Thursday 28 April, 2011

വെറുതെ കിട്ടിയ ഉപദേശം!


ജീവിതത്തില്‍ ഇന്നേവരെ ഇത്തരമൊരവസ്ഥ ഉണ്ടായിട്ടില്ല ഉസാമക്ക്! അതും വിലപിടിച്ച സ്വന്തം സാധനങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴ്, പോരാത്തത്തിനു കള്ളന്‍ തന്നെ താക്കീത് തരികയുമാകുമ്പോള്‍! ഊഹിക്കുന്നതിലും അധികം തന്നെയായിരുന്നു ഉസാമയുടെയും അപ്പോഴത്തെ അവസ്ഥ. 

വാരാന്ത്യത്തിലെ ഒരു വൈകുന്നേരം കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ പോയതായിരുന്നു ഉസാമ. ബീച്ചിലെ പാര്‍ക്കിങ്ങില്‍ കാറുനിറുത്തി നീന്താനാവശ്യമായ വസ്ത്രങ്ങള്‍ മാറി. പക്ഷെ ഒരു പ്രശ്നം! മൊബൈല്‍, വലറ്റ് തുടങ്ങിയവ എവിടെ ഒളിപ്പിക്കും?. കര്‍ശനമായ നിയമങ്ങളുള്ള രാജ്യമാണെങ്കിലും അതിനനുസരിച്ച് മോഷണങ്ങളും പിടിച്ചുപറിയും നടക്കുന്നുണ്ട്.

എന്താണൊരു പോംവഴി എന്ന അവരുടെ കൂട്ടായ ചിന്തയുടെ അവസാനം കൂട്ടുകാരനാണ് ആ ആശയം പറഞ്ഞത്.  സാധനങ്ങള്‍ കാറില്‍ തന്നെ ഒളിപ്പിച്ചു വെക്കുക. പക്ഷെ താക്കോല്‍ എവിടെ വെക്കും ? കടലില്‍ വീണുപോയാല്‍?!

അതിനും പ്രതിവിധിയുണ്ടായിരുന്നു കൂട്ടുകാരന്റെ കയ്യില്‍ ‘വണ്ടിയില്‍ തന്നെ വയ്ക്കാം! എന്നിട്ടു പിന്നിലെ ഒരു വാതില്‍ മാത്രം ലോക്ക് ചെയ്യാതെ വെറുതെ അടയ്ക്കാം!

മൂന്നു വാതിലുകളും ലോക്കുചെയ്ത അടച്ച കാറ് പുറമെനിന്നു നോക്കിയാല് എല്ലാം ഭദ്രം!
കുറച്ചൊരു തലതിരിഞ്ഞ ഐഡിയ ആണെന്നു തോന്നിയെങ്കിലും ഉസാമക്ക് മറ്റൊരു മാര്‍ഗ്ഗവും അപ്പോള്‍ തോന്നിയില്ല.

ഒരാഴ്ച്ചയുടെ എല്ലാ അലമ്പുകളും കടലില്‍ തിമിര്‍ത്തു തീര്‍ത്ത് വൈകിയാണ് അവര്‍ കേറിയത്. കുളികഴിഞ്ഞു തിരിച്ചു വന്ന അവരെ എതിരേറ്റതു നടുക്കുന്ന ആ യാഥാര്‍ത്യമായിരുന്നു!
അവരെക്കാള്‍ മിടുക്കരായ ആരോ സാധനങ്ങള്‍ എല്ലാം അടിച്ചുമാറ്റിയിരിക്കുന്നു!.

സ്തബ്ധനായ ഒസാമ ഒരവസാന ശ്രമമെന്ന നിലയില്‍ അടുത്തുള്ള ബൂത്തില്‍ നിന്നും സ്വന്തം മൊബൈല്‍ നമ്പരില്‍ വിളിച്ചു. പക്ഷെ നിരാശ മാത്രം ഫലം!

നിരന്തര ശ്രമത്തിനൊടുവില്‍ മറുതലക്കല്‍ ഫോണെടുത്തു. ‘നീയാണോ ഈ ഫോണിന്റെ ഉടമ?!
“അതെ ഞങ്ങളുടെ സാധനങ്ങള്‍ തിരിച്ചു തരണം” ഉസാമ കനപ്പിച്ചു തന്നെ പറഞ്ഞു.

‘തരില്ല’ കള്ളന്റെ നിസ്സംഗമായ മറുപടി.

ശബ്ദത്തിന്റെ ഘനം കൂട്ടിയും കുറച്ചും പിന്നെ പറ്റെ താഴ്ത്തിയും ഒസാമ ഫോണെങ്കിലും തിരിച്ചു തരണം എന്ന് അപേക്ഷിച്ചെങ്കിലും കള്ളന്‍ ഉറപ്പിച്ചു തന്നെ പറഞ്ഞു "ഇല്ല".

ഫോണിന്റെ സിംകാര്‍ഡ്‌ എങ്കിലും തിരിച്ചു  തരണം ഒരു പാട് വിലപ്പെട്ട നമ്പറുകളുണ്ടതില്‍ എന്ന ഉസാമയുടെ അവസാനത്തെ ആവശ്യം കേട്ട കള്ളന്‍ പൊട്ടിത്തെറിച്ചു.

“നിനക്കൊന്നും തലയില്‍ ഒന്നുമില്ലേ, എല്ലാവരും തന്നെപ്പോലെ മണ്ടന്മാരാനെന്നു വിചാരിച്ചോ?! വിലപിടിച്ച സാധനങ്ങള്‍ വച്ച വണ്ടി ലോക്ക് ചെയ്യാതെ താനൊക്കെ ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്?! സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാനറിയാത്ത തനിക്കിതൊരു പാഠമാവട്ടെ”.

വിലപിടിച്ച സാധനങ്ങള്‍ നഷ്ടപ്പെട്ടതിനു പുറമേ വെറുതെ കിട്ടിയ ആ പരിഹാസക്കൊട്ടില്‍ ഒസാമ വായും പൊളിച്ചിരുന്നു പോയി!

Monday 24 January, 2011

സംഗമം നാടകീയം

മോളെ ട്യൂഷന് വിടാന്‍ വേണ്ടി അസീസിയയിലുള്ള ടീച്ചറുടെ ഫ്ലാറ്റിന് മുന്നിലെത്തിയപ്പോഴാണ്  ഫോണ്‍ പോക്കറ്റില്‍ കിടന്നു വിറയ്ക്കാന്‍ തുടങ്ങിയത്. നോക്കുമ്പോള്‍ പരിചയമില്ലാത്ത ഒരു നമ്പരാണ്, ആരായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് ചെവിയോടടുപ്പിച്ചു.

