Thursday, 12 November, 2009

രായിന്‍കുട്ടി നീയും ..?!

പതിവുപോലെ ആത്മാര്‍ത്ഥമായ ജോലിക്കിടയില്‍ രായിന്‍കുട്ടി നെറ്റ് തുറന്നിരിക്കുകയാണ്. കുറച്ചൊന്നു തിരക്കൊഴിയുമ്പോള്‍ ആണ് നെറ്റില്‍ പരതുന്നതും മറ്റുള്ളവരുടെ ബ്ലോഗിലൂടെ കേറി ഇറങ്ങുന്നതും. ഇന്നും സമയം കിട്ടിയപ്പോള്‍ പതിവുപോലെ മേലധികാരികളുടെ കണ്ണില്‍ പെടാതെ നെറ്റ് തുറന്നു.

നാട്ടിലെ വിശേഷങ്ങള്‍ അറിയാനുള്ള ആഗ്രഹം കൊണ്ട് മലയാള പത്രങ്ങളാണ് ആദ്യം നോക്കാറ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അതിന്റെ പരമ്മ്യതയില്‍ എത്തി നില്‍ക്കുകയാണല്ലോ, കണ്ണൂരിലെ കുട്ടി വീണ്ടും അത്ഭുതം കാട്ടുമോ അതോ ചെയ്ത പണിയൊക്കെ ആക്രാന്തമായി പോകുമോ തുടങ്ങിയ ആകാംശകള്‍ കൊണ്ട് ഒരു അരാഷ്ട്രീയവാദിയല്ലാത്ത രായിന്‍കുട്ടി ആര്‍ത്തിയോടെ സര്‍ഫ് ചെയ്തു കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ്‌ മറ്റു പത്രങ്ങളുടെ സൈറ്റില്‍ കയറിയിറങ്ങി അവസാനം പ്രശസ്തമായ ഈ പത്രത്തില്‍ എത്തിയത്. ഏതൊക്കെ എന്തൊക്കെ വായിച്ചാലും ഇതുംകൂടെ വായിച്ചില്ലെങ്കില്‍ വായന പൂര്‍ണമാകില്ല എന്ന അവസ്ഥയില്‍ സാമാന്യ വായനക്കാരെ കൊണ്ടെത്തിച്ച പേരും പ്രചാരവും ഉള്ള പത്രം.

വായനയില്‍ മുഴുകിയതുകൊണ്ട് പിന്നില്‍ സഹപ്രവര്‍ത്തകനായ അറബി വന്നുനിന്നത്‌ രായിന്‍കുട്ടി അത്ര ഗൌനിച്ചില്ല. മറയ്കാണോ ഒളിക്കാനോ ഒന്നുമില്ലാത്തത് കൊണ്ട് വായന തുടര്‍ന്നു. കാശില്ലാത്തവന്‍ ഇറച്ചിക്ക് വന്നതുപോലെ കുറച്ചു നേരം നോക്കിനിന്നശേഷം അവന്‍ പോയികൊള്ളും എന്നാണു കരുതിയത്‌.

"നീ എന്താണീനോക്കുന്നത്" അവന്റെ ശബ്ദത്തിലെ ഫ്രീകെന്സി മാറ്റം ശ്രദ്ധിച്ച രായിന്‍കുട്ടി സ്ക്രീനില്‍ നിന്നും കണ്ണുയര്‍ത്തി മറുപടി കൊടുത്തു, "ന്യൂസ്‌ പേപ്പര്‍".

"ഇതാണോ ന്യൂസ്‌ പേപ്പര്‍?" അവന്‍ സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി.

അവന്‍ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയപ്പോള്‍ രായിന്‍കുട്ടിയുടെ ഉള്ളൊന്നു കിടുങ്ങി.

ഒരു നിസാര പരസ്യം. പക്ഷെ അതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രമാണ് പ്രശ്നം. ഏതാണ്ട് നഗ്നമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ശില്പ ഷെട്ടി പിസാ ഗോപുരം പോലെ അങ്ങനെ നീണ്ടു ചെരിഞ്ഞു നില്‍ക്കുന്നു. അരക്ക് മുകളില്‍ ഒരു ചെറിയ കച്ച, പൊക്കിളിനു ഏതാണ്ട് ഒരൊന്നൊന്നര ഫര്‍ലോങ്ങ് താഴെ ഒരു കൊച്ചു കറുത്ത ഷെട്ടി (പിങ്കല്ല). അതും വലിച്ചു കീഴ്പോട്ടു താഴ്ത്തി നില്‍ക്കുന്ന പോസ്.

