Monday, 11 January 2010

എന്‍റെ ഭാഗ്യാന്വേഷണ യാത്ര.

ഇന്‍റെര്‍നെറ്റ്‌ ഫോണിന്‍റെ ഔദാര്യത്തില്‍ ഭാര്യ മതിമറന്നു നാട്ടിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ്. എന്‍റെ വീട്ടിലും, അവളുടെ വീട്ടിലും, ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞു ഇനി ഏതൊക്കെ നമ്പര്‍ ബാക്കിയുണ്ട് എന്ന് തപ്പിപ്പിടിച്ചു വിളിയോടു വിളി. ആദ്യമാദ്യം വീട്ടു കാര്യങ്ങളും സുഖവിവരങ്ങളും അന്വേഷിച്ചും വിവരങ്ങള്‍ ചോദിച്ചും തുടങ്ങി പിന്നെ രാത്രി എന്താണ് വച്ചത്, കറിയെന്താണ്, അരച്ചതാണോ അതോ താളിപ്പാണോ തുടങ്ങി വിഷയം അനന്തമായി നീണ്ട് പോവുകയാണ്. ഉടനെ ഒന്നും നിര്‍ത്തും എന്ന് തോന്നുന്നില്ല.



ഒന്ന് മയങ്ങാം എന്ന് കരുതി ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയാണ് ഞാന്‍, ഇടക്കെപ്പോഴോ അവള്‍ പറയുന്നത് കേട്ടു "ഇവിടൊരാള്‍ക്ക് (ഈ രണ്ടുമുറി ഫ്ലാറ്റില്‍ വേറെ കുറേ ആളുകളുണ്ടായിട്ടല്ല, അങ്ങനെ ആണല്ലോ അതിന്‍റെ ഒരു രീതി) ഇപ്പോ എപ്പളും നാട്ടുക്ക് പോണം ന്ന വിചാരം മാത്രേ ഉള്ളൂ, എപ്പളും പറയും കൊറേ കാലായി വന്നിട്ട്, ഞ്ഞി നാട്ടില്‍ പോയി നിക്കണം എന്ന്".

അത് സത്യം, നാട്ടില്‍ പോകണം, സെറ്റിലാകണം തുടങ്ങിയ ചിന്തകള്‍ വല്ലാതെ പിന്തുടരുന്നു. എന്‍റെ‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് ഡിസംബര്‍ 29 നു പത്തൊന്‍പത് വര്ഷതമായി. ആയുസ്സിന്റെ ഒരു നല്ല ഭാഗം, ഇവിടെ കഴിഞ്ഞു. നീണ്ട പത്തൊന്‍പതു വര്‍ഷങ്ങള്‍.


ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങിയ കാലം, എല്ലാ ശരാശരി അഭ്യസ്തവിദ്യരെയും പോലെ എന്‍റെ മുന്നിലും ആ ചോദ്യം അവതരിച്ചു. ഇനിയെന്ത് ?! നാട്ടില്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ജോലി എന്തെങ്കിലും കിട്ടുമായിരിക്കും. പക്ഷെ അത് കൊണ്ട് തികയില്ല എന്നില്‍ അര്‍പ്പിക്കപ്പെട്ട പ്രതീക്ഷകള്‍. മൂത്തപുത്രന്‍റെ സ്വാഭാവികമായ കുടുംബനാഥ സ്ഥാനാരോഹണസമയം അതിക്ക്രമിച്ചുകഴിഞ്ഞിരുന്നു.

ഞാന്‍ വലുതായാല്‍, പഠിച്ചു പാസായാല്‍ ഉടനെ ജോലിയാകും, പിന്നെ എല്ലാം ശരിയാകും എന്ന വേണ്ടപ്പെട്ടവരുടെ പ്രതീക്ഷകള്‍, പ്രാര്‍ത്ഥനകള്‍. പിന്നെ താമസിച്ചില്ല ജിദ്ധയിലുള്ള അമ്മാവന് കത്തെഴുതി, എനിക്കും വേണം ഒരു വിസ..!!. കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ട് എന്നെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല. അമ്മാവനും എളാപ്പയും കൂടി വിസക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.


ഏറെ താമാസിച്ചില്ല വിസ വന്നു, ഉടനെ മെഡിക്കലിനു പോകണം, കൂട്ടുകാരന്നായ ട്രാവല്‍ ഏജണ്ട് അറിയിച്ചു. അതിനായി കോഴിക്കോട് പോകണം, മെഡിക്കലിനും യാത്രക്കുമുള്ള പൈസ എന്‍റെ  ഓട്ടക്കീശയിലില്ല, എന്ത് ചെയ്യും എന്നായി അടുത്ത പ്രശ്നം. ഇളയ അമ്മായി പണ്ടം പണയം വെക്കാന്‍ തന്നു അക്കാര്യം പരിഹരിച്ചു.

കേട്ടറിവ് മാത്രമായത് കൊണ്ട് മെഡിക്കല്‍ എന്നാല്‍ എന്തോ ഭയങ്കര സംഗതിയാണെന്നാണ് കരിതിയിരുന്നത്. മെയിന്‍ ഡോക്ടര്‍ അകത്തു മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് എന്നെ പറഞ്ഞയച്ചു. അസിസ്റ്റന്റ് ഡോക്ടര്‍ അത്യാവശ്യം കുഴലുവച്ചു നോക്കി, പിന്നെ ശരീരത്തിലെ ചില സംഗതികളൊക്കെ ഓക്കെ ആണോ എന്ന് കൈകൊണ്ടു പരിശോധിച്ചു. പോരാന്‍ നേരത്ത് അയാള്‍ പിച്ചക്കാരെ പോലെ കൈനീട്ടിക്കൊണ്ട് ചോദിച്ചു, ‘ഇനി എനിക്കെന്തെങ്കിലും?!’. അതെനിക്കൊരു പുതിയ അറിവായിരുന്നു. ഉന്നതരിലും അത്ര ഔന്നത്യം ഇല്ലാത്തവരുമുണ്ട്!.
കയ്യിലുണ്ടായിരുന്ന 20 രൂപ അയാള്‍ക്ക് കൊടുത്ത് അവിടെ നിന്ന് പോന്നു, കയ്യില്‍ സീലുവെച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുമായി.


അങ്ങനെ ഡിസംബര്‍ 24 നു ഒരു ചെറിയ ബാഗും വലിയ പ്രതീക്ഷകളും വഴിച്ചിലവിനു കുറച്ചു നേന്ത്രപ്പഴവുമായി മേലാറ്റൂരില്‍ നിന്നും ബസ്സില്‍ കോഴിക്കോട്ടേക്കും, അവിടുന്ന് ട്രെയിനില്‍ ഇതുവരെ കാണാത്ത വടക്കെന്‍ കേരളം താണ്ടി മങ്ങലാപുരത്തേക്കും, അവിടുന്ന് വീണ്ടും ബസ്സില്‍ നീണ്ട യാത്രക്കൊടുവില്‍ മഹാനഗരമായ ബോംബയില്‍ എത്തി.

എന്നെപോലെതന്നെ മുന്‍ യാത്രാ പരിചയമില്ലാത്ത ഹംസ എന്ന നാട്ടുക്കാരനും ബോംബയില്‍ മറ്റൊരു വഴിക്ക് പിരിഞ്ഞു. ഇടുങ്ങിയ റൂമിലെ നാല് ദിവസത്തെ ആ ജീവിതത്തില്‍ വളരെ യാദ്രിശ്ചികമായിട്ടാണ് എന്‍റെ കൂട്ടുകാരന്‍ വാഹിദിനെ അവിടെ വച്ച് കണ്ടത്. എന്നെ പോലെതന്നെ ഗള്‍ഫില്‍ പോകാനായി വന്നതാണ് അവനും. സ്വന്തം റൂമിലെ കക്കൂസില്‍ നിന്നും ബാഗുമായി ഇറങ്ങിവരുന്ന രൂപത്തിലാണ് അവനെ ആദ്യമായി കാണുന്നത് (ബാഗ് മോഷണം പോകാതിരിക്കാന്‍ അതുമായിട്ടു കേറിയതായിരുന്നത്രേ അവന്‍).  അപരിചിത നഗരത്തില്‍ പരസ്പരം കണ്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ സന്തോഷവും ആശ്വാസവും അനിര്‍വചനീയമായിരുന്നു.