‘ഹലോ, തെച്ചിക്കോടന്‍ അവര്‍കള്‍ അല്ലെ ?!!’ അവര്‍കള്‍ എന്ന് കേട്ടപ്പോള്‍ ഓര്‍ത്തത് നാട്ടിലെ ഉമ്മര്‍കാക്കാനെകുറിച്ചാണ്. മൂപ്പര് ആരേയെങ്കിലും കുറിച്ച് ‘ഓന് അവര്‍കളാണ്' എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ആളു തല്ലുകൊള്ളിയാണ്, വഴക്കാളിയാണ്.. എന്നൊക്കെയാണ്! ഇനി അങ്ങനെ വല്ലതും......?! എന്നെ മുന്‍പേ അറിയുന്നവരായിരിക്കുമോ?!

‘ഞാന്‍ പഴയ ഒരു ബ്ലോഗറാണ്, നാടകക്കാരന്‍..അറിയുമോ?!’  

അറിയാതെ എവിടെ പോകാന്‍. നാടകക്കാരന്‍! നാടക കമ്പത്തിനു പേരുകേട്ടവന്‍, അതുമൂലം വീട്ടുകാര്‍ നന്നാവാന്‍ വേണ്ടി വണ്ടികേറ്റി അക്കരെ കടത്തിയവന്‍ (ഇത് അദ്ദേഹം തന്നെ പറഞ്ഞതാണ്), ബ്ലോഗ്ഗര്‍ കുമാരന്റെ നാട്ടുകാരന്‍, കുമാരനെ സല്‍ക്കരിച്ചു ചൊറിത്തവളയെ ടച്ചിംങ്ങ്സായി കൂട്ടിയവന് (ഷിവാസ് ഫ്രോഗല്‍)‍, അങ്ങിനെ വിശേഷണങ്ങള്‍ ഏറെ..

യാന്‍ബുവില്‍ നിന്ന് റിയാദില്‍ വന്നു, ചലച്ചിത്ര താരവും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്‌ പങ്കെടുത്ത നാടകം ഡോട്ട് കോമിന്റെ ഫങ്ങ്ഷനില്‍ പങ്കെടുത്ത്, അതിന്റെ സാരഥികളില്‍ ഒരാളായ ബ്ലോഗര്‍ പാവപ്പെട്ടവന്റെ ആതിഥേയത്തില്‍ ഒരാഴ്ച കഴിഞ്ഞ ശേഷം മടക്കത്തില്‍ ജിദ്ദയില്‍ അമ്മാവനെ കാണാന്‍ വന്നതായിരുന്നു ബിജു കൊട്ടില എന്ന നാടകക്കാരന്‍.

അവര്‍ പറഞ സ്ഥലത്തുനിന്നു കുറച്ചു ദൂരെ ആയിരുന്നത്തിനാല്‍ കാണാന്‍ പറ്റുമോ എന്ന് ഉറപ്പില്ലാത്തത് കൊണ്ട് തല്‍ക്കാലം ഫോണിലൂടെ ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു, സന്തോഷം പങ്കുവെച്ചു. 

തിരിച്ചു റൂമിലെത്തിയപ്പോള്‍ വീണ്ടും വിളിച്ചു, ഉറങ്ങാറായില്ലെങ്കില്‍ നേരില്‍ കാണാം എന്ന് പറഞ്ഞു. അങ്ങനെ അമ്മാവന്‍ പറഞ്ഞുതന്ന വഴിയിലൂടെ അവരുടെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു.

മുഖത്ത് കറുത്ത ഫ്രെയിമോട് കൂടിയ കണ്ണട, ബുജിത്താടി, നീട്ടിവളര്‍ത്തിയ തലമുടി, മുട്ടോളമെത്തുന്ന ഖാദര്‍ ജുബ്ബ ഇത്ത്യാതി ട്രഡീഷണല്‍ സങ്കല്പങ്ങള്‍ തന്നെയായിരുന്നു എന്റെയുള്ളിലും ഒരു നാടക കലാകാരനെ കുറിച്ച്. പക്ഷെ, അവിടെ എന്നെ കാത്തു നിന്നിരുന്നു ബിജുവിനെ കണ്ടപ്പോള്‍ ആ സങ്കല്പങ്ങള്‍ ആകെ തകിടം മറിഞ്ഞു. ഇത് വെറും ‘പയ്യന്‍സ്’, ആ ബുജിത്താടി മാത്രം ഉണ്ട്!

ഒരു ബ്ലോഗറെയും നേരില്‍ കണ്ടിട്ടില്ല ഞാന്‍. നാട്ടിലും മറ്റും പല ബ്ലോഗ്‌ മീറ്റുകളും നടന്നിട്ടുണ്ടെങ്കിലും അവയിലൊന്നും പങ്കെടുക്കാന്‍ പറ്റിയിട്ടില്ല എനിക്ക്, പല കാരണങ്ങള്‍ കൊണ്ടും. 

ഇവിടെ ജിദ്ദയില്‍ തന്നെ അതിപ്രശസ്തരായ ബഷീര്‍ വള്ളിക്കുന്ന്, ഓ എ ബി, നിര്‍വിളാകാന്‍, ഹംസ, വിനുവേട്ടന്‍, ഇപി സലിം, തൂവലാന്‍, സാബിബാവ, സിനു മുസ്തു തുടങ്ങി ഒരുപാട് പേരും കൂടാതെ വളരെ അടുത്ത പ്രദേശത്ത്‌ അക്ബര്‍, നൌഷാദ് അകമ്പാടംകമ്പര്‍, തുടങ്ങി ധാരാളം പേരുണ്ടെങ്കിലും ഇന്നേവരെ ആരെയും നേരില്‍ കണ്ടിരുന്നില്ല, ബ്ലോഗറാവുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പരിചയമുള്ള എന്റെ സുഹൃത്തും ഷട്ടില്‍ മേറ്റുമായ ഷാനവാസ്‌ ഇളയോടനെയും സ്വന്തം മകളായ നൗറീനെയും ഒഴിച്ച്. ആ നിലക്ക് ഞാന്‍ ജീവനോടെ നേരില്‍ കാണുന്ന ആദ്യ ബ്ലോഗറാണ് നാടകക്കാരന്‍, ഇതെന്റെ ആദ്യ ബ്ലോഗ്‌ മീറ്റും!