പോരാത്തതിന് മറ്റൊന്ന് ഇംഗ്ലീഷില്‍, അതിനര്‍ത്ഥം ഏതാണ്ടിങ്ങനെ "അറബി പെണ്ണുങ്ങളെ എങ്ങിനെ പാട്ടിലാക്കം"

"ഇത് അങ്ങനത്തെ സൈറ്റ് ഒന്നുമല്ല, വളരെ പ്രസിദ്ധമായ ഒരു പത്രമാണ്‌"

"ഐ നോ, ഐ നോ", ഇവനെ പറഞ്ഞു മനസ്സിലാക്കന്‍ പാടുപെടേണ്ടി വരുമല്ലോ പടച്ചോനെ.

"നോക്ക് ഭായ് നൂറ്റാണ്ടിനുമേല്‍ പാരമ്പര്യമുള്ള, ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുന്ന മലയാള പത്രമാണിത്, അവര്‍ക്കിങ്ങനെ ഇക്കിളി വിറ്റു ജീവിക്കേണ്ട കാര്യമില്ല, പണവും പാരമ്പര്യവും ഇഷ്ടംപോലെയുള്ള കുടുംബം. അവരുടെ ഈ പത്രം സാംസ്കാരിക കേരളത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്നവരാണ്" രായിന്‍കുട്ടി ആവുന്നത്ര കിണഞ്ഞു പരിശ്രമിച്ചു തന്‍റെ നിഷ്കളങ്കത ബോധ്യപ്പെടുത്താന്‍.

"ബുദ്ധിമുട്ടണ്ട എനിക്കെല്ലാം മനസ്സിലായി" മലയാളം വായിക്കാനറിയാത്ത അറബി സുഹൃത്ത്‌ ഏതാണ്ടൊക്കെ ഊഹിച്ച്‌ ഉറപ്പിച്ച്, ചുണ്ടില്‍ ഒരു വക്ക്രച്ചിരിയുമായി കാബിന്‍ വിട്ടു പോയി.

തന്‍റെ മാനം കോണ്‍കോര്‍ഡ് വിമാനം കയറിപ്പോകുന്നത്‌ കണ്ടു വിഷണ്ണനായി രായിന്‍കുട്ടി ഓര്‍ത്തു ഇവര്‍ക്കൊക്കെ മലയാളം പഠിച്ചാലെന്താ, എങ്കില്‍ തന്‍റെ നിരപരാധിത്വം ബോധ്യമായേനെ.

പണ്ടാറടങ്ങാന്‍ ഇനി ഇന്നൊന്നും വേണ്ട എന്നുകരുതി സൈറ്റ് ക്ലോസ് ചെയ്യാന്‍ തിരിഞ്ഞപ്പോള്‍ തൊട്ടുമുന്നില്‍ ഇതാ കിടക്കുന്നു 'G സ്പോട്ടിന്റെ അനന്തസാധ്യതകള്‍ വിവരിക്കുന്ന നെടുങ്കന്‍ ലേഖനത്തിലേക്കുള്ള ഒരു മുട്ടന്‍ ലിങ്ക്.

വേണ്ട അവന്‍ മലയാളം പഠിക്കാത്തത് നന്നായി, ഒരു തരിയെങ്കിലും ബഹുമാനം അയാളില്‍ ബാക്കിയുണ്ടെങ്കില്‍ അതവിടെ തന്നെ നിന്നോട്ടെ!.

33 comments:

തെച്ചിക്കോടന്‍ said...

ചില വെറും തോന്നലുകള്‍...
മാനം കളയരുത് !!.

ഡോക്ടര്‍ said...

അപ്പൊ ഇനി ആരും കാണാണ്ട് പത്രം വായിക്കാം.... :)

shahir chennamangallur said...

സത്യമായും ഈ അടുത്തായി മലയാളം പേപറുകള്‍ പരസ്യമായി വായിക്കാന്‍ മടിയാണ്‌. എപ്പോഴാണ്‌ മാനം പൊവുക എന്നറിയില്ലല്ലോ ... മാതൃഭൂമിയും കണക്കു തന്നെ

കുമാരന്‍ | kumaran said...

തന്‍റെ മാനം കോണ്‍കോര്‍ഡ് വിമാനം കയറിപ്പോകുന്നത്‌ കണ്ടു വിഷണ്ണനായി രായിന്‍കുട്ടി ഓര്‍ത്തു ഇവര്‍ക്കൊക്കെ മലയാളം പഠിച്ചാലെന്താ, എങ്കില്‍ തന്‍റെ നിരപരാധിത്വം ബോധ്യമായേനെ.

