Thursday, 28 January 2010
ഇനിയെന്ത്..?!
Tuesday, 19 January 2010
ആണ്ടറുതി - ഒന്നായതിന്റെ ഓര്മ്മ
ബ്ലോഗിനെ കുറിച്ച് കേട്ടറിവ് മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. അവിടെവിടെ ആയി വായിച്ചറിഞ്ഞ വിവരങ്ങള്. എന്റെ പരിചയക്കാരിലോ സഹപ്രവര്ത്തകരിലോ ഇത്തരം ഒരസുഖം ഉള്ളവരായിട്ടു ആരുമില്ല. അമിതാബ് ബച്ചന് ബ്ലോഗ് തുടങ്ങി..! ആമിര് ഖാന് ബ്ലോഗ് തുടങ്ങി..! മമ്മൂട്ടിയും ബ്ലോഗു തുടങ്ങി..! എന്നെല്ലാം ഉള്ള വാര്ത്തകള് കണ്ടപ്പോള് എന്തുകൊണ്ട് നമ്മള്ക്കും ഒരു കൈ നോക്കിക്കൂട എന്ന് ഒരു തോന്നല്, ഞങ്ങള് ഒരേ ലെവലിലുള്ളവരാണല്ലോ!. ഉടനെ ചാടി പുറപ്പെട്ടു ചില ബ്ലോഗുകളിലൊക്കെ കേറിയിറങ്ങി. കേട്ടറിഞ്ഞ പ്രസിദ്ധമായ കൊടകര വിശേഷം ഏതാണ്ട് എല്ലാം വായിച്ചു, അതെന്നെ വീണ്ടും ഉന്മത്തനാക്കി, വെറുതെ വ്യമോഹിപ്പിച്ചു..
കമ്പ്യൂട്ടറില് ഉള്ള ഒരു താല്പ്പര്യം വച്ച്, ഗൂഗിള് സര്ച്ചിന്റെ സഹായത്തോടെ മലയാളം ബ്ലോഗിങ്ങ് എന്താണെന്ന് ഏതാണ്ട് മനസ്സിലാക്കി ഒറ്റ തുടക്കം. ഒരു ധാരണയും ഇല്ലാത്ത ഒരുവന്റെ ബ്ലോഗിന്റെ ബാലാരിഷ്ടതകള് എല്ലാം വേണ്ടുവോളം സമ്മേളിച്ച ഒരു സാധനം അങ്ങനെ 2009 ജനുവരി 19നു പിറവികൊണ്ടു..!
അന്തരീക്ഷം കിടുങ്ങും, ലോകം ഞെട്ടി വിറക്കും, സര്വ്വ ജീവജാലകങ്ങളും നിശ്ചലമാകും, ഇനി മുതല് എല്ലാ ബ്ലോഗ്ഗര്മാരും ഇതിലേ വരും ഇത്യാതിയുള്ള എന്റെ വന് പ്രതീക്ഷകള് തുടക്കത്തില് തന്നെ പാളി. ആരും എത്തിനോക്കിയില്ല..!
ദിവസങ്ങള് കടന്നു പോയി, കൃത്യം 10 ദിവസങ്ങള്ക്കുശേഷം വരണ്ട എന്റെ ബ്ലോഗില് ഷിനോ എന്ന ബ്ലോഗറുടെ ആദ്യ കമന്റ് ഒരു കുളിര്മഴയായി പെയ്തിറങ്ങി. അദ്ദേഹത്തിന്റെ വാക്കുകള് നല്കിയ ഊര്ജ്ജം വീണ്ടും ബ്ലോഗുതെണ്ടി പോകാന് പ്രേരണ നല്കി, വിട്ടു കൊടുക്കാന് പറ്റില്ലല്ലോ.
അങ്ങനെ തപ്പിപ്പിടിച്ചു ജിദ്ദ മലയാളം ബ്ലോഗേഴ്സ് എന്ന കൂട്ടായ്മ കണ്ടെത്തി. ഒരു ചെറു സംഘം, വിഭവങ്ങള് വളരെ കുറവാണെങ്കിലും അവിടെ ഞാന് ആദ്യമായി ഫോളോവര് ആയി. മെമ്പര്മാരുടെ ലിങ്കില് ക്ലിക്കി എന്റെ സാന്നിധ്യം അറിയിച്ചു, കൂട്ടത്തില് നരിക്കുന്നന്റെ ബ്ലോഗിലും എത്തി, ഉപദേശങ്ങള് ആവശ്യപ്പെട്ടു. കാരുണ്യവാനായ നരികുന്നന് വന്നു, നല്ല വാക്കുകള് പറഞ്ഞു, ചില നല്ല നിര്ദേശങ്ങളും. 'ഈ ബ്ലോഗിനെ എന്തേ അഗ്ഗ്രിഗേറ്റര് കാണാതെ പോയി' എന്ന നരികുന്നന്റെ വാക്കുകളാണ്, ഇവിടെ ഇങ്ങനെ ഒരു സംഭവം കൂടിയുണ്ട് എന്ന് എനിക്ക് മനസ്സിലാക്കിത്തന്നത്, അതായിരുന്നു ബ്ലോഗിലെ ഈ വരള്ച്ചക്ക് കാരണമെന്നും. പിന്നെ താമസിച്ചില്ല ഈ ഒരു ID യും പിടിച്ചു അറിയാവുന്ന എല്ലാ വാതിലുകളും മുട്ടി, മുട്ടിയെടത്തൊക്കെ ദയവോടെ പരിഗണനയും കിട്ടി.
തോന്ന്യശ്രമത്തിലും, ആല്ത്തറയിലും കയറിയിറങ്ങി, ഗ്യാലറിയിലിരുന്നു കളികണ്ടു. വഴക്കോടന്റെ കമന്റില് നിന്നും പ്രചോദനം ഉള്കൊണ്ട് ആശ്രമത്തിലെ ചില കളികളില് പങ്കു കൊണ്ടു (റിയാലിറ്റി കഥാ മത്സരം). പ്രതിഭ തീരെ കുറഞ്ഞ എന്നെപ്പോലുള്ളവര്ക്ക് അതൊരു നല്ല കളരി തന്നെ ആയിരുന്നു.
ഇന്നിപ്പോള് എന്നെയും രണ്ടു മൂന്ന് ബ്ലോഗ്ഗര്മാരൊക്കെ അറിയും എന്ന് തോന്നുന്നു, ഗൂഗിളിനു സ്തുതി, ഒപ്പം മലയാളം ബ്ലോഗ്ഗേര്സിനും.
ആദ്യം കൂട്ടുകൂടിയ ശിവ, പതിവായി വരാറുള്ള കുമാരന്, ശ്രീ തുടങ്ങിയവരെ ഈ അവസരത്തില് പ്രത്യേകം പരാമര്ശിക്കാന് ഞാന് ഉദ്ദേശിക്കുന്നു. ഇവിടെ വന്നതുകൊണ്ടു മാത്രമല്ല. ഏതൊരു ബ്ലോഗിലും അവരുടെ സാന്നിധ്യം കാണാന് കഴിയും. തുടക്കക്കാര്ക്കും അല്ലാത്തവര്ക്കും അവരുടെ സാമീപ്യം നല്കുന്ന ഊര്ജ്ജം, വാക്കുകളില് നിന്നും കിട്ടുന്ന പ്രോത്സാഹനം അത് വാക്കുകള്ക്ക് അതീതമാണ്.