പിന്നീടുള്ള കറക്കം ഞങ്ങള്‍ ഒന്നിച്ചായിരുന്നു, ചിലസ്ഥലങ്ങളൊക്കെ കണ്ടു, കൂട്ടത്തില്‍ പ്രധാനപ്പെട്ട സ്ഥലം, നാട്ടില്‍ പല കഥകളിലും പലവട്ടം കേട്ട ആ പേരുകേട്ട ചുവന്ന തെരുവായിരുന്നു (വെറുതേ കാണാന്‍ മാത്രം, എങ്ങിനെയിരിക്കും ഈ സ്ഥലം എന്നറിയാന്‍, അല്ലാതെ...ഛെ. ചിന്തിച്ചു കാട് കയറരുത്)


ഒരു ഗോള്‍ഫ് ഗ്രൌണ്ട് പോലെ പച്ചപിടിച്ച താഴ്വരകളും, തടാകങ്ങളും, ശീതളിമയും നിറഞ്ഞ ഒരു ചിത്രമായിരുന്നു എന്‍റെ മനസ്സില്‍ കാണാത്ത ഗള്‍ഫ്. പക്ഷെ...

എന്നാലും .. നിറയെ തെരുവുവിളക്കുകളാല്‍ ശോഭിച്ചു നില്‍ക്കുന്ന, വലിയ വലിയ കെട്ടിടങ്ങളുള്ള, കള്ളി വരച്ചതുപോലെ വടിവൊത്ത റോഡുകളുള്ള, അതില്‍ നിറയെ പല നിറത്തിലും വലിപ്പത്തിലും ഓടുന്ന വാഹനങ്ങലുള്ള, നാട്ടിലെപോലെ ബസ്സുകളോ കാല്‍നടക്കാരെയോ കാണാത്ത നഗരം ഒരു കൌതുക കാഴ്ച തന്നെയായിരുന്നു.

അതിനു ശേഷം ഭൂമി സ്വന്തം നിലക്കു പലപ്രാവശ്യം കറങ്ങി, അല്ലാതെ ചുറ്റിക്കറങ്ങി 19 തവണ വളരെ വേഗതയില്‍,

ഇക്കാലയളവില്‍ രണ്ടുകൊല്ലം കൂടുമ്പോള്‍ 45 ദിവസത്തെ ലീവിന് നാട്ടില്‍പോകുന്ന നമ്മുടെ അവസ്ഥ അനുഭവിക്കുന്നവര്‍ക്കേ അറിയൂ. നാട് തികച്ചും അന്യമായി, അല്ലെങ്കില്‍ പരിചിതരുടെ ഇടയില്‍ അന്യനെപ്പോലെ എണ്ണപ്പെട്ട ദിനങ്ങള്‍.


പലരും നിര്‍ത്തിപ്പോയി, ചിലരൊക്കെ പരാജയപ്പെട്ടു തിരിച്ചു വന്നു, എങ്കിലും....നാട് കാണാന്‍, മഴ കാണാന്‍, ഒന്നു മുങ്ങിക്കുളിക്കാന്‍ ഒക്കെയുള്ള മനസ്സിലെ ആശ അടയ്ക്കാനാവുന്നില്ല, ഇനി എന്നാണാവോ ...


“അതാണ്‌ ഞാനും പറീണത് ഇന്നാലും ഇത്രേം കാലം കുടുംബം നോക്കീല്ലേ, വീടും വച്ചു, ഇത്ര നിരാശപ്പെടാനുണ്ടോ, അതും ഇല്ലാത്തവര്‍ എത്രയുണ്ട്’ അവളുടെ ഫോണ്‍ വിളി അവസാനിച്ചിട്ടില്ല,

ഇവളിന്നു  STC ക്കാരെക്കൊണ്ട് എന്നെ തല്ലുകൊള്ളിക്കും.

Thursday, 24 December 2009

പുതുവത്സരാശംസകള്‍






എല്ലാ ബൂലോകവാസികള്‍ക്കും എന്‍റെ ഹൃദയംഗമമായ ക്രിസ്തുമസ് – നവവത്സരാശംസകള്‍.

Thursday, 12 November 2009

രായിന്‍കുട്ടി നീയും ..?!

പതിവുപോലെ ആത്മാര്‍ത്ഥമായ ജോലിക്കിടയില്‍ രായിന്‍കുട്ടി നെറ്റ് തുറന്നിരിക്കുകയാണ്. കുറച്ചൊന്നു തിരക്കൊഴിയുമ്പോള്‍ ആണ് നെറ്റില്‍ പരതുന്നതും മറ്റുള്ളവരുടെ ബ്ലോഗിലൂടെ കേറി ഇറങ്ങുന്നതും. ഇന്നും സമയം കിട്ടിയപ്പോള്‍ പതിവുപോലെ മേലധികാരികളുടെ കണ്ണില്‍ പെടാതെ നെറ്റ് തുറന്നു.

നാട്ടിലെ വിശേഷങ്ങള്‍ അറിയാനുള്ള ആഗ്രഹം കൊണ്ട് മലയാള പത്രങ്ങളാണ് ആദ്യം നോക്കാറ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അതിന്റെ പരമ്മ്യതയില്‍ എത്തി നില്‍ക്കുകയാണല്ലോ, കണ്ണൂരിലെ കുട്ടി വീണ്ടും അത്ഭുതം കാട്ടുമോ അതോ ചെയ്ത പണിയൊക്കെ ആക്രാന്തമായി പോകുമോ തുടങ്ങിയ ആകാംശകള്‍ കൊണ്ട് ഒരു അരാഷ്ട്രീയവാദിയല്ലാത്ത രായിന്‍കുട്ടി ആര്‍ത്തിയോടെ സര്‍ഫ് ചെയ്തു കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ്‌ മറ്റു പത്രങ്ങളുടെ സൈറ്റില്‍ കയറിയിറങ്ങി അവസാനം പ്രശസ്തമായ ഈ പത്രത്തില്‍ എത്തിയത്. ഏതൊക്കെ എന്തൊക്കെ വായിച്ചാലും ഇതുംകൂടെ വായിച്ചില്ലെങ്കില്‍ വായന പൂര്‍ണമാകില്ല എന്ന അവസ്ഥയില്‍ സാമാന്യ വായനക്കാരെ കൊണ്ടെത്തിച്ച പേരും പ്രചാരവും ഉള്ള പത്രം.

വായനയില്‍ മുഴുകിയതുകൊണ്ട് പിന്നില്‍ സഹപ്രവര്‍ത്തകനായ അറബി വന്നുനിന്നത്‌ രായിന്‍കുട്ടി അത്ര ഗൌനിച്ചില്ല. മറയ്കാണോ ഒളിക്കാനോ ഒന്നുമില്ലാത്തത് കൊണ്ട് വായന തുടര്‍ന്നു. കാശില്ലാത്തവന്‍ ഇറച്ചിക്ക് വന്നതുപോലെ കുറച്ചു നേരം നോക്കിനിന്നശേഷം അവന്‍ പോയികൊള്ളും എന്നാണു കരുതിയത്‌.

"നീ എന്താണീനോക്കുന്നത്" അവന്റെ ശബ്ദത്തിലെ ഫ്രീകെന്സി മാറ്റം ശ്രദ്ധിച്ച രായിന്‍കുട്ടി സ്ക്രീനില്‍ നിന്നും കണ്ണുയര്‍ത്തി മറുപടി കൊടുത്തു, "ന്യൂസ്‌ പേപ്പര്‍".

"ഇതാണോ ന്യൂസ്‌ പേപ്പര്‍?" അവന്‍ സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി.

അവന്‍ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയപ്പോള്‍ രായിന്‍കുട്ടിയുടെ ഉള്ളൊന്നു കിടുങ്ങി.

ഒരു നിസാര പരസ്യം. പക്ഷെ അതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രമാണ് പ്രശ്നം. ഏതാണ്ട് നഗ്നമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ശില്പ ഷെട്ടി പിസാ ഗോപുരം പോലെ അങ്ങനെ നീണ്ടു ചെരിഞ്ഞു നില്‍ക്കുന്നു. അരക്ക് മുകളില്‍ ഒരു ചെറിയ കച്ച, പൊക്കിളിനു ഏതാണ്ട് ഒരൊന്നൊന്നര ഫര്‍ലോങ്ങ് താഴെ ഒരു കൊച്ചു കറുത്ത ഷെട്ടി (പിങ്കല്ല). അതും വലിച്ചു കീഴ്പോട്ടു താഴ്ത്തി നില്‍ക്കുന്ന പോസ്.

പോരാത്തതിന് മറ്റൊന്ന് ഇംഗ്ലീഷില്‍, അതിനര്‍ത്ഥം ഏതാണ്ടിങ്ങനെ "അറബി പെണ്ണുങ്ങളെ എങ്ങിനെ പാട്ടിലാക്കം"

"ഇത് അങ്ങനത്തെ സൈറ്റ് ഒന്നുമല്ല, വളരെ പ്രസിദ്ധമായ ഒരു പത്രമാണ്‌"

"ഐ നോ, ഐ നോ", ഇവനെ പറഞ്ഞു മനസ്സിലാക്കന്‍ പാടുപെടേണ്ടി വരുമല്ലോ പടച്ചോനെ.

