Saturday, 15 May, 2010

കുറി

കണ്ണൂര്‍ക്കാരനായ ബാബുവും മലപ്പുറത്തുകാരനായ രായിനും ഒരേ റൂമിലാണ് താമസം. പ്രാരബ്ധക്കാര്‍, വലിയ വലിയ ജോലികള്‍ക്ക്‌വേണ്ട കോപ്പൊന്നും കയ്യിലില്ലാത്തതുകൊണ്ട് ചെറിയ ജോലികള്‍ ചെയ്തു കുടുംബത്തെ പോറ്റുന്നു

കിട്ടുന്ന ശമ്പളത്തില്‍ മിച്ചം വരുന്നത് കൊണ്ട് ഒരു കുറിയില്‍ കൂടിയത് എന്തെങ്കിലും ഒരു സംഖ്യ നാട്ടില്‍ പോകുമ്പോള്‍ കൂടെയുണ്ടാവുമല്ലോ എന്ന് ബാബുവിനും, തുടങ്ങി ഇടയ്ക്കുവച്ചു നിന്നുപോയ വീടുപണി വീണ്ടും തുടങ്ങാം എന്ന് രായിനും മനസ്സിലുണ്ടായിരുന്നത് കൊണ്ടാണ്. 
അങ്ങിനെ കുറി നറുക്കെടുക്കുന്ന ദിവസം വന്നു, ആഹ്ലാദത്തോടെ ബാബു രായിനെ വിളിച്ചു പറഞ്ഞു "എടാ കുറി അനക്കാ..!"

വര്‍ദ്ധിച്ച സന്തോഷത്തില്‍ രായിന്‍ ഉടനെ തന്നെ കുഴല്‍ക്കാരനെ വിളിച്ചു നാട്ടിലേക്ക് അത്രയും സംഖ്യ ഊതാന്‍ പറഞ്ഞു. പണം അടുത്ത ദിവസം എത്തിക്കാം എന്ന ഉറപ്പില്‍. മുടങ്ങിയ പണി ഇനിയെങ്കിലും തുടരാല്ലോ !

വൈകുന്നേരം റൂമില്‍ എത്തിയ രായിന് ബാബുവിന്റെ മുഖത്തെ സന്തോഷത്തില്‍ ഒട്ടും സന്ദേഹം തോന്നിയില്ല, കൂട്ടുകാരനല്ലേ?!. കുറിമൂപ്പനെ കണ്ടു കാര്യം സംസാരിക്കാന്‍ ചെന്ന രായിന്‍ ഇടിവെട്ടിയപോലെ കണ്ണിലിരുട്ടു കയറി തറയിലിരുന്നു, ഇനി കുഴലുകാരനെ എങ്ങിനെ നേരിടും എന്നറിയാതെ!.

കുറിയടിച്ചത് ബാബുവിനായിരുന്നു.!

----------
* അനക്ക് എന്നത് മലപ്പുറത്ത് ‘നിനക്ക്’ എന്നും കണ്ണൂര് ‘എനിക്ക്’ എന്നും അര്‍ത്ഥഭേദം
* കുറി = ചിട്ടി 

56 comments:

തെച്ചിക്കോടന്‍ said...

കേട്ടുമറന്ന ഒരു നേരമ്പോക്ക് നിങ്ങളുമായി പങ്കുവെക്കുന്നു. നിങ്ങളിലും കാണുമല്ലോ ഇത്തരം ചിലത്.?!

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഇങ്ങനെ കണ്ടമാനം സ്ലാങ്ങ് തമാശകൾ എല്ലായിടത്തും ഉണ്ട്
കുറികിട്ടി ഗതികെട്ട പുലിവല് കലക്കി !

ശ്രീക്കുട്ടന്‍ said...

ഒരുമാതിരി ചതിയായിപ്പോയി. ഊ.....ല.ല.ലാ എന്നി പറഞ്ഞതുപോലെ

ഒഴാക്കന്‍. said...

