Saturday 11 April, 2009

അഭയാര്ത്തികള്‍

ഓഫീസിലെ സജീവ സാന്നിദ്യമാണ് ഹസ്സന്‍, രസികന്‍.. ഫലിതപ്രിയന്‍..
ചിരിച്ചും എല്ലാവരെയും ചിരിപ്പിച്ചും എപ്പോഴും സജീവമായിട്ട് ഞങ്ങള്‍ക്കിടയിലുണ്ടയാള്. നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്ന ഹസ്സന്‍ പലപ്പോഴും ഇന്ത്യക്കാരുടെ ഇംഗ്ലിഷിനെ അനുകരിച്ചു മറ്റുള്ളവരുടെ കയ്യടിവാങ്ങാറുണ്ട്. ആള്‍ക്കാരുടെ സംസാരരീതിയും നടപ്പും മറ്റും അയാള്‍ സമര്‍ത്ഥമായി അനുകരിക്കും. എല്ലാവരും അത് പരമാവധി ആസ്വധിക്കാറുമുണ്ട്.

ഫലസ്തീനില്‍ നിന്നും പലായനം ചെയ്തു കുവൈറ്റില്‍ കുടിയേറിയിരുന്ന കുടുംബത്തിലെ ഒരംഗമാണ് ഹസ്സന്‍, ബാല്യകാലം ചിലവഴിച്ചതും കുവൈറ്റില്‍ ആയിരുന്നു. കൗമാര പ്രായത്തില്‍ പഠനാവശ്യാര്‍ത്ഥം അമേരിക്കയില്‍ പോയ ഹസ്സന്‍ പിന്നീട് അവിടെ സ്ഥിരതാമസമാക്കി, പൌരത്വവും കരസ്ഥമാക്കി. താല്‍കാലിക കല്യാണം കഴിച്ചാണത്രേ പൌരത്വം ഒപ്പിച്ചത്, അവരോടുള്ള കരാറ് പ്രകാരം പിന്നീടതൊഴിവാക്കി.

കാലങ്ങള്‍ക്കു ശേഷം തന്‍റെ ഒരു നാട്ടുകാരിയെ തന്നെ ശരിക്കും കല്യാണം കഴിച്ചു. ഫലസ്തീന്‍കാരിയായ അവര്‍ക്ക് പക്ഷെ അമേരിക്കന്‍ പൌരത്വം നേടാന്‍ സാധിച്ചില്ല, അവര്‍ മറ്റൊരു അറബ് രാജ്യത്തിന്റെ ട്രാവല്‍ ഡോകുമെന്റ്സ്‌ പാസ്പോര്‍ട്ടിനു പകരമായി ഉപയോഗിക്കുന്നു, മറ്റുപലരെയും പോലെ.

കുടുംബജീവിതം അയാളുടെ പ്രാരാബ്ദങ്ങള്‍ അധികരിപ്പിച്ചു. നഗരത്തിന്‍റെ തിരക്കില്‍ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ അയാള്‍ പാടുപെട്ടു. തന്‍റെ കട പല പ്രാവശ്യം കൊള്ളയടിക്കപ്പെട്ടപ്പോള്‍ അക്രമിയുടെ തോക്കിന്‍ തുമ്പത്ത് സ്വന്തം ജീവനുവേണ്ടി യാചിക്കേണ്ടി വന്നപ്പോള്‍, അതും പലതവണ, അയാള്‍ക്ക് വീണ്ടും ഒരു പലായനത്തിനേ കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടി വന്നു. സംസ്കാരങ്ങളുടെ അന്തരവും, പടിഞ്ഞാറന്‍ ജീവിത രീതികളും, വളര്‍ന്നു വരുന്ന തന്‍റെ മക്കളും എല്ലാം അയാളില്‍ ഈ ചിന്തയ്ക്ക് വേഗത കൂട്ടിയിരിക്കാം.