"നോക്ക് ഭായ് നൂറ്റാണ്ടിനുമേല്‍ പാരമ്പര്യമുള്ള, ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുന്ന മലയാള പത്രമാണിത്, അവര്‍ക്കിങ്ങനെ ഇക്കിളി വിറ്റു ജീവിക്കേണ്ട കാര്യമില്ല, പണവും പാരമ്പര്യവും ഇഷ്ടംപോലെയുള്ള കുടുംബം. അവരുടെ ഈ പത്രം സാംസ്കാരിക കേരളത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്നവരാണ്" രായിന്‍കുട്ടി ആവുന്നത്ര കിണഞ്ഞു പരിശ്രമിച്ചു തന്‍റെ നിഷ്കളങ്കത ബോധ്യപ്പെടുത്താന്‍.

"ബുദ്ധിമുട്ടണ്ട എനിക്കെല്ലാം മനസ്സിലായി" മലയാളം വായിക്കാനറിയാത്ത അറബി സുഹൃത്ത്‌ ഏതാണ്ടൊക്കെ ഊഹിച്ച്‌ ഉറപ്പിച്ച്, ചുണ്ടില്‍ ഒരു വക്ക്രച്ചിരിയുമായി കാബിന്‍ വിട്ടു പോയി.

തന്‍റെ മാനം കോണ്‍കോര്‍ഡ് വിമാനം കയറിപ്പോകുന്നത്‌ കണ്ടു വിഷണ്ണനായി രായിന്‍കുട്ടി ഓര്‍ത്തു ഇവര്‍ക്കൊക്കെ മലയാളം പഠിച്ചാലെന്താ, എങ്കില്‍ തന്‍റെ നിരപരാധിത്വം ബോധ്യമായേനെ.

പണ്ടാറടങ്ങാന്‍ ഇനി ഇന്നൊന്നും വേണ്ട എന്നുകരുതി സൈറ്റ് ക്ലോസ് ചെയ്യാന്‍ തിരിഞ്ഞപ്പോള്‍ തൊട്ടുമുന്നില്‍ ഇതാ കിടക്കുന്നു 'G സ്പോട്ടിന്റെ അനന്തസാധ്യതകള്‍ വിവരിക്കുന്ന നെടുങ്കന്‍ ലേഖനത്തിലേക്കുള്ള ഒരു മുട്ടന്‍ ലിങ്ക്.

വേണ്ട അവന്‍ മലയാളം പഠിക്കാത്തത് നന്നായി, ഒരു തരിയെങ്കിലും ബഹുമാനം അയാളില്‍ ബാക്കിയുണ്ടെങ്കില്‍ അതവിടെ തന്നെ നിന്നോട്ടെ!.

Friday, 24 July 2009

എങ്കിലും എന്‍റെ ചന്ദ്രികേ.....!!

തോന്ന്യാശ്രമത്തിലെ മൂന്നാം റൗണ്ട്‌ മത്സരത്തിലെ എന്‍റെ രചന വായനകാരുടെ വിലയിരുത്തലിനായി സമര്‍പ്പിക്കുന്നു.

മത്സരത്തിനു നല്കിയ കഥാ സന്ദര്‍ഭം!

ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും, കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല." മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു. നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം. തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു. കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍, കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത്. സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി. ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും, പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍. സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍, സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല
----

"കളിക്കുന്നത് സൂക്ഷിച്ചു വേണം, തീക്കളിയാണ്", കുഞ്ഞന്‍ നായര്‍ താക്കീതു ചെയ്തു.

"ഒരുപാടു ദൈവീകമായ കഴിവുകളൊക്കെ ഉണ്ടെന്നാണ് കേള്‍ക്കുന്നത്", ഇതിലൊക്കെ കുറച്ചു വിശ്വാസമുള്ള പാക്കരന്‍ ആശങ്കപെട്ടു.

എങ്ങിനെ വിശ്വസിക്കാതിരിക്കും, കഴിഞ്ഞാഴ്ച നട്ടപ്പാതിര നേരത്ത് അയലത്തെ ചന്ദ്രിയുടെ വാതിലില്‍ മുട്ടിയതും, അവളുടെ കെട്ട്യോന്‍ കള്ളനാണെന്ന് കരുതി മുട്ടന്‍ വടിയെടുത്തു മുതുകത്തടിച്ചതും, വീട്ടില്‍ കള്ളന്‍ കയറി എന്നാര്‍ത്തുകൊണ്ട് നാട്ടരെകൂട്ടിയതുമെല്ലാം നാലാളറിയും എങ്കിലും അന്ന് ജീവനും കൊണ്ടോടിയത് താനാണെന്ന് ചന്ദ്രികക്കും തനിക്കും മാത്രമെ അറിയൂ എന്നാണു കരുതിയിരുന്നത്. അതുപോലും തന്നെ കണ്ടമാത്രയില്‍ മുഖത്ത് നോക്കി പറഞ്ഞ വെറ്റിലസിദ്ധനെ എങ്ങിനെ അവിശ്വസിക്കും...!

"ഇക്കാലത്ത് ഇത്തരം തട്ടിപ്പില്‍ ആരെങ്കിലും വിശ്വസിക്കുമോ?" സഖാവ് ഗോപാലനിലെ പരഷ്കരണവാദി ഉണര്‍ന്നു. "എത്ര എണ്ണമാണ് ഇങ്ങനെ ഇപ്പോള്‍ ഇറങ്ങിയിട്ടുള്ളത് !?"

"കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് ?!" ഗള്‍ഫില്‍നിന്നും കേട്ടറിഞ്ഞ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ കുഞ്ഞഹമ്മദിന് ആകാംഷയായി.

"പോട്ടിപാളിസായി അല്ലാതെന്താ" ബേബിച്ചന്‍ ഇടപെട്ടു.

അഭിമാനത്തിന് അടിയേറ്റ സഖാവ് രൂക്ഷമായി പ്രതികരിച്ചു "നിങ്ങളുടെ മുന്നണി അധികാരത്തിനു വേണ്ടി എത്ര നെറികെട്ട പണിയും ചെയ്യും എന്നതിന്റെ ഉദാഹരണമാണ് ഇത്തരക്കാരെ കൂട്ടുപിടിച്ചതിലൂടെ പുറത്തുവന്നത്".

"നിങ്ങള്‍ ചെയ്തത്ര ഞങ്ങള്‍ ചെയ്തിട്ടുണ്ടാകില്ല " ബേബിച്ചനിലെ രാഷ്ട്രീയക്കാരന്‍ ഉണര്‍ന്നു. "ജനം നിങ്ങളെ നിഷ്കരുണം പുറംതള്ളി, അതംഗീകരിക്കുകയാണ് ആദ്യം വേണ്ടത്, അല്ലാതെ ആളെ മെക്കിട്ടുകേറുകയല്ല" ബേബിച്ചന്‍ ദീര്‍ഘകാലം കുനിഞിരുന്നു പണിയെടുത്തകാരണം വളഞ്ഞുപോയ തന്‍റെ ശരീരം പണിപ്പെട്ടു പരമാവധി നിവര്‍ത്തി നെഞുവിരിക്കാന്‍ വെറുതെ ശ്രമിച്ചു.

"ഇങ്ങനെയാണെങ്കില്‍ ചര്‍ച്ച പുറത്താക്കേണ്ടി വരും", കടയില്‍ രാഷ്ട്രീയം അനുവദിക്കാത്ത കുഞ്ഞന്‍ നായര്‍ ഇടപെട്ടു.

"ഇങ്ങനെ വഴക്കടിക്കാനാണോ നമ്മളിവിടെ കൂടിയിരിക്കുന്നത് ?, ഈ പ്രശ്നം എങ്ങിനെ മറികടക്കും എന്നതിനെക്കുറിച്ച് ചിന്തിക്ക്" കേണല്‍ പ്ലാവിന്റെ കാര്യം വീണ്ടും എല്ലാവരെയും ഓര്‍മ്മിപ്പിച്ചു.

ചര്‍ച്ച തുടര്‍ന്നു, നേരം പാതിരയായി, കാര്യമായ ഒരു തീരുമാനത്തിലെത്താന്‍ ഇനിയും അവര്‍ക്കായില്ല.
"എല്ലാര്‍ക്കും സുലൈമാനി ഞമ്മളെ വക" കുഞ്ഞഹമ്മദ് ദീര്‍ഘകാലത്തെ തന്റെ എക്സ്പീരിയന്‍സ് പുറത്തെടുക്കാന്‍ തന്നെ തീരുമാനിച്ചു കൊണ്ടു കടയുടെ അടുക്കള ഭാഗത്തേക്ക്‌ നീങ്ങി.