ഞങ്ങള്‍ മലപ്പുറം കാരെ വാരി അടിച്ചു അല്ലെ

അലി said...

മലപ്പുറവും കണ്ണൂരും നിറഞ്ഞ ഫ്ലാറ്റിൽ താമസിച്ചിരുന്നപ്പോൾ രണ്ടിടത്തും കൂടുകയും കൂടാതിരിക്കുകയും ചെയ്യുന്ന പട്ടാമ്പിയും ഇതിലൊന്നും പെടാത്ത സ്റ്റേറ്റ്കാരനായ ഞാനും (എറണാ‍കുളം നിങ്ങൾക്ക് വേറെ സ്റ്റേറ്റാണല്ലോ അല്ലേ)എന്നും യുദ്ധം നടത്തിയിരുന്നത് ഈ നാട്ടുഭാഷയെക്കുറിച്ചായിരുന്നു. എലിന്റെ വാല് എന്നാണോ എലീന്റെ വാല് എന്നാണൊ ശരി എന്നൊക്കെയായിരുന്നു തർക്കവിഷയം!
മുമ്പ് കേട്ടിട്ടുങ്കിലും നന്നായി അവതരണം.

Khalidiah Int'l Est. said...

അറിഞ്ഞതൊക്കെയും ആഭാസം.
പറയുന്നതൊക്കെയും തോന്ന്യാസം.
അതിനാല്‍ മിണ്ടുന്നില്ല.

ചാണ്ടിക്കുഞ്ഞ് said...

"എന്തരപ്പീ, സുഖങ്ങളൊക്കെ തന്നേ..."
പെട്ടെന്നോര്‍മ വന്നത് സുരാജ് വെഞ്ഞാറമൂടിനെയും, തിര്വനന്തോരം ഭാഷയെയുമാ..
തൃശ്ശൂര്‍ക്കാരന്‍ ഇത് കേട്ട് മൂക്കത്ത് വിരല്‍ വെക്കും...എന്നിട്ട് പറയും..."അതങ്ങട് സ്ര്ര്ര്‍ ന്ന് പോമ്പോ നല്ല സുഖാ ഗട്യേ..."

ഇതിനെ ത്രെഡ്ഡാക്കി ഒരെണ്ണം കൂടി കാച്ച് തെച്ചിക്കോടാ...

GOPAL said...

എന്നിട്ട് ആ കുറിക്കാരനെ പെരുമാറിയോ ?

ശ്രീ said...

ഹ ഹ

ഹംസ said...

തെച്ചിക്കോടാ ഈ കമാന്‍റ് “അനക്കാ” സത്യായിട്ടും “അനക്കാ” …“ഇച്ചല്ല” ഞാന്‍ മലപ്പുറം ജില്ലക്കാരനാണെയ് .,,, ഹ ഹ ഹ ഹ…

പട്ടേപ്പാടം റാംജി said...

വിളിച്ചുണര്ത്തി വീണ്ടും ഉറങ്ങാന്‍ പറഞ്ഞതുപോലെ ...

കൊലകൊമ്പന്‍ said...

ആഹാ.. ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു ഞങ്ങ ഇപ്പോഴാ അറിഞ്ഞേ ..

-കൊച്ചിക്കാരന്‍

OAB/ഒഎബി said...

അന്റെ ഒരു കഥ ?
എന്ന് പറഞ്ഞാല്‍ ‘എന്റെ‘ എന്നായി അല്ലെ.

ഈ മാസത്തെ കുറി അനക്ക് കിട്ട്യാ ഒന്ന് അറിയിക്കാം. ^%$$#ऽ3سشس5ربسഎനിക്കൊന്നും മനസ്സിലാവ്ണില്ല.

സലാഹ് said...

ഞാനും അൌടുള്ളതാ, അന്നെ ബെറുതെ ബിടൂലാ..

റ്റോംസ് കോനുമഠം said...

നുമ്മക്കിത് ബോധിചിരിക്കണ്

mini//മിനി said...

