
എല്ലാ ബൂലോകവാസികള്‍ക്കും എന്‍റെ ഹൃദയംഗമമായ ക്രിസ്തുമസ് – നവവത്സരാശംസകള്‍.
തോന്ന്യാശ്രമത്തില്‍ (http://kappilan-entesamrajyam.blogspot.com/) നടക്കുന്ന റിയാലിറ്റി കഥാമത്സരത്തിന്റെ ഒന്നാം റൌണ്ടില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു ‘സാഹസം’. അവിടെ പോകാത്തവര്‍ക്കു വേണ്ടി.... തുടര്‍ന്ന് വായിക്കുക
ജയിംസ് വാച്ചില്‍ നോക്കി. 11മണി ആയിരിക്കുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ഗബ്രിച്ചായന്‍ ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു. ഈ റിക്ഷായുടെ കുലുക്കത്തിലും ഇങ്ങേര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു?അല്ലെങ്കില്‍ തന്നെ ടൌണില്‍ ചായക്കടയില്‍ നിന്ന് വലിച്ചുകേറ്റിയത് ചില്ലറ വല്ലതുമാണോ?കര്‍ത്താവേ, ബ്രോക്കറിങ് പ്രൊഫഷനായി ഏറ്റെടുക്കുന്നവര്‍ക്ക് നീ അപാര ദഹന ശക്തിയാണല്ലോ കൊടുക്കുന്നത്. ഈ പെണ്ണുകാണല്‍ എന്ന കടമ്പ വല്ലാത്തതു തന്നെയാണ്. ക്യത്യമായി പറഞ്ഞാല്‍ ഇത് 17 )മത്തേതാണ്. ഇതെങ്കിലും ഒന്ന് ശരിയായാല്‍ മതിയാരുന്നു. ആദ്യമൊക്കെ പെണ്ണ് സുന്ദരി ആയിരിക്കണം, വിദ്യാഭ്യാസമുള്ളവളായിരിക്കണം, പിന്നെ മുടി ഉള്ളവളായിരിക്കണം ഇങ്ങനെ എത്രയെത്രഡിമാന്റുകളായിരുന്നു താന്‍ ഓരോ മൂന്നാമന്മാരോടും പറഞ്ഞിരുന്നത്. മൂന്ന് മാസത്തെ ലീവ് ഉണ്ടല്ലോ, പതുക്കെയായലു തനിക്ക് യോജിച്ച ഒരുവളെ തന്നെ നല്ലപാതിയായി കിട്ടണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ഡിമാന്റുകളും പിന്‍ വലിച്ചിരിക്കുന്നു. മാമോദിസ മുങ്ങിയ ഒരു പെണ്ണ് അത്രയും മതി. അല്ലേല്‍ ഈ അവധി തീരുന്നതിനു മുമ്പ് കല്യാണം നടന്നില്ലേല്‍? ഇനിയൊരു ലീവിന് 2 കൊല്ലം കാത്തിരിക്കണം. അപ്പോള്‍ പ്രായം 36 . കര്‍ത്താവേ, ദുബായില്‍ തന്റെ ഒപ്പം താമസിക്കുന്ന റഹ്മാന്‍ പറയുന്നത് ജയിംസ് ഓര്‍ത്തു. "ഡാ എന്റെ മോള്‍ക്ക് 4 കൊല്ലം കൂടി കഴിഞ്ഞാല്‍ നിക്കാഹ് ആലോചിക്കണം. ന്നാലും അനക്ക് അതിനു മുമ്പ് കല്യാണം നടക്കുമോ? റഹ്മാന്‍ കുട്ടികാലത്ത് തന്റെ സഹപാഠിയായിരുന്നു.
ഇനി എങ്ങോട്ടാണ് പോകേണ്ടത്? നിങ്ങള്‍ പറഞ്ഞ സ്കൂള്‍ എത്തി. ഓട്ടോറിക്ഷാ ഡ്രൈവര്‍ പിന്നോട്ട് തിരിഞ്ഞ് ചോദ്യമുയര്‍ത്തി. ജയിംസ് ഗബ്രിച്ചായനെ തട്ടി വിളിച്ചു.............................
"എന്തൊരു ഉറക്കമാ അച്ചായാ ഇത്?" എണീക്ക് ..
ങേഹ?
അമ്പരപ്പോടെ കണ്ണുതുറന്ന ഗബ്രിച്ചായന്‍ കണ്ണുമിഴിച്ചു .. "ഇവിടുന്ന് ഇനി എങ്ങോട്ടാണ് പോകേണ്ടത്?" റിക്ഷക്കാരന്‍ ചോദിച്ചു. വലത്തോട്ട് തിരിഞ്ഞുള്ള കല്ല് പതിച്ച റോഡിലൂടെ .. ഗബ്രിച്ചായന്‍ വഴി പറഞ്ഞുകൊണ്ട് ഒന്നിളകിയിരുന്നു.
മുഴച്ചു നില്‍ക്കുന്ന നല്ല മുട്ടന്‍ കല്ലുകള്‍ പതിച്ച ഒരു കട്ടറോഡ് ആയിരുന്നു അത്. റോഡില്‍ നോക്കി ഒരു നിമിഷം ഡ്രൈവര്‍ ആലോചിച്ചു നിന്നു. .. 'ഇനി ഇവിടുന്നങോട്ട് പോകാന്‍ പറ്റില്ല’ അയാള്‍ നയം വ്യക്തമാക്കി.
ഓട്ടോക്കാരന് പണം കൊടുത്ത് അവര്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി. എഴുന്നുനില്‍കുന്ന കരിങ്ങല്ലുകള്‍ നിറഞ്ഞ ഒരു നാട്ടുപാത, കാലില്‍ കല്ല് കുത്തിയിട്ട് നടക്കാന്‍ പറ്റുന്നില്ല, വെയിലിന്റെ കാഠിന്യവും ദീര്ഘദൂരമായുള്ള നടത്തവും കാരണം അവിടെ എത്തിയപ്പോള്‍ ആകെ വിയര്‍ത്തു കുളിച്ചിരുന്നു രണ്ടാളും..
ജയിംസിന് സങ്കടം സഹിക്കാന്‍ പറ്റിയില്ല. എത്രമാത്രം മിനക്കെട്ടതാണ് രാവിലെ. പെണ്ണുകാണല് കുറേയായെന്കിലും, പരമാവധി സുന്ദരനാകാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടാണ് ഒരു കോലത്തില്‍ നാലാളെ കൊണ്ടു അയ്യേ എന്ന് പറയിപ്പിക്കാത്ത പരുവത്തില്‍ ഇങ്ങനെ ഒരുങിയത്.