തന്‍റെ കടയിലെ പഞ്ചസാരയും, തേയിലയും മറ്റു സാമഗ്രികളും ഉപയോകിച്ചുണ്ടാകിയ ചായ തന്‍റെ നേരെ നീട്ടിയ കുഞ്ഞഹമ്മദിനെ തുറിപ്പിച്ചു നോക്കികൊണ്ട് കുഞ്ഞന്‍ നായര്‍ ചോദിച്ചു "ഇതാണോ ഞമ്മന്റെ വഹ..?"

"ആ തുണിയാരെന്കിലും മാറ്റിയാല്‍ വെട്ടുന്ന കാര്യം ഞാനേറ്റു" പാക്കരന്‍ ധൈര്യം സംഭരിച്ച് തന്റെ നിര്‍ദേശം മുന്നോട്ടു വച്ചു. പക്ഷെ ആര് തുണി നീക്കും, അതായി അടുത്ത പ്രശ്നം.

"വ്യാജ സിദ്ധന്മാരെ പരസ്യമായി എതിര്‍ത്ത് വോട്ടുചോദിച്ചവരല്ലേ നിങ്ങള്‍, സഖാവ് തന്നെ അതേല്‍ക്കട്ടെ" ശത്രുപക്ഷത്തെ കെണിയിലാക്കാനുള്ള സന്ദര്‍ഭം ബേബിച്ചന്‍ വെറുതെ കളഞ്ഞില്ല.

"അതെ സഖാവാണ് അതിന് പറ്റിയ ആള്‍" കേണല്‍ അത് പിന്താങ്ങി.
നിലപാടിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും പ്രശ്നമായത്‌ കൊണ്ട് സഖാവ് വല്ലാത്തൊരു കുരുക്കിലകപ്പെട്ട അവസ്ഥയിലായി.

അവസാനം സഖാവ് അതേറ്റെടുത്തു.

പാതിരാ നേരമായത്കൊണ്ട് അപ്പോള്‍ത്തന്നെ കാര്യം നടത്താന്‍ തീരുമാനിച്ചുക്കൊണ്ട് അവര്‍ എല്ലാവരും കേണലിന്റെ പറമ്പിലേക്ക്‌ നടന്നു. ഇടയ്ക്ക് പാക്കരന്‍ വീട്ടില്‍കേറി കോടാലി എടുത്തു.
തടിച്ചു വീര്‍ത്ത വരിക്കപ്ലാവിന്റെ അരയില്‍കെട്ടിയ മഞ്ഞതുണി ഒരു കുസൃതിയോടെ സഖാവ് വലിച്ചഴിച്ചു. തന്‍റെ കൂട്ടുകാരുടെ മുമ്പില്‍, പ്രത്യേകിച്ചും ബേബിച്ചന്റെ മുമ്പില്‍‍, ഷൈന്‍ ചെയ്യാനുള്ള ഒരസുലഭ മുഹൂര്‍ത്തമായിരുന്നു സഖാവിനത്.

ഉള്‍ഭയത്തോടെ കുറച്ചു മാറിനിന്ന എല്ലാവരും ആശ്വാസത്തോടെ പരസ്പരം തലകള്‍ തപ്പിനോക്കി, ഇല്ല എല്ലാം യധാസ്ഥാനത്ത് തന്നെയുണ്ട്..!, ഒന്നും സംഭവിച്ചില്ലാ ....!!

വിറയ്ക്കുന്ന കാല്‍വെപ്പോടെ പാക്കരന്‍ മുന്നോട്ടു നീങ്ങി. അവന്റെ നെഞ്ഞിടിപ്പ്‌ മറ്റുള്ളവര്‍ക്ക് കേള്‍ക്കാവുന്നത്ര ഉച്ചത്തിലായി. നാവുകൊണ്ട് ചുണ്ട് നനച്ചു, കൈകള്‍ കൊടാളിയില്‍ മുറുക്കിപ്പിടിച്ചു, സര്‍വ്വശക്തിയുമെടുത്ത്, പാക്കരന്‍ ആഞ്ഞുവെട്ടി....!!

വെട്ടിന്റെ ശക്തിയില്‍, പഴുത്തു പാകമായ ഒരു മുഴുത്ത ചക്ക ഞെട്ടറ്റു പാക്കരന്റെ തലയില്‍ തന്നെ പതിച്ചു. ഇരുട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുന്നതിനു മുന്‍പ്‌ പാക്കരന്‍ ഒരലര്‍ച്ചയോടെ ജീവനും കൊണ്ടോടി, കൂടെ കൂട്ടുകാരും. കോടാലി അപ്പോഴും കൈവിട്ടിരുന്നില്ല.
കേണലിന്റെ പറമ്പിലെ ആള്‍ക്കുയരമുള്ള വേലികെട്ട് അവര്‍ പുഷ്പം പോലെ ഹര്‍ഡില്‍സ് ചെയ്തു. സുകുമാരന്റെ പറമ്പും കഴിഞ്ഞു ഇടവഴിയിലൂടെ ഓടിയ പാക്കരന്‍ ചന്ദ്രികയുടെ പറമ്പിലേക്ക് എടുത്തുചാടി, കൂടെ സംഘവും.

കൂട്ടത്തോടെ അടുത്തുവരുന്ന പാതപധനം കെട്ട് പരിഭ്രാന്തിയോടെ ആരോ ഒരാള്‍ ചന്ദ്രികയുടെ വീടിന്റെ പുറംവ്വാതില്‍ തുറന്നു പുറത്തുചാടി. കയ്യില്‍ ഉയര്‍ത്തിയ കോടാലിയുമായി മുന്നില്‍ പാക്കരനും പിന്നിലായി സംഘത്തിനേയും കണ്ട അയാള്‍ ഉടുതുണി വാരിയെടുത്ത് തിരിഞ്ഞോടാന്‍ ശ്രമിച്ചു, പക്ഷെ മുന്നിലെ കല്ലില്‍ത്തട്ടി മുഖമടച്ചു വീണു.

"എന്നെ കൊല്ലരുത് ഞാന്‍ ഇവിടുംവിട്ടു പൊയ്കൊള്ളാം" അയാള്‍ കൈകളുയര്‍ത്തി തന്നോടടുക്കുന്ന പാക്കരനോടും സംഘത്തിനോടുമായി യാചിച്ചു. അയാളുടെ അലര്‍ച്ചകേട്ട് പരസരബോധമുണ്ടായ പാക്കരന്‍ നിന്നു.

ഓടിയെത്തിയ കൂട്ടുകാരും പാക്കരനും ആ മുഖം കണ്ടു ഞെട്ടി. അത് സിദ്ധനായിരുന്നു, വെറ്റിലസിദ്ധന്‍...!

"ഞാനിനി ആരേയും പറ്റിക്കില്ല, തെറ്റുപറ്റി, എന്നെ ഒന്നും ചെയ്യരുത്" അയാള്‍ വീണ്ടും താന്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞു കൊണ്ടുകരഞു.

പാക്കരന്‍ തിരിഞ്ഞു പാതിചാരിയ ചന്ദ്രികയുടെ വീടിന്റെ പുറംവാതിലിലേക്ക് നോക്കി, അവിടെ അരണ്ട വെളിച്ചത്തില്‍ ഇരുട്ടിലേക്ക് മറഞ്ഞ രൂപത്തെ നോക്കി അവന്റെ മനസ്സു‍ പറഞ്ഞു "എങ്കിലും എന്‍റെ ചന്ദ്രികേ.....!!"