ഇത് നല്ല തമാശ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇമ്മടെ റൂമിൽ ഒരു കണ്ണൂർക്കാരനുണ്ട്. മൂപ്പർക്കിട്ട് ഞങ്ങൾ ഇടയ്ക്ക് ഉപയോഗിക്കുന്നതാണീ‍ീ ‘അനക്ക്’ :) തിരിച്ച് ഇങ്ങോട്ട് ‘ ടാ ശവ്യേ കന്നാല്യേ.. ‘ വിളിയും :)

- കടയിൽ പുതിയതായി ജോലിക്ക് വന്ന ആളോട് കടക്കാരൻ ഒരു ദിവസം പറഞ്ഞു ‘ അനക്കൊരു പാന്റ് വാങ്ങീന് ‘ ഇത് കേട്ട പയ്യൻ കരുതി..പിന്നെ ഒരു ദിവസം പറഞ്ഞു ‘ അനക്കൊരു ഷർട്ടും വാങ്ങീന് ‘... പക്ഷെ പറയുന്നതല്ലാതെ മുതലാളി തരുന്നില്ലല്ലോ. പയ്യൻ മനസിൽ കരുതി. ഒരു ദിവസം മുതലാളി പുതിയ പാന്റും ഷർട്ടുമിട്ട് കടയിൽ വന്ന് പയ്യനോട് ചോദിച്ചു. ‘ അന്റെ പുതിയ പാന്റും ഷർട്ടും ‘ ഉഷാറായില്ലേന്ന് .. (പിന്നല്ലാതെ :)

തെച്ചിക്കോടന്‍ said...

ബിലാത്തിപട്ടണം: നന്ദി, ആദ്യമായി എത്തിയതിനു

ശ്രീക്കുട്ടന്‍: അതെ ഒരു വല്ലാത്ത ചതി. ഇവിടെ ആദ്യമാണെന്ന് തോന്നുന്നു, സ്വാഗതം, നന്ദി

ഒഴാക്കന്‍: നമ്മള്‍ തുല്യ ദുഖിതരാണ്, നാട്ടുകാരാ (ജില്ലക്കാരാ).

അലി: അതെ നിങ്ങള്‍ ഞങ്ങള്‍ക്ക് "സ്റ്റേറ്റുകാരാണ്"

ഖാലിദിയ എസ്റ്റ്: പറയാതെ പറഞ്ഞതിന് നന്ദി, സ്വാഗതം ഇവിടേയ്ക്ക്.

ചാണ്ടിക്കുഞ്ഞു: ഇതില്‍ത്തന്നെ ഒരു ഡോക്ടറേറ്റിനുള്ള വകുപ്പുണ്ട് !

ഗോപാല്‍: കുറിക്കാരന്‍ പറഞ്ഞത് ശരിയാണ് അയാളുടെ ഭാഗത്തുനിന്നും നോക്കുമ്പോള്‍, നന്ദി.

തെച്ചിക്കോടന്‍ said...

ശ്രീ: നന്ദി

ഹംസ: അന്റെ കമെന്റിനു പെരുത്ത് നന്ദി!

റാംജി: അതെ, വിളിച്ചുണര്‍ത്തി ഊണില്ല എന്ന് പറഞ്ഞപോലെ, നന്ദി.

കൊലകൊമ്പന്‍: നിങ്ങ ഇപ്പോളെങ്കിലും അറിഞ്ഞല്ലാ, നന്ദി

ഓ എ ബി: കുരികിട്ട്യാ മുണ്ടണ്ട, കടം ചോയ്ക്കും ! നന്ദി

സലാഹ്: ഞാന്‍ പാവമാണ്! നന്ദി

ടോംസ്: നിങ്ങക്കിഷ്ടായി എന്നറിഞ്ഞതില്‍ ഞമ്മള്‍ക്ക് പെരുത്ത് സന്തോഷം, നന്ദി

മിനി: നന്ദി

ബഷീര്‍ വെള്ളറക്കാട്: അത് ഉഷാറായി! നന്ദി.

എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി, വീണ്ടും വരണം.

എറക്കാടൻ / Erakkadan said...

ശരിയാ..ഇങ്ങനെയൊക്കെ റൂമില്‍ എത്ര അബദ്ധങള്‍ പറ്റിയിരിക്കുന്നു
@ചാണ്ടികുഞേ..എന്താ ത്റ്ശൂര്‍കാരോട് ഒരു പുച്ചം ...വേണ്ടാ..വേണ്ടാ....ഹി,,ഹി

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

'ക്ക്'(എനിക്ക്) തൊന്നും കേക്കണ്ട. കുറി അടിച്ചത് 'അനക്ക്' (നിനക്ക്) തെന്നേ.

ഇത് നമ്മളെ നാട്ടിലെ വര്‍ത്താനം..

Naushu said...

അവതരണം നന്നായിട്ടുണ്ട്...
ശരിക്കും ഇഷ്ട്ടായി....

Vayady said...

കഷ്ടം! എന്നാലും ആ പാവം 'രായി'ക്ക് എന്തു സങ്കടമായിക്കാണും എന്നോര്‍ക്കുമ്പോഴാ.....

അഭി said...

കൊള്ളാം
അവതരണം നന്നായിട്ടുണ്ട്

ബഷീര്‍ Vallikkunnu said...

തെച്ചീ, ഇതൊരു നേരമ്പോക്കല്ല. ശരിക്കും സംഭവിച്ചതാ.. ജിദ്ദ നുസലയിലെ എന്റെ എളാപ്പയുടെ റൂമില്‍ ഇതേ സംഭവം (Exactly, the same)നടന്നു അടിയുണ്ടായത് പറഞ്ഞു കേട്ടിട്ടുണ്ട്.

siya said...

ഈ പടം കണ്ടു തമാശ ആവും പിന്നെ വായിക്കാം എന്ന് വിചാരിച്ചു ..അറിയാതെ വായിച്ചുപോയി . നല്ല അവതരണം ,, ...ഇടയ്ക്കു ഇത് വഴി വരാം .ആശംസകള്‍

തെച്ചിക്കോടന്‍ said...

എരക്കാടന്‍: നന്ദി, ചാണ്ടിക്കുഞ്ഞിനെ ഒന്നും ചെയ്യരുത് (ആ ഫോട്ടോ കണ്ടില്ലേ, എന്തിനാ റിസ്ക്കെടുക്കുന്നത്?)

ഇസ്മായില്‍ (തണല്‍): പലദേശത്ത് പല ഭാഷ അല്ലെ, നന്ദി.

നാശു: നന്ദി വായനക്ക്.

വായാടി: പാവം, കട്ടപ്പൊക തന്നെ ! നന്ദി

അഭി: നന്ദി

ബഷീര്‍ വള്ളിക്കുന്ന്: ഇവിടെ മുന്‍പ് കേട്ടിരുന്നതായിരുന്നു, ഒരു നെരംമ്പോക്കാനെന്നാണ് കരുതിയിരുന്നത്.
ഏതായാലും കഷ്ടമായിപ്പോയി!

ബഷീര്‍ ഭായ് അടിയുണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഉള്‍ഭയം (പേടിയല്ല), ഇതൊന്നും അയാള് വായിക്കില്ലായിരിക്കും അല്ലെ !

സിയ: ഇവിടെ വന്നതിനും വായിച്ചതിനും നന്ദി, ഇനിയും വരണം.

ഇവിടെ വന്ന എല്ലാവരുടെയും സാന്നിധ്യം ഇനിയും പ്രതിക്ഷിച്ചുകൊണ്ട് നന്ദി പറയുന്നു.

ഉമ്മുഅമ്മാർ said...

അനക്കും ഇഷ്ട്ടമായിട്ടോ ഒത്തിരി ഇഷ്ട്ടമായി ഇത്തിരിയല്ലട്ടോ ഒത്തിരി.. തന്നെ ഇഷ്ട്ടമായി ആശംസകൾ

കുമാരന്‍ | kumaran said...