എല്ലാവരോടും നന്ദി പറയുന്നു, വന്നവരോടും മിണ്ടിയവരോടും, ഒന്നും മിണ്ടാതെ വീക്ഷിച്ചവരോടും, ഒരുപാട് ഒരുപാട് നന്ദികള്.
ബ്ലോഗു തുടങ്ങിയ കാര്യം ഇവിടെ ആദ്യമായി അറിയിച്ചത് ഭാര്യയെ തന്നെ ആയിരുന്നു, ഇത് കൊള്ളാമല്ലോ എന്ന വാമഭാഗത്തിന്റെ പ്രോത്സാഹനം, പിന്നെ പേര് ചീത്തയാക്കണ്ട എന്ന് കരുതി നാട്ടുകാരില് നിന്നും മറച്ചുവച്ചിരുന്ന ഈ പരിപാടി നല്ല പാതിയുടെ ശ്രമഫലമായി ചിലരൊക്കെ അറിഞ്ഞു, പെണ്ണല്ലേ!. അവളോടുള്ള നന്ദി പറഞ്ഞു തീര്ക്കാന് പറ്റില്ലല്ലോ, അതവിടെ തന്നെ നില്ക്കട്ടെ.
ഒരുപാട് കാര്യങ്ങള് അറിഞ്ഞു, നിന്ന് പോയിരുന്ന വായന വീണ്ടും കൂടി, ഒരിക്കല്പോലും കാണാത്ത കുറെ നല്ല ആള്ക്കാരുമായുള്ള ചങ്ങാത്തം, നേട്ടങ്ങള് മാത്രമേയുള്ളൂ. ഇവിടെ വന്നില്ലെങ്കില് വലിയ നഷ്ടമായേനെ.
ഒരവകാശ വാദവുമില്ല, ഇപ്പോഴും മെച്ചപ്പെട്ടു എന്ന് പറയുന്നില്ല, പഠിച്ചു വരുന്നതെ ഉള്ളൂ, പഠിച്ചോളും തല്ലരുത്..!
ഇതോടൊപ്പം ഒരു ചെറിയ പെട്ടിക്കട കൂടെ തുറന്നു വച്ചിട്ടുണ്ട്, ആളുകള് വരുമായിരിക്കും അല്ലേ.
എന്തായാലും കമ്പനി വളരുകയാണ്...!!
Monday, 11 January 2010
എന്റെ ഭാഗ്യാന്വേഷണ യാത്ര.
ഒന്ന് മയങ്ങാം എന്ന് കരുതി ബെഡ്ഡില് മലര്ന്നു കിടക്കുകയാണ് ഞാന്, ഇടക്കെപ്പോഴോ അവള് പറയുന്നത് കേട്ടു "ഇവിടൊരാള്ക്ക് (ഈ രണ്ടുമുറി ഫ്ലാറ്റില് വേറെ കുറേ ആളുകളുണ്ടായിട്ടല്ല, അങ്ങനെ ആണല്ലോ അതിന്റെ ഒരു രീതി) ഇപ്പോ എപ്പളും നാട്ടുക്ക് പോണം ന്ന വിചാരം മാത്രേ ഉള്ളൂ, എപ്പളും പറയും കൊറേ കാലായി വന്നിട്ട്, ഞ്ഞി നാട്ടില് പോയി നിക്കണം എന്ന്".
അത് സത്യം, നാട്ടില് പോകണം, സെറ്റിലാകണം തുടങ്ങിയ ചിന്തകള് വല്ലാതെ പിന്തുടരുന്നു. എന്റെ പ്രവാസ ജീവിതം തുടങ്ങിയിട്ട് ഡിസംബര് 29 നു പത്തൊന്പത് വര്ഷതമായി. ആയുസ്സിന്റെ ഒരു നല്ല ഭാഗം, ഇവിടെ കഴിഞ്ഞു. നീണ്ട പത്തൊന്പതു വര്ഷങ്ങള്.
ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങിയ കാലം, എല്ലാ ശരാശരി അഭ്യസ്തവിദ്യരെയും പോലെ എന്റെ മുന്നിലും ആ ചോദ്യം അവതരിച്ചു. ഇനിയെന്ത് ?! നാട്ടില് ശ്രമിച്ചാല് ചിലപ്പോള് ജോലി എന്തെങ്കിലും കിട്ടുമായിരിക്കും. പക്ഷെ അത് കൊണ്ട് തികയില്ല എന്നില് അര്പ്പിക്കപ്പെട്ട പ്രതീക്ഷകള്. മൂത്തപുത്രന്റെ സ്വാഭാവികമായ കുടുംബനാഥ സ്ഥാനാരോഹണസമയം അതിക്ക്രമിച്ചുകഴിഞ്ഞിരുന്നു.
ഞാന് വലുതായാല്, പഠിച്ചു പാസായാല് ഉടനെ ജോലിയാകും, പിന്നെ എല്ലാം ശരിയാകും എന്ന വേണ്ടപ്പെട്ടവരുടെ പ്രതീക്ഷകള്, പ്രാര്ത്ഥനകള്. പിന്നെ താമസിച്ചില്ല ജിദ്ധയിലുള്ള അമ്മാവന് കത്തെഴുതി, എനിക്കും വേണം ഒരു വിസ..!!. കാര്യങ്ങള് അറിയാവുന്നത് കൊണ്ട് എന്നെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല. അമ്മാവനും എളാപ്പയും കൂടി വിസക്ക് വേണ്ട ഏര്പ്പാടുകള് ചെയ്തു.
ഏറെ താമാസിച്ചില്ല വിസ വന്നു, ഉടനെ മെഡിക്കലിനു പോകണം, കൂട്ടുകാരന്നായ ട്രാവല് ഏജണ്ട് അറിയിച്ചു. അതിനായി കോഴിക്കോട് പോകണം, മെഡിക്കലിനും യാത്രക്കുമുള്ള പൈസ എന്റെ ഓട്ടക്കീശയിലില്ല, എന്ത് ചെയ്യും എന്നായി അടുത്ത പ്രശ്നം. ഇളയ അമ്മായി പണ്ടം പണയം വെക്കാന് തന്നു അക്കാര്യം പരിഹരിച്ചു.
കേട്ടറിവ് മാത്രമായത് കൊണ്ട് മെഡിക്കല് എന്നാല് എന്തോ ഭയങ്കര സംഗതിയാണെന്നാണ് കരിതിയിരുന്നത്. മെയിന് ഡോക്ടര് അകത്തു മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് എന്നെ പറഞ്ഞയച്ചു. അസിസ്റ്റന്റ് ഡോക്ടര് അത്യാവശ്യം കുഴലുവച്ചു നോക്കി, പിന്നെ ശരീരത്തിലെ ചില സംഗതികളൊക്കെ ഓക്കെ ആണോ എന്ന് കൈകൊണ്ടു പരിശോധിച്ചു. പോരാന് നേരത്ത് അയാള് പിച്ചക്കാരെ പോലെ കൈനീട്ടിക്കൊണ്ട് ചോദിച്ചു, ‘ഇനി എനിക്കെന്തെങ്കിലും?!’. അതെനിക്കൊരു പുതിയ അറിവായിരുന്നു. ഉന്നതരിലും അത്ര ഔന്നത്യം ഇല്ലാത്തവരുമുണ്ട്!.