Tuesday, 23 June 2009

കൊതിച്ചതും വിധിച്ചതും

തോന്ന്യാശ്രമത്തില്‍ (http://kappilan-entesamrajyam.blogspot.com/) നടക്കുന്ന റിയാലിറ്റി കഥാമത്സരത്തിന്റെ ഒന്നാം റൌണ്ടില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു ‘സാഹസം’. അവിടെ പോകാത്തവര്‍ക്കു വേണ്ടി.... തുടര്‍ന്ന് വായിക്കുക

ജയിംസ് വാച്ചില്‍ നോക്കി. 11മണി ആയിരിക്കുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ഗബ്രിച്ചായന്‍ ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു. ഈ റിക്ഷായുടെ കുലുക്കത്തിലും ഇങ്ങേര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു?അല്ലെങ്കില്‍ തന്നെ ടൌണില്‍ ചായക്കടയില്‍ നിന്ന് വലിച്ചുകേറ്റിയത് ചില്ലറ വല്ലതുമാണോ?കര്‍ത്താവേ, ബ്രോക്കറിങ് പ്രൊഫഷനായി ഏറ്റെടുക്കുന്നവര്‍ക്ക് നീ അപാര ദഹന ശക്തിയാണല്ലോ കൊടുക്കുന്നത്. ഈ പെണ്ണുകാണല്‍ എന്ന കടമ്പ വല്ലാത്തതു തന്നെയാണ്. ക്യത്യമായി പറഞ്ഞാല്‍ ഇത് 17 )മത്തേതാണ്. ഇതെങ്കിലും ഒന്ന് ശരിയായാല്‍ മതിയാരുന്നു. ആദ്യമൊക്കെ പെണ്ണ് സുന്ദരി ആയിരിക്കണം, വിദ്യാഭ്യാസമുള്ളവളായിരിക്കണം, പിന്നെ മുടി ഉള്ളവളായിരിക്കണം ഇങ്ങനെ എത്രയെത്രഡിമാന്റുകളായിരുന്നു താന്‍ ഓരോ മൂന്നാമന്മാരോടും പറഞ്ഞിരുന്നത്. മൂന്ന് മാസത്തെ ലീവ് ഉണ്ടല്ലോ, പതുക്കെയായലു തനിക്ക് യോജിച്ച ഒരുവളെ തന്നെ നല്ലപാതിയായി കിട്ടണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ഡിമാന്റുകളും പിന്‍ വലിച്ചിരിക്കുന്നു. മാമോദിസ മുങ്ങിയ ഒരു പെണ്ണ് അത്രയും മതി. അല്ലേല്‍ ഈ അവധി തീരുന്നതിനു മുമ്പ് കല്യാണം നടന്നില്ലേല്‍? ഇനിയൊരു ലീവിന് 2 കൊല്ലം കാത്തിരിക്കണം. അപ്പോള്‍ പ്രായം 36 . കര്‍ത്താവേ, ദുബായില്‍ തന്റെ ഒപ്പം താമസിക്കുന്ന റഹ്മാന്‍ പറയുന്നത് ജയിംസ് ഓര്‍ത്തു. "ഡാ എന്റെ മോള്‍ക്ക് 4 കൊല്ലം കൂടി കഴിഞ്ഞാല്‍ നിക്കാഹ് ആലോചിക്കണം. ന്നാലും അനക്ക് അതിനു മുമ്പ് കല്യാണം നടക്കുമോ? റഹ്മാന്‍ കുട്ടികാലത്ത് തന്റെ സഹപാഠിയായിരുന്നു.


ഇനി എങ്ങോട്ടാണ് പോകേണ്ടത്? നിങ്ങള്‍ പറഞ്ഞ സ്കൂള്‍ എത്തി. ഓട്ടോറിക്ഷാ ഡ്രൈവര്‍ പിന്നോട്ട് തിരിഞ്ഞ് ചോദ്യമുയര്‍ത്തി. ജയിംസ് ഗബ്രിച്ചായനെ തട്ടി വിളിച്ചു.............................

"എന്തൊരു ഉറക്കമാ അച്ചായാ ഇത്?" എണീക്ക് ..

ങേഹ?

അമ്പരപ്പോടെ കണ്ണുതുറന്ന ഗബ്രിച്ചായന്‍ കണ്ണുമിഴിച്ചു .. "ഇവിടുന്ന് ഇനി എങ്ങോട്ടാണ് പോകേണ്ടത്?" റിക്ഷക്കാരന്‍ ചോദിച്ചു. വലത്തോട്ട് തിരിഞ്ഞുള്ള കല്ല്‌ പതിച്ച റോഡിലൂടെ .. ഗബ്രിച്ചായന്‍ വഴി പറഞ്ഞുകൊണ്ട് ഒന്നിളകിയിരുന്നു.

മുഴച്ചു നില്‍ക്കുന്ന നല്ല മുട്ടന്‍ കല്ലുകള്‍ പതിച്ച ഒരു കട്ടറോഡ് ആയിരുന്നു അത്. റോഡില്‍ നോക്കി ഒരു നിമിഷം ഡ്രൈവര്‍ ആലോചിച്ചു നിന്നു. .. 'ഇനി ഇവിടുന്നങോട്ട്‌ പോകാന്‍ പറ്റില്ല’ അയാള്‍ നയം വ്യക്തമാക്കി.

ഓട്ടോക്കാരന് പണം കൊടുത്ത് അവര്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി. എഴുന്നുനില്‍കുന്ന കരിങ്ങല്ലുകള്‍ നിറഞ്ഞ ഒരു നാട്ടുപാത, കാലില്‍ കല്ല്‌ കുത്തിയിട്ട് നടക്കാന്‍ പറ്റുന്നില്ല, വെയിലിന്റെ കാഠിന്യവും ദീര്ഘദൂരമായുള്ള നടത്തവും കാരണം അവിടെ എത്തിയപ്പോള്‍ ആകെ വിയര്‍ത്തു കുളിച്ചിരുന്നു രണ്ടാളും..
ജയിംസിന് സങ്കടം സഹിക്കാന്‍ പറ്റിയില്ല. എത്രമാത്രം മിനക്കെട്ടതാണ് രാവിലെ. പെണ്ണുകാണല് കുറേയായെന്കിലും, പരമാവധി സുന്ദരനാകാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടാണ്‌ ഒരു കോലത്തില്‍ നാലാളെ കൊണ്ടു അയ്യേ എന്ന് പറയിപ്പിക്കാത്ത പരുവത്തില്‍ ഇങ്ങനെ ഒരുങിയത്.
'നീയിതു എന്നാ ഭാവിച്ചാ... നാട്ടില്‍ വേറെയാരും പെണ്ണ് കാണാന്‍ പോകത്തതുപോലെ.' അമ്മച്ചി അപ്പോഴേ ഉടക്കിയതാ. എടുത്ത പണിയൊക്കെ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കുളമായി. കൂട്ടത്തില്‍ ഗബ്രിച്ചായനെ കൂടാതെ മറ്റാരെയും കൂട്ടാത്തതു തന്നെ പെണ്ണിന്റെ മനസ്സു കൂട്ടുകാരനെ കണ്ടു പതറരുത് എന്ന് കരിതിയിട്ടാണ്. ലീവാണെന്കില്‍ തീരാറായി, ഇതും നടന്നില്ലകില്‍..?! ഈശോ ആലോചിക്കാന്‍ കൂടി വയ്യ. ആകെയുള്ള ലീവ് പകുതിയും കഴിഞ്ഞു . ഇനിയിപ്പോ എല്ലാം ശരിയായാലും എത്ര ദിവസം ബാക്കിയുണ്ട്. ആലോചിച്ചു തല ചൂടായ ജെയിംസ്‌ സ്വന്തം മുടിപിടിച്ചു വലിച്ചു.


'ഒരു മിനിട്ട് നില്‍കണേ..' കോളിംഗ് ബെല്ലടിക്കാനോങ്ങിയ ഗബ്രിച്ചായനോടായി ജെയിംസ്‌ പറഞ്ഞു. എന്നിട്ട് തിടുക്കത്തില്‍ കര്‍ചീഫ് എടുത്തു മുഖം മിനുക്കി, കര്‍ചീഫിന്റെ മടക്കില്‍ കരുതിയ പൌഡര്‍ ഏതായാലും ഉപകാരപ്പെട്ടു. തലയുടെ സൈഡിലുള്ള മുടി ചീകി നെറുകില്‍ പറ്റിച്ചുകൊണ്ട് കഷണ്ടി മറക്കാന്‍ ആവതു ശ്രമിച്ചു...


വീട്ടിനകത്ത് കയറിയ അവരെ പെണ്ണിന്റെ അപ്പന്‍ സ്വീകരിച്ചിരുത്തി. കുറച്ചു മുതിര്ന്ന പെണ്ണിന്റെ അമ്മയാണെന്ന് തോന്നുന്ന ഒരു സ്ത്രീ എത്തിനോക്കി തല എണ്ണമെടുത്തു പോയി. പതിവുപോലെ ചായയും ബേക്കറി പലഹാരങ്ങളും നിരന്നു. ആദ്യമൊക്കെ പലഹാരങ്ങളോട് എന്ത് ആര്‍ത്തിയായിരുന്നു, പലതരത്തിലുള്ള എത്ര വിഭവങ്ങള്‍ കഴിച്ചു. ഇപ്പോള്‍ ഇതൊക്കെ നമ്മളെത്ര കണ്ടതാ ഇന്ന ഭാവത്തില്‍ അവക്കുമുന്പില്‍ കണ്ട്രോള്‍ പോകാതെ സ്വയം പിടിച്ചുനില്‍ക്കാന് പഠിച്ചു.

