കി, വെറുതെ വ്യമോഹിപ്പിച്ചു..



കമ്പ്യൂട്ടറില്‍ ഉള്ള ഒരു താല്‍പ്പര്യം വച്ച്, ഗൂഗിള്‍ സര്‍ച്ചിന്‍റെ സഹായത്തോടെ മലയാളം ബ്ലോഗിങ്ങ് എന്താണെന്ന് ഏതാണ്ട് മനസ്സിലാക്കി ഒറ്റ തുടക്കം. ഒരു ധാരണയും ഇല്ലാത്ത ഒരുവന്‍റെ ബ്ലോഗിന്‍റെ ബാലാരിഷ്ടതകള്‍ എല്ലാം വേണ്ടുവോളം സമ്മേളിച്ച ഒരു സാധനം അങ്ങനെ 2009 ജനുവരി 19നു പിറവികൊണ്ടു..!


അന്തരീക്ഷം കിടുങ്ങും, ലോകം ഞെട്ടി വിറക്കും, സര്‍വ്വ ജീവജാലകങ്ങളും നിശ്ചലമാകും, ഇനി മുതല്‍ എല്ലാ ബ്ലോഗ്ഗര്‍മാരും ഇതിലേ വരും ഇത്യാതിയുള്ള എന്‍റെ വന്‍ പ്രതീക്ഷകള്‍ തുടക്കത്തില്‍ തന്നെ പാളി. ആരും എത്തിനോക്കിയില്ല..!

ദിവസങ്ങള്‍ കടന്നു പോയി, കൃത്യം 10 ദിവസങ്ങള്‍ക്കുശേഷം വരണ്ട എന്‍റെ ബ്ലോഗില്‍ ഷിനോ എന്ന ബ്ലോഗറുടെ ആദ്യ കമന്‍റ്‌ ഒരു കുളിര്‍മഴയായി പെയ്തിറങ്ങി. അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കിയ ഊര്‍ജ്ജം വീണ്ടും ബ്ലോഗുതെണ്ടി പോകാന്‍ പ്രേരണ നല്‍കി, വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ.

അങ്ങനെ തപ്പിപ്പിടിച്ചു ജിദ്ദ മലയാളം ബ്ലോഗേഴ്സ് എന്ന കൂട്ടായ്മ കണ്ടെത്തി. ഒരു ചെറു സംഘം, വിഭവങ്ങള്‍ വളരെ കുറവാണെങ്കിലും അവിടെ ഞാന്‍ ആദ്യമായി ഫോളോവര്‍‍ ആയി. മെമ്പര്‍മാരുടെ ലിങ്കില്‍ ക്ലിക്കി എന്‍റെ സാന്നിധ്യം അറിയിച്ചു, കൂട്ടത്തില്‍ നരിക്കുന്നന്‍റെ ബ്ലോഗിലും എത്തി, ഉപദേശങ്ങള്‍ ആവശ്യപ്പെട്ടു. കാരുണ്യവാനായ നരികുന്നന്‍ വന്നു, നല്ല വാക്കുകള്‍ പറഞ്ഞു, ചില നല്ല നിര്‍ദേശങ്ങളും. 'ഈ ബ്ലോഗിനെ എന്തേ അഗ്ഗ്രിഗേറ്റര്‍ കാണാതെ പോയി' എന്ന നരികുന്നന്‍റെ വാക്കുകളാണ്, ഇവിടെ ഇങ്ങനെ ഒരു സംഭവം കൂടിയുണ്ട് എന്ന് എനിക്ക് മനസ്സിലാക്കിത്തന്നത്, അതായിരുന്നു ബ്ലോഗിലെ ഈ വരള്‍ച്ചക്ക് കാരണമെന്നും. പിന്നെ താമസിച്ചില്ല ഈ ഒരു ID യും പിടിച്ചു അറിയാവുന്ന എല്ലാ വാതിലുകളും മുട്ടി, മുട്ടിയെടത്തൊക്കെ ദയവോടെ പരിഗണനയും കിട്ടി.

തോന്ന്യശ്രമത്തിലും, ആല്‍ത്തറയിലും കയറിയിറങ്ങി, ഗ്യാലറിയിലിരുന്നു കളികണ്ടു. വഴക്കോടന്‍റെ കമന്റില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട്‌ ആശ്രമത്തിലെ ചില കളികളില്‍ പങ്കു കൊണ്ടു (റിയാലിറ്റി കഥാ മത്സരം). പ്രതിഭ തീരെ കുറഞ്ഞ എന്നെപ്പോലുള്ളവര്‍ക്ക് അതൊരു നല്ല കളരി തന്നെ ആയിരുന്നു.

