Tuesday 3 February, 2009

ഒരു സീറ്റിനുകൊടുത്ത വില

എങ്ങിനെയെങ്ങിലും ഒരു സീറ്റ് ഒപ്പിക്കണം എന്നായിരുന്നു ചിന്ത മുഴുവനും. തിരക്കുപിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ച്‌ നില്ക്കാന്‍ തുടങ്ങിയിട്ട് കുറേനേരമായി. ബസ്സിലാണെങ്ങിലോ പരമാവധി ആളെ നിറച്ചിട്ടുണ്ട് എന്നാലും കൂടുതല്‍ കൂടുതല്‍ ആളുകളെ കയറ്റിക്കൊണ്ടിരിക്കയാണ് 'കിളി'. കോണിപ്പടിയില്‍നിന്നിറങ്ങാതെ ആളുകളെ, പ്രത്യേകിച്ചും സ്ത്രീജനങ്ങളെ, കയ്യും മെയ്യും കൊടുത്തു സഹായിച്ചും ചെയ്യുന്ന ജോലി വളരെ 'സിന്‍്സി്യറായി' ചെയ്തുകൊണ്ടിരിക്കയാണ് അദ്ദേഹം.


തിരക്കില്‍നിന്നു ഒന്നുമാറി ഒരരികുപറ്റി സീറ്റുചാരി നില്‍ക്കുകയായിരുന്നു ഞാന്‍്. സ്വല്പ്പം ശുദ്ധവായുവും കിട്ടും താന്‍ ചാരി നില്‍കുന്ന സീറ്റിലെ ആളൊഴിഞ്ഞാല്‍് അതില്‍ കയറിപറ്റുകയും ചെയ്യാം എന്ന ഉദ്ദേശവും ഉണ്ട് ആ നില്‍പ്പിന്. തോട്ടുമുന്പില്‍ ഒരു തടിയന്‍ നില്‍പ്പുണ്ട്‌ അയാള്‍ക്കും അതേ ഉദേശമാണെന്നു തോന്നുന്നു. എങ്കില്‍ ഈ മല്‍സരത്തിലെ എന്‍റെ പ്രധാന എതിരാളി അയാളായിരിക്കും.

ബസ്സ് പതുക്കേ ഞരങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നു. ടൌണില്‍ നിന്നു പുറപ്പെട്ടിട്ട് ഒരു മണിക്കൂറിലധികമായി ഭാരം കാരണം അധികവേഗത്തില്‍് നീങ്ങാന്‍ പറ്റുന്നില്ല അതിന്. ദീര്ഘകാലം ഈ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയാണത് പോരാത്തതിന് ഡ്രൈവര്‍ ഒരു പ്രായം ചെന്ന ആളും. തന്റെ ശ്രദ്ധയും വാഹന നിയന്ത്രണവും കൊണ്ടു ധാരാളം ആളുകളെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ച ചരിത്രമുണ്ട് അദേഹത്തിന്. പക്ഷെ യാത്രക്കാര്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ല. തിരക്കിന്‍റെ ഈ ലോകത്ത് എല്ലാവരും വേഗത്തേ ഇഷ്ടപ്പെടുന്നവരാണ്. പലരും പിറുപിറുക്കുന്നുണ്ട്, പിന്നില്‍നിന്നും അത് ആരോ ഉറക്കെ പ്രകടിപ്പിക്കുകയും ചെയ്തു "ഒന്നു വേഗം പോകെന്റെ മാഷേ, ചെന്നിട്ടു വേറെ പണിയുണ്ട്" .. അയാള്‍ വിളിച്ചു പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം വേഗതയുടെ ഈ ആധുനിക ലോകത്ത് ജീവിക്കാന്‍ അര്‍ഹത നഷ്ടപെട്ടവരില്‍ ഒരാളാണ് അദേഹവും.