'പെണ്ണിനെ വിളിക്കൂ..' മുന്നില്‍ കൊണ്ടിട്ട സാധനങ്ങള്‍ ഒട്ടൊന്നു ഒടുങ്ങിയപ്പോള്‍ ഗബ്രിച്ചായന്‍ പരിസരബോധം വീണ്ടെടുത്തു, കര്‍മ്മനിരതനായി.

പെണ്ണ് വന്നു വാതില്‍ പടിയില്‍ ചാരിനിന്നു. ഒറ്റ നോട്ടത്തില്‍ ജെയിംസിനു അവളെ ബോധിച്ചു. കൊള്ളാം, അന്നക്കുട്ടി, അതാണവളുടെ പേര്, കാഴ്ചക്ക് കുഴപ്പമില്ല, സുന്ദരി.

"എന്നാല്‍ നമുക്കങ്ങു പുറത്തിക്കിരിക്കാം അവരെന്തെന്കിലും മിണ്ടിപ്പറയട്ടെ .. " ഗബ്രിച്ചായനോട് ബഹുമാനം തോന്നുന്നു ഇപ്പോള്‍. തീറ്റിപ്പണ്ടമാണെങ്കിലും കാര്യഗൌരവമുണ്ട്. ചുരിങ്ങിയ സമയംകൊണ്ട് വേണ്ട കാര്യങ്ങളെല്ലാം മനസ്സിലാക്കി ജെയിംസ്‌. അല്ലെങ്കിലും എന്ത് മനസ്സിലാകാന്‍. വിക്ക്, ചട്ടുകാല്, ഇത്യാദി വൈകല്യങ്ങലുണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റ്‌, നാട്ടുനടപ്പ് ..പെണ്ണും നന്നായിട്ട് പെര്‍ഫോം ചെയ്തു. ടെസ്റ്റ്‌ ഓക്കേ..എല്ലാവര്‍ക്കും സന്തോഷം

നിറഞ്ഞ മനസ്സോടെയാണ് ജെയിംസ്‌ അവിടം വിട്ടത്, കാരണം അവര്‍ക്ക് ജെയിംസിനെയും ഇഷ്ടമായിരിക്കുന്നു..!. ഒരു മാന്ദ്യവും നാട്ടില്‍ 'പേര്‍ഷ്യയുടെ' വെലകുറച്ചിട്ടില്ല എന്ന് ജെയിംസിനു മനസ്സിലായി.

നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു വലിയ ആഗ്രഹം നടക്കാന്‍ പോകുന്നു. ജയിംസ് എന്തെന്നില്ലാത്ത ഒരു അവസ്ഥയിലാണ്. മനസ്സു പിടിച്ചേടത്തു നില്‍ക്കുന്നില്ല .. ഒരു മായികലോകത്താണ് എപ്പോഴും. ഇനി ഏതായാലും റഹ്മാനൊന്നും തന്നെ കളിയാക്കില്ലല്ലോ. വിവാഹപ്രായം അതിക്രമിച്ച തന്നെ ഏതൊക്കെ തരത്തില്‍ അവര്‍ പീഢിപ്പിച്ചിട്ടുണ്ട്.. അന്നൊക്കെ തോന്നിയിരുന്നു നാട്ടില്ലേ രസികനായ മൊല്ലാക്ക പറയുമ്പോലെ 'ഒന്നു കെട്ടിയിട്ടു മരിച്ചാലും വേണ്ടില്ല' എന്ന്. .. ഇതൊന്നു കഴിഞ്ഞോട്ടെ എല്ലാറ്റിനും കണക്കു ചോദിക്കുന്നുണ്ട്.

കല്യാണത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം തകൃതിയായി നടക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഓടിനടന്നു ഓരോരോ കാര്യങ്ങള്‍ നോക്കുന്നു...

ഓഡിറ്റോറിയം ബുക്ക്‌ ചെയ്തു മടങ്ങിവരികയായിരുന്ന ജെയിംസ്‌ വീട്ടില്‍ പതിവില്ലാത്ത ഒരു മ്ലാനത കണ്ടു, കട്ടിലില്‍ അമ്മച്ചി തളര്‍ന്നു കിടക്കുന്നു, പെങ്ങള്‍ തലക്കരികിലായി ഇരുന്നു അമ്മച്ചിക്ക് വീശിക്കൊടുക്കുന്നു. ഓടി അകത്തുകയറിയ ജയിംസ്‌ വര്‍ധിച്ച ഹൃദയമിടിപ്പോടെ കാര്യം തിരക്കി. ഒന്നും മിണ്ടാതെ പെങ്ങള്‍ ഒരുകത്തെടുത്തു ജെയിംസിനു നേരെ നീട്ടി.

കത്തുവായിച്ച ജെയിംസിനു ലോകം തല കീഴായി മറിയുന്നതുപോലെ തോന്നി. ഗബ്രിച്ചായന്റെതായിരുന്നു ആ കത്ത്. അന്നക്കുട്ടിക്ക് വീട്ടികാരരിയാത്ത വേറെ ഒരു ലൈനുണ്ടായിരുന്നു എന്നും ഇന്നലെ രാത്രി അവര്‍ രണ്ടാളും നാടുവിട്ടു എന്നും ചുരുക്കം.

നേരില്‍ കണ്ടു വിവരം പറഞ്ഞാല്‍ ജയിംസിന്റെ പ്രതികരണം താങ്ങാന്‍ തക്ക ശാരിരിക സ്ഥിതി ഇല്ലാത്തതിനാല്‍ ഗബ്രിച്ചായന്‍ കത്തെഴുതി കൊടുത്തയച്ചതായിരുന്നു.

അമ്മച്ചിയെ പോലെ കെടാന്‍ സ്വതവേ ബോധം ഇല്ലാത്തതുകൊണ്ടും, സമയമില്ലാത്തതുകൊണ്ടും ജെയിംസ്‌ നേരെ ട്രാവല്സിലേക്കോടി..., മടക്ക ടിക്കറ്റ്‌ കണ്‍ഫേം ചെയ്യാന്‍.

Wednesday, 6 May 2009

ഉത്സവക്കാഴ്ചകള്‍

വെയിലിന് ചൂടേറിവരുന്നു... എന്തൊരു തീഷ്ണതയാണ് ഇന്ന് വെയിലിന്.. ചൂട് സഹിക്കാന്‍ പറ്റുന്നില്ല. രാവിലെ മുതല്‍ നില്‍ക്കാന് തുടങ്ങിയതാണ്‌.., കാലുകള്‍ കഴയ്ക്കുന്നു.. ശരീരഭാരം കാലുകളില്‍ ഇടവിട്ട് ക്രമീകരിച്ച് ആശ്വാസം കാണാന്‍ ശ്രമിക്കുകയായിരുന്നു ഇതുവരെ. താല്‍ക്കാലികമായി ഒരല്‍പം ആശ്വാസം കിട്ടും, വീണ്ടും പഴയതുപോലെ തന്നെ.

വേദന കൂടുന്നു, കാലിലെ വൃണം പഴുത്തിരിക്കുന്നു.. ഉണങ്ങുമ്പോഴേക്കും ചങ്ങല ഉരഞ്ഞു പിന്നെയും പഴുക്കും. ഇപ്പോള്‍ ചലവും ചോരയും കലര്‍ന്ന ഒരു ദ്രാവകം പുരത്തേക്കൊഴുകുന്നുണ്ട് .. പോരാത്തതിന് ചാരിവച്ച ഈ വടിയും... എന്തൊരു വേദന... ഇനി എത്രനേരം ഇങ്ങനെ നില്‍ക്കണമാവോ..?

നേരം ഉച്ചയായി.. കൊടും ചൂടിനാല്‍ പുറവും മേനിയും പൊള്ളുന്നു.. സഹിക്കാന്‍ പറ്റുന്നില്ല. ഉത്സവം കൊഴുക്കുകയാണ്, എന്തുമാത്രം ജനങ്ങളാണ് ഇവിടെ കൂടിയിരിക്കുന്നത്...?! എവിടുന്നാണാവോ ഇത്രയും ആളുകള്‍ എത്തിയത്.. ?!

മൈതാനം നിറഞ്ഞു കവിഞ്ഞിരിക്കുന്നു, ആഹ്ലാദഭരിതരായ ജനങ്ങള്‍ ഉത്സവക്കാഴ്ച്ചയില്‍ മുഴുകിയിരിക്കുന്നു. വിവിധതരം കളിപ്പാട്ടങ്ങളിലും വര്‍ണക്കാഴ്ച്ചകളിലും കുഞ്ഞുങ്ങളുടെ കണ്ണുകള്‍ ഉടക്കി. കൊച്ചുകുഞുങളില്‍ വല്ലാത്തൊരു കൌതുകവും ആഹ്ലാദവും കാണാം. ഉത്സവപ്പറമ്പിലെ വളക്കടകളില്‍ പെണ്ണുങ്ങളുടെ തിരക്കാണ്. അവര്‍ സ്നേഹപൂര്‍വ്വം തങ്ങളുടെ പ്രിയപ്പെട്ടവരോട് ഇഷ്ടസാധനങ്ങള്‍ക്കായി കൊഞ്ചുന്നു. കുറച്ച് ഉയര്‍ന്ന പ്രതലത്തില്‍ നില്‍ക്കുന്നതുകൊണ്ട് എല്ലാം കാണാം ഇവിടുന്നു.