ഈയിടെയായി ജിദ്ദയിലെ തെരുവുകളിലൂടെ, ഷോപ്പിംഗ്‌ മാളുകളിലൂടെ വിന്റോഷോപ്പിംഗ്‌ ചെയ്തു നടക്കുമ്പോള്‍ മലയാളികളാണെന്ന് തോന്നുന്ന സ്ത്രീകളെ കാണുമ്പോള്‍ അവരെ നോക്കി വെറുതെ ഒന്ന് ചിരിക്കാന്‍ തോന്നുന്നു. കൂട്ടുകാരന്‍ ഹംസക്ക്‌ ബ്ലോഗിണിമാരില്‍നിന്നു ബിരിയാണി കിട്ടി എന്ന് കേട്ടത് മുതലാണ്‌ ഈ അസുഖമുണ്ടായത്. അവരാരെങ്കിലും ബ്ലോഗര്‍മാരാണെങ്കിലോ?! ഇനി ബിരിയാണി വല്ലതും കിട്ടിയെങ്കിലോ?!!

കിട്ടുന്നത് മുഴുവന്‍ സ്വന്തമായി വാങ്ങിക്കോളണം പങ്ക് വെയ്ക്കാന്‍ ഞങ്ങളെ വിളിക്കരുത് എന്ന ഭാര്യയുടെ നിഷ്കരുണമുള്ള താക്കീത്‌ കൊണ്ട് അത് തല്‍ക്കാലം കണ്ട്രോള്‍ ചെയ്തു നിര്‍ത്തിയിരിക്കുകയാണ്.      

ജിദ്ദയിലെ പല സദസ്സുകളിലും പാട്ടുപാടിയിരുന്ന ഗായകനായ മാമന്റെ റൂമില്‍ കുറേനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു സാധാരണ മലപ്പുറത്തുകാര് സംസാരിക്കുന്നത് പോലെയല്ലല്ലോ നിങ്ങളുടെ ഭാഷ എന്ന്. പാലക്കാട് ജില്ലയുടെ അതിര്‍ത്തിയിലാണ് ഞാന്‍ അതുകൊണ്ടായിരിക്കാം എന്ന് തട്ടിവിട്ടു. അന്യ ജില്ലക്കാരല്ലേ നമ്മള് മോശമാകാന്‍ പാടില്ലല്ലോ..! (എന്റെ നാടന്‍ ഭാഷ മനസ്സില്‍ ഇസ്തിരിയിട്ടു ചുളിവ് നിവര്‍ത്തി പറയാന്‍ ഞാന്‍ പെടുന്ന പെടാപ്പാട് ഈ മാമന്‍ അറിയുന്നില്ലല്ലോ!!)

നല്ലവരായ ആഥിധേയര്‍ മുഷിയുന്നതിനു മുന്‍പ്‌, ഇപ്പോഴും ചിരിക്കുന്ന, ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, സഹൃദയനായ, സര്‍വോപരി സുമുഖനും അവിവാഹിതനുമായ നാടകക്കാരനോട് ഇനി എന്നെങ്കിലും കാണാം എന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞ സന്തോഷമായിരുന്നു, വിവരണങ്ങള്‍ക്ക് അതീതമായി.

Wednesday 1 December, 2010

ഒരു പ്രശ്നപരിഹാരം

എങ്ങിനെയെങ്ങിലും ഒരു സീറ്റ് ഒപ്പിക്കണം എന്നായിരുന്നു ചിന്ത മുഴുവനും. തിരക്കുപിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ച്‌ നില്ക്കാന്‍ തുടങ്ങിയിട്ട് കുറേനേരമായി. ബസ്സിലാണെങ്കിലോ പരമാവധി ആളെ നിറച്ചിട്ടുണ്ട് എന്നാലും കൂടുതല്‍ കൂടുതല്‍ ആളുകളെ കയറ്റിക്കൊണ്ടിരിക്കയാണ് 'കിളി'. കോണിപ്പടിയില്‍നിന്നിറങ്ങാതെ ആളുകളെ, പ്രത്യേകിച്ചും സ്ത്രീജനങ്ങളെ, കയ്യും മെയ്യും കൊടുത്തു സഹായിച്ചും ചെയ്യുന്ന ജോലി വളരെ 'സിന്‍്സി്യറായി' ചെയ്തുകൊണ്ടിരിക്കയാണ് അദ്ദേഹം.

തിരക്കില്‍നിന്നു ഒന്നുമാറി ഒരരികുപറ്റി സീറ്റുചാരി നില്‍ക്കുകയായിരുന്നു ഞാന്‍്. സ്വല്പ്പം ശുദ്ധവായുവും കിട്ടും താന്‍ ചാരി നില്‍കുന്ന സീറ്റിലെ ആളൊഴിഞ്ഞാല്‍് അതില്‍ കയറിപറ്റുകയും ചെയ്യാം എന്ന ഉദ്ദേശവും ഉണ്ട് ആ നില്‍പ്പിന്. തോട്ടുമുന്പില്‍ ഒരു തടിയന്‍ നില്‍പ്പുണ്ട്‌ അയാള്‍ക്കും അതേ ഉദേശമാണെന്നു തോന്നുന്നു. എങ്കില്‍ ഈ മല്‍സരത്തിലെ എന്‍റെ പ്രധാന എതിരാളി അയാളായിരിക്കും.
 
ബസ്സ് പതുക്കേ ഞരങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നു. ടൌണില്‍ നിന്നു പുറപ്പെട്ടിട്ട് ഒരു മണിക്കൂറിലധികമായി ഭാരം കാരണം അധികവേഗത്തില്‍് നീങ്ങാന്‍ പറ്റുന്നില്ല അതിന്. ദീര്‍ഘകാലം ഈ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയാണത് പോരാത്തതിന് ഡ്രൈവര്‍ ഒരു പ്രായം ചെന്ന ആളും. തന്റെ ശ്രദ്ധയും വാഹന നിയന്ത്രണവും കൊണ്ടു ധാരാളം ആളുകളെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ച ചരിത്രമുണ്ട് അദേഹത്തിന്. പക്ഷെ യാത്രക്കാര്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ല. തിരക്കിന്‍റെ ഈ ലോകത്ത് എല്ലാവരും വേഗത്തേ ഇഷ്ടപ്പെടുന്നവരാണ്. പലരും പിറുപിറുക്കുന്നുണ്ട്, പിന്നില്‍നിന്നും അത് ആരോ ഉറക്കെ പ്രകടിപ്പിക്കുകയും ചെയ്തു 

"ഒന്നു വേഗം പോകെന്റെ മാഷേ, ചെന്നിട്ടു വേറെ പണിയുണ്ട്" .. അയാള്‍ വിളിച്ചു പറഞ്ഞു. 

