Sunday 4 July, 2010

പാത

പാതവക്കത്ത് നിറയെ ഫലവൃക്ഷങ്ങളാണ്. സദാ ഇരുട്ടുവീണപോലെയാണ് നാട്, വെളിച്ചം തീരെയില്ല, വര്‍ധിച്ചുവരുന്ന വാഹനങ്ങള്‍ക്ക് വളവിലും തിരിവുകളിലും പരസ്പരം കാണാന്‍ പറ്റുന്നില്ല. അതുമൂലം അപകട സാധ്യത വര്‍ദ്ധിച്ചിരിക്കുന്നു.  ഇതിനൊക്കെ പുറമേ പഴങ്ങള്‍ വീണു വഴിയോരം മുഴുവന്‍ ഈച്ചയും പ്രാണികളും കൊണ്ട് വൃതികേടായിരിക്കുന്നു.
നാടിലെ മുതിര്‍ന്നവര്‍ കടുത്ത നിരാശയിലാണ്. മക്കളെ എത്ര വൃത്തിയില്‍ സ്കൂളിലേക്കയച്ചാലും തിരിച്ചു വരുന്നത് പാത വക്കത്തു നിലത്ത് വീണുകിടക്കുന്ന മാമ്പഴങ്ങളും ഞാവല്‍പ്പഴങ്ങളും മറ്റും പെറുക്കി തിന്ന് പല്ലിലും വായിലും അതിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളില്‍ അതിന്റെ കറകളുമായാണ്. അധ്യാപകരും സഹപാടികളും പരാതിപറയുന്നു. ഇതിനൊരു പ്രതിവിധി കണ്ടേതീരൂ. പല നിലക്കുള്ള ആലോചനകള്‍ നടന്നു, പല നിര്‍ദേശങ്ങളും വന്നു. അവസാനം എല്ലാവരും ഒരേ നിഗമനത്തിലെത്തി. മരങ്ങള്‍! അവ ഇല്ലാതാകണം എന്നാലേ നാട് വെടിപ്പാകൂ! അവയാണല്ലോ എല്ലാറ്റിന്റെയും മൂലകാരണം!
ഞങ്ങള്‍ ആഗ്രഹിച്ചപോലെ തന്നെ കുറച്ചു നാളുകള്‍ക്കുള്ളില്‍ നാട്ടുകാരെ സന്തോഷതിലാറാടിച്ചു കൊണ്ട് ആ വാര്‍ത്ത വന്നു. ഞങ്ങളുടെ പാത സ്റ്റേറ്റ്‌ ഹൈവേ ആകാന്‍ പോകുന്നു. മാത്രമല്ല എല്ലാ മരങ്ങളും മുറിച്ചു നീക്കി പാത വീതികൂട്ടും!. മുതിര്‍ന്നവര്‍ സന്തോഷത്താല്‍ നെടുവീര്‍പ്പിട്ടു. അവസാനം നാടിനു വികസനം വരാന്‍ പോകുന്നു, ഒപ്പം സല്‍പ്പേരും.
പി ഡബ്ല്യൂ ഡി ക്കാര് വന്നിട്ടുണ്ട്, നാട്ടില്‍ മരം മുറി തുടങ്ങിക്കഴിഞ്ഞു. സ്റ്റേറ്റ്‌ ഹൈവേ ആകാന്‍ പോകുന്ന റോഡില്‍ വികസനത്തിന് തടസ്സം നില്‍ക്കുന്ന ഞാവല്‍മരത്തിന്റെ  അന്ത്യകര്‍മ്മമാണ് ആദ്യം. വര്‍ഷങ്ങളായിട്ടു അതവിടെയുണ്ട്, തലമുറകള്‍ പലതിനും തന്‍റെ തണലും ഫലങ്ങളും നല്‍കി നിശ്ശബ്ദസേവനം നടത്തിപ്പോന്ന ഒരു മുത്തശ്ശിമരം.
അവധിക്കാലത്ത് അതിന്റെ ചുവട്ടില്‍ ഉല്‍സവപ്രതീതിയാണ്. ഞാവല്‍പ്പഴം പഴുക്കുന്ന കാലം. കാറ്റടിച്ചു വീഴുന്ന പഴങ്ങള്‍ പെറുക്കികൂട്ടാന്‍ കുട്ടികള്‍ കാത്തുനില്‍ക്കും. മണ്ണില്‍ വീണു ചതഞ്ഞ പഴം മേല്‍ഭാഗം മാറ്റി ബാക്കി പൂഴിയോടെ വായിലിട്ട്, ചുണ്ടും നാക്കും വയലറ്റ് നിറമാക്കി പരസ്പരം മത്സരിക്കാന്‍ എന്തുല്‍സാഹം. കുറച്ചു മുതിര്‍ന്നവര്‍ മരത്തില്‍ എന്തിവലിച്ചു കയറി വളരെ സാഹസികമായി പഴങ്ങള്‍ പറിച്ചു ഹീറോകളാകമ്പോള്‍ മറ്റു ചിലര്‍ കല്ലും തറികളും ഉപയോഗിച്ച് എറിഞ്ഞു വീഴ്ത്തും. ആഹ്ലാദകരമായ ദിനങ്ങളോര്‍ത്ത് കുട്ടികള്‍ നിരാശയോടെ അതിലേറെ വേദനയോടെ ഇതെല്ലം നോക്കി ചുറ്റും നിന്നു.
പറഞ്ഞിട്ടെന്താ നാടിന്റെ മുന്നേറ്റത്തിനു തടസ്സം നില്‍കുന്നത് മുറിച്ചുമാറ്റുക തന്നെ.

ഇപ്പോള്‍ നാടാകെ മാറിയിരിക്കുന്നു, കാടും മരങ്ങളും മാറി എങ്ങും വെളിച്ചം. ഇലകളും പഴങ്ങളും വീഴാതെ വെയിലത്ത് വരണ്ടുണങ്ങി വൃത്തിയായ വീതിയുള്ള പാത. വേഗതകാരണം അപകടങ്ങള്‍ കൂടിയെങ്കിലും വാഹനങ്ങള്‍ക്ക് പരസ്പരം കാണാം.
ഇന്നിപ്പോള്‍ ഞങ്ങള്‍ ഇരട്ടി സന്തുഷ്ടരാണ്, കാരണം ഞങ്ങളുടെ പാത നാഷണല്‍ ഹൈവേ ആകുമത്രേ. കോഴിക്കോട് പാലക്കാട് വഴി കൊയമ്പത്തൂരിലെക്കും അവിടുന്നങ്ങോട്ടും ചരക്കുനീക്കത്തിനു സുഗമമായി കൊണ്ടുപോകാന്‍ ഈ പതയാണത്രേ എളുപ്പം, താരതമ്മ്യേന തിരക്ക് കുറവും. സന്തോഷത്തിനിനി വേറെ എന്തു വേണം.
റോഡു ഇനിയും വീതി കൂട്ടേണ്ടി വരും, അതിനു റോഡരികിലുള്ള ഞങ്ങളില്‍ ചിലരുടെ കൂരകള്‍ പൊളിക്കേണ്ടി വന്നേക്കാം, എന്നാലെന്താ വലിയ വലിയ കണ്ടൈനര്‍ ലോറികള്‍ ഞങ്ങളുടെ മുന്നിലൂടെ ചീറിപ്പാഞ്ഞു പോകുന്നത് കാണാന്‍ എന്ത് രസമായിരിക്കും! അഭിമാനകരവും!.