'നീയിതു എന്നാ ഭാവിച്ചാ... നാട്ടില്‍ വേറെയാരും പെണ്ണ് കാണാന്‍ പോകത്തതുപോലെ.' അമ്മച്ചി അപ്പോഴേ ഉടക്കിയതാ. എടുത്ത പണിയൊക്കെ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കുളമായി. കൂട്ടത്തില്‍ ഗബ്രിച്ചായനെ കൂടാതെ മറ്റാരെയും കൂട്ടാത്തതു തന്നെ പെണ്ണിന്റെ മനസ്സു കൂട്ടുകാരനെ കണ്ടു പതറരുത് എന്ന് കരിതിയിട്ടാണ്. ലീവാണെന്കില്‍ തീരാറായി, ഇതും നടന്നില്ലകില്‍..?! ഈശോ ആലോചിക്കാന്‍ കൂടി വയ്യ. ആകെയുള്ള ലീവ് പകുതിയും കഴിഞ്ഞു . ഇനിയിപ്പോ എല്ലാം ശരിയായാലും എത്ര ദിവസം ബാക്കിയുണ്ട്. ആലോചിച്ചു തല ചൂടായ ജെയിംസ് സ്വന്തം മുടിപിടിച്ചു വലിച്ചു.
'ഒരു മിനിട്ട് നില്‍കണേ..' കോളിംഗ് ബെല്ലടിക്കാനോങ്ങിയ ഗബ്രിച്ചായനോടായി ജെയിംസ് പറഞ്ഞു. എന്നിട്ട് തിടുക്കത്തില്‍ കര്‍ചീഫ് എടുത്തു മുഖം മിനുക്കി, കര്‍ചീഫിന്റെ മടക്കില്‍ കരുതിയ പൌഡര്‍ ഏതായാലും ഉപകാരപ്പെട്ടു. തലയുടെ സൈഡിലുള്ള മുടി ചീകി നെറുകില്‍ പറ്റിച്ചുകൊണ്ട് കഷണ്ടി മറക്കാന്‍ ആവതു ശ്രമിച്ചു...
വീട്ടിനകത്ത് കയറിയ അവരെ പെണ്ണിന്റെ അപ്പന്‍ സ്വീകരിച്ചിരുത്തി. കുറച്ചു മുതിര്ന്ന പെണ്ണിന്റെ അമ്മയാണെന്ന് തോന്നുന്ന ഒരു സ്ത്രീ എത്തിനോക്കി തല എണ്ണമെടുത്തു പോയി. പതിവുപോലെ ചായയും ബേക്കറി പലഹാരങ്ങളും നിരന്നു. ആദ്യമൊക്കെ പലഹാരങ്ങളോട് എന്ത് ആര്‍ത്തിയായിരുന്നു, പലതരത്തിലുള്ള എത്ര വിഭവങ്ങള്‍ കഴിച്ചു. ഇപ്പോള്‍ ഇതൊക്കെ നമ്മളെത്ര കണ്ടതാ ഇന്ന ഭാവത്തില്‍ അവക്കുമുന്പില്‍ കണ്ട്രോള്‍ പോകാതെ സ്വയം പിടിച്ചുനില്‍ക്കാന് പഠിച്ചു.
'പെണ്ണിനെ വിളിക്കൂ..' മുന്നില്‍ കൊണ്ടിട്ട സാധനങ്ങള്‍ ഒട്ടൊന്നു ഒടുങ്ങിയപ്പോള്‍ ഗബ്രിച്ചായന്‍ പരിസരബോധം വീണ്ടെടുത്തു, കര്‍മ്മനിരതനായി.
പെണ്ണ് വന്നു വാതില്‍ പടിയില്‍ ചാരിനിന്നു. ഒറ്റ നോട്ടത്തില്‍ ജെയിംസിനു അവളെ ബോധിച്ചു. കൊള്ളാം, അന്നക്കുട്ടി, അതാണവളുടെ പേര്, കാഴ്ചക്ക് കുഴപ്പമില്ല, സുന്ദരി.
"എന്നാല്‍ നമുക്കങ്ങു പുറത്തിക്കിരിക്കാം അവരെന്തെന്കിലും മിണ്ടിപ്പറയട്ടെ .. " ഗബ്രിച്ചായനോട് ബഹുമാനം തോന്നുന്നു ഇപ്പോള്‍. തീറ്റിപ്പണ്ടമാണെങ്കിലും കാര്യഗൌരവമുണ്ട്. ചുരിങ്ങിയ സമയംകൊണ്ട് വേണ്ട കാര്യങ്ങളെല്ലാം മനസ്സിലാക്കി ജെയിംസ്. അല്ലെങ്കിലും എന്ത് മനസ്സിലാകാന്‍. വിക്ക്, ചട്ടുകാല്, ഇത്യാദി വൈകല്യങ്ങലുണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റ്, നാട്ടുനടപ്പ് ..പെണ്ണും നന്നായിട്ട് പെര്‍ഫോം ചെയ്തു. ടെസ്റ്റ് ഓക്കേ..എല്ലാവര്‍ക്കും സന്തോഷം
നിറഞ്ഞ മനസ്സോടെയാണ് ജെയിംസ് അവിടം വിട്ടത്, കാരണം അവര്‍ക്ക് ജെയിംസിനെയും ഇഷ്ടമായിരിക്കുന്നു..!. ഒരു മാന്ദ്യവും നാട്ടില്‍ 'പേര്‍ഷ്യയുടെ' വെലകുറച്ചിട്ടില്ല എന്ന് ജെയിംസിനു മനസ്സിലായി.
നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു വലിയ ആഗ്രഹം നടക്കാന്‍ പോകുന്നു. ജയിംസ് എന്തെന്നില്ലാത്ത ഒരു അവസ്ഥയിലാണ്. മനസ്സു പിടിച്ചേടത്തു നില്‍ക്കുന്നില്ല .. ഒരു മായികലോകത്താണ് എപ്പോഴും. ഇനി ഏതായാലും റഹ്മാനൊന്നും തന്നെ കളിയാക്കില്ലല്ലോ. വിവാഹപ്രായം അതിക്രമിച്ച തന്നെ ഏതൊക്കെ തരത്തില്‍ അവര്‍ പീഢിപ്പിച്ചിട്ടുണ്ട്.. അന്നൊക്കെ തോന്നിയിരുന്നു നാട്ടില്ലേ രസികനായ മൊല്ലാക്ക പറയുമ്പോലെ 'ഒന്നു കെട്ടിയിട്ടു മരിച്ചാലും വേണ്ടില്ല' എന്ന്. .. ഇതൊന്നു കഴിഞ്ഞോട്ടെ എല്ലാറ്റിനും കണക്കു ചോദിക്കുന്നുണ്ട്.