കയ്യിലുണ്ടായിരുന്ന 20 രൂപ അയാള്ക്ക് കൊടുത്ത് അവിടെ നിന്ന് പോന്നു, കയ്യില് സീലുവെച്ച മെഡിക്കല് റിപ്പോര്ട്ടുമായി.
അങ്ങനെ ഡിസംബര് 24 നു ഒരു ചെറിയ ബാഗും വലിയ പ്രതീക്ഷകളും വഴിച്ചിലവിനു കുറച്ചു നേന്ത്രപ്പഴവുമായി മേലാറ്റൂരില് നിന്നും ബസ്സില് കോഴിക്കോട്ടേക്കും, അവിടുന്ന് ട്രെയിനില് ഇതുവരെ കാണാത്ത വടക്കെന് കേരളം താണ്ടി മങ്ങലാപുരത്തേക്കും, അവിടുന്ന് വീണ്ടും ബസ്സില് നീണ്ട യാത്രക്കൊടുവില് മഹാനഗരമായ ബോംബയില് എത്തി.
എന്നെപോലെതന്നെ മുന് യാത്രാ പരിചയമില്ലാത്ത ഹംസ എന്ന നാട്ടുക്കാരനും ബോംബയില് മറ്റൊരു വഴിക്ക് പിരിഞ്ഞു. ഇടുങ്ങിയ റൂമിലെ നാല് ദിവസത്തെ ആ ജീവിതത്തില് വളരെ യാദ്രിശ്ചികമായിട്ടാണ് എന്റെ കൂട്ടുകാരന് വാഹിദിനെ അവിടെ വച്ച് കണ്ടത്. എന്നെ പോലെതന്നെ ഗള്ഫില് പോകാനായി വന്നതാണ് അവനും. സ്വന്തം റൂമിലെ കക്കൂസില് നിന്നും ബാഗുമായി ഇറങ്ങിവരുന്ന രൂപത്തിലാണ് അവനെ ആദ്യമായി കാണുന്നത് (ബാഗ് മോഷണം പോകാതിരിക്കാന് അതുമായിട്ടു കേറിയതായിരുന്നത്രേ അവന്). അപരിചിത നഗരത്തില് പരസ്പരം കണ്ടപ്പോള് ഞങ്ങള്ക്കുണ്ടായ സന്തോഷവും ആശ്വാസവും അനിര്വചനീയമായിരുന്നു.
പിന്നീടുള്ള കറക്കം ഞങ്ങള് ഒന്നിച്ചായിരുന്നു, ചിലസ്ഥലങ്ങളൊക്കെ കണ്ടു, കൂട്ടത്തില് പ്രധാനപ്പെട്ട സ്ഥലം, നാട്ടില് പല കഥകളിലും പലവട്ടം കേട്ട ആ പേരുകേട്ട ചുവന്ന തെരുവായിരുന്നു (വെറുതേ കാണാന് മാത്രം, എങ്ങിനെയിരിക്കും ഈ സ്ഥലം എന്നറിയാന്, അല്ലാതെ...ഛെ. ചിന്തിച്ചു കാട് കയറരുത്)
ഒരു ഗോള്ഫ് ഗ്രൌണ്ട് പോലെ പച്ചപിടിച്ച താഴ്വരകളും, തടാകങ്ങളും, ശീതളിമയും നിറഞ്ഞ ഒരു ചിത്രമായിരുന്നു എന്റെ മനസ്സില് കാണാത്ത ഗള്ഫ്. പക്ഷെ...
എന്നാലും .. നിറയെ തെരുവുവിളക്കുകളാല് ശോഭിച്ചു നില്ക്കുന്ന, വലിയ വലിയ കെട്ടിടങ്ങളുള്ള, കള്ളി വരച്ചതുപോലെ വടിവൊത്ത റോഡുകളുള്ള, അതില് നിറയെ പല നിറത്തിലും വലിപ്പത്തിലും ഓടുന്ന വാഹനങ്ങലുള്ള, നാട്ടിലെപോലെ ബസ്സുകളോ കാല്നടക്കാരെയോ കാണാത്ത നഗരം ഒരു കൌതുക കാഴ്ച തന്നെയായിരുന്നു.
അതിനു ശേഷം ഭൂമി സ്വന്തം നിലക്കു പലപ്രാവശ്യം കറങ്ങി, അല്ലാതെ ചുറ്റിക്കറങ്ങി 19 തവണ വളരെ വേഗതയില്,
ഇക്കാലയളവില് രണ്ടുകൊല്ലം കൂടുമ്പോള് 45 ദിവസത്തെ ലീവിന് നാട്ടില്പോകുന്ന നമ്മുടെ അവസ്ഥ അനുഭവിക്കുന്നവര്ക്കേ അറിയൂ. നാട് തികച്ചും അന്യമായി, അല്ലെങ്കില് പരിചിതരുടെ ഇടയില് അന്യനെപ്പോലെ എണ്ണപ്പെട്ട ദിനങ്ങള്.
പലരും നിര്ത്തിപ്പോയി, ചിലരൊക്കെ പരാജയപ്പെട്ടു തിരിച്ചു വന്നു, എങ്കിലും....നാട് കാണാന്, മഴ കാണാന്, ഒന്നു മുങ്ങിക്കുളിക്കാന് ഒക്കെയുള്ള മനസ്സിലെ ആശ അടയ്ക്കാനാവുന്നില്ല, ഇനി എന്നാണാവോ ...
“അതാണ് ഞാനും പറീണത് ഇന്നാലും ഇത്രേം കാലം കുടുംബം നോക്കീല്ലേ, വീടും വച്ചു, ഇത്ര നിരാശപ്പെടാനുണ്ടോ, അതും ഇല്ലാത്തവര് എത്രയുണ്ട്’ അവളുടെ ഫോണ് വിളി അവസാനിച്ചിട്ടില്ല,
ഇവളിന്നു STC ക്കാരെക്കൊണ്ട് എന്നെ തല്ലുകൊള്ളിക്കും.
Thursday, 24 December 2009
Thursday, 12 November 2009
രായിന്കുട്ടി നീയും ..?!
നാട്ടിലെ വിശേഷങ്ങള് അറിയാനുള്ള ആഗ്രഹം കൊണ്ട് മലയാള പത്രങ്ങളാണ് ആദ്യം നോക്കാറ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള് അതിന്റെ പരമ്മ്യതയില് എത്തി നില്ക്കുകയാണല്ലോ, കണ്ണൂരിലെ കുട്ടി വീണ്ടും അത്ഭുതം കാട്ടുമോ അതോ ചെയ്ത പണിയൊക്കെ ആക്രാന്തമായി പോകുമോ തുടങ്ങിയ ആകാംശകള് കൊണ്ട് ഒരു അരാഷ്ട്രീയവാദിയല്ലാത്ത രായിന്കുട്ടി ആര്ത്തിയോടെ സര്ഫ് ചെയ്തു കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് മറ്റു പത്രങ്ങളുടെ സൈറ്റില് കയറിയിറങ്ങി അവസാനം പ്രശസ്തമായ ഈ പത്രത്തില് എത്തിയത്. ഏതൊക്കെ എന്തൊക്കെ വായിച്ചാലും ഇതുംകൂടെ വായിച്ചില്ലെങ്കില് വായന പൂര്ണമാകില്ല എന്ന അവസ്ഥയില് സാമാന്യ വായനക്കാരെ കൊണ്ടെത്തിച്ച പേരും പ്രചാരവും ഉള്ള പത്രം.