ഹഹഹ. രസികന്‍ പോസ്റ്റ്.

Areekkodan | അരീക്കോടന്‍ said...

ഹ ഹാ...രായിന്‍ കുട്ടി = തെച്ചിക്കോടന്‍ ?

Akbar said...

ഇവര്‍ക്കൊക്കെ മലയാളം പഠിച്ചാലെന്താ, എങ്കില്‍ തന്‍റെ നിരപരാധിത്വം ബോധ്യമായേനെ.

മലയാളം പഠിച്ചിരുന്നെങ്കില്‍ കോണ്‍കോര്‍ഡ് വിമാനത്തില്‍ പോയ മാനം അവിടുന്ന് റോക്കറ്റില്‍ ബഹിരാകാശം കടന്നേനെ. അത്രയ്ക്ക് പീഡന വാര്‍ത്തകളുമായാണ് മലയാള പത്രങ്ങള്‍ വിമാനം കയറുന്നത്.
പോസ്റ്റ്‌ കലക്കി മാഷെ

ഭൂതത്താന്‍ said...

"ബുദ്ധിമുട്ടണ്ട എനിക്കെല്ലാം മനസ്സിലായി"
എനിക്കും എല്ലാം മനസ്സില്‍ ആയി മാഷേ......ഗൊച്ചു ഗള്ളന്‍ ..

തെച്ചിക്കോടന്‍ said...

ഡോക്ടര്‍: അതെ ഇനി ആരും കാണാതെ വായിക്കേണ്ടി വരും, നന്ദി ആദ്യകമെന്റിനു, വീണ്ടും വരുമല്ലോ.

shahir chennamangallur സഹീര്‍‍: ശരിയാണ്, അഭിപ്പ്രയത്തിനു നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു

കുമാരന്‍: സന്തോഷമായി ഇവിടേ വന്നതിലും, അഭിപ്രായം അറിയിച്ചതിലും, വീണ്ടും വരണം.

അരീകോടന്‍: അങ്ങനെ ആയാലോ എന്ന തോന്നലില്‍ നിന്ന് ഉണ്ടായതാണ്. സന്തോഷമുണ്ട് വന്നതില്‍.

അക്ബര്‍: നന്ദി, അഭിപ്രായം അറിയിച്ചതിനു, വീണ്ടും വരണം

എറക്കാടൻ / Erakkadan said...

സംഭവം കലക്കി…എല്ലാവരും പെടുന്ന പെടാപാടാണിത്

തെച്ചിക്കോടന്‍ said...

ഭൂതത്താന്‍: എല്ലാം മനസ്സിലാക്കി അല്ലെ, നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു

എരക്കാടന്‍: നന്ദി, വീണ്ടും വരണം

OAB/ഒഎബി said...

ജി സ്പോട്ട്! അതെന്ത് സ്പോട്സാ??. അല്ല ഞാനാ പത്രം കണ്ടിട്ടില്ലേയ്..

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ ആപ്പീസിലാണ് പേപ്പര്‍ വായന..നന്നായി.അപ്പോ ചിത്രമില്ലെങ്കില്‍ കുശാലായി..അല്ലെ രായിന്‍ കുട്ടീ,അല്ല തെച്ചിക്കുട്ടീ!

ഭായി said...

###അരക്ക് മുകളില്‍ ഒരു ചെറിയ കച്ച, പൊക്കിളിനു ഏതാണ്ട് ഒരൊന്നൊന്നര ഫര്‍ലോങ്ങ് താഴെ ഒരു കൊച്ചു കറുത്ത ഷെട്ടി (പിങ്കല്ല). അതും വലിച്ചു കീഴ്പോട്ടു താഴ്ത്തി നില്‍ക്കുന്ന പോസ്.###

ഹ ഹ ഹാ...അത് കലക്കീ

സംഗതി ശരിയാ!...ഇപ്പോഴത്തെ പത്രപരസ്യം കാരണം വീട്ടിലിരുന്നുപോലും പത്രം നോക്കാന്‍ പറ്റില്ല. മക്കളോ ഭാര്യയൊ കണ്ടാല്‍ അയ്യേ..ലിവന്‍ ലവനാണോന്ന് വിചാരിച്ച് കളയും :-)

Akbarവാഴക്കാട് said...

ഭൂ ലോകത്ത് ഞാനും വന്നു. വെറുതെ.

തെച്ചിക്കോടന്‍ said...

മുഹമ്മദ്‌ കുട്ടി: സ്വാഗതം മാഷേ, ഓഫീസില്‍ ഇരുന്നു ഇങ്ങനെയും ചില ജോലികള്‍. ചിത്രമില്ലെങ്കില്‍ അവര്‍ക്ക് മരസ്സിലാകില്ലല്ലോ, വന്നതില്‍ സന്തോഷം, ഇനിയും വരണം

ഭായി: ലവനല്ലലോ അല്ലെ?!, നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു.

അക്ബര്‍: വന്നത് വെറുതെ ആക്കണ്ട, ധൈര്യമായി തുടങ്ങിക്കോളൂ.
ബ്ലോഗ്‌ കണ്ടിരുന്നു, ആമുഖത്തിലെ പ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു.

Akbar said...

:)

ഉമേഷ്‌ പിലിക്കൊട് said...

ithineyaano maadhyma sindicate ennu parayunnathu ?

:-)

Asha said...

Kalakki maashe...chirikkaanum chinthipikkaanum ulla post :)
Iniyum ithu polulla items poratte :)

ശാരദനിലാവ്‌ said...

ഓണ്‍ലൈന്‍ മലയാള പത്രങ്ങളില്‍ നഗ്നതാ പ്രദര്‍ശനമുള്ള പരസ്യങ്ങള്‍ വന്നാല്‍ ഒളിച്ചു തന്നെ വായിക്കേണ്ടി വരും ... ഞാന്‍ ഇടയ്ക്കു അനുഭവിക്കാറുണ്ട് ..പ്രത്യേകിച്ചും ഓഫീസില്‍ വച്ചാണ് വായന എങ്കില്‍ ...

തെച്ചിക്കോടന്‍ said...

ഉമേഷ്‌ പിലിക്കൊട്: ഇത് ഒരുതരം സിന്റികേറ്റ് തന്നെ, നന്ദി വന്നതില്‍ വീണ്ടും വരണം

Asha: നന്ദി എന്റെ ബ്ലോഗില്‍ വന്നതില്‍, വീണ്ടും പ്രതീക്ഷിക്കുന്നു

ശാരദനിലാവ്‌: ചുറ്റുപാടും നിരീക്ഷിച്ചു വേണം ഓണ്‍ലൈനില്‍ പോകാന്‍
നന്ദി ഇവിടെവരെ വന്നതില്‍, വീണ്ടും വരണം

കൊട്ടോട്ടിക്കാരന്‍... said...

മുമ്പിതുവഴി വന്നപ്പൊ മിണ്ടാന്‍ പറ്റിയില്ല. ഇന്നങ്ങനെ പോവാന്‍ പറ്റുമോ..?

ബിലാത്തിപട്ടണം / Bilatthipattanam said...

എന്നിട്ട് ജി-സ്പോട്ട് വായിച്ചോ..മാഷെ ?
ഗുട്ടൻസ് അതിലെല്ലെ കിട്ക്കണത്....

maithreyi said...

In many cases popularity/readership etc is not at all a criterion to decide whether it's std/substd .........

ഒരു നുറുങ്ങ് said...

ഹൊ,ഇതെന്താ ഇത്രചെറിയ ചിത്രം നോക്കിയിരിക്കണതെന്നാവും പാവം
അറബി കരുതിണ്ടാവുക!ഇയാക്കിതെന്ത് പറ്റീന്നാവും...

പാവപ്പെട്ടവന്‍ said...

അതിനൊരു മാര്‍ഗ്ഗമുണ്ട് മാനം കോണ്‍ക്രീറ്റ് ആക്കണം അപ്പോള്‍പിന്നെ തകരുമെന്ന് പെടിക്കണ്ടാല്ലോ .......മനോരമയല്ലേ മാനമല്ല പലതും അറിയാതെ പോകും അസ്സലായിട്ടുണ്ട്

thabarakrahman said...

കൊള്ളാം നല്ല പോസ്റ്റ്‌ ,
ഇനിയെങ്കിലും നെറ്റ് തുറക്കുമ്പോള്‍
ആ പത്രത്തിന്റെ സൈറ്റില്‍ കയറാതെ
ശ്രദ്ധിക്കുക. മാനം കപ്പല് കയറാതെ
രക്ഷപ്പെടാമല്ലോ.
സ്നേഹപൂര്‍വ്വം
താബു.

ശ്രീ said...

അല്ല... അവന്മാര്‍ക്ക് മലയാളം പഠിച്ചു കൂടേ... ;)

എന്തായാലും മാനം പോയി... പത്രവായന മുടങ്ങിയോ? അതു പറയ്... :)

Manoraj said...

circulation kuutan ithum ithinappuravum cheyum

subair mohammed sadiqu (sm.sadique) said...

കണ്ണ് തെറ്റിയാല്‍ കാണുന്നത് ...മനസ്സും . അറബിയും കണ്ടു .

തെച്ചിക്കോടന്‍ said...

കൊട്ടൂട്ടിക്കാരന്‍: അതെന്താ അങ്ങനെ, എന്തായാലും മിണ്ടാന്‍ തോന്നിയല്ലോ.നന്ദി ഇനിയും വരണം.

ബിലാത്തി: രഹസ്യമായി വായിച്ചു, ഗുട്ടന്‍സ്‌ അറിയണമല്ലോ! നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു.

മൈത്രേയി: അത് സത്യം, നന്ദി ഇനിയും വരണം.

നുറുങ്ങ്: ചെറുതാണെങ്കിലും അതുതന്നെ ധാരാളം, നന്ദി, ഇനിയും വരുമല്ലോ.

പാവപ്പെട്ടവന്‍: അതേ അതുവേണ്ടിവരും. ഇവിടെ വന്നതിനും വായിച്ചതിനും നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു.

താബു: നന്ദി, അഭിപ്രായത്തിനു, വീണ്ടും വരണം.

ശ്രീ: മുടങ്ങിയിട്ടില്ല, അന്യനാട്ടില്‍ നാടിനെക്കുറിച്ച് അറിയാന്‍ ഇതൊക്കെയല്ലേ ഉള്ളൂ. നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു

മനോരാജ്: അതേ, നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു

സുബൈര്‍: സന്തോഷം ഇവിടെ വന്നതിനു, വീണ്ടും വരണം.

ഇവിടെ വന്ന, അഭുപ്രയം പറഞ്ഞവരും മിണ്ടാതെ പോയവരുമായ എല്ലാവര്‍ക്കും ഒരുപാട് നന്ദി. എല്ലാവരും വീണ്ടും വരണം എന്നപേക്ഷിക്കുന്നു.

Saleem Ayikkarappadi said...

കലക്കി മാഷെ! ഗള്‍ഫില്‍ അതുപോലെ എന്തെല്ലാം പുകിലുകലാല്ലേ ? അറബി പഠിക്കാന്‍ ശ്രമിക്കു...എന്നാല്‍ എന്റെ പോലെ ഇംഗ്ലീഷ് പത്രം വായിക്കാം...ഹ ഹ ഹ !

ഹംസ said...

മലയാളം പഠിച്ച ഒരു അറബിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുവാ,,,,

ഒന്നും പറയാന്‍ പറ്റാത്ത അവ്സ്ഥയില്‍ ,

അപ്പഴാ രായീകുട്ടി മലയാളം പഠിക്കാത്തിന് ,, വേണ്ട രായീനെ അവര്‍ മലയാളം പഠിച്ചാല്‍ പിന്നെ മലയാളികള്‍ ഇവിടെ ഉണ്ടാവില്ല അതുറപ്പാ,,,

വായിക്കാന്‍ രസമുണ്ട്.

വേനല്‍ മഴ said...

രസിച്ചു ട്ടോ.
എന്റെ ഓഫീസില്‍ മലയാളം വായിക്കാന്‍ അറിയുന്ന ഒരേ ഒരാള്‍ ഞാന്‍ മാത്രം ആണ്. ഈ ബ്ലോഗ്‌ വായന ആരെങ്കിലും കണ്ടാല്‍ ഞാന്‍ പറയും
" മലയാള ഭാഷയില്‍ ഒരു പേപ്പര്‍ തയാറാക്കാന്‍ ഉണ്ടായിരുന്നു , അതിനെ പറ്റി നോക്കുവാ" എന്ന് , വിശാലനേം , കുറുമാനേം ഒക്കെ കാണിച്ചു കൊടുത്ത് ," ഇവരൊക്കെ കേരളത്തിലെ വലിയ ശാസ്ത്രഞ്ജന്‍ മാരാണെന്ന് " എത്ര തവണ പറഞ്ഞിരിക്കുന്നു. നമ്മളോടാ കളി.
(ചുമ്മാതാട്ടോ)

www.venalmazha.com