അവരെ സംബന്ധിച്ചിടത്തോളം വേഗതയുടെ ഈ ആധുനിക ലോകത്ത് ജീവിക്കാന്‍ അര്‍ഹത നഷ്ടപെട്ടവരില്‍ ഒരാളാണ് അദേഹവും.

ബസ്സ് തൊട്ടടുത്തുള്ള ഒരു നാല്‍കവലയിലെത്തി. വഴി വാണിഭക്കാരും, യാത്രക്കാരും, വൈകുന്നേരത്ത് വെടിപറഞിരിക്കുന്ന നാട്ടുകാരെയും കൊണ്ടു നിറഞ്ഞ ഒരു ചെറു പട്ടണമാണത്. കുറെ ആള്‍ക്കാര്‍ ഇറങ്ങാനും അതിലെറേപ്പേര്‍് കയറാനുമുണ്ടവിടെ. ഞാന്‍ നോട്ടമിട്ടിരിക്കുന്ന സീറ്റിലെ ആള്‍ ഇറങ്ങാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു. അയാള്‍ തയ്യാറെടുക്കുകയാണ്, മുണ്ട് മുറുക്കിയുടുത്ത് വീണു പോകാതിരിക്കാന്‍ ബാഗ് തന്‍റെ കക്ഷത്തിലിറുക്കിപ്പിടിച്ചു ശരിക്കും ഒരു യുദ്ധത്തിനു തയ്യാറാകുംപോലെ. മിക്കവാറും ഒരു മല്ലയുദ്ധം തന്നെ വേണ്ടിവരും ഇറങ്ങാന്‍, കാരണം സീറ്റ് പിടിക്കാന്‍ തയ്യാറായി നില്‍കുന്ന ഞങ്ങളെ മറികടന്നാല്‍ തന്നെ ഇടിച്ചുകേറുന്ന യാത്രക്കാരെ പ്രതിരോധിച്ചു ഇടുങ്ങിയ വാതിലിലൂടെ പുറത്തു കടക്കുക കുറച്ചു ശ്രമകരം തന്നെ.

അയാളെഴുന്നേറ്റതേ കണക്ക് ഞാനും തടിയനും വേറെ ചിലരും ഒരു മല്‍പ്പിടുത്തം തന്നെ നടത്തി ആ സീറ്റ് സ്വന്തമാക്കാന്‍. അയാള്‍ എണീറ്റപ്പോള്‍ പിന്നില്‍ പ്രത്യക്ഷമായ വിടവിലൂടെ ഞാനെന്‍റെ ശരീരം തിരുകിക്കൊള്ളിച്ചു സീറ്റില്‍ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു. പക്ഷെ കാലുകള്‍ ഇപ്പോഴും പുറത്താണ്, ആളുകള്‍ നില്‍ക്കുന്ന ഭാഗത്ത്. അതേസമയം മുന്നിലൂടെ തടിയനും സീറ്റിലേക്ക് തന്‍റെ പിന്‍ഭാഗം നീട്ടി... പക്ഷെ ഇരുന്നത് എന്‍റെ മടിയിലേക്കായിരുന്നു. അയാളുടെ ശരീരത്തിനടിയില്‍പെട്ടു ഞാന്‍ ഞെരുങ്ങിപ്പോയി. അതിഭാരവും വേദനയും കാരണം എന്താണ് സംഭവിക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. വേദന സഹിക്കവയ്യാതെ ഞാനയാളെ ഒന്നു പിച്ചിയെന്നു തോന്നുന്നു .. തേള് കടിച്ചാലെന്നപോലെ അയാള്‍ ചാടി എണീറ്റു. നന്നായി വേദനിചെന്നു തോന്നുന്നു അയാളെന്നെ രൂക്ഷമായി നോക്കി, പേടിപ്പെടുത്തുന്ന രീതിയില്‍. എന്തിനോ തയ്യാറെടുത്തത്പോലെയാണ് ആ നോട്ടം. എന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് മനസ്സില്‍ പേടി ഇരട്ടിച്ചു.
 
ബെല്ലടിക്കാനോങ്ങിയ കണ്ടക്ടറോട് അയാളാജ്ഞാപിച്ചു "വണ്ടി വിടാന്‍ വരട്ടെ, ഇയാളെന്നെ പിച്ചി (നുള്ളി)". അയാള്‍ എല്ലാവരുടെയും മുന്‍പില്‍ പ്രശ്നമവതരിപ്പിച്ചു. 

എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. മനപ്പൂര്‍വമാല്ലെങ്ങിലും മറ്റു യാത്രക്കാരുടെ മുന്നില്‍ ഒരു കുറ്റവാളിയാണ് ഞാനിപ്പോള്‍. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്, ഒരപൂര്‍വ വസ്തുവിനെ കാണുമ്പോലെ അവരെന്നെ തുറിച്ചുനോക്കുന്നു.

"എനിക്കറിയണം എന്തിനാണ് ഇയാളെന്നെ പിച്ചിയതെന്ന്", തടിയന്‍ വീണ്ടും ഒച്ചവെച്ചു.

മറുപടിപറയാനാകാതെ ഞാന്‍ പതറി, അല്ലേലും ഞാനങ്ങനെയാണ് ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ വാക്കുകള്‍ പുറത്തു വരില്ല.

"വണ്ടി വൈകിക്കാന്‍ പാടില്ല, ദയവായി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്", കണ്ടക്ടര്‍ അയാളെ സാന്ത്വനപ്പെടുത്താന്‍് ശ്രമിക്കുന്നുണ്ട്.

"ഇതിനു തീരുമാനമെടുത്തിട്ടു പോയാല്‍ മതി" അയാള്‍ വഴങ്ങുന്നില്ല.

നേരം വൈകിയാലുള്ള നഷ്ടങ്ങളെ കുറിച്ചും, പിന്നില്‍ വരുന്ന ബസ്സിന്റെ മത്സര സ്വഭാവത്തിനേക്കുറിച്ചും, സര്‍വോപരി യാത്രക്കാരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും മറ്റും കണ്ടക്ടര്‍ അയാളോട് വിശദീകരിക്കാന്‍് ശ്രമിച്ചു. പക്ഷെ വല്ലാത്ത വാശിയിലാണയാള്‍്, വഴങ്ങുന്ന മട്ടില്ല.
 