പതിനെട്ടു വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ അയാള്‍ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ആദ്യമായി അയാളൊരു പൗരനായി എന്നതാണ്.. വിശാലമായ ഈ ഭുമിയില്‍ ജീവിക്കുമ്പോഴും ഭൂമിയുടെ അവകാശികളല്ലാത്ത, രാജ്യമില്ലാത്ത അനേകം മനുഷ്യരില്‍ നിന്നും ഒരു ഭാഗ്യശാലി.

ഇന്നയാള്‍ സനാഥനാണ്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്‍റെ പിന്‍ബലം. ചില രാജ്യങ്ങളിലെങ്കിലും അവര്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയില്‍ അയാള്‍ അഭിമാനം കൊള്ളുന്നു. പക്ഷെ, ജീവിതം ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു കടംകഥയാണ് അവര്‍ക്ക്. പ്രായമായ അച്ചനും അമ്മയും യമനില്‍ അഭയാര്‍ത്തികള്‍.., അവിടെ കല്യാണം കഴിച്ചയച്ച പെങ്ങള്‍.., കുവൈറ്റില്‍ അഭയം തേടിയ സഹോദരന്‍.., കിഴക്കന്‍ യൂറോപ്പില്‍ കുടിയേറിയ മറ്റൊരു സഹോദരന്‍...., ഹസ്സന്‍ സൗദിയിലും .. പരസ്പരം കണ്ടുമുട്ടാന്‍ കഴിയാത്ത സഹോദരങ്ങള്‍ .... ഫോണിലൂടെ മാത്രം അരക്കിട്ടുറപ്പിക്കുന്ന ബന്ധങ്ങള്‍..

വാര്‍ഷിക അവധിക്കാണ് മാതാപിതാക്കളെ കാണാന്‍ പോകുന്നത്. യമെനിലേക്ക് വിസ കിട്ടാനുള്ള ബദ്ധപ്പാടുകള്‍.... മറ്റൊരു അറബ് രാജ്യത്തിന്‍റെ യാത്രാ രേഖയുള്ള അയാളുടെ ഭാര്യക്ക്‌ വിസ ലഭിക്കാന്‍, പ്രത്യേകിച്ചും gcc രാജ്യങ്ങളിലേക്ക്, സാന്കേതികത്തിന്റെ ഒരുപാടു നൂലാമാലകള്‍. നിലവിലുള്ള അഭയാര്‍ത്തികളെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതലാളുകള്‍ വരുന്നതില്‍ gcc രാജ്യങ്ങളില്‍ നിബന്ധനകളുണ്ടത്രേ... അവര്‍ തിരിച്ചു പോയില്ലെങ്ങിലോ ..?

ഹസ്സന് ലീവ് ലഭിക്കുമ്പോള്‍ സഹോദരങ്ങള്‍ക്ക്‌ എത്താന്‍ കഴിയില്ല... ഒരു സഹോദരന്‍ വരുമ്പോള്‍ മറ്റയാള്‍ക്ക് വിസ കിട്ടില്ല...

'എല്ലാവരേയും ഒരുമിച്ചു കണ്ടിട്ട് വര്‍ഷങ്ങള് ഏറെയായി'. ജോലിക്കിടയിലെ ഇടവേളയിലോരിക്കല്‍ ഹസ്സന്‍ പറഞ്ഞു. 'ലോകത്ത് മറ്റൊരു സമൂഹത്തിനും ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കില്ല.!'

ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലാണ്. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങുന്നതിലും, മറ്റു യാത്ര സജ്ജീകരണങ്ങളിലുമായി അദ്ദേഹം മുഴികിയിരിക്കുകയാണ്. നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്ന സഹപ്രവര്‍ത്തകന്റെ ഉത്സാഹവും, മുഖത്തെ സന്തോഷവും കണ്ടു ഹസ്സന്‍ പറഞ്ഞു 'നിഞ്ഞള്‍ക്ക് പോകാനൊരിടമുണ്ട്, സ്വന്തം ഭുമിയുണ്ട്, നാടുണ്ട്, അവിടെ വീടുണ്ട്, കാത്തിരിക്കാന്‍ അവിടെ കുടുംബങ്ങളുണ്ട്..., ഞങ്ങള്‍ക്കോ...?! ഞങ്ങള്‍ എവിടെ പോകും..?!