കല്യാണത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം തകൃതിയായി നടക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഓടിനടന്നു ഓരോരോ കാര്യങ്ങള്‍ നോക്കുന്നു...
ഓഡിറ്റോറിയം ബുക്ക് ചെയ്തു മടങ്ങിവരികയായിരുന്ന ജെയിംസ് വീട്ടില്‍ പതിവില്ലാത്ത ഒരു മ്ലാനത കണ്ടു, കട്ടിലില്‍ അമ്മച്ചി തളര്‍ന്നു കിടക്കുന്നു, പെങ്ങള്‍ തലക്കരികിലായി ഇരുന്നു അമ്മച്ചിക്ക് വീശിക്കൊടുക്കുന്നു. ഓടി അകത്തുകയറിയ ജയിംസ് വര്‍ധിച്ച ഹൃദയമിടിപ്പോടെ കാര്യം തിരക്കി. ഒന്നും മിണ്ടാതെ പെങ്ങള്‍ ഒരുകത്തെടുത്തു ജെയിംസിനു നേരെ നീട്ടി.
കത്തുവായിച്ച ജെയിംസിനു ലോകം തല കീഴായി മറിയുന്നതുപോലെ തോന്നി. ഗബ്രിച്ചായന്റെതായിരുന്നു ആ കത്ത്. അന്നക്കുട്ടിക്ക് വീട്ടികാരരിയാത്ത വേറെ ഒരു ലൈനുണ്ടായിരുന്നു എന്നും ഇന്നലെ രാത്രി അവര്‍ രണ്ടാളും നാടുവിട്ടു എന്നും ചുരുക്കം.
നേരില്‍ കണ്ടു വിവരം പറഞ്ഞാല്‍ ജയിംസിന്റെ പ്രതികരണം താങ്ങാന്‍ തക്ക ശാരിരിക സ്ഥിതി ഇല്ലാത്തതിനാല്‍ ഗബ്രിച്ചായന്‍ കത്തെഴുതി കൊടുത്തയച്ചതായിരുന്നു.
അമ്മച്ചിയെ പോലെ കെടാന്‍ സ്വതവേ ബോധം ഇല്ലാത്തതുകൊണ്ടും, സമയമില്ലാത്തതുകൊണ്ടും ജെയിംസ് നേരെ ട്രാവല്സിലേക്കോടി..., മടക്ക ടിക്കറ്റ് കണ്‍ഫേം ചെയ്യാന്‍.
ഓഫീസിലെ സജീവ സാന്നിദ്യമാണ് ഹസ്സന്‍, രസികന്‍.. ഫലിതപ്രിയന്‍..
ചിരിച്ചും എല്ലാവരെയും ചിരിപ്പിച്ചും എപ്പോഴും സജീവമായിട്ട് ഞങ്ങള്‍ക്കിടയിലുണ്ടയാള്. നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്ന ഹസ്സന്‍ പലപ്പോഴും ഇന്ത്യക്കാരുടെ ഇംഗ്ലിഷിനെ അനുകരിച്ചു മറ്റുള്ളവരുടെ കയ്യടിവാങ്ങാറുണ്ട്. ആള്‍ക്കാരുടെ സംസാരരീതിയും നടപ്പും മറ്റും അയാള്‍ സമര്‍ത്ഥമായി അനുകരിക്കും. എല്ലാവരും അത് പരമാവധി ആസ്വധിക്കാറുമുണ്ട്.
ഫലസ്തീനില്‍ നിന്നും പലായനം ചെയ്തു കുവൈറ്റില്‍ കുടിയേറിയിരുന്ന കുടുംബത്തിലെ ഒരംഗമാണ് ഹസ്സന്‍, ബാല്യകാലം ചിലവഴിച്ചതും കുവൈറ്റില്‍ ആയിരുന്നു. കൗമാര പ്രായത്തില്‍ പഠനാവശ്യാര്‍ത്ഥം അമേരിക്കയില്‍ പോയ ഹസ്സന്‍ പിന്നീട് അവിടെ സ്ഥിരതാമസമാക്കി, പൌരത്വവും കരസ്ഥമാക്കി. താല്‍കാലിക കല്യാണം കഴിച്ചാണത്രേ പൌരത്വം ഒപ്പിച്ചത്, അവരോടുള്ള കരാറ് പ്രകാരം പിന്നീടതൊഴിവാക്കി.
കാലങ്ങള്‍ക്കു ശേഷം തന്‍റെ ഒരു നാട്ടുകാരിയെ തന്നെ ശരിക്കും കല്യാണം കഴിച്ചു. ഫലസ്തീന്‍കാരിയായ അവര്‍ക്ക് പക്ഷെ അമേരിക്കന്‍ പൌരത്വം നേടാന്‍ സാധിച്ചില്ല, അവര്‍ മറ്റൊരു അറബ് രാജ്യത്തിന്റെ ട്രാവല്‍ ഡോകുമെന്റ്സ് പാസ്പോര്‍ട്ടിനു പകരമായി ഉപയോഗിക്കുന്നു, മറ്റുപലരെയും പോലെ.
കുടുംബജീവിതം അയാളുടെ പ്രാരാബ്ദങ്ങള്‍ അധികരിപ്പിച്ചു. നഗരത്തിന്‍റെ തിരക്കില്‍ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ അയാള്‍ പാടുപെട്ടു. തന്‍റെ കട പല പ്രാവശ്യം കൊള്ളയടിക്കപ്പെട്ടപ്പോള്‍ അക്രമിയുടെ തോക്കിന്‍ തുമ്പത്ത് സ്വന്തം ജീവനുവേണ്ടി യാചിക്കേണ്ടി വന്നപ്പോള്‍, അതും പലതവണ, അയാള്‍ക്ക് വീണ്ടും ഒരു പലായനത്തിനേ കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടി വന്നു. സംസ്കാരങ്ങളുടെ അന്തരവും, പടിഞ്ഞാറന്‍ ജീവിത രീതികളും, വളര്‍ന്നു വരുന്ന തന്‍റെ മക്കളും എല്ലാം അയാളില്‍ ഈ ചിന്തയ്ക്ക് വേഗത കൂട്ടിയിരിക്കാം.
പതിനെട്ടു വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ അയാള്‍ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ആദ്യമായി അയാളൊരു പൗരനായി എന്നതാണ്.. വിശാലമായ ഈ ഭുമിയില്‍ ജീവിക്കുമ്പോഴും ഭൂമിയുടെ അവകാശികളല്ലാത്ത, രാജ്യമില്ലാത്ത അനേകം മനുഷ്യരില്‍ നിന്നും ഒരു ഭാഗ്യശാലി.