ഏതാണ്ട് പതിനഞ്ച് മിനിറ്റോളമായി യാത്ര മുടങ്ങിയിട്ട്. കണ്ടക്ടര്‍ ഡ്രൈവറുമായി കൂടിയാലോചനയിലാണ് യാത്രക്കാര്‍ പരസ്പരം പിറുപിറുക്കുന്നു. ചിലര്‍ എന്‍റെ നേരേ കണ്ണുരുട്ടുന്നുണ്ട്, അവരുടെ യാത്ര മുടക്കുന്നതിന് കാരണക്കാരന്‍ ഞാനാണല്ലോ.

"ഒരു മാര്‍ഗ്ഗമുണ്ട്‌" അവസാനം പരിഹാരം കണ്ട ആഹ്ലാദത്തോടെ കണ്ടക്ടര്‍ വിളിച്ചു പറഞു. എല്ലാവരുടെയും നോട്ടം അങ്ങോട്ടായി.

തടിയനെ നോക്കി കണ്ടക്ടര്‍ ചോദിച്ചു "ഇയാള്‍ നിങ്ങളെ പിച്ചിയോ?", തടിയന്‍ അതേ എന്ന ഭാവത്തില്‍ തലയാട്ടി.

"എങ്കില്‍ നിങ്ങള്‍് ഇയാളെ തിരിച്ചടിക്ക്" ... കണ്ടക്ടറുടെ മദ്ധ്യസ്ഥം കേട്ടപാതി തടിയന്‍ എന്‍റെ കവിളത്ത് ആഞ്ഞടിച്ചു. ഓര്ക്കാപ്പുറത്തുള്ള ആ അടിയില്‍ ഞാന്‍ മറിഞ്ഞുപോയി. അടുത്തിരുന്നയാള്‍് താങ്ങിയിരുന്നില്ല എങ്കില്‍ തല മുന്നിലെ സീറ്റുകമ്പിയിലിടിച്ചേനേ.

അടിയുടെ ആഘാതവും നിറയെ യാത്രക്കാരുടെ മുന്‍പില്‍ വച്ചു അപമാനിക്കപെട്ടതിലുള്ള വേദനയും എന്‍റെ കണ്ണുകളില്‍ ഇരുട്ട് പരത്തി. നിറഞ്ഞ കണ്ണുനീര്‍ മറ്റുള്ളവരെ കാണിക്കാതിരക്കാന്‍് ഞാന്‍ തലകുമ്പിട്ടിരുന്നു, എനിക്ക് കിട്ടിയ എന്‍റെ സീറ്റില്‍.. തൊട്ടരികെ ഒരു യുദ്ധം ജയിച്ച പോരാളിയെപ്പോലെ തടിയന്‍ നെഞ്ഞുവിരിച്ചു നില്ക്കുന്നു.

ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ട നയതന്ത്രജ്ഞനേപ്പോലെ ആഹ്ലാദവാനായ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു.

Sunday 24 October, 2010

തടിച്ച സുന്ദരി.

തടിച്ചു വീര്‍ത്ത ശരീരം, കൊഴുപ്പടിഞ്ഞ് കൂടിയ കുടവയര്‍, ഓടാനോ എന്തിനു ഒന്ന് വേഗത്തില്‍ നടക്കാനോ പറ്റാത്ത അവസ്ഥ, നേരാം വണ്ണം ഒന്ന് കിടക്കാനോ ഉറങ്ങാനോ പറ്റാതെ, മറ്റുള്ളവരെപോലെ ആയാസരഹിതമായി യാത്ര ചെയ്യാന്‍ പറ്റാതെ... പൊണ്ണത്തടി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനവധിയാണ്. അത്തരം ഒരവസ്ഥ ഒരാളും ആഗ്രഹിക്കുന്നുണ്ടാവില്ല. ആ അവസ്ഥയില്‍ ഉള്ളവര്‍ പോലും തങ്ങളുടെ പങ്കാളികളെ കുറിച്ച് സ്വപ്നത്തില്‍ പോലും ഇത്തരം ഒരു രൂപം സങ്കല്‍പ്പിക്കാന്‍ അറയ്ക്കും. 
 
‘മടിയിലിരുത്തി ഓമനിക്കാന്‍ തോന്നുന്നു’ പ്രസിദ്ധ ഗായകന്‍ അദ്നാന്‍ സമിയെ കണ്ടപ്പോള്‍ ആരാധികയായ ഒരു സ്ത്രീ പുറപ്പെടുവിച്ച കമെന്റാണത്രെ മുകളിലേത്. തടിച്ച അദ്ദേഹത്തിന്റെ മുഖവും ശരീരവും കണ്ടപ്പോള്‍ ഉണ്ടായ ഓമനത്വത്തില്‍ നിന്നായിരിക്കാം ഇത്തരം ഒരു കമെന്റ്റ്‌ അവരില്‍ നിന്നുണ്ടായത് (ആരോഗ്യകാരണങ്ങള്‍ കൊണ്ട് ഇന്ന് അദ്ദേഹവും തടി കുറച്ചു!). എന്നിരുന്നാലും സ്വന്തം ശരീരം തടിക്കുന്നത് ആരും ഇഷ്ടപ്പെടുന്നുണ്ടാവില്ല. അത് നമ്മുടെ ആധുനിക സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് യോചിക്കുന്നില്ല എന്ന് മാത്രമല്ല, വൈരൂപ്യവുമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ അതിനു പുറമെയും.

മെലിഞ്ഞൊട്ടിയ ശരീരവും അതിനനുസരിച്ച അളവുകളും പൂച്ചനടത്തവും ഒക്കെ നമ്മുടെ പെണ്‍കുട്ടികളുടെ ആധുനിക സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രഥദമസ്ഥാനീയരാണ് . മെലിയാന്‍ വേണ്ടി ഭക്ഷണമുപേക്ഷിച്ചു മരിച്ചു പോയ മോഡലും, ഹിന്ദി സിനിമാ നടിയുടെ സീറോ സൈസും ഒക്കെ വന്‍ ചര്‍ച്ചാ വിഷയമാകുന്നത് സമൂഹത്തില്‍ ഈ പ്രവണതയുടെ വേരോട്ടം എത്രത്തോളം  ആഴത്തിലാണെന്നു വിളിച്ചോതുന്നു. മലയാളികളുടെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പത്തില്‍ കുറച്ചു തടിയൊക്കെ ആവാമെന്ന് തോന്നുന്നു. പഴയകാല സിനിമാ-സാഹിത്യ നായികമാരെ പരിചയപ്പെടുത്തുന്നത് അത്തരത്തിലായിരുന്നു. 