ഇന്നിപ്പോള്‍ എന്നെയും രണ്ടു മൂന്ന്‌ ബ്ലോഗ്ഗര്‍മാരൊക്കെ അറിയും എന്ന് തോന്നുന്നു, ഗൂഗിളിനു സ്തുതി, ഒപ്പം മലയാളം ബ്ലോഗ്ഗേര്‍സിനും.


ആദ്യം കൂട്ടുകൂടിയ ശിവ, പതിവായി വരാറുള്ള കുമാരന്‍, ശ്രീ തുടങ്ങിയവരെ ‍ഈ അവസരത്തില്‍ പ്രത്യേകം പരാമര്‍ശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇവിടെ വന്നതുകൊണ്ടു മാത്രമല്ല. ഏതൊരു ബ്ലോഗിലും അവരുടെ സാന്നിധ്യം കാണാന്‍ കഴിയും. തുടക്കക്കാര്‍ക്കും അല്ലാത്തവര്‍ക്കും അവരുടെ സാമീപ്യം നല്‍കുന്ന ഊര്‍ജ്ജം, വാക്കുകളില്‍ നിന്നും കിട്ടുന്ന പ്രോത്സാഹനം അത് വാക്കുകള്‍ക്ക് അതീതമാണ്.


എല്ലാവരോടും നന്ദി പറയുന്നു, വന്നവരോടും മിണ്ടിയവരോടും, ഒന്നും മിണ്ടാതെ വീക്ഷിച്ചവരോടും, ഒരുപാട് ഒരുപാട് നന്ദികള്‍.


ബ്ലോഗു തുടങ്ങിയ കാര്യം ഇവിടെ ആദ്യമായി അറിയിച്ചത് ഭാര്യയെ തന്നെ ആയിരുന്നു, ഇത് കൊള്ളാമല്ലോ എന്ന വാമഭാഗത്തിന്‍റെ പ്രോത്സാഹനം, പിന്നെ പേര് ചീത്തയാക്കണ്ട എന്ന് കരുതി നാട്ടുകാരില്‍ നിന്നും മറച്ചുവച്ചിരുന്ന ഈ പരിപാടി നല്ല പാതിയുടെ ശ്രമഫലമായി ചിലരൊക്കെ അറിഞ്ഞു, പെണ്ണല്ലേ!. അവളോടുള്ള നന്ദി പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ലല്ലോ, അതവിടെ തന്നെ നില്‍ക്കട്ടെ.

ഒരുപാട് കാര്യങ്ങള്‍ അറിഞ്ഞു, നിന്ന് പോയിരുന്ന വായന വീണ്ടും കൂടി, ഒരിക്കല്‍പോലും കാണാത്ത കുറെ നല്ല ആള്‍ക്കാരുമായുള്ള ചങ്ങാത്തം, നേട്ടങ്ങള്‍ മാത്രമേയുള്ളൂ. ഇവിടെ വന്നില്ലെങ്കില്‍ വലിയ നഷ്ടമായേനെ.

ഒരവകാശ വാദവുമില്ല, ഇപ്പോഴും മെച്ചപ്പെട്ടു എന്ന് പറയുന്നില്ല, പഠിച്ചു വരുന്നതെ ഉള്ളൂ, പഠിച്ചോളും തല്ലരുത്..!


ഇതോടൊപ്പം ഒരു ചെറിയ പെട്ടിക്കട കൂടെ തുറന്നു വച്ചിട്ടുണ്ട്, ആളുകള്‍ വരുമായിരിക്കും അല്ലേ.

എന്തായാലും കമ്പനി വളരുകയാണ്...!!

18 comments:

Unknown said...

നന്ദികള്‍, നന്ദികള്‍ മാത്രം ...!!

സിനു said...

ഇക്കക്ക് ..ഒന്നാം പിറന്നാള്‍ ആശംസകള്‍
ഇനിയും..ഇനിയും ഒരുപാട് കാലം ബൂലോകത്തെ നിറസാനിദ്യമായി നില നില്‍ക്കട്ടെ.
എന്നും നന്മകള്‍ ഉണ്ടാവട്ടെ....

sm sadique said...

വെറും മൂന്ന്‍ മാസം പ്രായം .ഇഴയുന്ന പരുവമാണ് ഞാന്‍ .എന്നെ കൂടി ശ്രദ്ധിക്കണേ .... ആശംസകളോടെ ....... ആശംസകളോടെ ....

Typist | എഴുത്തുകാരി said...