കുറുമ്പിയും അങ്ങിനെയായിരുന്നു. ഇഷ്ട സാധ്യത്തിനായി അവള്‍ മുട്ടിയുരുമ്മും, ശിരസ്സ്‌ എന്ടെ മേനിയില്‍ ഉരസ്സി തന്നെ പ്രേമപൂര്‍വ്വം നിര്‍ബന്ധിക്കും. അവളുടെ ഓരോ ആഗ്രഹവും സധിപ്പിച്ചുകൊടുക്കുവാന്‍ തനിക്കെന്നും സന്തോഷമായിരുന്നു. എത്രയോ പട്ടയും കരിമ്പും അങ്ങനെ അവള്‍ക്കായി ഒടിച്ചു കൊടുത്തിട്ടുണ്ട്..

എത്ര സുന്ദരമായിരുന്നു ആ ദിനങ്ങള്‍.. ശാന്തസുന്ദരമായ അന്തരീക്ഷം ..പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മരങ്ങളുടെ ശീതളിമയില്‍ വേനലിന്റെ കാഠിന്യം ഒട്ടും അറിഞിരുന്നില്ല. .. ചുറ്റും പുരുഷാരമില്ല.. കാലില്‍ വിലങ്ങുകളില്ലാതെ സ്വച്ചന്ദ സഞ്ചാരം നടത്താം..ആകുലതകളില്ലാത്ത സ്വൈര വിഹാരം. ചിന്തകള്‍ കണ്ണ് നനയിച്ചു..

ശരീരത്തില്‍ പതിച്ച തണുത്തവെള്ളം പരസരബോധം ഉണര്‍ത്തി. വേനല്‍ ചൂടില്‍നിന്നും രക്ഷനേടാന്‍ പാപ്പാന്‍ വെള്ളം തളിച്ചതാണ്.. പൊള്ളുന്ന ചൂടില്‍നിന്നും ഒരിടക്കാലാശ്വാസം..പക്ഷേ അവ വളരെ പെട്ടന്ന് മരുഭുമിയില്‍ പതിച്ച മഴത്തുള്ളിപോലെ അപ്രത്യക്ഷമായി.

മുന്‍പില്‍ വാടിയ പട്ടയുണ്ട്. തനിക്ക് കഴിക്കാനായി കൊണ്ടിട്ടതാണ്. കഴിക്കാന്‍ തോന്നുന്നില്ല, അവയുടെ പുതുമ നഷ്ടപെട്ടിരിക്കുന്നു. താനിങ്ങനെയായിരുന്നില്ല, മരത്തില്‍ നിന്നും പൊട്ടിച്ചെടുത്തവ പുതുമയോടെ ഭക്ഷിച്ചിരുന്നപ്പോള്‍ കിട്ടിയിരുന്ന ആ സ്വാദ്‌ പിന്നീടൊരിക്കലും കിട്ടിയിട്ടില്ല.

അമ്മയുടെ സ്നേഹശാസനകള്‍ അനുസരിക്കാത്ത ഒരു ദിവസം കുസൃതികാട്ടി കൂട്ടം തെറ്റിയപ്പോള്‍.. പിന്നീട് മനുഷ്യനൊരുക്കിയ ചതിക്കുഴിയില്‍ വീണു സ്വന്തബന്ധങ്ങളില്‍ നിന്നു അകത്തപ്പെട്ടപ്പോള്‍ ...എല്ലാ സൌഭാഗ്യങ്ങളും അവസാനിച്ചു.

മേളം കൊഴുത്തു, തിങ്ങി നിറഞ്ഞ ജനങ്ങള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കുന്നു. ആലോസരമുളവാക്കുന്ന വല്ലാത്ത ശബ്ദം. ശക്തമായ കാറ്റില്‍ ഈറ്റകള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദം പോലെ. അതെ അതുതന്നെ.. കാട് പ്രക്ശുബ്ദമായിരിക്കുന്നു.. വല്ലാത്ത ശബ്ദങ്ങള്‍. ഈറ്റക്കാട്ടിനടുത്ത് അരുവിക്കരയില്‍ നില്‍ക്കുന്നത് കുറുമ്പിയല്ലേ..?! അവള്‍ തന്നെ തലയാട്ടി വിളിക്കുന്നുവോ..?!

ദേഹത്ത് വീണ്ടും തണുത്ത ജലം പതിക്കുന്നു... അത് കുറുമ്പിതന്നെയാണ്, തന്‍റെ മനോഹരമായ തുമ്പിയില്‍ വെള്ളം നിറച്ച് അവള്‍ തന്‍റെ നേരെ ചീറ്റുകയാണ്.

അവളുടെ കുസൃതി ഇന്നോടെ തീര്‍ക്കണം..അടുത്തേക്ക് ചെല്ലുകതന്നെ.. കാലുകള്‍ പതുക്കെ മുന്നോട്ടുവച്ചു നീങ്ങി... കാലില്‍ ചാരിനിര്‍ത്തിയിരുന്ന തോട്ടി താഴെ വീണു.... തന്‍റെ ചുറ്റിലും നിറയെ കുറ്റിച്ചെടികളും പൊന്തയും നിറഞ്ഞിരിക്കുന്നു. അവയെ മുന്‍കാലുകള്കൊണ്ടും തുമ്പിക്കൈ കൊണ്ടും വകഞ്ഞ് മാറ്റി മുന്നോട്ടു നീങ്ങി.. അവ കരയുന്നുവോ..?!

'ആന വിരണ്ടു' അവ നിലവിളിക്കുന്നതുപോലെ തോന്നി ഒരുനിമിഷം. ഇല്ല മുന്നോട്ടു പോകണം.. കുറുമ്പി അരുവിക്കരയില്‍ നിന്നും തടിച്ച ആഞ്ഞിലിമരത്തിന്റെ മറവുപറ്റി കാട്ടിനകത്തേക്ക് അതിവേഗം നടക്കുന്നു...
അവള്‍ തന്നെ കൊതിപ്പിക്കുകയാണ്, അവളെ പിടിക്കണം.. അവിടെ അമ്മയുടെ മറവില്‍ ഒളിച്ചിരിക്കുന്ന അവളെ വാലില്‍ പിടിച്ചു വലിക്കണം.. തുമ്പിക്കയ്യാല്‍ ചേര്‍ത്ത് മുട്ടിയുരുമ്മി നടക്കണം.

നടത്തം ഒന്നുകൂടി വേഗത്തിലാക്കി... പിന്നെ പതുക്കെ ഓടാന്‍ തുടങ്ങി.. ഉത്സവപ്പറമ്പിലെ ജനം പ്രാണഭയത്തല്‍ ഭയചിതരായി ചിതറിയോടി.

Saturday, 11 April 2009

അഭയാര്ത്തികള്‍

ഓഫീസിലെ സജീവ സാന്നിദ്യമാണ് ഹസ്സന്‍, രസികന്‍.. ഫലിതപ്രിയന്‍..
ചിരിച്ചും എല്ലാവരെയും ചിരിപ്പിച്ചും എപ്പോഴും സജീവമായിട്ട് ഞങ്ങള്‍ക്കിടയിലുണ്ടയാള്. നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്ന ഹസ്സന്‍ പലപ്പോഴും ഇന്ത്യക്കാരുടെ ഇംഗ്ലിഷിനെ അനുകരിച്ചു മറ്റുള്ളവരുടെ കയ്യടിവാങ്ങാറുണ്ട്. ആള്‍ക്കാരുടെ സംസാരരീതിയും നടപ്പും മറ്റും അയാള്‍ സമര്‍ത്ഥമായി അനുകരിക്കും. എല്ലാവരും അത് പരമാവധി ആസ്വധിക്കാറുമുണ്ട്.

ഫലസ്തീനില്‍ നിന്നും പലായനം ചെയ്തു കുവൈറ്റില്‍ കുടിയേറിയിരുന്ന കുടുംബത്തിലെ ഒരംഗമാണ് ഹസ്സന്‍, ബാല്യകാലം ചിലവഴിച്ചതും കുവൈറ്റില്‍ ആയിരുന്നു. കൗമാര പ്രായത്തില്‍ പഠനാവശ്യാര്‍ത്ഥം അമേരിക്കയില്‍ പോയ ഹസ്സന്‍ പിന്നീട് അവിടെ സ്ഥിരതാമസമാക്കി, പൌരത്വവും കരസ്ഥമാക്കി. താല്‍കാലിക കല്യാണം കഴിച്ചാണത്രേ പൌരത്വം ഒപ്പിച്ചത്, അവരോടുള്ള കരാറ് പ്രകാരം പിന്നീടതൊഴിവാക്കി.