വായനയില് മുഴുകിയതുകൊണ്ട് പിന്നില് സഹപ്രവര്ത്തകനായ അറബി വന്നുനിന്നത് രായിന്കുട്ടി അത്ര ഗൌനിച്ചില്ല. മറയ്കാണോ ഒളിക്കാനോ ഒന്നുമില്ലാത്തത് കൊണ്ട് വായന തുടര്ന്നു. കാശില്ലാത്തവന് ഇറച്ചിക്ക് വന്നതുപോലെ കുറച്ചു നേരം നോക്കിനിന്നശേഷം അവന് പോയികൊള്ളും എന്നാണു കരുതിയത്.
"നീ എന്താണീനോക്കുന്നത്" അവന്റെ ശബ്ദത്തിലെ ഫ്രീകെന്സി മാറ്റം ശ്രദ്ധിച്ച രായിന്കുട്ടി സ്ക്രീനില് നിന്നും കണ്ണുയര്ത്തി മറുപടി കൊടുത്തു, "ന്യൂസ് പേപ്പര്".
"ഇതാണോ ന്യൂസ് പേപ്പര്?" അവന് സ്ക്രീനിലേക്ക് വിരല് ചൂണ്ടി.
അവന് ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോള് രായിന്കുട്ടിയുടെ ഉള്ളൊന്നു കിടുങ്ങി.
ഒരു നിസാര പരസ്യം. പക്ഷെ അതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രമാണ് പ്രശ്നം. ഏതാണ്ട് നഗ്നമായ ശരീരം പ്രദര്ശിപ്പിച്ചുകൊണ്ട് ശില്പ ഷെട്ടി പിസാ ഗോപുരം പോലെ അങ്ങനെ നീണ്ടു ചെരിഞ്ഞു നില്ക്കുന്നു. അരക്ക് മുകളില് ഒരു ചെറിയ കച്ച, പൊക്കിളിനു ഏതാണ്ട് ഒരൊന്നൊന്നര ഫര്ലോങ്ങ് താഴെ ഒരു കൊച്ചു കറുത്ത ഷെട്ടി (പിങ്കല്ല). അതും വലിച്ചു കീഴ്പോട്ടു താഴ്ത്തി നില്ക്കുന്ന പോസ്.
പോരാത്തതിന് മറ്റൊന്ന് ഇംഗ്ലീഷില്, അതിനര്ത്ഥം ഏതാണ്ടിങ്ങനെ "അറബി പെണ്ണുങ്ങളെ എങ്ങിനെ പാട്ടിലാക്കം"
"ഇത് അങ്ങനത്തെ സൈറ്റ് ഒന്നുമല്ല, വളരെ പ്രസിദ്ധമായ ഒരു പത്രമാണ്"
"ഐ നോ, ഐ നോ", ഇവനെ പറഞ്ഞു മനസ്സിലാക്കന് പാടുപെടേണ്ടി വരുമല്ലോ പടച്ചോനെ.
"നോക്ക് ഭായ് നൂറ്റാണ്ടിനുമേല് പാരമ്പര്യമുള്ള, ലോകത്ത് ഏറ്റവും കൂടുതല് ആള്ക്കാര് വായിക്കുന്ന മലയാള പത്രമാണിത്, അവര്ക്കിങ്ങനെ ഇക്കിളി വിറ്റു ജീവിക്കേണ്ട കാര്യമില്ല, പണവും പാരമ്പര്യവും ഇഷ്ടംപോലെയുള്ള കുടുംബം. അവരുടെ ഈ പത്രം സാംസ്കാരിക കേരളത്തിന്റെ മുന്നണിയില് നില്ക്കുന്നവരാണ്" രായിന്കുട്ടി ആവുന്നത്ര കിണഞ്ഞു പരിശ്രമിച്ചു തന്റെ നിഷ്കളങ്കത ബോധ്യപ്പെടുത്താന്.
"ബുദ്ധിമുട്ടണ്ട എനിക്കെല്ലാം മനസ്സിലായി" മലയാളം വായിക്കാനറിയാത്ത അറബി സുഹൃത്ത് ഏതാണ്ടൊക്കെ ഊഹിച്ച് ഉറപ്പിച്ച്, ചുണ്ടില് ഒരു വക്ക്രച്ചിരിയുമായി കാബിന് വിട്ടു പോയി.
തന്റെ മാനം കോണ്കോര്ഡ് വിമാനം കയറിപ്പോകുന്നത് കണ്ടു വിഷണ്ണനായി രായിന്കുട്ടി ഓര്ത്തു ഇവര്ക്കൊക്കെ മലയാളം പഠിച്ചാലെന്താ, എങ്കില് തന്റെ നിരപരാധിത്വം ബോധ്യമായേനെ.
പണ്ടാറടങ്ങാന് ഇനി ഇന്നൊന്നും വേണ്ട എന്നുകരുതി സൈറ്റ് ക്ലോസ് ചെയ്യാന് തിരിഞ്ഞപ്പോള് തൊട്ടുമുന്നില് ഇതാ കിടക്കുന്നു 'G സ്പോട്ടിന്റെ അനന്തസാധ്യതകള് വിവരിക്കുന്ന നെടുങ്കന് ലേഖനത്തിലേക്കുള്ള ഒരു മുട്ടന് ലിങ്ക്.
വേണ്ട അവന് മലയാളം പഠിക്കാത്തത് നന്നായി, ഒരു തരിയെങ്കിലും ബഹുമാനം അയാളില് ബാക്കിയുണ്ടെങ്കില് അതവിടെ തന്നെ നിന്നോട്ടെ!.
Friday, 24 July 2009
എങ്കിലും എന്റെ ചന്ദ്രികേ.....!!
മത്സരത്തിനു നല്കിയ കഥാ സന്ദര്ഭം!
ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്സ് ചായക്കടയില് കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന് നായരും, കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന് വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല." മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില് ഒരാളായ കേണല് ചന്ദ്രന് നായര് ചര്ച്ചയ്ക്ക് ചൂട് പകര്ന്നു. നാട്ടില് അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്” എന്ന പേരില് പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം. തന്നെ കാണാന് വരുന്ന ഭക്തജനങ്ങളുടെ പൂര്വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള് വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു. കേണല് നായര്ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില് പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്ത്തിയില് അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്ക്കുന്നതെന്നും അത് താന് വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല് ആ കൈവെട്ടുമെന്ന് ” എതിര്വാദവുമായി സുകുമാരന് രംഗത്തു വന്നു. എന്നാല് പട്ടണത്തില് സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന് തടിവെട്ടുന്ന സന്ദര്ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്, കേണല് മരം മുറിക്കാനുള്ള ഏര്പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന് സുകുമാരനെ സഹായിക്കാന് എത്തിയത്. സിദ്ധന് ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന് വരിക്കപ്ലാവില് ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള് തടിവെട്ടാന് പുരോഗമനവാദികള് പോലും മുന്നോട്ട് വരാതെയായി. ഗള്ഫില് സുലൈമാനി ഓപ്പറേറ്റര് എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര് ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്. ഏത് കാര്യത്തിനും ഗള്ഫിനെ അനുകരിക്കാന് ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്ഫിലില്ലാത്ത ഒരേര്പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില് പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില് ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന് തന്നെ തറപറ്റിച്ചത് സിദ്ധന് ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര് പറയുമ്പോഴും, പരസ്യമായി അത് സമ്മതിക്കാന് തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്. തെങ്ങുകയറ്റക്കാരന് പാക്കരനും പിന്നെ ചായക്കടയോട് ചേര്ന്ന് തയ്യല്ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്. സിദ്ധന് പ്ലാവില് ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്, സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന് കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല
----
"കളിക്കുന്നത് സൂക്ഷിച്ചു വേണം, തീക്കളിയാണ്", കുഞ്ഞന് നായര് താക്കീതു ചെയ്തു.
"ഒരുപാടു ദൈവീകമായ കഴിവുകളൊക്കെ ഉണ്ടെന്നാണ് കേള്ക്കുന്നത്", ഇതിലൊക്കെ കുറച്ചു വിശ്വാസമുള്ള പാക്കരന് ആശങ്കപെട്ടു.
എങ്ങിനെ വിശ്വസിക്കാതിരിക്കും, കഴിഞ്ഞാഴ്ച നട്ടപ്പാതിര നേരത്ത് അയലത്തെ ചന്ദ്രിയുടെ വാതിലില് മുട്ടിയതും, അവളുടെ കെട്ട്യോന് കള്ളനാണെന്ന് കരുതി മുട്ടന് വടിയെടുത്തു മുതുകത്തടിച്ചതും, വീട്ടില് കള്ളന് കയറി എന്നാര്ത്തുകൊണ്ട് നാട്ടരെകൂട്ടിയതുമെല്ലാം നാലാളറിയും എങ്കിലും അന്ന് ജീവനും കൊണ്ടോടിയത് താനാണെന്ന് ചന്ദ്രികക്കും തനിക്കും മാത്രമെ അറിയൂ എന്നാണു കരുതിയിരുന്നത്. അതുപോലും തന്നെ കണ്ടമാത്രയില് മുഖത്ത് നോക്കി പറഞ്ഞ വെറ്റിലസിദ്ധനെ എങ്ങിനെ അവിശ്വസിക്കും...!
"ഇക്കാലത്ത് ഇത്തരം തട്ടിപ്പില് ആരെങ്കിലും വിശ്വസിക്കുമോ?" സഖാവ് ഗോപാലനിലെ പരഷ്കരണവാദി ഉണര്ന്നു. "എത്ര എണ്ണമാണ് ഇങ്ങനെ ഇപ്പോള് ഇറങ്ങിയിട്ടുള്ളത് !?"
"കഴിഞ്ഞ തിരഞ്ഞെടുപ്പില് എന്താണ് യഥാര്ഥത്തില് സംഭവിച്ചത് ?!" ഗള്ഫില്നിന്നും കേട്ടറിഞ്ഞ വാര്ത്തയുടെ നിജസ്ഥിതി അറിയാന് കുഞ്ഞഹമ്മദിന് ആകാംഷയായി.
"പോട്ടിപാളിസായി അല്ലാതെന്താ" ബേബിച്ചന് ഇടപെട്ടു.
അഭിമാനത്തിന് അടിയേറ്റ സഖാവ് രൂക്ഷമായി പ്രതികരിച്ചു "നിങ്ങളുടെ മുന്നണി അധികാരത്തിനു വേണ്ടി എത്ര നെറികെട്ട പണിയും ചെയ്യും എന്നതിന്റെ ഉദാഹരണമാണ് ഇത്തരക്കാരെ കൂട്ടുപിടിച്ചതിലൂടെ പുറത്തുവന്നത്".
"നിങ്ങള് ചെയ്തത്ര ഞങ്ങള് ചെയ്തിട്ടുണ്ടാകില്ല " ബേബിച്ചനിലെ രാഷ്ട്രീയക്കാരന് ഉണര്ന്നു. "ജനം നിങ്ങളെ നിഷ്കരുണം പുറംതള്ളി, അതംഗീകരിക്കുകയാണ് ആദ്യം വേണ്ടത്, അല്ലാതെ ആളെ മെക്കിട്ടുകേറുകയല്ല" ബേബിച്ചന് ദീര്ഘകാലം കുനിഞിരുന്നു പണിയെടുത്തകാരണം വളഞ്ഞുപോയ തന്റെ ശരീരം പണിപ്പെട്ടു പരമാവധി നിവര്ത്തി നെഞുവിരിക്കാന് വെറുതെ ശ്രമിച്ചു.
"ഇങ്ങനെയാണെങ്കില് ചര്ച്ച പുറത്താക്കേണ്ടി വരും", കടയില് രാഷ്ട്രീയം അനുവദിക്കാത്ത കുഞ്ഞന് നായര് ഇടപെട്ടു.
"ഇങ്ങനെ വഴക്കടിക്കാനാണോ നമ്മളിവിടെ കൂടിയിരിക്കുന്നത് ?, ഈ പ്രശ്നം എങ്ങിനെ മറികടക്കും എന്നതിനെക്കുറിച്ച് ചിന്തിക്ക്" കേണല് പ്ലാവിന്റെ കാര്യം വീണ്ടും എല്ലാവരെയും ഓര്മ്മിപ്പിച്ചു.
ചര്ച്ച തുടര്ന്നു, നേരം പാതിരയായി, കാര്യമായ ഒരു തീരുമാനത്തിലെത്താന് ഇനിയും അവര്ക്കായില്ല.
"എല്ലാര്ക്കും സുലൈമാനി ഞമ്മളെ വക" കുഞ്ഞഹമ്മദ് ദീര്ഘകാലത്തെ തന്റെ എക്സ്പീരിയന്സ് പുറത്തെടുക്കാന് തന്നെ തീരുമാനിച്ചു കൊണ്ടു കടയുടെ അടുക്കള ഭാഗത്തേക്ക് നീങ്ങി.
തന്റെ കടയിലെ പഞ്ചസാരയും, തേയിലയും മറ്റു സാമഗ്രികളും ഉപയോകിച്ചുണ്ടാകിയ ചായ തന്റെ നേരെ നീട്ടിയ കുഞ്ഞഹമ്മദിനെ തുറിപ്പിച്ചു നോക്കികൊണ്ട് കുഞ്ഞന് നായര് ചോദിച്ചു "ഇതാണോ ഞമ്മന്റെ വഹ..?"
"ആ തുണിയാരെന്കിലും മാറ്റിയാല് വെട്ടുന്ന കാര്യം ഞാനേറ്റു" പാക്കരന് ധൈര്യം സംഭരിച്ച് തന്റെ നിര്ദേശം മുന്നോട്ടു വച്ചു. പക്ഷെ ആര് തുണി നീക്കും, അതായി അടുത്ത പ്രശ്നം.