പുറത്ത് രോമം, കുംഭ, വെടിക്കല തുടങ്ങിയ പഴയ പുരുഷ ലക്ഷണങ്ങളും ഇപ്പോള്‍ ആറുപായ്‌ക്ക്‌ (6 pack muscle), എട്ടുപായ്‌ക്ക് (8 pack muscle) സങ്കല്‍പ്പങ്ങള്‍ക്ക് വഴിമാറി. കുമാരന്മാര്‍ മസിലുരുട്ടി, കൈവിരിച്ചു, നെഞ്ചു വിരിച്ചു, അണ്ടര്‍വേയറിനു താഴെ പാന്റിട്ടു നടക്കുന്ന കാലം!.

എന്നാല്‍ തടിച്ചികളാണ് സുന്ദരികള്‍ എന്ന് വിശ്വസിക്കുന്നവരും ലോകത്ത് ജീവിച്ചിരിക്കുന്നു എന്നറിയാമോ?! 

സംഗതി ഇവിടെയോന്നുമല്ല, അങ്ങ് ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് (വെറുതെ ഒരു വെയിറ്റിനുവേണ്ടി ഉഗാണ്ട എന്ന് പറഞ്ഞതല്ല, ഇത് ശരിക്കും നമ്മളെ ഉഗാണ്ട തന്നെ!).

ഉഗാണ്ടയിലെ ഗോത്രവര്ഗ്ഗക്കാരിലാണ് ഈ വിചിത്രമെന്നു തോന്നാവുന്ന രീതിയുള്ളത്. അവിടുത്തെ പുരുഷന്മാര്‍ക്ക് തങ്ങളുടെ സ്ത്രീകള്‍ തടിച്ചികളാവുന്നതാണ് ഇഷ്ടം! എത്ര തടി കൂടുന്നോ അത്രയും സുന്ദരികാളാകുന്നു, തടിയാണവിടെ സൗന്ദര്യത്തിന്റെ അളവുകോല്‍!. 

കാണുമ്പോള്‍ തന്നെ ഒരു ‘മൊത്ത’മൊക്കെ തോന്നികാന്‍ ചില പ്രത്യേക ഞൊറികളോടെയുള്ള വസ്ത്രങ്ങളാണ് അവിടുത്തെ സ്ത്രീകള്‍ മേല്‍വസ്ത്രത്ത്തിനു താഴെ ധരിക്കുന്നത്, ചന്തി (നിതംബം എന്നും പറയും) കൂടുതലായി തോന്നിക്കാന്‍!

 ഒരു ഫാറ്റ്‌ ഹട്ട്

സ്വാഭാവികമായും വിവാഹ മാര്‍ക്കറ്റിലെ മൂല്യവും തടിയെ ആശ്രയിച്ചു നില്‍ക്കുന്നു ഇവിടെ. കല്ല്യാണമുറപ്പിച്ച പെണ്ണിനെ ശരീരപുഷ്ടിക്കായി മാത്രം രണ്ടു മാസക്കാലം വേറിട്ടൊരു കുടിലില്‍ താമസിപ്പിക്കുന്നു ഇവിടെ. ഇത്തരം കുടിലുകള്‍ ‘ഫാറ്റ് ഹട്ട്’ എന്ന പേരില്‍ അറിയപ്പെടുന്നു. ഇക്കാലങ്ങളില്‍ അവര്‍ക്ക് പുരുഷ ദര്‍ശനം നിഷിദ്ധം! കുടിലിനു പുറത്തിറങ്ങാറില്ല അവര്‍. അമ്മയോ, സഹോദരിമാരോ, കൂട്ടുകാരികളോ ആയ സ്ത്രീകള്‍ മാത്രം കൂട്ടിനിരിക്കും. ശാരീരികമായ അധ്വാനങ്ങളൊന്നും ഇക്കാലങ്ങളില്‍ പാടില്ല. 

കന്നുകാലി വളര്‍ത്തല്‍ മുഖ്യ ജീവിതോപാധിയായ അവരുടെ ഭക്ഷണത്തിലും പാലും പാലുല്പന്നങ്ങളും വലിയ സ്വാധീനം ചെലുത്തുന്നു. ഫാറ്റ് ഹട്ടിലെ ജീവിതത്തില്‍ ഒരു ദിവസം 5000 കലോറിവരെ അവര്‍ അകത്താക്കുമത്രേ!

അങ്ങിനെ രണ്ടുമാസം ശരീരമനങ്ങാതെ തിന്നും കുടിച്ചും ആര്‍ജിച്ച കൊഴുപ്പുമായി, ഏതാണ്ട് 80 പൌണ്ട് വരെ വര്‍ധിച്ച തൂക്കവുമായി ‘സൗന്ദര്യവതി’കളായാണ് അവര്‍ വിവാഹപ്പന്തലിലേക്ക് പോകുന്നത്. 

ഇങ്ങിനെയൊക്കെ ആണെങ്കിലും പുരുഷന്മാര്‍ അവിടെ ആരോഗ്യദൃഡഗാത്രരാണ് ! പേശീദൃഡമായ ആഫ്രിക്കന്‍ കരുത്തര്‍! അവര്‍ക്ക് സ്വന്തം ശരീരം തടിവെക്കുന്നത് ഇഷ്ടമല്ല! കാലികളെ മേയ്ക്കാനും വളര്‍ത്താനുമൊക്കെ ശരീരം ദൃഡമായിരിക്കണമെന്നാണ് അവരുടെ ഭാഷ്യം. ഇതിലൊരു കള്ളക്കളിയില്ലേ? ഒന്നുകില്‍ തങ്ങളുടെ പുരുഷന്മാര്‍ കരുത്തരായിരിക്കണമെന്ന സ്ത്രീകളുടെ സ്വാര്‍ത്ഥത അല്ലെങ്കില്‍ പെണ്ണുങ്ങള്‍ എങ്ങിനെയായാലും വേണ്ടില്ല തങ്ങള്‍ ഫിറ്റായിരിക്കണമെന്ന പുരുഷന്റെ കുടിലത!

പട്ടിണി കിടന്നു സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്ന അഭിനവ സുന്ദരിമാര്‍ ഇത് കണ്ടിരുന്നെങ്കില്‍ അവര്‍ക്ക് മോഹഭംഗമുണ്ടായേനെ! ചിലരെങ്കിലും തങ്ങള്‍ അവിടെ ജനിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാകും അല്ലെ?! 

തടിച്ചികളെ നിങ്ങള്‍ നിരാശപ്പെടാതിരിപ്പിന്‍ നിങ്ങളെ ഇഷ്ടപ്പെടുന്ന പുരുഷന്മാരും ഈ ഭൂമിയിലുണ്ട്, അങ്ങ് ഉഗാണ്ടയിലെങ്കിലും! 