ബസ്സ് തൊട്ടടുത്തുള്ള ഒരു നാല്‍്കവലയിലെത്തി. വഴി വാണിഭക്കാരും, യാത്രക്കാരും, വൈകുന്നേരത്ത് വെടിപറഞിരിക്കുന്ന നാട്ടുകാരെയും കൊണ്ടു നിറഞ്ഞ ഒരു ചെറു പട്ടണമാണത്. കുറെ ആള്‍ക്കാര്‍ ഇറങ്ങാനും അതിലെറേപ്പേര്‍് കയറാനുമുണ്ടവിടെ. ഞാന്‍ നോട്ടമിട്ടിരിക്കുന്ന സീറ്റിലെ ആള്‍ ഇറങ്ങാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു. അയാള്‍ തയ്യാറെടുക്കുകയാണ്, മുണ്ട് മുറുക്കിയുടുത്ത് വീണു പോകാതിരിക്കാന്‍ ബാഗ് തന്‍റെ കക്ഷത്തിലിറുക്കിപ്പിടിച്ചു ശരിക്കും ഒരു യുദ്ധത്തിനു തയ്യാറാകുംപോലെ. മിക്കവാറും ഒരു മല്ലയുദ്ധം തന്നെ വേണ്ടിവരും ഇറങ്ങാന്‍, കാരണം സീറ്റ് പിടിക്കാന്‍ തയ്യാറായി നില്‍കുന്ന ഞങ്ങളെ മറികടന്നാല്‍ തന്നെ ഇടിച്ചുകേറുന്ന യാത്രക്കാരെ പ്രതിരോധിച്ചു ഇടുങ്ങിയ വാതിലിലൂടെ പുറത്തു കടക്കുക കുറച്ചു ശ്രമകരം തന്നെ.

അയാളെഴുന്നേറ്റ്തേ കണക്ക് ഞാനും തടിയനും വേറെ ചിലരും ഒരു മല്‍പ്പിടുത്തം തന്നെ നടത്തി ആ സീറ്റ് സ്വന്തമാക്കാന്‍്. അയാള്‍ എണീറ്റപ്പോള്‍ പിന്നില്‍ പ്രത്യക്ഷമായ വിടവിലൂടെ ഞാനെന്‍റെ ശരീരം തിരുകിക്കൊള്ളിച്ചു സീറ്റില്‍ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു. പക്ഷെ കാലുകള്‍ ഇപ്പോഴും പുറത്താണ്, ആളുകള്‍ നില്‍ക്കുന്ന ഭാഗത്ത്. അതേസമയം മുന്നിലൂടെ തടിയനും സീറ്റിലേക്ക് തന്‍റെ പിന്‍ഭാഗം നീട്ടി... പക്ഷെ ഇരുന്നത് എന്‍റെ മടിയിലേക്കായിരുന്നു. അയാളുടെ ശരീരത്തിനടിയില്‍പെട്ടു ഞാന്‍ ഞെരുങ്ങിപ്പോയി. അതിഭാരവും വേദനയും കാരണം എന്താണ് സംഭവിക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. വേദന സഹിക്കവയ്യാതെ ഞാനയാളെ ഒന്നു പിച്ചിയെന്നു തോന്നുന്നു .. തേള്കടിച്ചാലെന്നപോലെ അയാള്‍ ചാടി എണീറ്റു. നന്നായി വേദനിചെന്നു തോന്നുന്നു അയാളെന്നെ രൂക്ഷമായി നോക്കി, പേടിപ്പെടുത്തുന്ന രീതിയില്‍. എന്തിനോ തയ്യാറെടുതത്പോലെയാണ് ആ നോട്ടം. എന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് മനസ്സില്‍ പേടി ഇരട്ടിച്ചു.

ബെല്ലടിക്കനോങ്ങിയ കണ്ടക്ടറോട് അയാളാജ്ഞാപിച്ചു "വണ്ടി വിടാന്‍ വരട്ടെ, ഇയാളെന്നെ പിച്ചി". അയാള്‍ എല്ലാവരുടെയും മുന്‍പില്‍ പ്രശ്നമവതരിപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. മനപ്പൂര്‍വമാല്ലെങ്ങിലും മറ്റു യാത്രക്കാരുടെ മുന്നില്‍ ഒരു കുറ്റവാളിയാണ് ഞാനിപ്പോള്‍. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്, ഒരപൂര്‍വ വസ്തുവിനെ കാണുമ്പോലെ അവരെന്നെ തുറിച്ചുനോക്കുന്നു.

"എനിക്കറിയണം എന്തിനാണ് ഇയാളെന്നെ പിച്ചിയതെന്ന്", തടിയന്‍ വീണ്ടും ഒച്ചവെച്ചു.

മറുപടിപറയാനാകാതെ ഞാന്‍ പതറി, അല്ലേലും ഞാനങ്ങനെയാണ് ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ വാക്കുകള്‍ പുറത്തു വരില്ല.

"വണ്ടി വൈകിക്കാന്‍ പാടില്ല, ദയവായി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്", കണ്ടക്ടര്‍ അയാളെ സാന്ത്വനപ്പെടുത്താന്‍് ശ്രമിക്കുന്നുണ്ട്.

"ഇതിനു തീരുമാനമെടുത്തിട്ടു പോയാല്‍ മതി" അയാള്‍ വഴങ്ങുന്നില്ല.