ഇന്നയാള്‍ സനാഥനാണ്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്‍റെ പിന്‍ബലം. ചില രാജ്യങ്ങളിലെങ്കിലും അവര്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയില്‍ അയാള്‍ അഭിമാനം കൊള്ളുന്നു. പക്ഷെ, ജീവിതം ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു കടംകഥയാണ് അവര്‍ക്ക്. പ്രായമായ അച്ചനും അമ്മയും യമനില്‍ അഭയാര്‍ത്തികള്‍.., അവിടെ കല്യാണം കഴിച്ചയച്ച പെങ്ങള്‍.., കുവൈറ്റില്‍ അഭയം തേടിയ സഹോദരന്‍.., കിഴക്കന്‍ യൂറോപ്പില്‍ കുടിയേറിയ മറ്റൊരു സഹോദരന്‍...., ഹസ്സന്‍ സൗദിയിലും .. പരസ്പരം കണ്ടുമുട്ടാന്‍ കഴിയാത്ത സഹോദരങ്ങള്‍ .... ഫോണിലൂടെ മാത്രം അരക്കിട്ടുറപ്പിക്കുന്ന ബന്ധങ്ങള്‍..
വാര്‍ഷിക അവധിക്കാണ് മാതാപിതാക്കളെ കാണാന്‍ പോകുന്നത്. യമെനിലേക്ക് വിസ കിട്ടാനുള്ള ബദ്ധപ്പാടുകള്‍.... മറ്റൊരു അറബ് രാജ്യത്തിന്‍റെ യാത്രാ രേഖയുള്ള അയാളുടെ ഭാര്യക്ക് വിസ ലഭിക്കാന്‍, പ്രത്യേകിച്ചും gcc രാജ്യങ്ങളിലേക്ക്, സാന്കേതികത്തിന്റെ ഒരുപാടു നൂലാമാലകള്‍. നിലവിലുള്ള അഭയാര്‍ത്തികളെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതലാളുകള്‍ വരുന്നതില്‍ gcc രാജ്യങ്ങളില്‍ നിബന്ധനകളുണ്ടത്രേ... അവര്‍ തിരിച്ചു പോയില്ലെങ്ങിലോ ..?
ഹസ്സന് ലീവ് ലഭിക്കുമ്പോള്‍ സഹോദരങ്ങള്‍ക്ക് എത്താന്‍ കഴിയില്ല... ഒരു സഹോദരന്‍ വരുമ്പോള്‍ മറ്റയാള്‍ക്ക് വിസ കിട്ടില്ല...
'എല്ലാവരേയും ഒരുമിച്ചു കണ്ടിട്ട് വര്‍ഷങ്ങള് ഏറെയായി'. ജോലിക്കിടയിലെ ഇടവേളയിലോരിക്കല്‍ ഹസ്സന്‍ പറഞ്ഞു. 'ലോകത്ത് മറ്റൊരു സമൂഹത്തിനും ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കില്ല.!'
ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലാണ്. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങുന്നതിലും, മറ്റു യാത്ര സജ്ജീകരണങ്ങളിലുമായി അദ്ദേഹം മുഴികിയിരിക്കുകയാണ്. നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്ന സഹപ്രവര്‍ത്തകന്റെ ഉത്സാഹവും, മുഖത്തെ സന്തോഷവും കണ്ടു ഹസ്സന്‍ പറഞ്ഞു 'നിഞ്ഞള്‍ക്ക് പോകാനൊരിടമുണ്ട്, സ്വന്തം ഭുമിയുണ്ട്, നാടുണ്ട്, അവിടെ വീടുണ്ട്, കാത്തിരിക്കാന്‍ അവിടെ കുടുംബങ്ങളുണ്ട്..., ഞങ്ങള്‍ക്കോ...?! ഞങ്ങള്‍ എവിടെ പോകും..?!
സദാ മറ്റുള്ളവരെ തന്‍റെ വാക്ചാതുരിയാല്‍ ചിരിപ്പിക്കുന്ന അയാളുടെ മുഖം മേഘാവൃതമായ ആഘാശം പോലെ ഘനീഭവിച്ചു... കണ്ണുകളില്‍ ഒരു സമൂഹത്തിന്റെ ദശാബ്ദങ്ങളായുള്ള ദുരിതങ്ങളുടെ, വേദനകളുടെ പറഞ്ഞറിയിക്കാനാവാത്ത ഭാവം..
വെക്കേഷന്‍ അടുത്തുവരുന്നു.. മനസ്സു നാടിനെക്കുറിച്ചുള്ള ഓര്‍മകളില്‍ ആവേശം കൊള്ളുന്നു... നാട്ടില്‍ ചെല്ലണം.., മഴകാണണം.., തോട്ടിലും പുഴയില്ലും ഒന്നു മുങ്ങിക്കുളിക്കണം... മുണ്ട് മടക്കികുത്തി തൊടിയിലും പാടത്തും അലസമായി നടക്കണം.., വൈകുന്നേരങ്ങളില്‍ അങ്ങാടിയിലിറങ്ങി പഴയപോലെ കൂട്ട് കൂടണം ...രാത്രി കയ്യാല്‍ കുമ്പിളുകുത്തി മെഴുകുതിരി വിരലുകള്‍ക്കിടയില്‍ വെച്ചു ആ വെട്ടത്തില്‍ ഇടവഴിയിലൂടെ, ഇഴജന്തുക്കളെയും പൊട്ടിയെയും പേടിച്ചു തിരിച്ചു വീട്ടിലേക്ക് പോകണം...
മാസങ്ങള്‍ ബാക്കിയുണ്ട് എങ്കിലും ആ പ്രതീക്ഷകള്‍ ഒരു പ്രത്യേക ഊര്ജ്ജം തരുന്നു...
അപ്പോഴും ഹൃദയത്തിന്റെ അടിത്തട്ടില്‍ ഹസ്സന്റെ ചോദ്യം ഒരു വിങ്ങലായി അവശേഷിക്കുന്നു... എനിക്കുത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യം......."ഞങ്ങള്‍ എവിടെ പോകും..?!
പുളിയന്‍ തോടിനക്കരെ പാടവും കുന്നും മരങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശമാണ് പെഴുംതറ. പരന്നു കിടക്കുന്ന വയല്‍ കണ്ണിനു കുളിര്‍മ നല്കുന്ന കാഴ്ചയായിരുന്നു.. കൊയ്ത്തു കഴിഞ്ഞ പാടത്ത് താള് പെറുക്കാന്‍ (കൊഴിഞ്ഞു കിടക്കുന്ന നെല്‍ കതിരുകള്‍) കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ ആവേശത്തോടെ മല്‍സരിച്ചിരുന്നു. അക്കാലത്തു അങനെ കിട്ടുന്നവ നാട്ടുകാര്ക്കായിരുന്നു.. ഇന്നത്തെ അഭിവൃദ്ധി എത്തിതുടങ്ങാത്ത കാലത്തു അതും ഒരു ആശ്വാസമായിരുന്നു.