ഞാനിത്തിരി വൈകിയോ, ഇല്ലല്ലോ? ഒരു വയസ്സായി, ബാലാരിഷ്ടതകളൊക്കെ കഴിഞ്ഞു. ഇനി ഒന്നുകൂടി ഉഷാറാക്കണം.

പെട്ടിക്കടയും കണ്ടു.

ഭായി said...

കോടാ കോടാ തെച്ചിക്കോടാ ധീ‍രതയോടെ നയിച്ചോളൂ...
ലച്ചം ലച്ചം പിന്നാലെ... :-)

എന്നും ഒപ്പമുണ്ടാകും.

ആശംസകള്‍!

ഹംസ said...

ഇതുപോലെ ഞാനും ഒരു തുടക്കക്കാരന്‍

എന്നേക്കാല്‍ ഒരു വയസ്സ് മുതിര്‍ന്ന കാരണവര്‍ സ്ഥാനത്ത് ഞാന്‍ താങ്കളെ കാണുന്നു..

ഉപദേശങ്ങളും ശകാരങ്ങാളും തന്ന് എന്നെയും പോറ്റിവളര്‍ത്തില്ലെ ?

ഒന്നാം പിറന്നാളിന് എന്‍റെ എല്ലാ ആശംസകളും.

Unknown said...

സിനു മുസ്തു: ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.

സുബൈര്‍ മുഹമ്മദ്‌: തീര്‍ച്ചയായും കൂടെയുണ്ടാകും, നന്ദി.

എഴുത്തുകാരി: സന്തോഷം വന്നതിനു, ഒട്ടും വൈകിയിട്ടില്ല. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും.
നന്ദി പ്രോത്സാഹനങ്ങള്‍ക്ക്.

ഭായ്: ഒരുപാട് നന്ദി ഭായ്, ഈ അടുപ്പത്തിന്, പ്രോത്സാഹനങ്ങള്‍ക്ക്.

ഹംസ: ബ്ലോഗ്‌ കണ്ടിരുന്നു, നന്നായിരിക്കുന്നു. തീര്‍ച്ചയായും ഒപ്പമുണ്ടാകും. ആശംസകള്‍ക്ക് നന്ദി.

OAB/ഒഎബി said...

ആദ്യം മലര്‍ന്നും പിന്നെ കമിഴ്ന്നും മുട്ടിലിഴഞ്ഞും അങ്ങനെ മറ്റൊരാളെ സഹായമില്ലാതെ നടക്കാമെന്നായി.

ഇനി തട്ടിമുട്ടി വീഴാതെ നോക്കുക.


കമന്റ് പെട്ടി ഇത് മാറ്റി full page (മുഴുവന്‍ പേജ്) ആക്കിയാല്‍ വായനക്കാര്‍ക്ക് കമന്റുകള്‍ എഴുതാന്‍ എളുപ്പമായിരിക്കും. അത് കൊണ്ട് കമന്റ്സും അധികരിക്കും. ഇത് പലരും പറയുകയും എനിക്ക് അനുഭവവും ഉണ്ട്.

ഉപദേശിക്കാനുള്ള പ്രായവും അധികാരവുമായല്ല പറയുന്നത്.
സ്നേഹത്താല്‍..

ആശംസകളോടെ.

ബിനോയ്//HariNav said...

വളരട്ടെ, ഗമ്പനി ഇനിയും വളരട്ടെ. ആശംസകള്‍ :)

Unknown said...

OAB: എല്ലാവിധ സഹകരനങ്ങള്‍ക്കും നന്ദി, ഉപദേശിക്കാം, നിര്‍ദേശിക്കാം. ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെ. കമന്റ്‌ ബോക്സ്‌ മാറ്റിയിട്ടുണ്ട്.

ബിനോയ്‌: ഇവിടെ വന്നതിനും, വായനക്കും നന്ദി, ഗംമ്പനി വളരട്ടങ്ങനെ. വീണ്ടും വരുമല്ലോ.

CKLatheef said...

ഒന്നാം ജന്‍മദിനാശംസകള്‍..

ബഷീർ said...

വൈകിയെങ്കിലും നേരുന്നു.. ഹൃദയംഗമമായ ആശംസകൾ

കമ്പനി വളന്ന് വലുതാവുമ്പോൾ വല്ല മാനേജർ പണിയോ മറ്റോ ചെയ്ത് സഹായിക്കാം എന്ന് വാക്ക് തരുന്നു :)

നട്ടപ്പിരാന്തന്‍ said...