നേരം വൈകിയാലുള്ള നഷ്ടങ്ങളെ കുറിച്ചും, പിന്നില്‍ വരുന്ന ബസ്സിന്റെ മത്സര സ്വഭാവത്തിനേക്കുറിച്ചും, സര്‍വോപരി യാത്രക്കാരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും മറ്റും കണ്ടക്ടര്‍ അയാളോട് വിശദീകരിക്കാന്‍് ശ്രമിച്ചു. പക്ഷെ വല്ലാത്ത വാശിയിലാണയാള്‍്, വഴങ്ങുന്ന മട്ടില്ല.

ഏതാണ്ട് പതിനഞ്ച് മിനിറ്റോളമായി യാത്ര മുടങ്ങിയിട്ട്. കണ്ടക്ടര്‍ ഡ്രൈവറുമായി കൂടിയാലോചനയിലാണ് യാത്രക്കാര്‍ പരസ്പരം പിറുപിറുക്കുന്നു. ചിലര്‍ എന്‍റെ നേരേ കണ്ണുരുട്ടുന്നുണ്ട്, അവരുടെ യാത്ര മുടക്കുന്നതിന് കാരണക്കാരന്‍ ഞാനാണല്ലോ.

"ഒരു മാര്‍ഗമുണ്ട്‌" അവസാനം പരാഹാരം കണ്ട ആഹ്ലാദത്തോടെ കണ്ടക്ടര്‍ വിളിച്ചു പറഞു. എല്ലാവരുടെയും നോട്ടം അങ്ങോട്ടായി.

തടിയനെ നോക്കി കണ്ടക്ടര്‍ ചോദിച്ചു "ഇയാള്‍ നിങ്ങളെ പിച്ചിയോ?", തടിയാല്‍ അതേ എന്ന ഭാവത്തില്‍ തലയാട്ടി.

"എങ്കില്‍ നിങള്‍് ഇയാളെ തിരിച്ചടിക്ക്" ... കണ്ടക്ടറുടെ മദ്ധ്യസ്ഥം കേട്ടപാതി തടിയാല്‍ എന്‍റെ കവിളത്ത് ആഞ്ഞടിച്ചു. ഓര്ക്കാപ്പുറത്തുള്ള ആ അടിയില്‍ ഞാന്‍ മറിഞ്ഞുപോയി. അടുത്തിരുന്നയാള്‍് താങ്ങിയിരുന്നില്ല എങ്കില്‍ തല മുന്നിലെ സീറ്റുകമ്പിയിലിടിചേനേ.

അടിയുടെ ആഘാതവും നിറയെ യാത്രക്കാരുടെ മുന്‍പില്‍ വച്ചു അപമാനിക്കപെട്ടതിലുള്ള വേദനയും എന്‍റെ കണ്ണുകളില്‍ ഇരുട്ട് പരത്തി. നിറഞ്ഞ കണ്ണുനീര്‍ മറ്റുള്ളവരെ കാണിക്കാതിരക്കാന്‍് ഞാന്‍ തലകുമ്പിട്ടിരുന്നു, എനിക്ക് കിട്ടിയ എന്‍റെ സീറ്റില്‍.. തൊട്ടരികെ ഒരു യുദ്ധം ജയിച്ച പോരാളിയെപ്പോലെ തടിയന്‍ നെഞ്ഞുവിരിച്ചു നില്ക്കുന്നു.

ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ട നയതന്ത്രജ്ഞനേപ്പോലെ ആഹ്ലാദവാനായ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു.

4 comments:

ബോണ്‍സ് said...

സംഭവിച്ചതോ അതോ വെറും കഥയാണോ? നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് ബോധവും വെളിവും ഇല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാ ഈ കണ്ടക്ടര്‍ . എന്നാല്‍ പിന്നെ അയാള്‍ക്ക്‌ തിരിച്ചു പിച്ചാന്‍ പറയാമായിരുന്നില്ലേ? എന്തായാലും നന്നായി എഴുതിയിട്ടുണ്ട്.

മുസാഫിര്‍ said...

ഞാനും അതാ പറയുന്നത്.തിരിച്ചു പിച്ചിയാല്‍ പോരായിരുന്നോ ?

Unknown said...

ബോണ്സ്: സംഗതി നടന്നതാണ്, ഞാന് കണ്ട ഒരു സംഭവം, കൊണ്ടാതല്ല. നന്ദി, വന്നതിനും കമന്റ് ഇട്ടതിനും. വീണ്ടും പ്രതീക്ഷിക്കുന്നു

മുസാഫിര്‍: മതിയായിരുന്നു, പക്ഷെ അയാള്ക്ക് അങ്ങിനെയാനപ്പോള്‍ തോന്നിയത്, നന്ദി, വീണ്ടും വരുമല്ലോ.

Kasim Sayed said...

നല്ല അവതരണം.