നമ്മക്കിട്ടൊരു താങ്ങ് ആണെങ്കിലും സംഗതി കലക്കി.

കമ്പർ said...

ഇതാ പറയുന്നത് കാളപെറ്റൂന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്.. എന്ന്
ഏതായാലും രായിൻ കാക്കാന്റെ പുരപ്പണിയും ഹുണ്ടിക്കാരന്റെ നാവിനു പണീയും ഉഷാറായി നടന്ന് കാണും..അല്ലേ...
കൊള്ളാം..ഇത്തിരിയെങ്കിലും ഒത്തിരി ചിരിക്കാൻ വകയുണ്ട്.

വഷളന്‍ | Vashalan said...

കുറിക്കുകൊണ്ടു എന്ന് പറയുന്ന പോലെ! കൊള്ളാമല്ലോ.

ഉപാസന || Upasana said...

athinenthaa... thalkkaalam kaashe koottukaarane koTuththaal pOrE
;-)

aathman / ആത്മന്‍ said...

കൊള്ളാം ഈ ഭാഷാഭേദവിചാരം...

ഗീത said...

അനക്കും എനക്കും. ആദ്യം കേള്‍ക്കുകയാ ഈ തമാശ.

എന്നാലും കാശിന്റെ കാര്യമാവുമ്പോ ഒന്നു വെരിഫൈ ചെയ്യണം.

($nOwf@ll) said...

ആരും ദേഷ്യപ്പെടില്ലെന്കില്‍ ഒരു സത്യം പറയാം.
നല്ല ഭാഷ എന്‍റെ നാട്ടിലെതാ.
(അയ്യോ, തല്ലല്ലേ..)

സിനു said...

പാവം.. രായിന്‍ക്ക!
ഇത് കേട്ടിട്ടില്ല..പക്ഷെ ഇതുപോലെത്തെ ഒരെണ്ണം ഞാനും കേട്ടിട്ടുണ്ട്
ഓരോരോ ഭാഷകളെ..

quwatul said...

കൊള്ളാം ഇത്‌ ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്‌.ഇത്തരത്തിലുള്ള മറ്റ്‌ പലതും കേട്ടിട്ടുണ്ടെങ്കിലും നന്നായി

ഭായി said...

കൊഴലുകാരന്, അയച്ച പൈസ കൊടുക്കാനായി രായിൻ, എ റ്റി എം ൽ നിന്നും പൈസായും എടുത്തിട്ട് വന്ന ഒരാളിൽ നിന്നും പൈസ തട്ടിപ്പറിക്കുന്നു! കണ്ടവർ ഓടിച്ചിട്ട് പിടിക്കുന്നു അടിക്കുന്നു ഇടിക്കുന്നു പോലീസ് പിടിച്ച് രായിങ്കുട്ടിയെ അകത്തിടുന്നു! ശുഭം :)

ജിപ്പൂസ് said...

ശ്രീക്കുട്ടന്‍ പറഞ്ഞ പോലെ ഒരുമാതിരി ചതിയായിപ്പോയി..

രവി said...

..
ഹിഹിഹി
തുടക്കത്തിലേ മനസ്സിലായി എവിടേക്കാണ് തെച്ചിക്കോടന്റെ പോക്കെന്ന്..

കാരണം ഞമ്മ്ള് കണ്ണൂര് നാട്ടാരനാ, ഹിഹിഹി.
..

Akbar said...

ഈ കഥ അനക്ക് ബോധിച്ചു. അതായത് എനിക്ക്.

the man to walk with said...

ishtaayi

ആയിരത്തിയൊന്നാംരാവ് said...

ഇനിയൊരു കുറി ചേരണം

Pd said...

ഹഹഹ, അനക്ക് എന്നതിനെ എനിക്കെന്ന് അറ്ഥമുണ്ടെന്ന് അറിയില്ലായിരുന്നു ഇതുവരെ..

ഉമേഷ്‌ പിലിക്കൊട് said...