കൊയ്ത്തുകഴിഞ്ഞ പാടം നാട്ടിലെ പല സാംസ്‌കാരിക-കായിക വൃത്തിക്കള്‍ക്കും വേദിയായിരുന്നു. വൈകുന്നേരങ്ങളിലെ കാല്‍പന്തു കളിയും, രാതിയില്‍ സ്റ്റേജ് കെട്ടി സംഘടിപ്പിച്ചിരുന്ന മത പ്രഭാഷണങ്ങളും ഒരു ഉല്‍സവ പ്രതീതിയാണ് നാട്ടിലുണ്ടാക്കിയിരുന്നത്. വീട്ടില്‍് നിന്നും കൊണ്ടുവന്ന പായ വിരിച്ചു അതിലിരുന്നു പ്രഭാഷണം ശ്രവിച്ചിരുന്ന സ്ത്രീകളും, അവര്‍ക്കരികില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളും, അപ്പുറത്ത് പലവിധത്തിലുള്ള താല്‍കാലിക കച്ചവടങ്ങളും എല്ലാം ഇന്നു ഗ്രിഹാതുരത്വമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്നു. 'പാലി മുഹമ്മദിന്റെ 'കുലാവി'യുടെ രുചി നാവില്‍ ഇന്നും മായാതെ നില്ക്കുന്നു.
കാലം മാറി... നെല്‍്ച്ചെടികള് വാഴകള്‍്ക്കും, കമുങ്ങിനും വഴിമാറി... പാടം ഇന്നു കാടായി മാറിയിരിക്കുന്നു.
പക്ഷെ, മാറ്റമില്ലാത്തത് ഒന്നേയുള്ളൂ നാട്ടില്‍.. നാടിച്ചിയുടെ പാട്ടു.. അവള്‍ ഇന്നും പാടിക്കൊണ്ടിരികുകയാണ്, ഈണത്തില്‍, മനോഹരമായി..
പെഴുംതറയുടെ വാനമ്പാടിയാണ് നാടിച്ചി. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കോര്ത്തിണക്കി നല്ല ഈണത്തില്‍ പാട്ടുപാടുന്ന നാടിച്ചി നാട്ടുകാര്‍ക്കെല്ലാം സുപരിചിതയാണ്. ജീവിതത്തിന്‍റെ ഏതോ സന്നിഗ്ദ ഘട്ടത്തില്‍ എപ്പോഴോ, എവിടെവെച്ചോ മനസ്സിന്‍റെ താളം പിഴച്ച, എന്നാല്‍ ബോധം പാടെ നഷ്ടപെടാത്തവള്‍്.
പാട്ടുപാടല്‍ നാടിച്ചിക്കൊരു ഹരമാണ്, പുല്ലരിയലാണ് പ്രധാന ജോലി. പാടവരമ്പത്തും, തോട്ടിന്‍്കരയിലെ കൈതക്കാടുകള്‍്ക്കപ്പുറത്തുളള ശീതളിമയില്‍ തഴച്ചു വളരുന്ന ഇളം പുല്ലുകള്‍ അരിഞ്ഞെടുക്കുമ്പോള്‍ അവള്‍ പാടിക്കൊണ്ടേയിരിക്കും. 'സംഗതികല്ലെല്ലാം' ഒത്തുവരുന്ന, 'ഫ്ലാറ്റ്-നോട്ടിനെക്കുറിച്ചു' വ്യകുലപ്പെടാതെ, ശ്രുതിയും താളവും നോക്കാതെ, കേള്‍ക്കാന്‍ ഇമ്പമുള്ള മനോഹര ഗാനങ്ങള്‍. പകല്‍ മുഴുവനും അധ്വാനിക്കുന്നവളയതുകൊണ്ട് വോട്ടിനുവേണ്ടി ആരുടെമുന്‍പിലും യാചിക്കാറില്ല. അത്തരം ഒരു ഫോര്‍മാറ്റ് നാടിച്ചിക്ക് വശമില്ലായിരുന്നു. പകലന്തിയോളം പുല്ലരിഞ്ഞു അതുവിറ്റു കിട്ടുന്ന കാശിനു വൈകീട്ട് മദ്യസേവ ഇതല്ലാതെ മറ്റു ഭാരിച്ച ചിന്തകളൊന്നും തന്നെ അവളെ അലട്ടിയിരുന്നില്ല.
നാടിച്ചിയെപ്പോലെതന്നെ നിഷ്കളന്കരാണ് പെഴുംത്തറയിലെ ആള്‍ക്കാരും. ഒരു പക്ഷെ ആ നാട്ടില്‍നിന്നും കിട്ടിയതായിരിക്കാം അവള്‍്ക്കീ ഗുണം. സ്കൂളിലും, കോളജിലുമായി അനേകവര്‍ഷം വിധ്യാഭ്യാസത്തിനായി വെറുതെ കളയുന്നവരെ അപേക്ഷിച്ച്, വളരെ ചുരുങ്ങിയ കാലം കൊണ്ടു വേണ്ടതെല്ലാം സ്വായത്തമാക്കി പുറത്തിറങ്ങി അധ്വാനത്തിന്‍് വഴി തിരഞെടുക്കുന്നവരാണ് അവരില്‍ മുക്കാല്‍പങ്കും. ഞങ്ങള്‍ ഇക്കരക്കാരെ അസൂയാലുക്കളക്കുന്ന ഒരു പ്രധാന സംഗതി അവിടുത്തെ 'കെട്ടുപ്രായ'മാണ്. ആണിനും പെണ്ണിനും ചെറുപ്പത്തിലേ മംഗല്യഭാഗ്യം, അതവരുടെ ഒരു പ്രത്യേകതയാണ്. എതാണ്ട് ഒരു ഇരുപതു വയസ്സായാല്‍ അവിടുത്തെ ചെറുപ്പക്കാര്‍ അഞ്ചു കിലോ അരിയും വാങ്ങിയാണ് വിട്ടിലീക്ക് പോകുക എന്നും, അതിനര്‍ത്ഥം 'ബാപ്പാ ഞാനും ആയി' എന്നാണെന്നും, പിന്നെ ഉടനെ ചെറുപ്പക്കാരെ പുരനിറയാന്‍് നില്‍കാതെ കെട്ടിക്കും എന്നൊക്കെയാണ് കുശുമ്പുമൂത്ത ഇക്കരക്കാര്‍ പറഞ്ഞുനടക്കുന്നത്.