"വ്യാജ സിദ്ധന്മാരെ പരസ്യമായി എതിര്ത്ത് വോട്ടുചോദിച്ചവരല്ലേ നിങ്ങള്, സഖാവ് തന്നെ അതേല്ക്കട്ടെ" ശത്രുപക്ഷത്തെ കെണിയിലാക്കാനുള്ള സന്ദര്ഭം ബേബിച്ചന് വെറുതെ കളഞ്ഞില്ല.
"അതെ സഖാവാണ് അതിന് പറ്റിയ ആള്" കേണല് അത് പിന്താങ്ങി.
നിലപാടിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും പ്രശ്നമായത് കൊണ്ട് സഖാവ് വല്ലാത്തൊരു കുരുക്കിലകപ്പെട്ട അവസ്ഥയിലായി.
അവസാനം സഖാവ് അതേറ്റെടുത്തു.
പാതിരാ നേരമായത്കൊണ്ട് അപ്പോള്ത്തന്നെ കാര്യം നടത്താന് തീരുമാനിച്ചുക്കൊണ്ട് അവര് എല്ലാവരും കേണലിന്റെ പറമ്പിലേക്ക് നടന്നു. ഇടയ്ക്ക് പാക്കരന് വീട്ടില്കേറി കോടാലി എടുത്തു.
തടിച്ചു വീര്ത്ത വരിക്കപ്ലാവിന്റെ അരയില്കെട്ടിയ മഞ്ഞതുണി ഒരു കുസൃതിയോടെ സഖാവ് വലിച്ചഴിച്ചു. തന്റെ കൂട്ടുകാരുടെ മുമ്പില്, പ്രത്യേകിച്ചും ബേബിച്ചന്റെ മുമ്പില്, ഷൈന് ചെയ്യാനുള്ള ഒരസുലഭ മുഹൂര്ത്തമായിരുന്നു സഖാവിനത്.
ഉള്ഭയത്തോടെ കുറച്ചു മാറിനിന്ന എല്ലാവരും ആശ്വാസത്തോടെ പരസ്പരം തലകള് തപ്പിനോക്കി, ഇല്ല എല്ലാം യധാസ്ഥാനത്ത് തന്നെയുണ്ട്..!, ഒന്നും സംഭവിച്ചില്ലാ ....!!
വിറയ്ക്കുന്ന കാല്വെപ്പോടെ പാക്കരന് മുന്നോട്ടു നീങ്ങി. അവന്റെ നെഞ്ഞിടിപ്പ് മറ്റുള്ളവര്ക്ക് കേള്ക്കാവുന്നത്ര ഉച്ചത്തിലായി. നാവുകൊണ്ട് ചുണ്ട് നനച്ചു, കൈകള് കൊടാളിയില് മുറുക്കിപ്പിടിച്ചു, സര്വ്വശക്തിയുമെടുത്ത്, പാക്കരന് ആഞ്ഞുവെട്ടി....!!
വെട്ടിന്റെ ശക്തിയില്, പഴുത്തു പാകമായ ഒരു മുഴുത്ത ചക്ക ഞെട്ടറ്റു പാക്കരന്റെ തലയില് തന്നെ പതിച്ചു. ഇരുട്ടില് എന്താണ് സംഭവിക്കുന്നത് എന്ന് ആര്ക്കെങ്കിലും മനസ്സിലാകുന്നതിനു മുന്പ് പാക്കരന് ഒരലര്ച്ചയോടെ ജീവനും കൊണ്ടോടി, കൂടെ കൂട്ടുകാരും. കോടാലി അപ്പോഴും കൈവിട്ടിരുന്നില്ല.
കേണലിന്റെ പറമ്പിലെ ആള്ക്കുയരമുള്ള വേലികെട്ട് അവര് പുഷ്പം പോലെ ഹര്ഡില്സ് ചെയ്തു. സുകുമാരന്റെ പറമ്പും കഴിഞ്ഞു ഇടവഴിയിലൂടെ ഓടിയ പാക്കരന് ചന്ദ്രികയുടെ പറമ്പിലേക്ക് എടുത്തുചാടി, കൂടെ സംഘവും.
കൂട്ടത്തോടെ അടുത്തുവരുന്ന പാതപധനം കെട്ട് പരിഭ്രാന്തിയോടെ ആരോ ഒരാള് ചന്ദ്രികയുടെ വീടിന്റെ പുറംവ്വാതില് തുറന്നു പുറത്തുചാടി. കയ്യില് ഉയര്ത്തിയ കോടാലിയുമായി മുന്നില് പാക്കരനും പിന്നിലായി സംഘത്തിനേയും കണ്ട അയാള് ഉടുതുണി വാരിയെടുത്ത് തിരിഞ്ഞോടാന് ശ്രമിച്ചു, പക്ഷെ മുന്നിലെ കല്ലില്ത്തട്ടി മുഖമടച്ചു വീണു.
"എന്നെ കൊല്ലരുത് ഞാന് ഇവിടുംവിട്ടു പൊയ്കൊള്ളാം" അയാള് കൈകളുയര്ത്തി തന്നോടടുക്കുന്ന പാക്കരനോടും സംഘത്തിനോടുമായി യാചിച്ചു. അയാളുടെ അലര്ച്ചകേട്ട് പരസരബോധമുണ്ടായ പാക്കരന് നിന്നു.
ഓടിയെത്തിയ കൂട്ടുകാരും പാക്കരനും ആ മുഖം കണ്ടു ഞെട്ടി. അത് സിദ്ധനായിരുന്നു, വെറ്റിലസിദ്ധന്...!
"ഞാനിനി ആരേയും പറ്റിക്കില്ല, തെറ്റുപറ്റി, എന്നെ ഒന്നും ചെയ്യരുത്" അയാള് വീണ്ടും താന് ചെയ്ത തെറ്റുകള് ഏറ്റുപറഞ്ഞു കൊണ്ടുകരഞു.
പാക്കരന് തിരിഞ്ഞു പാതിചാരിയ ചന്ദ്രികയുടെ വീടിന്റെ പുറംവാതിലിലേക്ക് നോക്കി, അവിടെ അരണ്ട വെളിച്ചത്തില് ഇരുട്ടിലേക്ക് മറഞ്ഞ രൂപത്തെ നോക്കി അവന്റെ മനസ്സു പറഞ്ഞു "എങ്കിലും എന്റെ ചന്ദ്രികേ.....!!"