സദാ മറ്റുള്ളവരെ തന്‍റെ വാക്ചാതുരിയാല്‍ ചിരിപ്പിക്കുന്ന അയാളുടെ മുഖം മേഘാവൃതമായ ആഘാശം പോലെ ഘനീഭവിച്ചു... കണ്ണുകളില്‍ ഒരു സമൂഹത്തിന്റെ ദശാബ്ദങ്ങളായുള്ള ദുരിതങ്ങളുടെ, വേദനകളുടെ പറഞ്ഞറിയിക്കാനാവാത്ത ഭാവം..

വെക്കേഷന്‍ അടുത്തുവരുന്നു.. മനസ്സു നാടിനെക്കുറിച്ചുള്ള ഓര്‍മകളില്‍ ആവേശം കൊള്ളുന്നു... നാട്ടില്‍ ചെല്ലണം.., മഴകാണണം.., തോട്ടിലും പുഴയില്ലും ഒന്നു മുങ്ങിക്കുളിക്കണം... മുണ്ട് മടക്കികുത്തി തൊടിയിലും പാടത്തും അലസമായി നടക്കണം.., വൈകുന്നേരങ്ങളില്‍ അങ്ങാടിയിലിറങ്ങി പഴയപോലെ കൂട്ട് കൂടണം ...രാത്രി കയ്യാല്‍ കുമ്പിളുകുത്തി മെഴുകുതിരി വിരലുകള്‍ക്കിടയില്‍ വെച്ചു ആ വെട്ടത്തില്‍ ഇടവഴിയിലൂടെ, ഇഴജന്തുക്കളെയും പൊട്ടിയെയും പേടിച്ചു തിരിച്ചു വീട്ടിലേക്ക് പോകണം...

മാസങ്ങള്‍ ബാക്കിയുണ്ട് എങ്കിലും ആ പ്രതീക്ഷകള്‍ ഒരു പ്രത്യേക ഊര്ജ്ജം തരുന്നു...

അപ്പോഴും ഹൃദയത്തിന്റെ അടിത്തട്ടില്‍ ഹസ്സന്റെ ചോദ്യം ഒരു വിങ്ങലായി അവശേഷിക്കുന്നു... എനിക്കുത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യം......."ഞങ്ങള്‍ എവിടെ പോകും..?!

13 comments:

Unknown said...

നാടില്ലാത്ത, പൌരത്വമില്ലാത്തവര്‍ക്കു വേണ്ടി
ചില മാനുഷിക ചിന്തകള്‍

ബഷീർ said...

പരിതാപകരം തന്നെ..

ഇങ്ങിനെയൊക്കെയാണെങ്കിലും അഹങ്കാരത്തിന്റെ പ്രതിരൂപമായ ഇക്കൂട്ടരിൽ ചിലർ മറ്റുള്ളവരോട് തോന്നുന്ന സഹതാപം പോലും ഇല്ലാതാക്കുന്നു ചിലപ്പോഴെങ്കിലും.

പലപ്പോഴും നാം അവരെ പറ്റി ആകുലപ്പെടുന്നതിന്റെ നൂറിലൊന്ന് അവർ അവരെ പറ്റി ആകുലരാവുന്നില്ല എന്ന് തോന്നുന്നു.


നല്ല ഒരു നാൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം.. തിരിച്ചറിവും

കല്യാണിക്കുട്ടി said...

inganeyum manusharundallo...ennenkilum itharam avasthakal maarumennu prathyaasikkaam............

Typist | എഴുത്തുകാരി said...

ഈ ലോകത്തു ഇങ്ങനെയൊക്കെയുള്ള ആള്‍ക്കാരുണ്ടെന്നതു്, ഇതൊക്കെ വായിക്കുമ്പോഴാണ് ഓര്‍ക്കുന്നതു തന്നെ. നമ്മളൊക്കെ ഭാഗ്യവാന്മാര്‍. സ്വന്തം എന്നു പറയാന്‍ ഒരു നാട് ഉണ്ടല്ലോ.

C.K.Samad said...