ഞങ്ങളെ വേര്‍തിരിക്കുന്നത് പുളിയന്തോടാണ്, തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കും കൈതോലകള്‍ക്കും ഇടയിലൂടെ സ്വച്ചന്തം ഒഴുകുന്ന, മീനചൂടിലും തണുത്തവെള്ളം തരുന്ന, വര്‍ഷത്തില്‍ ഉന്മാദത്താല്‍് എല്ലാം തട്ടിത്തെറിപ്പിച്ചു പായുന്ന, എന്നാല്‍ വേനലില്‍ മെലിഞ്ഞുണങ്ങി ശാന്തയാകുന്ന ഒരു കൊച്ചരുവി. സാമാന്യം നല്ല വീതിയുണ്ടായിരുന്ന അതിനെ കേരളത്തില്‍ എത്തുന്നതിനുമുന്‍പ് തന്നെ ഇരുപുറവുമുള്ളവര് ഞരുക്കി, ഇപ്പോള്‍ തീരെ ശുഷ്കിച്ചു പോയിരിക്കുന്നു ഞങ്ങളുടെ ഈ തോട്. ഈ തോട്ടിന്‍്കരയിലെ കൈതക്കടുകളില്‍ ധാരാളം പുല്ലുകള്‍ വളരുന്നതുകൊണ്ട്, മിക്കവാറും നാടിച്ചിയുടെ പ്രധാന ജോലിസ്ഥലം ഇവിടെയായിരിക്കും. വേനല്‍ അവധികളില്‍ തോട്ടില്‍ ചാടാന്‍ വരുന്ന ഞങ്ങള്‍ കുട്ടികളോട് വളരെ വാത്സല്യത്തോടെ 'ആചിന്റെ കുട്ട്യോള് പേടിക്കണ്ട' എന്ന് അവള്‍ വിളിച്ചു പറയുമായിരുന്നു. എന്നാല്‍ മുതിര്‍ന്നവരോട്, ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ വളരെ തീഷ്ണമായി പ്രതികരിക്കുമായിരിന്നു.
ആദ്യമേ ഉണ്ടായിരുന്ന ഉന്മാദവും പുറമെ മദ്യത്തിന്റെ ലഹരിയും തലക്കുപിടിച്ച ഒരു വൈകുന്നേരം, ഞങ്ങളുടെ കവലയില്‍്വെച്ച്, അവിടെകൂടിയ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, മറ്റൊരു പ്രകോപനവും കൂടാതെ നാടിച്ചി തന്റെ ഉടുമുണ്ടഴിച്ചു ക്യാറ്റ് വാക്ക് നടത്തി... കൂട്ടത്തില്‍ മേമ്പൊടിയായി നല്ല തെറിയഭിശേകവും. അവിടെ കൂടിയിരുന്ന എല്ലാ മന്യന്മാരുടെയും, അര്‍ദ്ധമാന്യന്മാരുടെയും, പകല്‍മന്യന്മാരുടെയും മുന്‍പില്‍ അവളുടെ പെട്ടെന്നുള്ള ഈ പ്രവര്‍ത്തി എല്ലാവരെയും വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചു. അത് അവിടെ ഒരുതരം സ്തംഭനാവസ്ഥ തന്നെ സൃഷ്ടിച്ചു. കൂട്ടത്തില്‍ മുതിര്‍ന്നവരാരോ അവളോട് ക്ഷോഭത്തോടെ നഗ്നത മറക്കാന്‍ പറഞ്ഞു, പക്ഷേ ആര്ക്കും നേരിട്ടുചെന്നു അവളോട് സംസാരിക്കാന്‍ ധൈര്യം വന്നില്ല. അല്പസമയത്തിനു ശേഷം, നാട്ടുകാരുടെ ധാര്‍മിക രോഷം അധികം ആളിക്കത്തിക്കാന്‍് നില്‍ക്കാതെ, ഉടുമുണ്ട് വാരിച്ചുറ്റി അവള്‍ നടന്നകന്നു.
അതായിരുന്നു ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ റിയാലിറ്റി ഷോ!. വേദിയുടെ സാധ്യതകളെല്ലാം നന്നയി ചൂഷണം ചെയ്തു, പ്രോപ്പര്ട്ടീസ് പരമാവധി ഉപയോഗിച്ചുകൊണ്ട്, പ്രേക്ഷകരോട് നന്നായി സംവദിച്ചുകൊണ്ട്, ഒരുപാടു ജഡ്ജുമാരുടെ മുന്നില്‍ മനോഹരമായി പെര്‍ഫോം ചെയ്ത റിയല്‍ ഷോ!
എത്രപേര്‍ മാര്കിട്ടെന്നറിയില്ല, നോക്കിയതുമില്ല. നാടല്ലെ, നാട്ടുകാരല്ലേ, ഒരു തിരിച്ചുപോക്ക് എല്ലാ പ്രവാസിയുടേയും സ്വപ്നമാണല്ലോ!!?, എന്‍റെയും അതെ!.
ഉറക്കം വരാതെ കണ്ണടച്ച് കിടക്കുകയായിരുന്നു അയാള്‍. വാരാന്ത്യത്തിലെ ആലസ്യത്തില്‍്നിന്നും ഇനിയും വിട്ടുമാറിയിട്ടില്ലാത്ത മനസ്സ് അടുത്ത ദിവസം ചെയ്യേണ്ടുന്ന ജോലിയെക്കുറിച്ചൊര്‍്ത്തു വെറുതേ ആകുലപ്പെട്ടു. തൊട്ടടുത്ത് കുട്ടികള്‍ കിടക്കപ്പായയില്‍ കളിക്കുകയാണ്. എന്നും ഒരേപോലെ ആഘോഷമായ, ആകുലചിന്തകള്‍് അലട്ടാത്ത, ഗര്‍വ്വും കിടമത്സരവും ഇല്ലാത്ത ബാല്യം.
എല്‍ കെ ജി യില്‍ പഠിക്കുന്ന നാല് വയസ്സുകാരി എന്തോ ചോദിച്ചു, ഉറക്കത്തെ തന്നിലേക്കടുപ്പിക്കുവാന്‍് പരമാവധി ശ്രമിക്കുകയയിരുന്നത് കൊണ്ടു എന്താണവള്‍ പറഞ്ഞതെന്ന് ശ്രദ്ധിച്ചില്ല.
"ഹേയ് ഫാദര്‍ യു ആര്‍ എ ഘോസ്റ്റ്" അത് ശരിക്കും കാതിലെത്തി. അമ്പരപ്പോടെ കണ്ണുതുറന്നു നോക്കിയപ്പോള്‍ കൊച്ചു പല്ലുകള്‍ പുറത്തുകാട്ടി അവള്‍ ചിരിക്കുന്നു.