Tuesday, 23 June 2009
കൊതിച്ചതും വിധിച്ചതും
തോന്ന്യാശ്രമത്തില് (http://kappilan-entesamrajyam.blogspot.com/) നടക്കുന്ന റിയാലിറ്റി കഥാമത്സരത്തിന്റെ ഒന്നാം റൌണ്ടില് പ്രസിദ്ധീകരിച്ച എന്റെ ഒരു ‘സാഹസം’. അവിടെ പോകാത്തവര്ക്കു വേണ്ടി.... തുടര്ന്ന് വായിക്കുക
ജയിംസ് വാച്ചില് നോക്കി. 11മണി ആയിരിക്കുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ഗബ്രിച്ചായന് ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു. ഈ റിക്ഷായുടെ കുലുക്കത്തിലും ഇങ്ങേര്ക്കെങ്ങനെ ഉറങ്ങാന് കഴിയുന്നു?അല്ലെങ്കില് തന്നെ ടൌണില് ചായക്കടയില് നിന്ന് വലിച്ചുകേറ്റിയത് ചില്ലറ വല്ലതുമാണോ?കര്ത്താവേ, ബ്രോക്കറിങ് പ്രൊഫഷനായി ഏറ്റെടുക്കുന്നവര്ക്ക് നീ അപാര ദഹന ശക്തിയാണല്ലോ കൊടുക്കുന്നത്. ഈ പെണ്ണുകാണല് എന്ന കടമ്പ വല്ലാത്തതു തന്നെയാണ്. ക്യത്യമായി പറഞ്ഞാല് ഇത് 17 )മത്തേതാണ്. ഇതെങ്കിലും ഒന്ന് ശരിയായാല് മതിയാരുന്നു. ആദ്യമൊക്കെ പെണ്ണ് സുന്ദരി ആയിരിക്കണം, വിദ്യാഭ്യാസമുള്ളവളായിരിക്കണം, പിന്നെ മുടി ഉള്ളവളായിരിക്കണം ഇങ്ങനെ എത്രയെത്രഡിമാന്റുകളായിരുന്നു താന് ഓരോ മൂന്നാമന്മാരോടും പറഞ്ഞിരുന്നത്. മൂന്ന് മാസത്തെ ലീവ് ഉണ്ടല്ലോ, പതുക്കെയായലു തനിക്ക് യോജിച്ച ഒരുവളെ തന്നെ നല്ലപാതിയായി കിട്ടണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇപ്പോള് എല്ലാ ഡിമാന്റുകളും പിന് വലിച്ചിരിക്കുന്നു. മാമോദിസ മുങ്ങിയ ഒരു പെണ്ണ് അത്രയും മതി. അല്ലേല് ഈ അവധി തീരുന്നതിനു മുമ്പ് കല്യാണം നടന്നില്ലേല്? ഇനിയൊരു ലീവിന് 2 കൊല്ലം കാത്തിരിക്കണം. അപ്പോള് പ്രായം 36 . കര്ത്താവേ, ദുബായില് തന്റെ ഒപ്പം താമസിക്കുന്ന റഹ്മാന് പറയുന്നത് ജയിംസ് ഓര്ത്തു. "ഡാ എന്റെ മോള്ക്ക് 4 കൊല്ലം കൂടി കഴിഞ്ഞാല് നിക്കാഹ് ആലോചിക്കണം. ന്നാലും അനക്ക് അതിനു മുമ്പ് കല്യാണം നടക്കുമോ? റഹ്മാന് കുട്ടികാലത്ത് തന്റെ സഹപാഠിയായിരുന്നു.
ഇനി എങ്ങോട്ടാണ് പോകേണ്ടത്? നിങ്ങള് പറഞ്ഞ സ്കൂള് എത്തി. ഓട്ടോറിക്ഷാ ഡ്രൈവര് പിന്നോട്ട് തിരിഞ്ഞ് ചോദ്യമുയര്ത്തി. ജയിംസ് ഗബ്രിച്ചായനെ തട്ടി വിളിച്ചു.............................
"എന്തൊരു ഉറക്കമാ അച്ചായാ ഇത്?" എണീക്ക് ..
ങേഹ?
അമ്പരപ്പോടെ കണ്ണുതുറന്ന ഗബ്രിച്ചായന് കണ്ണുമിഴിച്ചു .. "ഇവിടുന്ന് ഇനി എങ്ങോട്ടാണ് പോകേണ്ടത്?" റിക്ഷക്കാരന് ചോദിച്ചു. വലത്തോട്ട് തിരിഞ്ഞുള്ള കല്ല് പതിച്ച റോഡിലൂടെ .. ഗബ്രിച്ചായന് വഴി പറഞ്ഞുകൊണ്ട് ഒന്നിളകിയിരുന്നു.
മുഴച്ചു നില്ക്കുന്ന നല്ല മുട്ടന് കല്ലുകള് പതിച്ച ഒരു കട്ടറോഡ് ആയിരുന്നു അത്. റോഡില് നോക്കി ഒരു നിമിഷം ഡ്രൈവര് ആലോചിച്ചു നിന്നു. .. 'ഇനി ഇവിടുന്നങോട്ട് പോകാന് പറ്റില്ല’ അയാള് നയം വ്യക്തമാക്കി.
ഓട്ടോക്കാരന് പണം കൊടുത്ത് അവര് ഇറങ്ങി നടക്കാന് തുടങ്ങി. എഴുന്നുനില്കുന്ന കരിങ്ങല്ലുകള് നിറഞ്ഞ ഒരു നാട്ടുപാത, കാലില് കല്ല് കുത്തിയിട്ട് നടക്കാന് പറ്റുന്നില്ല, വെയിലിന്റെ കാഠിന്യവും ദീര്ഘദൂരമായുള്ള നടത്തവും കാരണം അവിടെ എത്തിയപ്പോള് ആകെ വിയര്ത്തു കുളിച്ചിരുന്നു രണ്ടാളും..
ജയിംസിന് സങ്കടം സഹിക്കാന് പറ്റിയില്ല. എത്രമാത്രം മിനക്കെട്ടതാണ് രാവിലെ. പെണ്ണുകാണല് കുറേയായെന്കിലും, പരമാവധി സുന്ദരനാകാന് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടാണ് ഒരു കോലത്തില് നാലാളെ കൊണ്ടു അയ്യേ എന്ന് പറയിപ്പിക്കാത്ത പരുവത്തില് ഇങ്ങനെ ഒരുങിയത്.
'നീയിതു എന്നാ ഭാവിച്ചാ... നാട്ടില് വേറെയാരും പെണ്ണ് കാണാന് പോകത്തതുപോലെ.' അമ്മച്ചി അപ്പോഴേ ഉടക്കിയതാ. എടുത്ത പണിയൊക്കെ ഇപ്പോള് അക്ഷരാര്ത്ഥത്തില് കുളമായി. കൂട്ടത്തില് ഗബ്രിച്ചായനെ കൂടാതെ മറ്റാരെയും കൂട്ടാത്തതു തന്നെ പെണ്ണിന്റെ മനസ്സു കൂട്ടുകാരനെ കണ്ടു പതറരുത് എന്ന് കരിതിയിട്ടാണ്. ലീവാണെന്കില് തീരാറായി, ഇതും നടന്നില്ലകില്..?! ഈശോ ആലോചിക്കാന് കൂടി വയ്യ. ആകെയുള്ള ലീവ് പകുതിയും കഴിഞ്ഞു . ഇനിയിപ്പോ എല്ലാം ശരിയായാലും എത്ര ദിവസം ബാക്കിയുണ്ട്. ആലോചിച്ചു തല ചൂടായ ജെയിംസ് സ്വന്തം മുടിപിടിച്ചു വലിച്ചു.
'ഒരു മിനിട്ട് നില്കണേ..' കോളിംഗ് ബെല്ലടിക്കാനോങ്ങിയ ഗബ്രിച്ചായനോടായി ജെയിംസ് പറഞ്ഞു. എന്നിട്ട് തിടുക്കത്തില് കര്ചീഫ് എടുത്തു മുഖം മിനുക്കി, കര്ചീഫിന്റെ മടക്കില് കരുതിയ പൌഡര് ഏതായാലും ഉപകാരപ്പെട്ടു. തലയുടെ സൈഡിലുള്ള മുടി ചീകി നെറുകില് പറ്റിച്ചുകൊണ്ട് കഷണ്ടി മറക്കാന് ആവതു ശ്രമിച്ചു...