തെച്ചിക്കോടാ‍.....ആദ്യം തന്നെ ബ്ലോഗിന് എന്റെ പിറന്നാള്‍ ആശംസകള്‍. കമന്റുകള്‍ക്ക് അത്ര പ്രാധാന്യം കൊടുക്കണ്ട, അത് ഒരു പരിധി വരെ ബ്ലോഗറെ വഴിത്തിരിച്ചുവിടുകയും ചെയ്യും. ഒരു ബ്ലോഗിലേക്ക് ആളുകളെ കൊണ്ടുവരാന്‍ ഏറ്റവും നല്ല വഴി, ബ്ലോഗിലെ പോസ്റ്റുകളില്‍ എന്ത് വിഷയവുമായിക്കോട്ടെ, ഗൌരവകരമായി ആ പോസ്റ്റിനെ കാണുകയും, അതിനെ ബെയ്സ് ചെയ്ത് കൊണ്ട് അനുക്കൂലിക്കുകയാവട്ടെ, പ്രതികൂലിക്കുകയാവട്ടെ സത്യസ്ന്ധമായി കമന്റു ചെയ്യുകയുമാണ്. അപ്പോള്‍ കമന്റ് ചെയ്യുന്ന ആളിനെ അറിയാന്‍ അപ്പോള്‍ സ്വാഭാവികമായും ബ്ലോഗ് സന്ദര്‍ശിക്കും, വിരുന്ന് വന്നവരെ നമ്മുടെ പോസ്റ്റുകളിലൂടെ സന്തോഷിപ്പിച്ച് വിടുക. ഒന്നരകൊല്ലം കൊണ്ട് ബ്ലോഗില്‍ വന്ന ഞാന്‍ ഉപദേശിക്കാന്‍ അര്‍ഹനല്ല എന്നിരിക്കിലും, എന്റെ അനുഭവം ഞാന്‍ ഇവിടെ പങ്ക് വയ്ക്കുന്നു. നല്ല വിഷയങ്ങളും, ചിന്തകളുമായി കൂടുതല്‍ പോസ്റ്റുകള്‍ എഴുതാന്‍ താങ്കള്‍ക്ക് ഇടയാവട്ടെ. ആശംസകളോടെ...നട്ടപ്പിരാന്തന്‍

Akbar said...

തെച്ചിക്കോടന്‍
ഒന്നാം പിറന്നാള്‍ അറിയാന്‍ വൈകിപ്പോയി. ക്ഷമിക്കുമല്ലോ. എന്‍റെ മനസ്സ് നിറഞ്ഞ ആശംസകള്‍. പിന്നെ നാട്ടപ്പിരന്തന്‍ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ. മുന്നോട്ടു തന്നെ പോകുക.

താങ്കളെയൊക്കെ കണ്ടാണ്‌ ഞാനും ഈ ഏര്‍പ്പാട് തുടങ്ങിയത്. മുന്നോട്ടു പോകുമ്പോള്‍ എനിക്കും ഒരു കൈ തരൂ

Unknown said...

CK Latheef: ഇവിടെ വന്നതിനും നല്ല വാക്കുകള്‍ക്കും നന്ദി.

ബഷീര്‍ വെള്ളറക്കോട്: ഇത് വെറും ഒരു ചെറു കമ്പനിയല്ലേ? നന്ദി ഈ മനോഭാവത്തിന്.

നാട്ടപ്പിരാന്തന്‍: ഈ സ്നേഹോപദേശങ്ങള്‍ക്കും നല്ല മനസ്സിനും നന്ദി പറയുന്നു.

അക്ബര്‍: ഈ വരവിനും പ്രോത്സാഹനങ്ങള്‍ക്കും നന്ദി, ബൂലോകത്ത് ഈ പരസ്പര കൂട്ടായ്മ എന്നും നിലനില്‍ക്കട്ടെ.

എവിടെ വന്നവര്‍ക്കും എന്നെ വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും, അല്ലാത്തവര്‍ക്കും എല്ലാം ഒരിക്കല്‍ കൂടി നന്ദി പറയുന്നു. നിങ്ങളുടെ പ്രോത്സാഹനമാണ് എന്റെ പ്രചോദനം. വീണ്ടും അത് പ്രതീക്ഷിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാവിധ ഭാവുകങ്ങളും,ആശംസകളും,അഭിനന്ദണങ്ങളും തെച്ചിക്കോടൻ .

Anil cheleri kumaran said...

ഞാനിത് കാണാന്‍ കുറേ വൈകിപ്പോയി. എങ്കിലും പിറന്നാള്‍ ആശംസകള്‍!!!

(ചില അക്ഷരത്തെറ്റുകള്‍ കാണുന്നു. -ദയ, പ്രചോദനം- തിരുത്തുമല്ലോ)

priyag said...

wishes for completing one year .