"മറ്റേ സ്കൂളിലായിരുന്നെങ്കില് ഇപ്പോള്‍് അവള്‍്ക്ക് ഇങ്ങനെ ഇംഗ്ലീഷ് പറയാന്‍ പറ്റുമായിരുന്നോ? സ്കൂള്‍ മാറിയത് എന്തായാലും നന്നായി" മകളുടെ ഇംഗ്ലീഷ് പരിജ്ഞാനം കണ്ടു അയാളുടെ ഭാര്യ അഭിമാനത്തോടെ പറഞ്ഞു.
അയാളിലെ ആദ്യ അമ്പരപ്പ് പതുക്കെ അഭിമാനത്തിന് വഴിമാറി... കാണെക്കാണെ അയാളുടെ രോമങ്ങള്‍ എഴുന്നേറ്റു നില്‍കാന്‍ തുടങ്ങി. ഉള്ളില്‍ നിറഞ്ഞ സംത്രിപ്തിയോടെ, അഭിമാനത്തോടെ അയാള്‍ വീണ്ടും കണ്ണടച്ച് കിടന്നു.
എങ്ങിനെയെങ്ങിലും ഒരു സീറ്റ് ഒപ്പിക്കണം എന്നായിരുന്നു ചിന്ത മുഴുവനും. തിരക്കുപിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ച് നില്ക്കാന്‍ തുടങ്ങിയിട്ട് കുറേനേരമായി. ബസ്സിലാണെങ്ങിലോ പരമാവധി ആളെ നിറച്ചിട്ടുണ്ട് എന്നാലും കൂടുതല്‍ കൂടുതല്‍ ആളുകളെ കയറ്റിക്കൊണ്ടിരിക്കയാണ് 'കിളി'. കോണിപ്പടിയില്‍നിന്നിറങ്ങാതെ ആളുകളെ, പ്രത്യേകിച്ചും സ്ത്രീജനങ്ങളെ, കയ്യും മെയ്യും കൊടുത്തു സഹായിച്ചും ചെയ്യുന്ന ജോലി വളരെ 'സിന്‍്സി്യറായി' ചെയ്തുകൊണ്ടിരിക്കയാണ് അദ്ദേഹം.
തിരക്കില്‍നിന്നു ഒന്നുമാറി ഒരരികുപറ്റി സീറ്റുചാരി നില്‍ക്കുകയായിരുന്നു ഞാന്‍്. സ്വല്പ്പം ശുദ്ധവായുവും കിട്ടും താന്‍ ചാരി നില്‍കുന്ന സീറ്റിലെ ആളൊഴിഞ്ഞാല്‍് അതില്‍ കയറിപറ്റുകയും ചെയ്യാം എന്ന ഉദ്ദേശവും ഉണ്ട് ആ നില്‍പ്പിന്. തോട്ടുമുന്പില്‍ ഒരു തടിയന്‍ നില്‍പ്പുണ്ട് അയാള്‍ക്കും അതേ ഉദേശമാണെന്നു തോന്നുന്നു. എങ്കില്‍ ഈ മല്‍സരത്തിലെ എന്‍റെ പ്രധാന എതിരാളി അയാളായിരിക്കും.
ബസ്സ് പതുക്കേ ഞരങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നു. ടൌണില്‍ നിന്നു പുറപ്പെട്ടിട്ട് ഒരു മണിക്കൂറിലധികമായി ഭാരം കാരണം അധികവേഗത്തില്‍് നീങ്ങാന്‍ പറ്റുന്നില്ല അതിന്. ദീര്ഘകാലം ഈ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയാണത് പോരാത്തതിന് ഡ്രൈവര്‍ ഒരു പ്രായം ചെന്ന ആളും. തന്റെ ശ്രദ്ധയും വാഹന നിയന്ത്രണവും കൊണ്ടു ധാരാളം ആളുകളെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ച ചരിത്രമുണ്ട് അദേഹത്തിന്. പക്ഷെ യാത്രക്കാര്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ല. തിരക്കിന്‍റെ ഈ ലോകത്ത് എല്ലാവരും വേഗത്തേ ഇഷ്ടപ്പെടുന്നവരാണ്. പലരും പിറുപിറുക്കുന്നുണ്ട്, പിന്നില്‍നിന്നും അത് ആരോ ഉറക്കെ പ്രകടിപ്പിക്കുകയും ചെയ്തു "ഒന്നു വേഗം പോകെന്റെ മാഷേ, ചെന്നിട്ടു വേറെ പണിയുണ്ട്" .. അയാള്‍ വിളിച്ചു പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം വേഗതയുടെ ഈ ആധുനിക ലോകത്ത് ജീവിക്കാന്‍ അര്‍ഹത നഷ്ടപെട്ടവരില്‍ ഒരാളാണ് അദേഹവും.
ബസ്സ് തൊട്ടടുത്തുള്ള ഒരു നാല്‍്കവലയിലെത്തി. വഴി വാണിഭക്കാരും, യാത്രക്കാരും, വൈകുന്നേരത്ത് വെടിപറഞിരിക്കുന്ന നാട്ടുകാരെയും കൊണ്ടു നിറഞ്ഞ ഒരു ചെറു പട്ടണമാണത്. കുറെ ആള്‍ക്കാര്‍ ഇറങ്ങാനും അതിലെറേപ്പേര്‍് കയറാനുമുണ്ടവിടെ. ഞാന്‍ നോട്ടമിട്ടിരിക്കുന്ന സീറ്റിലെ ആള്‍ ഇറങ്ങാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു. അയാള്‍ തയ്യാറെടുക്കുകയാണ്, മുണ്ട് മുറുക്കിയുടുത്ത് വീണു പോകാതിരിക്കാന്‍ ബാഗ് തന്‍റെ കക്ഷത്തിലിറുക്കിപ്പിടിച്ചു ശരിക്കും ഒരു യുദ്ധത്തിനു തയ്യാറാകുംപോലെ. മിക്കവാറും ഒരു മല്ലയുദ്ധം തന്നെ വേണ്ടിവരും ഇറങ്ങാന്‍, കാരണം സീറ്റ് പിടിക്കാന്‍ തയ്യാറായി നില്‍കുന്ന ഞങ്ങളെ മറികടന്നാല്‍ തന്നെ ഇടിച്ചുകേറുന്ന യാത്രക്കാരെ പ്രതിരോധിച്ചു ഇടുങ്ങിയ വാതിലിലൂടെ പുറത്തു കടക്കുക കുറച്ചു ശ്രമകരം തന്നെ.