:-)

നട്ടപ്പിരാന്തന്‍ said...

പണ്ട് മലപ്പുറത്ത് നിന്നും എറണാകുളത്ത് അമ്മാവന്റെ വീട്ടില്‍ അവധിയ്ക്ക് പോയപ്പോള്‍ ഒരു ചേച്ചിയോട് ഒരു കാര്യം “ഊക്കിലിടാന്‍” പറഞ്ഞപ്പോള്‍......ആ ചേച്ചി ഒരു വടിയും പൊട്ടിച്ച് എന്റെ പുറകെ അടിക്കാന്‍ വന്നതാണ് ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്.

കേരളത്തില്‍ മൊത്തം “ഊക്കിലിടുക” എന്നാല്‍ ശക്തിയായി ഇടുക എന്നതാണ് അര്‍ത്ഥം..പക്ഷെ എറണാകുളം ഭാഗത്ത് അര്‍ത്ഥം ഇത്തിരി വശപെശകാണ്.

നട്ടപ്പിരാന്തന്‍ said...

പണ്ട് മലപ്പുറത്ത് നിന്നും എറണാകുളത്ത് അമ്മാവന്റെ വീട്ടില്‍ അവധിയ്ക്ക് പോയപ്പോള്‍ ഒരു ചേച്ചിയോട് ഒരു കാര്യം “ഊക്കിലിടാന്‍” പറഞ്ഞപ്പോള്‍......ആ ചേച്ചി ഒരു വടിയും പൊട്ടിച്ച് എന്റെ പുറകെ അടിക്കാന്‍ വന്നതാണ് ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്.

കേരളത്തില്‍ മൊത്തം “ഊക്കിലിടുക” എന്നാല്‍ ശക്തിയായി ഇടുക എന്നതാണ് അര്‍ത്ഥം..പക്ഷെ എറണാകുളം ഭാഗത്ത് അര്‍ത്ഥം ഇത്തിരി വശപെശകാണ്.

കൊട്ടോട്ടിക്കാരന്‍... said...

മ്മക്കിട്ടും കൂടിയാ പണി ല്ലേ...
ച്ച് ബജ്ജ...

കണ്ണൂരാന്‍ / Kannooraan said...

ഞമ്മളെ നെന്ച്ചത്താ കളി അല്ലെ?
ഇങ്ങളെ ഞമ്മള് കണ്ടോളാം.
'തല' വെച്ച്ക്കില്ല.

Akbar said...

ചില വെറും തോന്നലുകള്‍

Anitha said...

നല്ല പോസ്റ്റുകള്‍...
ഇനിയും ഇതു പോലുള്ള നര്‍മത്തില്‍ പൊതിഞ്ഞ തമാശകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

ശ്രീനാഥന്‍ said...

നല്ല ചൊടിയുള്ള പോസ്റ്റ്! 'ചുണ്ടുള്ള’ എന്നു ധരിക്കല്ലേ!

വഴിപോക്കന്‍ said...

കണ്ണൂര്യന്‍ മലയാളം സംസാരിക്കുന്ന ഞാന്‍ മലപ്പുറ മലയാളം മനസ്സിലാവാതെ ഫാരൂക് കോളേജില്‍ കുറെ പൊട്ടന്‍ കളിച്ചിട്ടുണ്ട്

deepupradeep said...

മലപ്പുറത്തെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന എന്റെ ക്ലാസ്സിലും ഒരുപാടു കണ്ണൂര്‍ കാര്‍ ഉണ്ട് ......ഫസ്റ്റ് ഇയര്‍ ഇവരുടെ ഈ പ്രയോഘം കുറച്ചൊന്നുമല്ല ക്ലാസ്സില്‍ ചിരി പടര്തിയിട്ടുള്ളത്‌.

Aisibi said...

അന്റെ പോസ്റ്റ് കൊള്ളാം :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹയ്..എന്തൂട്ടാ ഗഡ്യേ... ഈ സംഗതി കലക്കീണ്ട് ട്ടാ...