വീട്ടിനകത്ത് കയറിയ അവരെ പെണ്ണിന്റെ അപ്പന് സ്വീകരിച്ചിരുത്തി. കുറച്ചു മുതിര്ന്ന പെണ്ണിന്റെ അമ്മയാണെന്ന് തോന്നുന്ന ഒരു സ്ത്രീ എത്തിനോക്കി തല എണ്ണമെടുത്തു പോയി. പതിവുപോലെ ചായയും ബേക്കറി പലഹാരങ്ങളും നിരന്നു. ആദ്യമൊക്കെ പലഹാരങ്ങളോട് എന്ത് ആര്ത്തിയായിരുന്നു, പലതരത്തിലുള്ള എത്ര വിഭവങ്ങള് കഴിച്ചു. ഇപ്പോള് ഇതൊക്കെ നമ്മളെത്ര കണ്ടതാ ഇന്ന ഭാവത്തില് അവക്കുമുന്പില് കണ്ട്രോള് പോകാതെ സ്വയം പിടിച്ചുനില്ക്കാന് പഠിച്ചു.
'പെണ്ണിനെ വിളിക്കൂ..' മുന്നില് കൊണ്ടിട്ട സാധനങ്ങള് ഒട്ടൊന്നു ഒടുങ്ങിയപ്പോള് ഗബ്രിച്ചായന് പരിസരബോധം വീണ്ടെടുത്തു, കര്മ്മനിരതനായി.
പെണ്ണ് വന്നു വാതില് പടിയില് ചാരിനിന്നു. ഒറ്റ നോട്ടത്തില് ജെയിംസിനു അവളെ ബോധിച്ചു. കൊള്ളാം, അന്നക്കുട്ടി, അതാണവളുടെ പേര്, കാഴ്ചക്ക് കുഴപ്പമില്ല, സുന്ദരി.
"എന്നാല് നമുക്കങ്ങു പുറത്തിക്കിരിക്കാം അവരെന്തെന്കിലും മിണ്ടിപ്പറയട്ടെ .. " ഗബ്രിച്ചായനോട് ബഹുമാനം തോന്നുന്നു ഇപ്പോള്. തീറ്റിപ്പണ്ടമാണെങ്കിലും കാര്യഗൌരവമുണ്ട്. ചുരിങ്ങിയ സമയംകൊണ്ട് വേണ്ട കാര്യങ്ങളെല്ലാം മനസ്സിലാക്കി ജെയിംസ്. അല്ലെങ്കിലും എന്ത് മനസ്സിലാകാന്. വിക്ക്, ചട്ടുകാല്, ഇത്യാദി വൈകല്യങ്ങലുണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റ്, നാട്ടുനടപ്പ് ..പെണ്ണും നന്നായിട്ട് പെര്ഫോം ചെയ്തു. ടെസ്റ്റ് ഓക്കേ..എല്ലാവര്ക്കും സന്തോഷം
നിറഞ്ഞ മനസ്സോടെയാണ് ജെയിംസ് അവിടം വിട്ടത്, കാരണം അവര്ക്ക് ജെയിംസിനെയും ഇഷ്ടമായിരിക്കുന്നു..!. ഒരു മാന്ദ്യവും നാട്ടില് 'പേര്ഷ്യയുടെ' വെലകുറച്ചിട്ടില്ല എന്ന് ജെയിംസിനു മനസ്സിലായി.
നാളുകളായി മനസ്സില് കൊണ്ടുനടന്ന ഒരു വലിയ ആഗ്രഹം നടക്കാന് പോകുന്നു. ജയിംസ് എന്തെന്നില്ലാത്ത ഒരു അവസ്ഥയിലാണ്. മനസ്സു പിടിച്ചേടത്തു നില്ക്കുന്നില്ല .. ഒരു മായികലോകത്താണ് എപ്പോഴും. ഇനി ഏതായാലും റഹ്മാനൊന്നും തന്നെ കളിയാക്കില്ലല്ലോ. വിവാഹപ്രായം അതിക്രമിച്ച തന്നെ ഏതൊക്കെ തരത്തില് അവര് പീഢിപ്പിച്ചിട്ടുണ്ട്.. അന്നൊക്കെ തോന്നിയിരുന്നു നാട്ടില്ലേ രസികനായ മൊല്ലാക്ക പറയുമ്പോലെ 'ഒന്നു കെട്ടിയിട്ടു മരിച്ചാലും വേണ്ടില്ല' എന്ന്. .. ഇതൊന്നു കഴിഞ്ഞോട്ടെ എല്ലാറ്റിനും കണക്കു ചോദിക്കുന്നുണ്ട്.
കല്യാണത്തിന്റെ ഒരുക്കങ്ങള് എല്ലാം തകൃതിയായി നടക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഓടിനടന്നു ഓരോരോ കാര്യങ്ങള് നോക്കുന്നു...
ഓഡിറ്റോറിയം ബുക്ക് ചെയ്തു മടങ്ങിവരികയായിരുന്ന ജെയിംസ് വീട്ടില് പതിവില്ലാത്ത ഒരു മ്ലാനത കണ്ടു, കട്ടിലില് അമ്മച്ചി തളര്ന്നു കിടക്കുന്നു, പെങ്ങള് തലക്കരികിലായി ഇരുന്നു അമ്മച്ചിക്ക് വീശിക്കൊടുക്കുന്നു. ഓടി അകത്തുകയറിയ ജയിംസ് വര്ധിച്ച ഹൃദയമിടിപ്പോടെ കാര്യം തിരക്കി. ഒന്നും മിണ്ടാതെ പെങ്ങള് ഒരുകത്തെടുത്തു ജെയിംസിനു നേരെ നീട്ടി.
കത്തുവായിച്ച ജെയിംസിനു ലോകം തല കീഴായി മറിയുന്നതുപോലെ തോന്നി. ഗബ്രിച്ചായന്റെതായിരുന്നു ആ കത്ത്. അന്നക്കുട്ടിക്ക് വീട്ടികാരരിയാത്ത വേറെ ഒരു ലൈനുണ്ടായിരുന്നു എന്നും ഇന്നലെ രാത്രി അവര് രണ്ടാളും നാടുവിട്ടു എന്നും ചുരുക്കം.
നേരില് കണ്ടു വിവരം പറഞ്ഞാല് ജയിംസിന്റെ പ്രതികരണം താങ്ങാന് തക്ക ശാരിരിക സ്ഥിതി ഇല്ലാത്തതിനാല് ഗബ്രിച്ചായന് കത്തെഴുതി കൊടുത്തയച്ചതായിരുന്നു.
അമ്മച്ചിയെ പോലെ കെടാന് സ്വതവേ ബോധം ഇല്ലാത്തതുകൊണ്ടും, സമയമില്ലാത്തതുകൊണ്ടും ജെയിംസ് നേരെ ട്രാവല്സിലേക്കോടി..., മടക്ക ടിക്കറ്റ് കണ്ഫേം ചെയ്യാന്.