അയാളെഴുന്നേറ്റ്തേ കണക്ക് ഞാനും തടിയനും വേറെ ചിലരും ഒരു മല്‍പ്പിടുത്തം തന്നെ നടത്തി ആ സീറ്റ് സ്വന്തമാക്കാന്‍്. അയാള്‍ എണീറ്റപ്പോള്‍ പിന്നില്‍ പ്രത്യക്ഷമായ വിടവിലൂടെ ഞാനെന്‍റെ ശരീരം തിരുകിക്കൊള്ളിച്ചു സീറ്റില്‍ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു. പക്ഷെ കാലുകള്‍ ഇപ്പോഴും പുറത്താണ്, ആളുകള്‍ നില്‍ക്കുന്ന ഭാഗത്ത്. അതേസമയം മുന്നിലൂടെ തടിയനും സീറ്റിലേക്ക് തന്‍റെ പിന്‍ഭാഗം നീട്ടി... പക്ഷെ ഇരുന്നത് എന്‍റെ മടിയിലേക്കായിരുന്നു. അയാളുടെ ശരീരത്തിനടിയില്‍പെട്ടു ഞാന്‍ ഞെരുങ്ങിപ്പോയി. അതിഭാരവും വേദനയും കാരണം എന്താണ് സംഭവിക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. വേദന സഹിക്കവയ്യാതെ ഞാനയാളെ ഒന്നു പിച്ചിയെന്നു തോന്നുന്നു .. തേള്കടിച്ചാലെന്നപോലെ അയാള്‍ ചാടി എണീറ്റു. നന്നായി വേദനിചെന്നു തോന്നുന്നു അയാളെന്നെ രൂക്ഷമായി നോക്കി, പേടിപ്പെടുത്തുന്ന രീതിയില്‍. എന്തിനോ തയ്യാറെടുതത്പോലെയാണ് ആ നോട്ടം. എന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് മനസ്സില്‍ പേടി ഇരട്ടിച്ചു.
ബെല്ലടിക്കനോങ്ങിയ കണ്ടക്ടറോട് അയാളാജ്ഞാപിച്ചു "വണ്ടി വിടാന്‍ വരട്ടെ, ഇയാളെന്നെ പിച്ചി". അയാള്‍ എല്ലാവരുടെയും മുന്‍പില്‍ പ്രശ്നമവതരിപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. മനപ്പൂര്‍വമാല്ലെങ്ങിലും മറ്റു യാത്രക്കാരുടെ മുന്നില്‍ ഒരു കുറ്റവാളിയാണ് ഞാനിപ്പോള്‍. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്, ഒരപൂര്‍വ വസ്തുവിനെ കാണുമ്പോലെ അവരെന്നെ തുറിച്ചുനോക്കുന്നു.
"എനിക്കറിയണം എന്തിനാണ് ഇയാളെന്നെ പിച്ചിയതെന്ന്", തടിയന്‍ വീണ്ടും ഒച്ചവെച്ചു.
മറുപടിപറയാനാകാതെ ഞാന്‍ പതറി, അല്ലേലും ഞാനങ്ങനെയാണ് ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ വാക്കുകള്‍ പുറത്തു വരില്ല.
"വണ്ടി വൈകിക്കാന്‍ പാടില്ല, ദയവായി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്", കണ്ടക്ടര്‍ അയാളെ സാന്ത്വനപ്പെടുത്താന്‍് ശ്രമിക്കുന്നുണ്ട്.
"ഇതിനു തീരുമാനമെടുത്തിട്ടു പോയാല്‍ മതി" അയാള്‍ വഴങ്ങുന്നില്ല.
നേരം വൈകിയാലുള്ള നഷ്ടങ്ങളെ കുറിച്ചും, പിന്നില്‍ വരുന്ന ബസ്സിന്റെ മത്സര സ്വഭാവത്തിനേക്കുറിച്ചും, സര്‍വോപരി യാത്രക്കാരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും മറ്റും കണ്ടക്ടര്‍ അയാളോട് വിശദീകരിക്കാന്‍് ശ്രമിച്ചു. പക്ഷെ വല്ലാത്ത വാശിയിലാണയാള്‍്, വഴങ്ങുന്ന മട്ടില്ല.
ഏതാണ്ട് പതിനഞ്ച് മിനിറ്റോളമായി യാത്ര മുടങ്ങിയിട്ട്. കണ്ടക്ടര്‍ ഡ്രൈവറുമായി കൂടിയാലോചനയിലാണ് യാത്രക്കാര്‍ പരസ്പരം പിറുപിറുക്കുന്നു. ചിലര്‍ എന്‍റെ നേരേ കണ്ണുരുട്ടുന്നുണ്ട്, അവരുടെ യാത്ര മുടക്കുന്നതിന് കാരണക്കാരന്‍ ഞാനാണല്ലോ.
"ഒരു മാര്‍ഗമുണ്ട്" അവസാനം പരാഹാരം കണ്ട ആഹ്ലാദത്തോടെ കണ്ടക്ടര്‍ വിളിച്ചു പറഞു. എല്ലാവരുടെയും നോട്ടം അങ്ങോട്ടായി.
തടിയനെ നോക്കി കണ്ടക്ടര്‍ ചോദിച്ചു "ഇയാള്‍ നിങ്ങളെ പിച്ചിയോ?", തടിയാല്‍ അതേ എന്ന ഭാവത്തില്‍ തലയാട്ടി.
"എങ്കില്‍ നിങള്‍് ഇയാളെ തിരിച്ചടിക്ക്" ... കണ്ടക്ടറുടെ മദ്ധ്യസ്ഥം കേട്ടപാതി തടിയാല്‍ എന്‍റെ കവിളത്ത് ആഞ്ഞടിച്ചു. ഓര്ക്കാപ്പുറത്തുള്ള ആ അടിയില്‍ ഞാന്‍ മറിഞ്ഞുപോയി. അടുത്തിരുന്നയാള്‍് താങ്ങിയിരുന്നില്ല എങ്കില്‍ തല മുന്നിലെ സീറ്റുകമ്പിയിലിടിചേനേ.
അടിയുടെ ആഘാതവും നിറയെ യാത്രക്കാരുടെ മുന്‍പില്‍ വച്ചു അപമാനിക്കപെട്ടതിലുള്ള വേദനയും എന്‍റെ കണ്ണുകളില്‍ ഇരുട്ട് പരത്തി. നിറഞ്ഞ കണ്ണുനീര്‍ മറ്റുള്ളവരെ കാണിക്കാതിരക്കാന്‍് ഞാന്‍ തലകുമ്പിട്ടിരുന്നു, എനിക്ക് കിട്ടിയ എന്‍റെ സീറ്റില്‍.. തൊട്ടരികെ ഒരു യുദ്ധം ജയിച്ച പോരാളിയെപ്പോലെ തടിയന്‍ നെഞ്ഞുവിരിച്ചു നില്ക്കുന്നു.
ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ട നയതന്ത്രജ്ഞനേപ്പോലെ ആഹ്ലാദവാനായ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു.