Saturday 15 May, 2010

കുറി

കണ്ണൂര്‍ക്കാരനായ ബാബുവും മലപ്പുറത്തുകാരനായ രായിനും ഒരേ റൂമിലാണ് താമസം. പ്രാരബ്ധക്കാര്‍, വലിയ വലിയ ജോലികള്‍ക്ക്‌വേണ്ട കോപ്പൊന്നും കയ്യിലില്ലാത്തതുകൊണ്ട് ചെറിയ ജോലികള്‍ ചെയ്തു കുടുംബത്തെ പോറ്റുന്നു

കിട്ടുന്ന ശമ്പളത്തില്‍ മിച്ചം വരുന്നത് കൊണ്ട് ഒരു കുറിയില്‍ കൂടിയത് എന്തെങ്കിലും ഒരു സംഖ്യ നാട്ടില്‍ പോകുമ്പോള്‍ കൂടെയുണ്ടാവുമല്ലോ എന്ന് ബാബുവിനും, തുടങ്ങി ഇടയ്ക്കുവച്ചു നിന്നുപോയ വീടുപണി വീണ്ടും തുടങ്ങാം എന്ന് രായിനും മനസ്സിലുണ്ടായിരുന്നത് കൊണ്ടാണ്.



 
അങ്ങിനെ കുറി നറുക്കെടുക്കുന്ന ദിവസം വന്നു, ആഹ്ലാദത്തോടെ ബാബു രായിനെ വിളിച്ചു പറഞ്ഞു "എടാ കുറി അനക്കാ..!"

വര്‍ദ്ധിച്ച സന്തോഷത്തില്‍ രായിന്‍ ഉടനെ തന്നെ കുഴല്‍ക്കാരനെ വിളിച്ചു നാട്ടിലേക്ക് അത്രയും സംഖ്യ ഊതാന്‍ പറഞ്ഞു. പണം അടുത്ത ദിവസം എത്തിക്കാം എന്ന ഉറപ്പില്‍. മുടങ്ങിയ പണി ഇനിയെങ്കിലും തുടരാല്ലോ !

വൈകുന്നേരം റൂമില്‍ എത്തിയ രായിന് ബാബുവിന്റെ മുഖത്തെ സന്തോഷത്തില്‍ ഒട്ടും സന്ദേഹം തോന്നിയില്ല, കൂട്ടുകാരനല്ലേ?!. കുറിമൂപ്പനെ കണ്ടു കാര്യം സംസാരിക്കാന്‍ ചെന്ന രായിന്‍ ഇടിവെട്ടിയപോലെ കണ്ണിലിരുട്ടു കയറി തറയിലിരുന്നു, ഇനി കുഴലുകാരനെ എങ്ങിനെ നേരിടും എന്നറിയാതെ!.

കുറിയടിച്ചത് ബാബുവിനായിരുന്നു.!

----------
* അനക്ക് എന്നത് മലപ്പുറത്ത് ‘നിനക്ക്’ എന്നും കണ്ണൂര് ‘എനിക്ക്’ എന്നും അര്‍ത്ഥഭേദം
* കുറി = ചിട്ടി