കാലങ്ങള്‍ക്കു ശേഷം തന്‍റെ ഒരു നാട്ടുകാരിയെ തന്നെ ശരിക്കും കല്യാണം കഴിച്ചു. ഫലസ്തീന്‍കാരിയായ അവര്‍ക്ക് പക്ഷെ അമേരിക്കന്‍ പൌരത്വം നേടാന്‍ സാധിച്ചില്ല, അവര്‍ മറ്റൊരു അറബ് രാജ്യത്തിന്റെ ട്രാവല്‍ ഡോകുമെന്റ്സ്‌ പാസ്പോര്‍ട്ടിനു പകരമായി ഉപയോഗിക്കുന്നു, മറ്റുപലരെയും പോലെ.

കുടുംബജീവിതം അയാളുടെ പ്രാരാബ്ദങ്ങള്‍ അധികരിപ്പിച്ചു. നഗരത്തിന്‍റെ തിരക്കില്‍ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ അയാള്‍ പാടുപെട്ടു. തന്‍റെ കട പല പ്രാവശ്യം കൊള്ളയടിക്കപ്പെട്ടപ്പോള്‍ അക്രമിയുടെ തോക്കിന്‍ തുമ്പത്ത് സ്വന്തം ജീവനുവേണ്ടി യാചിക്കേണ്ടി വന്നപ്പോള്‍, അതും പലതവണ, അയാള്‍ക്ക് വീണ്ടും ഒരു പലായനത്തിനേ കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടി വന്നു. സംസ്കാരങ്ങളുടെ അന്തരവും, പടിഞ്ഞാറന്‍ ജീവിത രീതികളും, വളര്‍ന്നു വരുന്ന തന്‍റെ മക്കളും എല്ലാം അയാളില്‍ ഈ ചിന്തയ്ക്ക് വേഗത കൂട്ടിയിരിക്കാം.

പതിനെട്ടു വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ അയാള്‍ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ആദ്യമായി അയാളൊരു പൗരനായി എന്നതാണ്.. വിശാലമായ ഈ ഭുമിയില്‍ ജീവിക്കുമ്പോഴും ഭൂമിയുടെ അവകാശികളല്ലാത്ത, രാജ്യമില്ലാത്ത അനേകം മനുഷ്യരില്‍ നിന്നും ഒരു ഭാഗ്യശാലി.

ഇന്നയാള്‍ സനാഥനാണ്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്‍റെ പിന്‍ബലം. ചില രാജ്യങ്ങളിലെങ്കിലും അവര്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയില്‍ അയാള്‍ അഭിമാനം കൊള്ളുന്നു. പക്ഷെ, ജീവിതം ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു കടംകഥയാണ് അവര്‍ക്ക്. പ്രായമായ അച്ചനും അമ്മയും യമനില്‍ അഭയാര്‍ത്തികള്‍.., അവിടെ കല്യാണം കഴിച്ചയച്ച പെങ്ങള്‍.., കുവൈറ്റില്‍ അഭയം തേടിയ സഹോദരന്‍.., കിഴക്കന്‍ യൂറോപ്പില്‍ കുടിയേറിയ മറ്റൊരു സഹോദരന്‍...., ഹസ്സന്‍ സൗദിയിലും .. പരസ്പരം കണ്ടുമുട്ടാന്‍ കഴിയാത്ത സഹോദരങ്ങള്‍ .... ഫോണിലൂടെ മാത്രം അരക്കിട്ടുറപ്പിക്കുന്ന ബന്ധങ്ങള്‍..

വാര്‍ഷിക അവധിക്കാണ് മാതാപിതാക്കളെ കാണാന്‍ പോകുന്നത്. യമെനിലേക്ക് വിസ കിട്ടാനുള്ള ബദ്ധപ്പാടുകള്‍.... മറ്റൊരു അറബ് രാജ്യത്തിന്‍റെ യാത്രാ രേഖയുള്ള അയാളുടെ ഭാര്യക്ക്‌ വിസ ലഭിക്കാന്‍, പ്രത്യേകിച്ചും gcc രാജ്യങ്ങളിലേക്ക്, സാന്കേതികത്തിന്റെ ഒരുപാടു നൂലാമാലകള്‍. നിലവിലുള്ള അഭയാര്‍ത്തികളെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതലാളുകള്‍ വരുന്നതില്‍ gcc രാജ്യങ്ങളില്‍ നിബന്ധനകളുണ്ടത്രേ... അവര്‍ തിരിച്ചു പോയില്ലെങ്ങിലോ ..?

ഹസ്സന് ലീവ് ലഭിക്കുമ്പോള്‍ സഹോദരങ്ങള്‍ക്ക്‌ എത്താന്‍ കഴിയില്ല... ഒരു സഹോദരന്‍ വരുമ്പോള്‍ മറ്റയാള്‍ക്ക് വിസ കിട്ടില്ല...

'എല്ലാവരേയും ഒരുമിച്ചു കണ്ടിട്ട് വര്‍ഷങ്ങള് ഏറെയായി'. ജോലിക്കിടയിലെ ഇടവേളയിലോരിക്കല്‍ ഹസ്സന്‍ പറഞ്ഞു. 'ലോകത്ത് മറ്റൊരു സമൂഹത്തിനും ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കില്ല.!'

ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലാണ്. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങുന്നതിലും, മറ്റു യാത്ര സജ്ജീകരണങ്ങളിലുമായി അദ്ദേഹം മുഴികിയിരിക്കുകയാണ്. നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്ന സഹപ്രവര്‍ത്തകന്റെ ഉത്സാഹവും, മുഖത്തെ സന്തോഷവും കണ്ടു ഹസ്സന്‍ പറഞ്ഞു 'നിഞ്ഞള്‍ക്ക് പോകാനൊരിടമുണ്ട്, സ്വന്തം ഭുമിയുണ്ട്, നാടുണ്ട്, അവിടെ വീടുണ്ട്, കാത്തിരിക്കാന്‍ അവിടെ കുടുംബങ്ങളുണ്ട്..., ഞങ്ങള്‍ക്കോ...?! ഞങ്ങള്‍ എവിടെ പോകും..?!

സദാ മറ്റുള്ളവരെ തന്‍റെ വാക്ചാതുരിയാല്‍ ചിരിപ്പിക്കുന്ന അയാളുടെ മുഖം മേഘാവൃതമായ ആഘാശം പോലെ ഘനീഭവിച്ചു... കണ്ണുകളില്‍ ഒരു സമൂഹത്തിന്റെ ദശാബ്ദങ്ങളായുള്ള ദുരിതങ്ങളുടെ, വേദനകളുടെ പറഞ്ഞറിയിക്കാനാവാത്ത ഭാവം..

വെക്കേഷന്‍ അടുത്തുവരുന്നു.. മനസ്സു നാടിനെക്കുറിച്ചുള്ള ഓര്‍മകളില്‍ ആവേശം കൊള്ളുന്നു... നാട്ടില്‍ ചെല്ലണം.., മഴകാണണം.., തോട്ടിലും പുഴയില്ലും ഒന്നു മുങ്ങിക്കുളിക്കണം... മുണ്ട് മടക്കികുത്തി തൊടിയിലും പാടത്തും അലസമായി നടക്കണം.., വൈകുന്നേരങ്ങളില്‍ അങ്ങാടിയിലിറങ്ങി പഴയപോലെ കൂട്ട് കൂടണം ...രാത്രി കയ്യാല്‍ കുമ്പിളുകുത്തി മെഴുകുതിരി വിരലുകള്‍ക്കിടയില്‍ വെച്ചു ആ വെട്ടത്തില്‍ ഇടവഴിയിലൂടെ, ഇഴജന്തുക്കളെയും പൊട്ടിയെയും പേടിച്ചു തിരിച്ചു വീട്ടിലേക്ക് പോകണം...

മാസങ്ങള്‍ ബാക്കിയുണ്ട് എങ്കിലും ആ പ്രതീക്ഷകള്‍ ഒരു പ്രത്യേക ഊര്ജ്ജം തരുന്നു...

അപ്പോഴും ഹൃദയത്തിന്റെ അടിത്തട്ടില്‍ ഹസ്സന്റെ ചോദ്യം ഒരു വിങ്ങലായി അവശേഷിക്കുന്നു... എനിക്കുത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യം......."ഞങ്ങള്‍ എവിടെ പോകും..?!