പോകാനൊരിടമുണ്ട്, സ്വന്തം ഭുമിയുണ്ട്, നാടുണ്ട്, അവിടെ വീടുണ്ട്, കാത്തിരിക്കാന്‍ അവിടെ കുടുംബങ്ങളുണ്ട്...,

കരീം മാഷ്‌ said...

Good.
Yesterday I ask my P.R.O. Barrak Mizzal
"why you did't save some thing?"
He told me my Savings are gone with Iraq War. Now I can's belive no Banks and Govt institutions in Iraq. So I am spending immediatly

But we are Safe,
Thanks for our Safe Governments to provide a faith.

വാഴക്കോടന്‍ ‍// vazhakodan said...

പല കാഴ്ചകളും നമ്മെ ഒരുപാട് ചിന്തിപ്പിക്കാറുണ്ട്. എന്നാല്‍ ചിന്തിച്ചാല്‍ ഒരു അന്തവും കിട്ടാത്ത ഒരു പ്രശ്നമാണ് പലസ്തീന്‍ ജനതയുടെ. നല്ലത് വരട്ടെ എന്ന് പ്രത്യാശിക്കാം!
ഇനിയും എഴുതുക....വീണ്ടും വരാം!
പലസ്തീനിലെ ഒരു കഥ ഞാന്‍ എഴുതിയിട്ടുണ്ട് "എന്റെ പ്രിയപ്പെട്ട ആയിഷാ" വായിക്കുമല്ലോ!
സസ്നേഹം,
വാഴക്കോടന്‍

Sajid TK said...

This story depicts how luck we are !!!!!!!!!!!!!! Thanks GOD

Anil cheleri kumaran said...

ശരിയാൺ.
നല്ല പോസ്റ്റ്.

Unknown said...

ബഷീര്‍ക്ക: ചിലരെല്ലാം അങ്ങിനെയാവാം എന്കില്യം ഇത് ഒരു സമൂഹത്തിന്റെ മൊത്തം പ്രശ്നമാണല്ലോ. തിരിച്ചറിവിനും ഒരു നല്ല നാളെയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം.
വന്നതിനും കമെന്റ്സിനും നന്ദി, വീണ്ടും വരുമല്ലോ.

കല്യാണികുട്ടി: എല്ലാ ദുരിതങ്ങളും സാശ്വതമല്ല എന്ന് പ്രത്യാശിക്കാം. എന്റെ ബ്ലോഗില്‍ വന്നതിനും കമെന്റ്സിനും നന്ദി, വീണ്ടും വരുമല്ലോ.

ടൈപിസ്റ്റ്‌: സ്വന്തം നാടുള്ള നമ്മോളൊക്കെ അനുഗ്രതീതര്‍ തന്നെ. നന്ദി വീണ്ടും വരിക.

സമദ്‌ ഇരുമ്പുഴി: വന്നതിനു നന്ദി, വീടും പ്രതീക്ഷിക്കുന്നു.

കരീം മാഷെ: സന്തോഷം വന്നതിനും അഭിപ്രായം എഴുതിയതിന്നും. വീണ്ടും വരണം

വഴക്കോടന്‍: നല്ലത് വരട്ടെ, എല്ലാ പ്രശ്നങ്ങള്‍ക്കും ഒരവസാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
എന്റെ ബ്ലോഗില്‍ വന്നതിനു വളരെയധികം സന്തോഷം. ഇനിയും വരുമല്ലോ. കഥ ഞാന്‍ വായിക്കുന്നുണ്ട്.

സാജിദ്‌: കമെന്റ്സിനു വളരെ നന്ദി. പ്രൊഫൈല്‍ കണ്ടു ഇനി ഒരു ബ്ലോഗ്‌ തുടങ്ങുക.

കുമാരന്‍: നന്ദി, വീണ്ടും വരുമല്ലോ.

പണ്യന്‍കുയ്യി said...

sankadam thonunnu valre nannayi iniyum varaam

ഹന്‍ല്ലലത്ത് Hanllalath said...

കുരുങ്ങിക്കിടക്കുന്ന ജീവിതങ്ങള്‍...

സൂത്രന്‍..!! said...

jeevithathnte mattaru mukham..