തടിച്ചു വീര്‍ത്ത ശരീരം, കൊഴുപ്പടിഞ്ഞ് കൂടിയ കുടവയര്‍, ഓടാനോ എന്തിനു ഒന്ന് വേഗത്തില്‍ നടക്കാനോ പറ്റാത്ത അവസ്ഥ, നേരാം വണ്ണം ഒന്ന് കിടക്കാനോ ഉറങ്ങാനോ പറ്റാതെ, മറ്റുള്ളവരെപോലെ ആയാസരഹിതമായി യാത്ര ചെയ്യാന്‍ പറ്റാതെ... പൊണ്ണത്തടി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനവധിയാണ്. അത്തരം ഒരവസ്ഥ ഒരാളും ആഗ്രഹിക്കുന്നുണ്ടാവില്ല. ആ അവസ്ഥയില്‍ ഉള്ളവര്‍ പോലും തങ്ങളുടെ പങ്കാളികളെ കുറിച്ച് സ്വപ്നത്തില്‍ പോലും ഇത്തരം ഒരു രൂപം സങ്കല്‍പ്പിക്കാന്‍ അറയ്ക്കും.
‘മടിയിലിരുത്തി ഓമനിക്കാന്‍ തോന്നുന്നു’ പ്രസിദ്ധ ഗായകന്‍ അദ്നാന്‍ സമിയെ കണ്ടപ്പോള്‍ ആരാധികയായ ഒരു സ്ത്രീ പുറപ്പെടുവിച്ച കമെന്റാണത്രെ മുകളിലേത്. തടിച്ച അദ്ദേഹത്തിന്റെ മുഖവും ശരീരവും കണ്ടപ്പോള്‍ ഉണ്ടായ ഓമനത്വത്തില്‍ നിന്നായിരിക്കാം ഇത്തരം ഒരു കമെന്റ്റ് അവരില്‍ നിന്നുണ്ടായത് (ആരോഗ്യകാരണങ്ങള്‍ കൊണ്ട് ഇന്ന് അദ്ദേഹവും തടി കുറച്ചു!). എന്നിരുന്നാലും സ്വന്തം ശരീരം തടിക്കുന്നത് ആരും ഇഷ്ടപ്പെടുന്നുണ്ടാവില്ല. അത് നമ്മുടെ ആധുനിക സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് യോചിക്കുന്നില്ല എന്ന് മാത്രമല്ല, വൈരൂപ്യവുമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ അതിനു പുറമെയും.
മെലിഞ്ഞൊട്ടിയ ശരീരവും അതിനനുസരിച്ച അളവുകളും പൂച്ചനടത്തവും ഒക്കെ നമ്മുടെ പെണ്‍കുട്ടികളുടെ ആധുനിക സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രഥദമസ്ഥാനീയരാണ് . മെലിയാന്‍ വേണ്ടി ഭക്ഷണമുപേക്ഷിച്ചു മരിച്ചു പോയ മോഡലും, ഹിന്ദി സിനിമാ നടിയുടെ സീറോ സൈസും ഒക്കെ വന്‍ ചര്‍ച്ചാ വിഷയമാകുന്നത് സമൂഹത്തില്‍ ഈ പ്രവണതയുടെ വേരോട്ടം എത്രത്തോളം ആഴത്തിലാണെന്നു വിളിച്ചോതുന്നു. മലയാളികളുടെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പത്തില്‍ കുറച്ചു തടിയൊക്കെ ആവാമെന്ന് തോന്നുന്നു. പഴയകാല സിനിമാ-സാഹിത്യ നായികമാരെ പരിചയപ്പെടുത്തുന്നത് അത്തരത്തിലായിരുന്നു.
പുറത്ത് രോമം, കുംഭ, വെടിക്കല തുടങ്ങിയ പഴയ പുരുഷ ലക്ഷണങ്ങളും ഇപ്പോള്‍ ആറുപായ്‌ക്ക് (6 pack muscle), എട്ടുപായ്‌ക്ക് (8 pack muscle) സങ്കല്‍പ്പങ്ങള്‍ക്ക് വഴിമാറി. കുമാരന്മാര്‍ മസിലുരുട്ടി, കൈവിരിച്ചു, നെഞ്ചു വിരിച്ചു, അണ്ടര്‍വേയറിനു താഴെ പാന്റിട്ടു നടക്കുന്ന കാലം!.
എന്നാല്‍ തടിച്ചികളാണ് സുന്ദരികള്‍ എന്ന് വിശ്വസിക്കുന്നവരും ലോകത്ത് ജീവിച്ചിരിക്കുന്നു എന്നറിയാമോ?!
സംഗതി ഇവിടെയോന്നുമല്ല, അങ്ങ് ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് (വെറുതെ ഒരു വെയിറ്റിനുവേണ്ടി ഉഗാണ്ട എന്ന് പറഞ്ഞതല്ല, ഇത് ശരിക്കും നമ്മളെ ഉഗാണ്ട തന്നെ!).
ഉഗാണ്ടയിലെ ഗോത്രവര്ഗ്ഗക്കാരിലാണ് ഈ വിചിത്രമെന്നു തോന്നാവുന്ന രീതിയുള്ളത്. അവിടുത്തെ പുരുഷന്മാര്‍ക്ക് തങ്ങളുടെ സ്ത്രീകള്‍ തടിച്ചികളാവുന്നതാണ് ഇഷ്ടം! എത്ര തടി കൂടുന്നോ അത്രയും സുന്ദരികാളാകുന്നു, തടിയാണവിടെ സൗന്ദര്യത്തിന്റെ അളവുകോല്‍!.
കാണുമ്പോള്‍ തന്നെ ഒരു ‘മൊത്ത’മൊക്കെ തോന്നികാന്‍ ചില പ്രത്യേക ഞൊറികളോടെയുള്ള വസ്ത്രങ്ങളാണ് അവിടുത്തെ സ്ത്രീകള്‍ മേല്‍വസ്ത്രത്ത്തിനു താഴെ ധരിക്കുന്നത്, ചന്തി (നിതംബം എന്നും പറയും) കൂടുതലായി തോന്നിക്കാന്‍!
ഒരു ഫാറ്റ് ഹട്ട്
സ്വാഭാവികമായും വിവാഹ മാര്‍ക്കറ്റിലെ മൂല്യവും തടിയെ ആശ്രയിച്ചു നില്‍ക്കുന്നു ഇവിടെ. കല്ല്യാണമുറപ്പിച്ച പെണ്ണിനെ ശരീരപുഷ്ടിക്കായി മാത്രം രണ്ടു മാസക്കാലം വേറിട്ടൊരു കുടിലില്‍ താമസിപ്പിക്കുന്നു ഇവിടെ. ഇത്തരം കുടിലുകള്‍ ‘ഫാറ്റ് ഹട്ട്’ എന്ന പേരില്‍ അറിയപ്പെടുന്നു. ഇക്കാലങ്ങളില്‍ അവര്‍ക്ക് പുരുഷ ദര്‍ശനം നിഷിദ്ധം! കുടിലിനു പുറത്തിറങ്ങാറില്ല അവര്‍. അമ്മയോ, സഹോദരിമാരോ, കൂട്ടുകാരികളോ ആയ സ്ത്രീകള്‍ മാത്രം കൂട്ടിനിരിക്കും. ശാരീരികമായ അധ്വാനങ്ങളൊന്നും ഇക്കാലങ്ങളില്‍ പാടില്ല.


ഇങ്ങിനെയൊക്കെ ആണെങ്കിലും പുരുഷന്മാര്‍ അവിടെ ആരോഗ്യദൃഡഗാത്രരാണ് ! പേശീദൃഡമായ ആഫ്രിക്കന്‍ കരുത്തര്‍! അവര്‍ക്ക് സ്വന്തം ശരീരം തടിവെക്കുന്നത് ഇഷ്ടമല്ല! കാലികളെ മേയ്ക്കാനും വളര്‍ത്താനുമൊക്കെ ശരീരം ദൃഡമായിരിക്കണമെന്നാണ് അവരുടെ ഭാഷ്യം. ഇതിലൊരു കള്ളക്കളിയില്ലേ? ഒന്നുകില്‍ തങ്ങളുടെ പുരുഷന്മാര്‍ കരുത്തരായിരിക്കണമെന്ന സ്ത്രീകളുടെ സ്വാര്‍ത്ഥത അല്ലെങ്കില്‍ പെണ്ണുങ്ങള്‍ എങ്ങിനെയായാലും വേണ്ടില്ല തങ്ങള്‍ ഫിറ്റായിരിക്കണമെന്ന പുരുഷന്റെ കുടിലത!
പട്ടിണി കിടന്നു സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്ന അഭിനവ സുന്ദരിമാര്‍ ഇത് കണ്ടിരുന്നെങ്കില്‍ അവര്‍ക്ക് മോഹഭംഗമുണ്ടായേനെ! ചിലരെങ്കിലും തങ്ങള്‍ അവിടെ ജനിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാകും അല്ലെ?!
തടിച്ചികളെ നിങ്ങള്‍ നിരാശപ്പെടാതിരിപ്പിന്‍ നിങ്ങളെ ഇഷ്ടപ്പെടുന്ന പുരുഷന്മാരും ഈ ഭൂമിയിലുണ്ട്, അങ്ങ് ഉഗാണ്ടയിലെങ്കിലും!
എന്താ ഇത് ഒരു കൗതുക വാര്‍ത്ത തന്നെയല്ലേ ?!