എന്താ ഇത് ഒരു കൗതുക വാര്‍ത്ത തന്നെയല്ലേ ?!

Monday 27 September, 2010

സൈതാലിക്കാക്കാന്റെ പ്രലോഭനങ്ങള്‍

‘ഹോട്ടല്‍ ഡി പാരിസ്‌’ അതാണ്‌ സൈതാലിക്കാക്കാന്റെ ചായമക്കാനിയുടെ പേര്. ചായയും വീട്ടുകാരി ഉണ്ടാക്കി കൊണ്ടുവരുന്ന പലഹാരങ്ങളും കൂടാതെ ഉച്ചക്ക് സ്ഥിരം കുറ്റികളായ നാട്ടിലെ കൂലിപ്പണിക്കാര്‍ക്ക് ഊണും കൊടുക്കുന്നുണ്ടവിടെ. 

മദ്ധ്യവയസ്കന്‍, കള്ളിത്തുണിയും കയ്യുള്ള ബനിയനും സ്ഥിരവേഷം. തുണിയെപ്പോഴും ഒരു കൊച്ചു കുടം കമെഴ്ത്തി വച്ചപോലെ ആകൃതിയൊത്ത കുംഭയ്ക്ക് താഴെയായി മടക്കി കുത്തിയതു കണ്ടാല്‍ ഇതാ ഇപ്പോപ്പോകും എന്ന മട്ടില്‍ കമ്പില്‍ തടഞ്ഞു നില്ക്കണ തുണി പോലെ. ‘ലോ വെയ്സ്റ്റ്‌’ വസ്ത്രധാരണത്തിന്റെ നാട്ടിലെ ഉപജ്ഞാതാവാണ് സൈതാലിക്കാക്ക. 
   
നാട്ടിലെ ഒരു പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണ് ഈ ചായമക്കാനി. അത്യാവശ്യം കുഴപ്പമില്ലാത്ത കച്ചവടമുണ്ട് സൈതാലിക്കാക്കാക്ക്. ചായക്ക് പുറമേ കാരംസ്‌ ചെറുപ്പക്കാരെ അങ്ങോട്ട്‌ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. 

അതിരാവിലെ തുടങ്ങും കച്ചവടം. സുബഹിക്ക് പള്ളിയില്‍ നിന്നും മടങ്ങുന്നവര്‍ ഓരോ കാലി അടിച്ചു പത്രപരായണവും അത്യാവശ്യം കുറച്ചു പരദൂഷണവും കഴിച്ചേ വീട്ടിലേക്കു മടങ്ങൂ.  ഒരൊറ്റ പത്രമേ ഉള്ളൂ എങ്കിലും അതവിടെ കൂടിയവര്‍ ഷീറ്റുകള്‍ കൈമാറി വായിക്കും. ചിലപ്പോഴൊക്കെ നാട്ടിലെ ‘ജനറല്‍ സര്‍വിസ്’ ആയ ബാപ്പുട്ടിക്കാക്ക ഉറക്കെ വായിക്കും മറ്റുള്ളവര്‍ ശ്രോതാക്കളാകും.
വരുന്നവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു ചായ ഇടുന്നതും സപ്ലൈ ചെയ്യുന്നതും എല്ലാം സൈതാലിക്കാക്ക തന്നെ. ഒരു വണ്മാന്‍ ഷോ. വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ ഒത്ത്കൂടുന്നതും വെടിപറഞ്ഞിരിക്കുന്നതും എല്ലാം ഇതിനു ചുറ്റും തന്നെ.

നാട്ടിലെ കാര്യമായി പണിയൊന്നും ഇല്ലാത്ത ചെറുപ്പക്കാരാണ്, അബു, ഉസ്മാന്‍, സലാം, ഗോപാലന്‍ തുടങ്ങിയവര്‍. എന്നും ചായമക്കാനിയില്‍ ഒത്തു കൂടി കാരംസ്‌ കളിയാണ് മുഖ്യ തൊഴില്‍. ഓരോ കളിക്കും ഈടാക്കുന്ന ബോര്‍ഡിന്റെ വാടക കൂടാതെ ഇടയ്ക്ക് ചായയും ചിലവാകുന്നത് കൊണ്ട് അവരുടെ വരവും സൈതാലികാക്കാക്കും സന്തോഷമാണ്.

പതിവുപോലെ അന്നും വൈകുന്നേരം അവരവിടെ കൂടിയിരുന്നു. വന്നപാടെ ഉസ്മാന്‍ നാല് ചായക്കോര്‍ഡര് കൊടുത്തു.

“ഇവിടെ നാല് ചായൈ”, അടുക്കളഭാഗത്തേക്ക് നോക്കി സൈതാലിക്കാക്ക ഉറക്കെ വിളിച്ചു പറഞ്ഞു, പിന്നെ അടുക്കളയില്‍ ചെന്ന് സ്വയം ചായ കൂട്ടാന്‍ തുടങ്ങി.

“ഓ പറീണത് കേട്ടാ തോന്നും ഇവിടെ പണിക്കാരെ കൊണ്ട് നടക്കാമ്പറ്റില്ലെന്ന്” ഗോപാലന്‍ പരിഹസിച്ചു. അത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് സൈതാലിക്കാക്ക തന്റെ പണികളില്‍ മുഴുകി.

കളി നല്ല ആവേശത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെക്കാള്‍ നന്നായിട്ട് കളിക്കുന്ന ഉസ്മാന്റെ ഒരു നീക്കം കണ്ടു അബു ഇങ്ങനെ തട്ടിവിട്ടു.

“ഇതിപ്പോ ഞമ്മളെ കല്ല്യാണിക്കുട്ടി പണ്ട് സെക്കന്റ്‌ ഷോ വിട്ടതു നേരെ ന്റെ കുടീക്കാ എന്ന് ചോദിച്ചപോലെ ആണല്ലോ റെഡും സ്ട്രൈക്കറും എല്ലാം പിന്നാലെ പിന്നാലെ ഇതില്ക്ക്”.

സമാവറിനടുത്ത് ചായ നീട്ടി അടിച്ചുകൊണ്ടിരുന്ന സൈതാലിക്കാക്ക ഇതുകേട്ട് ഓടിവന്നു പറഞ്ഞു. 

“ഓളെ കാര്യം ഇവ്ടെ മുണ്ടരുത്, തൊള്ളീല്‍തോന്ന്യേതു പറയാള്ള സ്ഥലല്ലിത്, ഇങ്ങള് വേണേങ്കി രാഷ്ട്രീയം പറഞ്ഞോളീം ന്നാലും ഇത് വേണ്ട” കയ്യിലെ ചായ ഗ്ലാസ് മേശയില്‍ ഒച്ചയോടെ വച്ച് സൈതാലിക്കാക്ക അരിശം കൊണ്ടു.

നാട്ടില്‍ നല്ല പേരുള്ളവളാണ് കല്ല്യാണിക്കുട്ടി, അടുത്ത ഗ്രാമത്തില്‍ നിന്നുള്ളവള്‍. ചെറുപ്പക്കാരി, സ്വന്തം ശരീരമാണ് വരുമാനമാര്‍ഗ്ഗം. പല മാന്യന്മാരും ഇവളുടെ കുറ്റിക്കാരാണെന്നു പലരും അടക്കം പറയാറുണ്ട്‌. നാട്ടിലെ ചില ചെറുപ്പക്കാരൊക്കെ വഴിപിഴച്ചു പോയത് ഇവള് കാരണമാണെന്നാണ് സംസാരം.

“വെറുതെ പറഞ്ഞത് കൊണ്ടെന്തു ചേതാ വര്വാ”, ഗോപാലന്‍ സംശയം ചോദിച്ചു.

“പറീണതും ചെല്ലുന്നതും ഒക്കെ ഒരു മാതിരിയാണ്. ആരോ പിടിച്ചു മുടിവേട്ടീറ്റ്  ഒന്നൊതുങ്ങീര്‍ന്നു ഇപ്പോ പിന്നേം എറങ്ങി സാധനം നാട്ടാരെ ചീത്യക്കാനായിട്ട്” . സൈതാലിക്കാക്കാക്ക് കലി അടങ്ങുന്നില്ല.

പറ്യാനൊക്കെ ആള്ണ്ടാകും, അവസരം കിട്ട്യാ ഓലെന്നെ മുന്നില്‍ പോകേം ചിജ്ജും” അബു ഒന്ന് കൊളുത്താന്‍ തീരുമാനിച്ചു തന്നേയാണ്.

“അയ്നു നടക്ക്ണോല്ണ്ടാകും ഞമ്മളെ അക്കൂട്ടത്തില്‍ കൂട്ടണ്ട” 

പത്രം വായിച്ചു കൊണ്ടിരുന്ന കുഞ്ഞിമോന്‍ നിവര്‍ത്തിപ്പിടിച്ച പത്രത്തിലാണ് കണ്ണെങ്കിലും ചെവി ഇവരിരിക്കുന്ന ഭാഗത്തേക്ക് പരമാവധി ഫോക്കസ് ചെയ്തു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ചെറുതായിരുന്നത് കൊണ്ടും എക്സ്പീരിയന്സ് കുറവായത് കൊണ്ടും അവനെ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല അവര്‍. ‘അനക്ക് പ്രായായ്ട്ടില്ല്ല പോ അവുടുന്നു’ എന്ന് പറഞ്ഞു ഇത്തരം സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ അവരവനെ ഓടിക്കും.

അതേസമയം ദൂരെ സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ നടന്നു വരുന്ന രൂപത്തെ ചൂണ്ടി സലാം പറഞ്ഞു “പറഞ്ഞു തീര്‍ന്നില്ല ഇതാ വരണുണ്ട്”.

ക്ഷണനേരം കൊണ്ട് എല്ലാവരും റോഡിനോടഭിമുഖമായ ഭാഗത്തെത്തി, പട്ടിണി കിടന്നവന്റെ മുന്‍പില്‍ ബിരിയാണിപ്പൊതി വച്ചപോലെ പോലെ ആര്‍ത്തിയോടെ നോക്കിനിന്നു.

അവജ്ഞയോടെ അവരെ നോക്കികൊണ്ട് സൈതാലിക്കാക്ക കുറച്ചു മാറിനില്പ്പുണ്ട്.

സമയം ഏഴരമണി, കല്യാണി ചായക്കടയുടെ ഏതാണ്ട് മുന്‍പില്‍ എത്തിയപ്പോഴാണ് പവര്‍ക്കാട്ടുണ്ടായത്. എങ്ങും ഇരുട്ട്! പരസ്പരം തമ്മില്‍ കാണാന്‍ പറ്റാത്തത്ര ഇരുട്ട്.

പെട്ടെന്ന് ആരൊക്കെയോ ഇറങ്ങിയോടുന്ന ശബ്ദം തുടര്‍ന്ന് റോഡില്‍ നിന്ന് ഒരു നിലവിളിയും, പിടിവലി ശബ്ദവും. 

"അവിടെ പുടിച്ചല്ലെട @#&$%.." അത് കല്ല്യാണിക്കുട്ടിയുടെ ശബ്ദമായിരുന്നു. 

ആരോ തെളിച്ച മെഴുകുതിരി വെട്ടത്തില്‍ വെപ്രാളപ്പെട്ട് സ്ഥാനാം തെറ്റിയ വസ്ത്രം പൊത്തിപ്പിടിച്ചു ഓടിപ്പോകുന്ന കല്ല്യാണിക്കുട്ടിയെ ആണ് കണ്ടത്.

"എന്താ എന്താണ് സംഭവിച്ചത്" എന്ന ചുറ്റുമുള്ളവരുടെ ചോദ്യത്തിന് ശബ്ദത്തില്‍ അരിശം വരുത്തിക്കൊണ്ട്, കിതപ്പടക്കികൊണ്ട് സൈതാലിക്കാക്ക പറഞ്ഞു 

“കള്ളപ്പന്നി, ഓളെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, നാട്ടാരെ ചീത്ത്യാക്കാന്‍ നടക്ക്ണ ജാഹില്”

പാരവശ്യത്തോടെ നാവുകൊണ്ട് ചുണ്ട് നനച്ചു സലാം അത് ശരിവച്ചു “നേര്വന്നെ!”

പരസ്പരം നോക്കി ചിരിയൊതുക്കികൊണ്ട് അബ്ദുവും ഉസ്മാനും, ഗോപാലനും ഒരേ സ്വരത്തില്‍ പറഞ്ഞു “തന്നെ തന്നെ !”
വെളിച്ചം പോയപ്പോള്‍ റോഡിലേക്കോടി അവളെ ‘കൈകാര്യം’ ചെയ്യാന്‍ സലാമിന് മുന്‍പില്‍ ഉണ്ടായിരുന്നത് സൈതാലിക്കാക്ക ആയിരുന്നു!.